UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അപശബ്ദങ്ങളില്‍ ഉലയുന്ന ബിജെപി; പ്രതിച്ഛായ തകര്‍ച്ചയില്‍ മോദി

ബിഹാറിലെ മാനംകെട്ട പരാജയത്തിനുശേഷം രാഷ്ട്രീയ എതിരാളികളോട് കൂടുതല്‍ അനുനയസമീപനം സ്വീകരിക്കുകയല്ലാതെ മറ്റുവഴിയൊന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കു മുന്നിലില്ല. ഏറ്റുമുട്ടല്‍ ഒഴിവാക്കി സമന്വയം തിരഞ്ഞെടുക്കുന്നതിനൊപ്പം സ്വന്തം അണികളെ കൂടെ നിര്‍ത്തുകയും വേണം. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സംഘടനകളിലെ തീവ്രഹിന്ദുത്വവാദികളെ ഇടയ്ക്കിടെ തലോടിനിര്‍ത്തിയാലേ ഇതു സാധ്യമാകൂ. എതിരാളികളെയും അനുയായികളെയും ഒരുമിച്ചു കൊണ്ടുപോകുക എന്നതാണ് ഇന്ന് ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

അധികാരത്തിനു പുറത്തായിരുന്നപ്പോള്‍ സംഘപരിവാറിലെ വിഭിന്ന ശബ്ദങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എന്നാല്‍ അധികാരത്തിലിരിക്കുമ്പോള്‍ ഉയരുന്ന ഭിന്നാഭിപ്രായങ്ങള്‍ ആഴത്തിലുള്ള വിഭാഗീയതയുടെ സൂചനയാണ് തരുന്നത്. എല്‍ കെ അദ്വാനി ഒരിക്കല്‍ വിശേഷിപ്പിച്ചതുപോലെ ഭിന്നതകളുള്ള പാര്‍ട്ടി (പാര്‍ട്ടി വിത്ത് എ ഡിഫറന്‍സ്)യായി അതു മാറുന്നു. അധികാരത്തിന്റെ പങ്കുപറ്റുന്നതിനെച്ചൊല്ലിയുള്ള ഉള്‍പ്പോരുകള്‍ ഭിന്നതകളെ വിഭാഗീയതകളാക്കി മാറ്റുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം.

ബിഹാറിലെ ബിജെപിയുടെ പ്രകടനത്തെ ഏറ്റവും രൂക്ഷമായി വിമര്‍ശിച്ചത് അദ്വാനി, മുരളി മനോഹര്‍ ജോഷി, ശാന്ത കുമാര്‍, യശ്വന്ത് സിന്‍ഹ എന്നിവരാണ്. അരുണ്‍ ഷൂറിയും കെ. എന്‍. ഗോവിന്ദാചാര്യയും ഇവര്‍ക്കൊപ്പം ചേര്‍ന്നു.

സ്ഥാനമാനങ്ങള്‍ ലഭിക്കാതെ നിരാശരായ മുതിര്‍ന്നവരുടെ പ്രതികരണമായി ഇവ തള്ളിക്കളയപ്പെട്ടേക്കാം. പക്ഷേ അവര്‍ ഉപയോഗിച്ച വാക്കുകള്‍ രൂക്ഷമായിരുന്നു. ബിഹാറിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മോദിയും അനുയായികളും കാണിച്ച മടിയെ വിമര്‍ശിക്കുക മാത്രമല്ല തോല്‍വിക്കു കാരണം സ്വത്വം നഷ്ടപ്പെട്ട  പാര്‍ട്ടി ഏതാനും ചിലരുടെ കൈപ്പിടിയിലൊതുങ്ങിയതാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. അഭിപ്രായസമന്വയം പാര്‍ട്ടിക്കു നഷ്ടമായതും ഇവര്‍ പരാജയകാരണമായി എടുത്തുപറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ബിജെപി പ്രസിഡന്റ് അമിത് ഷാ എന്നിവര്‍ പ്രവര്‍ത്തനശൈലി മാറ്റുന്നില്ലെങ്കില്‍ ഉള്‍പാര്‍ട്ടി വിഭാഗീയത വര്‍ധിക്കുക തന്നെ ചെയ്യുമെന്നതില്‍ സംശയമില്ല. മൂവരും വ്യത്യസ്ത അഭിപ്രായക്കാരോടുള്ള മുഖംതിരിക്കലും ധിക്കാരപരമായ പെരുമാറ്റവും തുടരുന്നിടത്തോളം കാര്യങ്ങള്‍ സുഗമമാകില്ല.

സ്വയം പ്രതിഷ്ഠിച്ചിരിക്കുന്ന ഉന്നതങ്ങളില്‍നിന്ന് ഇവര്‍ മൂവരും ഇറങ്ങിവരേണ്ടതിന് മറ്റൊരു കാരണം കൂടിയുണ്ട്. ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം  നേടാനാകില്ലെന്ന് ബിഹാര്‍ തിരഞ്ഞെടുപ്പ് തെളിയിച്ചു കഴിഞ്ഞു. പാര്‍ലമെന്റ് പ്രവര്‍ത്തിക്കുകയും പുതിയ നിയമനിര്‍മാണം സാധ്യമാകുകയും വേണമെങ്കില്‍ പ്രതിപക്ഷകക്ഷികളുമായി കൂടുതല്‍ തുറന്ന ആശയവിനിമയം നടന്നേതീരൂ. കോണ്‍ഗ്രസും ഇടതുകക്ഷികളും എന്നത്തേക്കാളും ദുര്‍ബലരായിരിക്കുന്ന സമയത്താണ് ഈ സ്ഥിതിയെന്നത് വൈരുദ്ധ്യമായിത്തോന്നാം.

മുന്‍പ് അരുണ്‍ ജയ്റ്റ്‌ലി രാജ്യസഭയുടെ മേല്‍ക്കോയ്മയെ ‘തിരഞ്ഞെടുക്കപ്പെടാത്തവരുടെ സ്വേച്ഛാധിപത്യം’ എന്നു വിശേഷിപ്പിച്ചത് കോലാഹലമുണ്ടാക്കിയിരുന്നു. രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പ് സങ്കീര്‍ണവും പരോക്ഷവുമാണ് എന്നതിനാല്‍ എത്ര പ്രതിഷേധിച്ചാലും യാഥാര്‍ത്ഥ്യത്തിന് മാറ്റമുണ്ടാകില്ല.

രാജ്യത്ത് പൊതു ചരക്ക്, സേവന നികുതി (ജിഎസ്ടി) കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ നീക്കം വിജയിക്കണമെങ്കില്‍ ഇതേപ്പറ്റി അഭിപ്രായസമന്വയം ഉണ്ടാക്കാന്‍ ബിജെപിക്കു കഴിയണം. പ്രതിപക്ഷത്തിന്റെ കാഴ്ചപ്പാട് കൂടി അംഗീകരിച്ചാല്‍ മാത്രമേ ബില്‍ പാസാകൂ. പ്രതിപക്ഷാഭിപ്രായം ‘അസംബന്ധ’മാണെന്ന ധനമന്ത്രിയുടെ നിലപാട് തുടര്‍ന്നാല്‍ സമന്വയം നടപ്പാകുകയുമില്ല.

ബിഹാര്‍ തിരഞ്ഞെടുപ്പു ഫലം അനുകൂലമായിരുന്നെങ്കില്‍ പ്രധാനമന്ത്രി മോദി ഒരിക്കലും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും ചായയ്ക്കു ക്ഷണിക്കുമായിരുന്നില്ല. ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പറഞ്ഞ നല്ല വാക്കുകള്‍ ഒരുപക്ഷേ മോദിയില്‍നിന്നു വരുമായിരുന്നിരിക്കണം. നല്‍കപ്പെട്ട വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഇനി മൂന്നര വര്‍ഷം കൂടി മോദിക്കു ബാക്കിയുണ്ട്; അവയില്‍ മിക്കവയും ഒരിക്കലും നടപ്പാക്കാനാകാത്തവയാണെങ്കിലും.

എന്തൊക്കെയാണ് ഇനി മോദിക്കുമുന്നിലുള്ള വഴികള്‍? കരുത്തനും തീരുമാനമെടുക്കാന്‍ കഴിവുള്ളവനും എന്ന നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ പാക്കിസ്ഥാനും ചൈനയ്ക്കുമെതിരെ ദേശസ്‌നേഹം ഇളക്കിവിടുന്ന പ്രസ്താവനകള്‍ നടത്തുക മാത്രമാണോ വഴി? ഭരണത്തിന്റെ ആദ്യ 18 മാസത്തില്‍ രണ്ടരമാസത്തോളം വിദേശയാത്രകളിലായിരുന്നു മോദി. വിദേശനയമെന്നാല്‍ നിക്ഷേപകരെ രാജ്യത്തേക്കു ക്ഷണിക്കുന്നതോ പ്രവാസി അനുയായികളില്‍നിന്നു സ്വീകരണം ഏറ്റുവാങ്ങുന്നതോ അല്ല. പ്രധാനമന്ത്രിയായ ശേഷം ആദ്യം സന്ദര്‍ശിച്ച രാജ്യങ്ങളിലൊന്നായ നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരായ വികാരമുണ്ടായതാണ് മോദി സര്‍ക്കാരിന്റെ ആദ്യ വിദേശനയ പരാജയം.

പാര്‍ട്ടിയിലെ തീവ്രവാദികളെ അടക്കിനിര്‍ത്തുന്നതാണ് മോദി നേരിടുന്ന മറ്റൊരു വെല്ലുവിളി. ആര്‍എസ്എസ് നേതൃത്വം ഇതില്‍ സഹായിക്കുമെന്നാണു മോദിയുടെ പ്രതീക്ഷ. എന്നാല്‍ മൂന്നാംകിടക്കാരെ സെന്‍സര്‍ ബോര്‍ഡിലും ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും അവരോധിക്കാനുള്ള ഇവരുടെ ശ്രമം ബിജെപി വെറുക്കുന്ന ബുദ്ധിജീവികളില്‍നിന്ന് കുറച്ചൊന്നുമല്ല എതിര്‍പ്പുണ്ടാക്കിയത്. പഹലാജ് നിഹലാനിയെപ്പോലുള്ള സ്തുതിപാഠകര്‍ പിന്നീട് ഉപദ്രവമുണ്ടാക്കും.

യുപിഎ കാലത്തെതുപോലെ വന്‍ അഴിമതി ആരോപണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ചെറിയ ആരോപണങ്ങളും പണം പിടുങ്ങലുകളും പുറത്തുവന്നുകഴിഞ്ഞു.

ദാദ്രി സംഭവത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ഭ്രാന്തുപിടിപ്പിക്കുന്നതായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയില്‍ 24 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഉണ്ടാക്കിയ പ്രതിച്ഛായ മുഴുവന്‍ തകര്‍ക്കാന്‍ ഇത്തരം ഒരു സംഭവം മതിയെന്ന് മോദി മനസിലാക്കേണ്ടിയിരിക്കുന്നു. സാധാരണ അധികാരിവര്‍ഗത്തിനു മുന്നില്‍ നിശബ്ദത പാലിക്കുന്ന രാജ്യത്തെ മുന്‍നിര വ്യവസായികളില്‍ ഒരു വിഭാഗം പോലും സാമൂഹിക ഐക്യമില്ലാതെ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനാകില്ലെന്ന് മോദിയെ ഓര്‍മിപ്പിച്ചു.

1930ലെ ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ഉയര്‍ച്ചയെപ്പറ്റി അരുണ്‍ ജയ്റ്റ്‌ലി നമുക്ക് ഒരു നല്ല പാഠം പറഞ്ഞുതന്നു. (എന്റെയും) സുഹൃത്തായ സ്വപന്‍ ദാസ് ഗുപ്ത അദ്ദേഹത്തിന് വിശദമായി കാര്യങ്ങള്‍ മനസിലാക്കിക്കൊടുത്തിട്ടുണ്ടാകണം. 1977ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍നിന്നു തൂത്തെറിയപ്പെട്ടതുപോലെ ഏകാധിപത്യത്തിന് അപകടങ്ങള്‍ പലതുണ്ടെന്ന് മോദി മനസിലാക്കുന്നുണ്ടാകുമോ? അറിയാന്‍ വഴിയൊന്നുമില്ല.

അടിയന്തരാവസ്ഥക്കാലത്തിനുശേഷം അധികാരം ഏതാനും ചിലരുടെ കൈകളില്‍ ഒതുങ്ങുന്നത് ഇതാദ്യമായാണ്. ഗുജറാത്ത് മാതൃകയെ അന്ധമായി അനുകരിക്കുന്നതിന്റെ ദോഷങ്ങള്‍ മോദിഭക്തര്‍ക്കൊഴികെ എല്ലാവര്‍ക്കും വ്യക്തവുമാണ്. പ്രധാനമന്ത്രി ഒരു ധ്രുവീകരണ ശക്തിയാണ്. ചിലര്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു; മറ്റുള്ളവര്‍ വെറുക്കുന്നു. മോദിയെ അവഗണിക്കുന്ന ഒരാളെ കണ്ടെത്താന്‍ പ്രയാസം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍