UPDATES

വിദേശം

ഭിന്നലിംഗക്കാരിയായ വിക്കി തോംസണ്‍ പുരുഷ ജയിലില്‍ കൊല്ലപ്പെടാനിടയായ സംഭവം; തെറ്റ് സമ്മതിച്ച് യുകെ സര്‍ക്കാര്‍

2015 ല്‍ ലീഡ്‌സ് ജയിലില്‍ വിക്കി തോംപ്‌സണെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

ഭിന്നലിംഗക്കാരിയായ വിക്കി തോംസന്റെ മരണത്തില്‍ തെറ്റ് സമ്മതിച്ച് യു കെ സര്‍ക്കാര്‍. 2015 നവംബര്‍ 19-ന് പടിഞ്ഞാറന്‍ യോക്ക്‌ഷെയറിലെ ആംലേയില്‍ സ്ഥിതി ചെയ്യുന്ന ലീഡ്‌സ് ജയിലില്‍ ആയിരുന്നു വിക്കിയുടെ അന്ത്യം. പുരുഷന്മാരുടെ ജയിലില്‍ വച്ചു വിക്കി മരിക്കാനിടയായത് ‘കഴിവില്ലായ്മയും മനുഷ്യത്വരഹിത്വവും’ ആയ സംഭവമാണെന്നു യുകെ നീതിന്യായ മന്ത്രാലയം ഇപ്പോള്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. നേരത്തെ അവര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്ന ലീഡിസിലെ തടവറയിലേക്ക് തന്നെ ആ 21കാരിയെ റിമാന്‍ഡില്‍ അയച്ചത് അങ്ങേയറ്റം നിരുത്തരവാദപരവും മനുഷ്യത്വരഹിതവുമാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ജയിലറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിക്കി ഒരിക്കലും സ്വന്തം ജീവനെടുക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു.വിക്കിയുടെ മരണം യുകെയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.

യുകെയില്‍ ഏറ്റവും കൂടുതല്‍ അന്തേവാസികള്‍ മരിക്കുന്നതിന് കുപ്രസിദ്ധി നേടിയ രണ്ടാമത്തെ ജയിലാണ് ലീഡ്‌സിലെ എച്ച്എംപി. വിക്കി തോംസണിന്റെ മരണത്തിലേക്ക് തള്ളിയിട്ട നീതിന്യായ, ആരോഗ്യ സംവിധാനങ്ങളുടെ പരാജയത്തിന്റെ ഒരു നിര തന്നെ അന്വേഷണത്തില്‍ കണ്ടെത്തി. അവരുടെ സംഘര്‍ഷഭരിതമായ ജീവിതത്തില്‍ ഉടനീളം വിവിധ സര്‍ക്കാര്‍ ഏജന്‍സികളായ എന്‍എച്ച്എസ്, ലീഡ്‌സ് കമ്മ്യൂണിറ്റി ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ്, പ്രിസണ്‍ സര്‍വീണ്‍ എന്നിവ അവരെ കൈയൊഴിയുകയായിരുന്നു എന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കെല്ലാം വിക്കിയുടെ ചരിത്രം അറിയാമായിരുന്നു എന്നും എന്നാല്‍ അവരുടെ മാനസിക, ശാരീരിക ആരോഗ്യസ്ഥിതി ഏകോപിപ്പിക്കുന്നതില്‍ ഒരു വകുപ്പും ഒന്നും ചെയ്തില്ല എന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

നേരത്തെ ലൈംഗിക പീഢനത്തിന് ഇരയായ എച്ച്എംപി ലീഡ്‌സിലേക്ക് തന്നെ അവരെ അയച്ചത് വേണ്ട അവധാനതയില്ലാതെയായിരുന്നുവെന്നും താന്‍ ഒരു പെട്ടിയില്‍ കിടന്ന് ജയിലിന് വെളിയിലേക്ക് പോകുമെന്ന് അവര്‍ പല തവണ ആവര്‍ത്തിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പത്തുവയസുമുതല്‍ അവര്‍ ഒരു പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിലും ഇതുസംബന്ധിച്ച ശസ്ത്രക്രിയകളോ ഹോര്‍മോണ്‍ ചികിത്സയോ ചെയ്യാതിരുന്നതിനാല്‍ ലിംഗതിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഇതാണ് അവരെ പുരുഷന്മാരുടെ ജയിലിലേക്ക് അയയ്ക്കാന്‍ കാരണമായത്.

ആദ്യം അവരെ പൊതു തടവറയിലാണ് പാര്‍പ്പിച്ചത്. പിന്നീട് പല തവണ അവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്, ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളവരെ മാറ്റി പാര്‍പ്പിക്കുന്ന പ്രത്യേക മുറിയിലേക്ക് മാറ്റിയത്. അധികൃതരുടെ അനാസ്ഥയാണ് തന്റെ മകളുടെ മരണത്തിന് കാരണമായതെന്ന് വിക്കിയുടെ അമ്മ ലിസ ഹാരിസണ്‍ പറഞ്ഞു. ഇത് മരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നുവെന്ന് അന്വേഷണ കമ്മീഷന്റെ ഡയറക്ടറായ ഡിബോറ കോള്‍സ് ചൂണ്ടിക്കാണിക്കുന്നു. അപമാനിക്കപ്പെടാനും അപമര്യാദമായി പെരുമാറപ്പെടാനുമുള്ള സാധ്യത നിലനില്‍ക്കേയാണ് ഒരു ഭിന്നലിംഗ വനിതയെ പുരുഷന്മാരുടെ തടവറയിലേക്ക് അയച്ചതെന്ന് അവര്‍ പറഞ്ഞു. തന്റെ ജീവിതത്തിന്റെ പകുതി ഭാഗം അവര്‍ ജീവിച്ച് തീര്‍ത്ത ലിംഗവിഭാഗത്തിന് ഒരു പരിഗണനയും നല്‍കപ്പെട്ടില്ലെന്നും ഡിബോറ പറയുന്നു.

വിക്കിയുടേയും മറ്റൊരു ഭിന്നലിംഗ തടവ് പുള്ളിയായിരുന്ന ജോവാന്‍ ലാതത്തിന്റെയും മരണത്തെ തുടര്‍ന്ന് പുതിയ പ്രിസണ്‍ സര്‍വീസ് ഇന്‍സ്ട്രക്ഷന്‍സ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് ഡിബോറ കോള്‍സ് പറഞ്ഞു. എന്നാല്‍ ഇത് എന്ത് വ്യത്യാസമാണ് ഉണ്ടാക്കിയിട്ടുള്ളത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തില്‍ പുറത്തുവന്ന വീഴ്ചകളുടെ നിര കണക്കിലെടുക്കുമ്പോള്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയിരുന്നെങ്കിലും വിക്കിയുടെ മരണം തടയാന്‍ സാധിക്കുമായിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ദുര്‍ബലരായ തടവുകാരെ സംരക്ഷിക്കുന്നതിന് ഉദ്ദേശിച്ചുള്ള നയങ്ങളെ കുറിച്ച് പഠിപ്പിക്കാനും അടിസ്ഥാന പരിശീലനം നല്‍കാനും ജീവനക്കാര്‍ക്ക് കഴിയുന്നില്ലെന്ന് സമീപകാലത്ത് ജയിലുകളില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നതായും അവര്‍ പറഞ്ഞു.

മോഷണം കുറ്റം ആരോപിച്ചാണ് വിക്കിയെ അറസ്റ്റ് ചെയ്യുന്നതും ജയിലില്‍ അടയ്ക്കുന്നതും. 24 മാസത്തെ ജയില്‍വാസമായിരുന്നു അദ്യം വിധിച്ചതെങ്കിലും നിബന്ധനകളോടെ അവരുടെ ശിക്ഷകാലാവധി 12 മാസമായി കുറച്ചിരുന്നു. എന്നാല്‍ പുറത്തുവന്നശേഷം നിബന്ധനകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതോടെ ബ്രാഡ്‌ഫോര്‍ഡ് ക്രൗണ്‍ കോടതി ഇവരെ റിമാന്‍ഡ് പ്രതിയായി വീണ്ടും ലീഡ് ജയിലിലേക്ക് അയയ്ക്കുകയായിരുന്നു. തന്നെ പുരുഷന്മാരുടെ ജയിലിലേക്ക് ആണ് അയക്കുന്നതെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നു വിക്കി പറഞ്ഞിരുന്നതായി അവരുടെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍