UPDATES

സയന്‍സ്/ടെക്നോളജി

എവിടെ നമ്മുടെ സ്റ്റീവ് ജോബ്സ്?

Avatar

ടീം അഴിമുഖം

ബുധനാഴ്ച്ച ടാറ്റ കണ്‍സള്‍ട്ടന്‍സി നിര്‍ണ്ണായകമായൊരു നാഴികക്കല്ല് പിന്നിട്ടു. അവരുടെ വിപണി മൂലധന മൂല്യം 5 ലക്ഷം കോടി രൂപയായി. ഇതോടെ ലോകത്തില്‍ യു എസ് കമ്പനിയായ ഐ ബി എമ്മിന് പിറകില്‍ ഏറ്റവും വിപണി മൂല്യമുള്ള രണ്ടാമത്തെ ഐ ടി സേവന കമ്പനിയായിടി സി എസ് മാറിയിരിക്കുന്നു. അവര്‍ക്ക് തൊട്ട് പിറകിലായാണ് അയര്‍ലണ്ടിലെ ആക്സ്ഞ്ച്വര്‍ കമ്പനി.

ടി സി എസിന്റെ വിപണിമൂല്യം 5,03,148 കോടി രൂപയായി (84 ബില്ല്യണ്‍ ഡോളര്‍) ഉയര്‍ന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് പത്താം വര്‍ഷമാണ് ഈ നേട്ടം. ടി സി എസിന്റെ വിപണിമൂല്യം മറ്റ് നാല് ആഭ്യന്തര ഐ ടി സേവന കമ്പനികളുടെ സംയുക്ത മൂല്യത്തെക്കാള്‍ കൂടുതലാണ്- ഇന്‍ഫോസിസ് (31.17ബില്ല്യണ്‍ ഡോളര്‍), വിപ്രോ (23.3 ബില്ല്യണ്‍ ഡോളര്‍), എച്ച്  സി എല്‍ ( 17.9 ബില്ല്യണ്‍ ഡോളര്‍), ടെക് മഹീന്ദ്ര (8.5 ബില്ല്യണ്‍ ഡോളര്‍).

ഈ ഐ ടി സേവന കമ്പനികള്‍ യുവാക്കളുടെ ഒരു തലമുറയുടെ സ്വപ്നങ്ങള്‍ക്കാണ് ചിറകുകള്‍ നല്കിയത്. നിരവധി ലക്ഷാധിപതികള്‍, മികച്ച തൊഴിലന്തരീക്ഷം,മറ്റെന്തിനെക്കാളും കഴിവിന് മുന്‍ഗണന,  2012-ല്‍ ഇന്ത്യയുടെ ജി ഡി പിയിലേക്ക് 7.5% വിഹിതവും. ഐ ടി സേവനങ്ങളും പുറംതൊഴില്‍ കരാറുകളും കൂടി 2012-ല്‍ 100 ബില്ല്യണ്‍ ഡോളറിന്റെ വരുമാനമുണ്ടാക്കി. ഇതില്‍ 69.1 ബില്ല്യണ്‍ ഡോളറും കയറ്റുമതിയിലൂടെയായിരുന്നു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുരടിച്ചു നില്‍ക്കുമ്പോള്‍ ആളുകള്‍ക്ക് തൊഴിലെടുക്കാന്‍ അവസരം നല്കി എന്നാണ് ഐ ടി സേവന, പുറംതൊഴില്‍ കമ്പനികള്‍ നല്കിയ സംഭാവന. ഇന്‍ഫോസിസിലെ നാരായണ മൂര്‍ത്തിയും പങ്കാളികളും സ്വപ്നങ്ങളെ തുറന്നുവിട്ടു,നിരവധി സങ്കല്‍പ്പങ്ങള്‍ക്ക് നിറം വെപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനികളെ മാതൃകകളായി കണ്ടുവളര്‍ന്ന പലര്‍ക്കും പുതിയ ആരാധനാമൂര്‍ത്തികളുണ്ടായി.

എന്നാല്‍ എളുപ്പത്തിലുള്ള വരുമാനവും, മികച്ച ലാഭവും ഒഴുകിയെത്തിയപ്പോള്‍ ഈ ഐ ടി സേവനമേഖല മനുഷ്യ ഭാവനയുടെ സുവര്‍ണ്ണ സാധ്യതകളെ ബലികഴിച്ചോ? സര്‍ഗ്ഗശേഷിയും മൌലികതയും അവര്‍ക്ക് നഷ്ടമായോ?പടിഞ്ഞാറന്‍ ഉപഭോക്താക്കള്‍ക്കുവേണ്ടി, തങ്ങളുടെ ചൂഷണം നിറഞ്ഞ ഇന്ത്യന്‍ പണിശാലകളില്‍ കുറഞ്ഞ കൂലിക്കു ജോലി ചെയ്യുന്ന സിലികോണ്‍ വാലി ‘കൂലികള്‍’ മാത്രമായോ അവര്‍?

ഇതിനും, സമാനമായ പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തിയാല്‍ മാത്രമേ ഇന്ത്യക്ക് മൂല്യശൃംഖലയില്‍ മുന്നോട്ട് പോകാനും, വലിയ ആശയങ്ങളുടെയും സംരംഭങ്ങളുടെയും  ഈറ്റില്ലവുമാകാന്‍ കഴിയൂ. അങ്ങനെ സംഭവിക്കണമെങ്കില്‍ ഈ ഭീമന്‍ ഐ ടി സേവന കമ്പനികളുടെ പല രീതികളും അവസാനിപ്പിക്കേണ്ടതുണ്ട്. കൂടാതെ അവയില്‍ മിക്കതും കൂടുതല്‍ ഭാവനാസമ്പന്നരായ, സാഹസികരായ യുവനേതൃത്വത്തിന് വഴിമാറുകയും വേണം.

ഇപ്പറയുന്നത് മനസ്സിലാക്കാന്‍ ചിലത് ചൂണ്ടിക്കാണിക്കാം: നമ്മുടെ കൊട്ടിഘോഷിക്കപ്പെട്ട ഐ ടി വ്യവസായം അഴിമതിയില്‍ പൂണ്ടുകിടക്കുന്ന, കെടുകാര്യസ്ഥത നിറഞ്ഞ സമ്പദ് വ്യവസ്ഥയിലെ മറ്റ് മേഖലകളെക്കാള്‍ ഒട്ടും മെച്ചമല്ലെന്ന് കാണിക്കുന്ന ചില സൂചകങ്ങള്‍.

1.ഐ ടി കമ്പനികളുമായി ഇടപെടുന്ന ഏതൊരു സര്‍ക്കാര്‍ ജീവനക്കാരനോടും ചോദിച്ചു നോക്കൂ. ഒരു കരാര്‍ കൈവശമാക്കാന്‍ ഈ കമ്പനികള്‍ ഏതറ്റം വരെ പോകുമെന്ന് അവര്‍ വെളിപ്പെടുത്തും. വലിയ സര്‍ക്കാര്‍ കരാറുകളുടെ അവിഭാജ്യഘടകമാണ് അഴിമതി. എങ്ങനെയാണ് ഐ ടി ഭീമന്‍മാര്‍ കരാറുകള്‍ സ്വന്തമാക്കുന്നത്! വലിയ കോഴകളുടെ വര്‍ത്തമാനങ്ങള്‍ മര്‍മ്മരമായി ഒതുങ്ങുന്നു. പക്ഷേ തെളിവുകളില്ല. എന്നാല്‍ ഒന്നാഴത്തില്‍ പരതിയാല്‍ ചില സൂചനകള്‍ കിട്ടും. 2012-ല്‍ ഒറക്കിള്‍, ഒച്ചയും അനക്കവുമില്ലാതെ അമേരിക്കയില്‍ 2 ദശലക്ഷം ഡോളര്‍ പിഴയടച്ചു. കാരണം? അവരുടെ ഇന്ത്യന്‍ അനുബന്ധ കമ്പനി കോഴ നല്‍കാനായി പണം കണക്ക്പുസ്തകത്തില്‍ കാണിക്കാതെ FCPA (Foreign Corrupt Practices Act)ലംഘിച്ചു എന്നായിരുന്നു കുറ്റം. അഴിമതിക്കെതിരെ ഇന്ത്യയില്‍ FCPA പോലുള്ള കര്‍ശനമായ നിയമങ്ങളില്ല. അതുകൊണ്ടുതന്നെ നമ്മുടെ മുന്‍നിര ഐ ടി കമ്പനികള്‍ എങ്ങനെയൊക്കെ ഈ പണം കൊടുത്തെന്ന് നാം അറിയുകയുമില്ല.

2.നമ്മുടെ മിക്ക ഐ ടി കമ്പനികള്‍ക്കും അറ്റാദായത്തിലും സ്ഥാവരവസ്തുക്കളിലും മാത്രമേ താത്പര്യമുള്ളൂ. ലാഭമാണ് ഏക പ്രചോദനം. ലാഭത്തില്‍ മാത്രമാണു വിശ്വാസം. ഓരോ ത്രൈ മാസത്തിലും കമ്പനികളെല്ലാം വിറ്റുവരവും ലാഭവും പ്രഖ്യാപിക്കും. ഈ വന്‍കമ്പനികളൊന്നും തന്നെ തങ്ങളൊരു ഫെയ്സ്ബുക്കോ, ഗൂഗിളോ സൃഷ്ടിച്ചതായി പറയുന്നില്ല.

3.പലപ്പോഴും പുതിയ കണ്ടെത്തലുകളെക്കുറിച്ച് അവര്‍ വാചാലരാകാറുണ്ടെങ്കിലും അവരുടെ തലവന്‍മാരെ സൂക്ഷ്മമായി നോക്കിയാലറിയാം ഉള്ളിലിരുപ്പ്. ഒരാളുടെ യഥാര്‍ത്ഥ വിശ്വാസങ്ങളറിയാന്‍ അയാള്‍ സ്വന്തം കാശ് എങ്ങനെ ചെലവാക്കുന്നു എന്നു നോക്കിയാല്‍ മതി. ഇന്‍ഫോസിസ് CEO സ്ഥാനത്തുനിന്നും അടുത്തിടെ ഒഴിഞ്ഞ എസ് ഡി ഷിബുലാല്‍ തന്റെ സ്വകാര്യ സമ്പാദ്യത്തിലധികവും സിലികോണ്‍ വാലിയിലും ഹോട്ടലുകളിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്.  നാരായണ മൂര്‍ത്തി കുടുംബത്തിന്റെ കാറ്റമറാന്‍ വെഞ്ച്വേര്‍സ് ആമസോണുമായി ഒരു സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടത് ഈയിടെയാണ്. മണിപ്പാല്‍ യൂണിവേര്‍സല്‍ ലേണിംഗ്, എസ് കെ എസ് മൈക്രോ ഫിനാന്‍സ്, എനര്‍ജി ഡ്രിങ്ക്സ് വില്‍പ്പനയില്‍ കേന്ദ്രീകരിച്ച ഒരു വിപണന കമ്പനി എന്നിവയിലും അവര്‍ക്ക് നിക്ഷേപ താത്പര്യങ്ങളുണ്ട്. എവിടെയാണ് ഇതില്‍ സൃഷ്ട്യോന്മുഖത?  ഇന്ത്യന്‍ ഐ ടി കമ്പനികളിലെ തലതൊട്ടപ്പന്‍മാര്‍ ഭാവനാസമ്പന്നതയല്ല മറിച്ച് നിക്ഷേപ സുരക്ഷയാണ് നോക്കുന്നത്. ഇതാണ് നമ്മുടെ ഐ ടി വ്യവസായത്തിന്റെ പൊതുസ്ഥിതി.

4.നമ്മുടെ മിക്ക ഐ ടി കമ്പനികളും, മാധ്യമ സ്ഥാപനങ്ങളെപ്പോലെ, സ്ഥാവരവസ്തുക്കള്‍ വാരിക്കൂട്ടുന്നതിനാണ് പരക്കംപായുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ചോദിക്കൂ. ഈ ഐ ടി കമ്പനികളുടെ വസ്തുമോഹങ്ങള്‍ അവര്‍ പറഞ്ഞുതരും. ഇതിലാരും വ്യത്യസ്തരല്ല. ബാംഗ്ലൂര്‍, തിരുവനന്തപുരം, കൊച്ചി,ഡല്‍ഹി എവിടേയും നിങ്ങള്‍ക്കവരെ കാണാം.  ഒരിക്കല്‍ ഭൂമി സ്വന്തമായാല്‍ പിന്നെ തങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍, കെട്ടിടങ്ങള്‍ എല്ലാം മികച്ചതും, മിന്നിത്തിളങ്ങുന്നതുമാണെന്ന് അവര്‍ ഉറപ്പുവരുത്തും. പുറത്തുള്ള ലോകം ചീഞ്ഞുനാറുന്ന ഒരു നഗര നരകമായാല്‍പ്പോലും. മറ്റ് വ്യവസായ മേഖലകളിലെ തലവന്‍മാരെക്കാള്‍ ഒട്ടും കുറഞ്ഞ സ്വാര്‍ഥതയല്ല ഐ ടി മേധാവികളും കാണിക്കുന്നത്.

5.വികസിച്ചുകൊണ്ടിരിക്കുന്ന പല കേന്ദ്രങ്ങളും, പുത്തന്‍ സംരംഭക ഗ്രാമങ്ങളും എടുത്തു പറയാന്‍ ഒട്ടുമില്ലാത്ത സാധാരണ തൊഴില്‍ സാഹചര്യങ്ങള്‍ മാത്രമാണ്. അതൊക്കെ നല്ല വിലയുള്ള ഭൂമിയുമാണ്. ഇത്ര കാലമായിട്ടും പുതിയ തലമുറയ്ക്ക് അമ്പരക്കാന്‍ പാകത്തില്‍ ഒരു ആള്‍രൂപം പോലും സൃഷ്ടിക്കാന്‍ അവര്‍ക്കാവാഞ്ഞത് എന്തുകൊണ്ടാണ്?എവിടെപ്പോയ് സാഹസികമായ ഉന്‍മാദത്തിന്റെ പ്രചോദിപ്പിക്കുന്ന കഥകള്‍, ആകാശം ഭേദിക്കുന്ന അതിര്‍ത്തികള്‍, സങ്കല്‍പ്പങ്ങള്‍?

നമ്മുടെ ഐ ടി വ്യവസായത്തെ ഒന്നു സൂക്ഷിച്ചു നോക്കൂ. ഒരു നല്ല ഊണിനും, ഒരിത്തിരി ചിട്ടക്കും അപ്പുറം സങ്കല്‍പ്പിക്കാനാവാത്ത കമ്മ്യൂണിസ്റ്റുകാരുടെ ഛായ അവരില്‍ കാണാനാകും. അവരില്‍ ചിലര്‍ മിനുക്കിയെടുത്ത ഭൂമിയിടപാടുകാരാണ്. എന്തിന്, കുറച്ചുപേരൊക്കെ ചില്ലറ തട്ടിപ്പുകാരെപ്പോലെയും തോന്നിക്കും.

വിദ്യാസമ്പന്നരായ ലക്ഷക്കണക്കിനു സാധാരണക്കാര്‍ക്ക്, ഇന്ത്യന്‍ സമ്പദ് രംഗം മാന്ദ്യത്തിലാഴ്ന്നു കിടക്കെ,   ഐ ടി വ്യവസായം പ്രതീക്ഷകളും സ്വപ്നങ്ങളും നല്കി. നമ്മുടെ തലമുറയിലെ നിരവധിപേര്‍ക്ക് അത് മാന്യമായ തൊഴില്‍ നല്കി. അവരുടെ കുടുംബങ്ങളെ സഹായിച്ചു, അവര്‍ക്ക് സ്വന്തം വീടുകളുണ്ടായി, അവരുടെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിച്ചു, ഇടക്കൊക്കെ അവധിക്കാലങ്ങള്‍ കഥകളിലെപ്പോലെ ആഘോഷിച്ചു. പക്ഷേ നൂതനമായ സൃഷ്ടികള്‍, കണ്ടുപിടുത്തങ്ങള്‍, സംരംഭങ്ങള്‍ എവിടെ?

ഫെയ്സ്ബുക് പോലെ ഒരൊറ്റ ഇന്‍റര്‍നെറ്റ് അത്ഭുതമെങ്കിലും നാം കണ്ടുപിടിക്കാഞ്ഞതെന്തേ? എവിടെയാണ് നമ്മുടെ സ്റ്റീവ് ജോബ്സ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍