UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അസ്താനയ്ക്കെതിരായ റിപ്പോര്‍ട്ട് പിൻവലിപ്പിക്കാൻ കേന്ദ്ര വിജിലൻസ് കമ്മീഷണർ അലോക് വർമയെ കണ്ടെന്ന് വെളിപ്പെടുത്തൽ

വർമ അഴിമതി നടത്തിയതിന് യാതൊരു തെളിവുമില്ലെന്ന് ജസ്റ്റിസ് പട്നായിക്കും വെളിപ്പെടുത്തിയിരുന്നു.

തന്റെ ഡെപ്യൂട്ടിയായ രാകേഷ് അസ്താനയുടെ ആന്വൽ കോൺഫി‍ൻഷ്യൽ റിപ്പോർട്ടിൽ സിബിഐ ഡയറക്ടറായിരുന്ന അലോക് വർമ നടത്തിയ പ്രതികൂല പരാമർശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിജിലൻസ് കമ്മീഷണർ (സിവിസി) കെവി ചൗധരി അദ്ദേഹത്തെ വീട്ടിൽച്ചെന്ന് കണ്ടിരുന്നെന്ന് വെളിപ്പെടുത്തൽ. വർമയ്ക്കെതിരായ സിവിസി അന്വേഷണത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന റിട്ട. ജസ്റ്റിസ് എകെ പട്നായിക്കുമായി അടുത്തു ബന്ധമുള്ള ഒരാളാണ് ഈ വെളിപ്പെടുത്തൽ നടത്തിയതെന്ന് ‘ദി വയർ’ ഓൺലൈൻ വാർത്താ മാധ്യമത്തിൽ രോഹിണി സിങ് എഴുതിയ റിപ്പോർട്ടിൽ പറയുന്നു.

ജൻപഥിലെ വർമയുടെ വീട്ടിൽ ചൗധരി നേരിട്ട് പോകുകയായിരുന്നെന്നാണ് വെളിപ്പെടുത്തൽ. അസ്താനയ്ക്കെതിരായ ഈ പരാമർശം നീക്കിക്കിട്ടിയാൽ ‘എല്ലാം ശരിയാകും’ എന്നായിരുന്നു ചൗധരി വർമയ്ക്ക് നൽകിയ വാഗ്ദാനം. ഈ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വർമ തനിക്കെതിരായ അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള ജസ്റ്റിസ് എകെ പട്നായിക്കിന് രേഖാമൂലം നൽകിയെന്നും റിപ്പോർട്ട് പറയുന്നു.

സിബിഐയിൽ അസ്താനയും വർമയും തമ്മിലുള്ള തർക്കം ശക്തമായ ഘട്ടത്തിലാണ് ചൗധരി അസാധാരണമായ ഈ ആവശ്യവുമായി വർമയെ സമീപിച്ചതെന്നാണ് റിപ്പോർട്ട് പറയുന്നത്. സുപ്രീംകോടതിയിൽ ചൗധരി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടാണ് അദ്ദേഹത്തെ പുറത്താക്കുന്നതിനായി പ്രധാനമന്ത്രിയുടെ നേത‍ൃത്വത്തിലുള്ള ഉന്നതാധികാര സമിതി ആധാരമാക്കിയത്. തന്റെ റിപ്പോർട്ടിൽ അസ്താനയ്ക്കും വർമയ്ക്കുമിടയിൽ ഇടനില നിന്ന വിവരം ചൗധരി പ്രസ്താവിച്ചിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.

വർമ അഴിമതി നടത്തിയതിന് യാതൊരു തെളിവുമില്ലെന്ന് ജസ്റ്റിസ് പട്നായിക്കും വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ എക്സ്പ്രസ്സാണ് പട്നായിക്കിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്. സിവിസിയുടെ റിപ്പോർട്ടിലെ ഒരു കണ്ടെത്തലും തന്റേതല്ലെന്ന് തന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നെന്നും പട്നായിക്ക് പറയുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍