UPDATES

പ്രകൃതിയെ മറക്കുന്ന മലയാളികള്‍ കായല്‍ മത്സ്യങ്ങളുടെ രുചിയും മറന്നേക്കൂ; അത്ര ഗുരുതരമാണ് കാര്യങ്ങള്‍

മത്സ്യസമ്പത്ത് കുറയുന്നതോടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതവും വറ്റിവരളുന്നു

പരിസ്ഥിതിയെ കൊലയ്ക്ക് കൊടുത്തുകൊണ്ട് വികസനം നടപ്പാക്കുന്ന മലയാളികളോട് ആലപ്പുഴ എരമല്ലൂര്‍ സ്വദേശി 65-കാരന്‍ കുമാരന് ചിലത് പറയാനുണ്ട്.

‘നാലുപാടും പാടം. അതിന്റെ നടുക്കുള്ള ഇത്തിരിപ്പൊക്കത്തിലാണ് ഞാനും എന്റെ കുടുംബവും വര്‍ഷങ്ങളായി താമസിക്കുന്നത്. പണ്ട് ഈ പാടം മുഴുക്കെ കൃഷിയൊണ്ടായിരുന്നു. പത്ത് പാടശേഖരങ്ങളുടെ മൂപ്പന്‍ എന്റെ അച്ഛനായിരുന്നു. കൊയ്ത്ത് കഴിഞ്ഞാല്‍ പിന്നെ മീന്‍ പിടിക്കാനുള്ള ബഹളമാണ്. വേമ്പനാടിന്റെ കൈവഴിയായ കൈതപ്പുഴയോട് ചേര്‍ന്നാണ് ഞങ്ങളുടെ വരട്ടുചാല്‍. ഒരു അഞ്ച്, ആറ് മണി നേരമാവുമ്പോള്‍ പെണ്ണുങ്ങളെല്ലാം ഒത്തുകൂടും. മീന്‍പിടിക്കാന്‍. ചിലരുടെ കയ്യില്‍ ഒറ്റാലുണ്ടാവും, ചിലരുടെ കയ്യില്‍ ഈര്‍ക്കില്‍ ആയിരിക്കും. ചിലര്‍ ഇതൊന്നുമില്ലാതെ മുങ്ങിത്തപ്പും. രണ്ട് ഈര്‍ക്കില്‍ മാത്രം കയ്യില്‍ പിടിച്ച് പള്ളത്തി മീനിനെ പിടിക്കുന്ന കാഴ്ച ഒന്ന് കാണേണ്ടതാണ്. എന്തായാലും അരമണിക്കൂര്‍ കഴിയുമ്പോള്‍ ഇഷ്ടം പോലെ മീനായിരിക്കും. അന്നൊന്നും ഇവിടെങ്ങും കടല്‍ മത്സ്യം അങ്ങനെ കിട്ടില്ല. അതിന്റെ ആവശ്യവുമില്ല. ആകെയുണ്ടായിരുന്നത് ഒരു ചാളക്കാരന്‍ ചീരനായിരുന്നു. അയാള്‍ ഇടയ്ക്ക് ചാളയുമായി വരും. കായല്‍ മീന്‍ കഴിച്ച് മടുക്കുമ്പോള്‍ മാത്രം ചാള വാങ്ങും. കൊയ്ത്ത് കഴിയുമ്പോ വേമ്പനാട്ടില്‍ നിന്നുള്ള വെള്ളം പാടത്ത് നെറയും. ഒരു കൂടയുമായി മീന്‍ പിടിക്കാന്‍ ഇറങ്ങിയാല്‍ പത്ത് മിനിറ്റിനുള്ളില്‍ ആ കൂട നിറയും. കരിമീന്‍, പള്ളത്തി, ഊപ്പ, കയ്പ, കണമ്പ്, തെള്ളിച്ചെമ്മീന്‍, പൂളാന്‍ അങ്ങനെ മീനുകളുടെ മേളമായിരിക്കും. മീനില്ലാത്ത അവസ്ഥയേയില്ല. കിട്ടയതത്രയും ആവശ്യമില്ലാത്ത കൊണ്ട് തിരിച്ച് വെള്ളത്തിലേക്കിട്ടാലേയുള്ളൂ.

ചെമ്മീനും പള്ളത്തിയും കരിമീനും കഴിച്ച് മടുത്ത സമയം വരെയുണ്ട്. ഒരു ഓലഞാത്ത് കിടന്നാല്‍ പോലും അമ്മക്കരിമീന്‍ കൂടുകൂട്ടി മുട്ടയിടും. കൃഷിക്കായി പാടം മുഴുവന്‍ വറ്റിച്ച് കിളച്ച് മറിച്ചാലും പള്ളത്തിക്കുഞ്ഞ് പോലും അവിടെ നിന്ന് പോവില്ല. അടുത്ത വെള്ളക്കയറ്റത്തിന് പണ്ടത്തേക്കാളും ഉഷാറായി അവരെത്തും. വെള്ളത്തില്‍ തന്നെ അധികം താഴ്ചയില്ലാത്തിടത്ത് ഊപ്പ, കയ്പ പോലുള്ള മീനുകളായിരിക്കും. ഒരു വലകൊണ്ടിട്ടാല്‍ കൂരി, കണമ്പ്, കരിമീന്‍ അങ്ങനെയെല്ലാം കിട്ടും. കരിമീന്‍, കുറച്ച, കൂരി, ഞണ്ട് ഇവയുടെ സഞ്ചാരം തന്നെ വേറെയായിരിക്കും. ഒറ്റമഴ പെയ്താല്‍ മതി കൂരി മീന്‍ വെള്ളത്തിന് മുകളില്‍ നടക്കുന്നത് കാണാം.

                                   കുമാരന്‍

വെള്ളം കേറി കിടക്കുമ്പോള്‍ ഈ പാടങ്ങളെല്ലാം ആമ്പല്‍ പാടങ്ങളാവും. ഒരിഞ്ച് സ്ഥലം ബാക്കിയില്ലാതെ മുഴുക്കോം ആമ്പലായിരിക്കും. പെണ്ണുങ്ങള്‍ ചെന്ന് അതും ചെത്തിയെടുക്കും. മീന്‍ തിന്ന് മടുക്കുമ്പോള്‍ ആമ്പലിന്റെ ചിറ്റാന്‍ കഴിയ്ക്കും. ഒരു മാറ്റക്കടി. ആമ്പലിന്റെ കിഴങ്ങ് ചെത്തിക്കൊണ്ട് വന്ന് അത് കഴിക്കും. പിന്നേമുണ്ട്. ആമ്പല്‍ പറിച്ചുകൊണ്ടുവന്ന് പുഴുങ്ങും. വീണ്ടും വെയിലത്ത് വച്ച് ഉണക്കും. എന്നിട്ട് ഉരലിലിട്ട് ഇടിച്ച് തൊണ്ട് കളഞ്ഞെടുക്കുമ്പോള്‍ കടുകുമണിയോളം പോന്ന അരി കിട്ടും. അതുവച്ച് പായസമുണ്ടാക്കി കഴിക്കും.

ഇതെല്ലാം പഴയ കഥ. ഇന്നിതെല്ലാം മാറി. മണിക്കൂറുകള്‍ വലവീശിയാലാണ് ഒരു നേരത്തേക്കുള്ള പള്ളത്തിയോ കരിമീനോ കിട്ടുന്നത്. ഊപ്പയും കയ്പയുമൊന്നും കാണാനേയില്ല. ഇല്ലാതായെന്ന് തോന്നുന്നു. ഈ സീസണില്‍ നിറയെ ചെമ്മീന്‍ കിട്ടണ്ടതാണ്. വല്ല ഒന്നോ രണ്ടോ വന്ന് ചാടിയാലായി എന്നതാണ് ഇപ്പഴത്തെ കാര്യം. കൂരിയെ മുകളിലെങ്ങും കാണാനില്ല. കണമ്പ് മീന്‍ മാര്‍ക്കറ്റില്‍ ചിലപ്പോള്‍ കാണാനുണ്ട്. അത് ഈ അടക്കന്‍ കൊല്ലി വലകൊണ്ട് പിടിച്ച് കൊണ്ടുവയ്ക്കുന്നതാണെന്ന് തോന്നുന്നു. അല്ലാതെ അവറ്റയെ കാണാനില്ല. ഒരു വലവീശി മീനിനെ പിടിക്കുക എന്നല്ലാതെ കടല്‍ മീനിന് വേണ്ടി കാത്ത് നില്‍ക്കുന്നത് ഓര്‍മ്മയില്‍ തന്നെയില്ല. ഇപ്പോള്‍ ആ ഗതികേടും വന്നിരിക്കുന്നു. ഒരു ആമ്പല്‍ പൂവെങ്കിലും ഈ പാടത്ത് പൊങ്ങുന്നത് കണ്ടാ മതിയായിരുന്നു. ഇപ്പോള്‍ ഇത് വരട്ട് ചാല്‍ മാത്രമാണ്. പാടത്ത് കൃഷിയില്ല. കൃഷിയുണ്ടായാലേ ഇവിടെ മീനും ഉണ്ടാവൂ. വൈക്കോല്‍ കണമ്പിലാണ് ചില മീനുകള്‍ മുട്ടയിടുന്നത്. എല്ലാം നശിച്ചു. ഇത്രയും മീന്‍ ദാരിദ്ര്യം ഈ രണ്ട് വര്‍ഷം കൊണ്ടാണ്. ഇനിയെങ്ങോട്ടാണ് പോക്കെന്നറിഞ്ഞൂട. നമ്മള്‍ തിന്നതൊക്കെ തിന്നു, ഇനീപ്പോ നമ്മടെ മക്കള്‍ക്ക് അതൊന്നുമില്ലെന്ന് തോന്നുന്നു’

കുമാരന്‍ തന്റെ അനുഭവത്തില്‍ നിന്ന് ഇത്രയും പറഞ്ഞ് നിര്‍ത്തി. പക്ഷെ ഇതിനെ വെറുമൊരു അനുഭവക്കുറിപ്പ് മാത്രമായി കാണാനാവില്ല. മലയാളികള്‍ ഇന്ന് അഭിമുഖീകരിക്കുന്ന, അല്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്ന ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പാണിത്.

പള്ളത്തിയും കരിമീനുമൊന്നും ഇനി ഏറെക്കാലം കഴിക്കാമെന്ന് മലയാളികള്‍ സ്വപ്‌നം കാണണ്ട. ദിനം പ്രതി അവ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കായല്‍ മീനുകളില്‍ പലതും ഇന്ന് പേരിന് പോലും കാണാന്‍ ഇല്ലാതായിരിക്കുന്നു. ചില മീനുകള്‍ അപ്രത്യക്ഷരായി. കായല്‍ മത്സ്യ വൈവിധ്യത്തില്‍ ഇനി ബാക്കിയുള്ളവ തന്നെ പകുതിയില്‍ താഴെയായി എണ്ണപ്പെട്ടിരിക്കുന്നു. എട്രീ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ പഠനങ്ങള്‍ ഈ വാദത്തിന് ബലം നല്‍കുന്നു. 2011- ല്‍ നടത്തിയ സര്‍വേയില്‍ 53 ഇനം മത്സ്യങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇത് 2013 ആയപ്പോള്‍ 33 ഇനങ്ങള്‍ മാത്രമായി ചുരുങ്ങി. 2016-ല്‍ ഇത് 31 ആയി മാറി. മീനുകള്‍ സുലഭമായുണ്ടായിരുന്ന പല പ്രദേശങ്ങളിലും എണ്ണത്തില്‍ കുറവ് സംഭവിച്ചതായി പഠനം സൂചിപ്പിക്കുന്നു. ഉപ്പിന്റെ അംശവും ഓക്‌സിജന്റെ അളവും ക്രമാതീതമായി കുറഞ്ഞത് ആശങ്കയുണര്‍ത്തുന്നതായി 2016-ലെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് മില്ലിഗ്രാം ഓക്‌സിജന്‍ വേണ്ടയിടത്ത് മൂന്ന് മില്ലിഗ്രാം പോലും ഇല്ല. ഉപ്പിന്റെ കുറവ് ഓരുജല മത്സ്യങ്ങള്‍ അപ്രത്യക്ഷമാവാനും കാരണമായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

‘മഴ ഇല്ലാതായതാണ് രണ്ട് വര്‍ഷമായുള്ള പ്രതിസന്ധിയ്ക്ക് കാരണം. കാലാവസ്ഥ ഇങ്ങനെ തുടര്‍ന്നാല്‍ മലയാളികളുടെ അഹങ്കാരമായിരുന്ന മത്സ്യ സമ്പത്ത് തന്നെ ഇല്ലാതാവും.കായലിലെ വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു. ആസന്നമായ വരള്‍ച്ചയില്‍ ഇനിയും ജലനിരപ്പ് താഴും. നിരപ്പ് കുറഞ്ഞതല്ലാതെ അതില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍ക്ക് ഒരു കുറവുമുണ്ടായിട്ടുമില്ല. മലിനീകരണമാണ് മീനുകളെ ഇല്ലാതാക്കുന്നത്. ഒരു മുട്ട പോലും അവശേഷിപ്പിക്കാതെ പൂണ്ടടക്കം വാരുന്ന അടക്കംകൊല്ലി വലകളാണ് അടുത്ത ശത്രു. അടക്കംകൊല്ലി വലകള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിട്ടും അത് പാലിക്കപ്പെടുന്നില്ല. പലപ്പോഴും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അത് നടക്കുകയാണ്.

കഴിഞ്ഞ വര്‍ഷം കായലിലെ ഉപ്പ് കുറഞ്ഞതിനാല്‍ പലയിടങ്ങളിലും കക്ക ഉണ്ടാകുന്നില്ല. നേരത്തെ കക്കാ സമ്പന്നമായ ഇടങ്ങളില്‍ പോലും അവസ്ഥ ഇങ്ങനെയാണ്. ഇത്തവണ തണ്ണീര്‍മുക്കം ബണ്ട് കൃത്യസമയത്ത് തുറന്നതിനാല്‍ അതില്‍ ചെറിയ മാറ്റമുണ്ട്. തണ്ണീര്‍മുക്കം ബണ്ട് കൃത്യമായി അടയ്ക്കുകയും തുറക്കുകയും ചെയ്താല്‍ കുറച്ച് പ്രശ്‌നങ്ങള്‍ തീരും. എന്നാല്‍ അതിന് ഇതേവരെ യാതൊരു സംവിധാനങ്ങളും ഉണ്ടായിട്ടില്ല. വേമ്പനാട് കായലിലുണ്ടായിരുന്ന ഓരോ മീനിനും അതിന്റെ പ്രജനനം മുതലുള്ള ഒരോ കുട്ടിക്കഥകള്‍ തന്നെ പറയാനുണ്ട്. ഓരോന്നും ജനിക്കുന്നതും വളരുന്നതും ഓരോ സാഹചര്യങ്ങളിലാണ്. ഈ സാഹചര്യങ്ങളും അന്തരീക്ഷവും മനുഷ്യര്‍ നശിപ്പിക്കുമ്പോള്‍ അവര്‍ ഈ ഭൂമിയില്‍ നിന്ന് തന്നെ അപ്രത്യക്ഷരാവുകയാണ്. ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നാളേയ്ക്ക് ബാക്കി വയ്ക്കാന്‍ ഒന്നുമുണ്ടാവില്ല’ – മത്സ്യ മേഖലയിലെ ഗവേഷകനായ ഡോ.കെ.ജി പത്മകുമാര്‍ പറഞ്ഞു.

‘മത്സ്യ സമ്പത്ത് ഇല്ലാതാവുന്നതോടെ പ്രതിസന്ധിയിലാവുന്നത് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളാണ്. കായല്‍ തരുന്ന സമ്പത്തുകൊണ്ട് ഉപജീവനം നടത്തി അല്ലലില്ലാതെ ജീവിച്ചു പോവുകയായിരുന്നു. ഇനി അത് എത്രകാലം ഉണ്ടാവുമെന്ന് പറയാനൊക്കാത്ത സ്ഥിതിയാണുള്ളത്. ഇപ്പോള്‍ തന്നെ വരാന്‍പോകുന്ന ദുരന്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തൊടങ്ങി. കായലില്‍ വലവിരിച്ചാലും മുങ്ങിത്തപ്പിയാലുമൊന്നും മീന്‍ കിട്ടുന്നില്ല. ഉള്ളത് നശിപ്പിച്ചിട്ട് ഇപ്പോള്‍ മീന്‍ വളര്‍ത്താന്‍ നടക്കുകയാണ്. മീനുകളെ അതിന്റെ സ്വാഭാവിക പ്രകൃതിയില്‍ വളര്‍ത്താതെ വല കെട്ടിയിട്ട് വളര്‍ത്തുകയാണ്. വളര്‍ത്ത് കരിമീന്‍, വളര്‍ത്ത് സിലോപ്പി, വളര്‍ത്ത് ചെമ്പല്ലി… എല്ലാത്തിനും നല്ല വെലേം കിട്ടും. പക്ഷെ അമ്മ മീന്‍ മുട്ടയിട്ടുണ്ടാക്കുന്ന മീനുകളുടെ സ്വാദ് ഇതിനുണ്ടാവത്തില്ല. പ്രകൃത്യാ തരുന്നതിനെ നശിപ്പിച്ചിട്ട് എല്ലാം കൃത്രിമമായി വളര്‍ത്താമെന്ന ആരും കരുതണ്ട.’ – ഉള്‍നാടന്‍ മത്സ്യ തൊഴിലാളിയായ ആര്യാട് സ്വദേശി ഉത്തമന്റെ വാക്കുകള്‍.

‘ഇത്തവണ വല്യ കുഴപ്പമില്ല. കുറച്ചെങ്കീ കുറച്ച് കക്ക വല്ലടത്തുമായൊക്കെ കിട്ടുന്നുണ്ട്. കഴിഞ്ഞ തവണയായിരുന്നു. ഒരു കൊട്ട കക്ക പോലും തികച്ച് കിട്ടിയ ദിവസമില്ലായിരുന്നു. കായലില്‍ കക്ക പിടിച്ചില്ല. ഇത്തവണേം ഉണ്ടാവേണ്ട സമയത്തൊന്നും ഉണ്ടായിട്ടില്ല. ഇപ്പോ കൊറച്ച് പിടിച്ച് വരുന്നുണ്ട്. അത് പിടിച്ച് പുഴുങ്ങി കക്കയും തൊണ്ടും വേറെയാക്കുമ്പോ കിട്ടുന്നത് ഒന്നിനും തികയില്ല. ഒരു മുങ്ങിന് കൂടുതല്‍ കക്ക കിട്ടിയാലേ ഈ തൊഴിലുകൊണ്ട് ലാഭമുള്ളൂ. പിന്നെ ഈ കക്കാത്തൊണ്ട് – നീറ്റ കക്ക, അതിന് കിലോയ്ക്ക് 90 രൂപ കിട്ടും. അതാണ് വരുമാനം. കക്കാ പിടിക്കാതായാല്‍ അതും നിക്കും’ – കക്കാ വാരല്‍ തൊഴിലാളിയായ ചിന്നമ്മ പറഞ്ഞു.

മണ്‍സൂണിന് 31 ശതമാനവും തുലാവര്‍ഷത്തില്‍ 64 ശതമാനവും കുറവ് വന്നതായാണ് കണക്കുകള്‍. മണ്‍സൂണിന്റെ അഭാവത്തില്‍ കടല്‍ മത്സ്യങ്ങള്‍ പോലും കേരള തീരത്തു നിന്ന് ആന്ധ്ര, ബംഗാള്‍ തീരത്തേക്ക് നീങ്ങിയതായി കേരള ഫിഷറീസ് സര്‍വ്വകലാശാലയും മത്സ്യ ഗവേഷകരും നടത്തിയ പഠനത്തില്‍ വെളിപ്പെടുന്നു. ഈ സ്ഥിതി നിലനില്‍ക്കെയാണ് കേരളത്തിന് സ്വന്തമായിരുന്ന കായല്‍ മത്സ്യങ്ങളും ഓരോന്നായി അപ്രത്യക്ഷരാവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതൊരു ആപത്സൂചനയായി കണക്കാക്കി ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ മലയാളികള്‍ ആഘോഷിച്ച് ഭക്ഷണമാക്കുന്ന പല മത്സ്യങ്ങളും ഭൂമുഖത്തു നിന്ന് തന്നെ അപ്രത്യക്ഷമായേക്കും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍