UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിനക്കൊരു തെരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയുമോ? അഖിലേഷിനോട് മുലായം

Avatar

അഴിമുഖം പ്രതിനിധി

സമാജ് വാദി പാര്‍ട്ടിയുടെ തിങ്കളാഴ്ച്ച നടന്ന യോഗത്തില്‍ സംഘര്‍ഷഭരിതമായ രംഗങ്ങളാണ് അരങ്ങേറിയത്. മുലായം സിങ് യാദവും മകന്‍ അഖിലേഷ് യാദവും തമ്മില്‍ വാക്കേറ്റം വരെയായി. തന്റെ ‘സഹോദരന്‍’ എന്നു അമര്‍സിങ്ങിനെയും ‘ബഹുജന നേതാവ്’ എന്നു ശിവപാല്‍ യാദവിനെയും വിശേഷിപ്പിക്കുകയും ചെയ്തു പാര്‍ട്ടി തലവന്‍. എങ്കിലും അഖിലേഷ് മുഖ്യമന്ത്രിയായി തുടരും എന്നു മുലായം വ്യക്തമാക്കി.

പാര്‍ട്ടി ഒരു വിഷമം നിറഞ്ഞ കാലത്തെ നേരിടുകയാണെന്നും പാര്‍ട്ടി അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടരുതെന്നും എസ് പി തലവന്‍ ആവശ്യപ്പെട്ടു. പക്ഷേ അദ്ദേഹത്തിന്റെ വാക്കുകള്‍ വേണ്ടത്ര ഫലിച്ചില്ല. യോഗസ്ഥലത്ത് ആകെ ബഹളമായിരുന്നു. വേദിയില്‍ കടുത്ത തര്‍ക്കങ്ങള്‍ നടന്നു. യോഗം തിരക്കിട്ട് പൊടുന്നനെ നിര്‍ത്തിവെക്കേണ്ടിവന്നു.

മുലായം സിങ്ങും മകനും മുഖ്യമന്ത്രിയുമായ അഖിലേഷും പരസ്പരം ഒച്ചവെച്ചു തര്‍ക്കിക്കുന്നിടത്തേക്ക് ഭരണകക്ഷിയിലെ കാര്യങ്ങള്‍ വഷളായി.യോഗവേദിക്ക് പുറത്തു എതിര്‍ സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. അവരെ നിയന്ത്രിക്കാന്‍ പോലീസ് ഏറെ പണിപ്പെട്ടു.

പാര്‍ട്ടി ഭാരവാഹികളും എം പി മാരും എം എല്‍ എ മാരും പങ്കെടുത്ത, ആകെ അലങ്കോലമായി അവസാനിച്ച യോഗത്തില്‍ മുലായം പറഞ്ഞു,“അമറിനും ശിവപാലിനും എതിരെ ഒന്നും ഞാന്‍ സാഹിക്കില്ല. എന്നെ ജയിലില്‍ പോകുന്നതില്‍ നിന്നും രക്ഷിച്ചത് അമര്‍ ആണ്.”

ചുവന്ന തൊപ്പി (എസ് പിയുടെ തൊപ്പിയുടെ നിറം) വെച്ചതുകൊണ്ടു മാത്രം ഒരാള്‍ സമാജ് വാദി ആകുന്നില്ലെന്ന് മുലായം പറഞ്ഞു. അമറിനെ അധിക്ഷേപിക്കുകയാണെന്ന് പറഞ്ഞു മുലായം അഖിലേഷിനെ ശാസിച്ചു.

“അമര്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അമര്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ജയിലില്‍ കിടന്നേനെ. അയാള്‍ എന്റെ സഹോദരനെ പോലെയാണ്,” രാജ്യസഭാംഗത്തെക്കുറിച്ച് മുലായം വാചാലനായി.

“ചില മന്ത്രിമാര്‍ വെറും സ്തുതിപാഠകരാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ശിവപാല്‍ യാദവ് ചെയ്ത ജോലി എനിക്കു മറക്കാനാവില്ല,” ശിവപാലിനെ ബഹുജനനേതാവ് എന്നു വിശേഷിപ്പിച്ച് മുലായം പറഞ്ഞു.

“നമ്മള്‍ ബുദ്ധിമുട്ടേറിയ കാലത്തെ നേരിടുകയാണ്. നമ്മുടെ ദൌര്‍ബല്യങ്ങള്‍ മാറ്റിവെക്കണം. തമ്മിലടിക്കരുത്.”

സമാജ് വാദി പാര്‍ട്ടിക്ക് രൂപം നല്കാന്‍ താനേറെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് മുലായം പറഞ്ഞു. രാംമനോഹര്‍ ലോഹ്യയുടെ പാത പിന്തുടര്‍ന്ന താന്‍ പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയാണ് പോരാടിയത്.

പാര്‍ട്ടിയിലെ ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ ദുഃഖിതനാണ്,“ഈ സംഭവവികാസങ്ങളില്‍ നിന്നും ഞാന്‍ ഒഴിഞ്ഞുനിന്നെങ്കിലും.”

അഖിലേഷിനെ ശാസിച്ചുകൊണ്ടു മുലായം പറഞ്ഞു,“എന്താണ് നിന്റെ കഴിവ്? നിനക്കു തെരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയുമോ?”

മുലായം കുടുംബത്തില്‍ കലഹം മൂത്തെങ്കിലും കുടുംബബന്ധങ്ങള്‍ ദൃഢമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ചില നേതാക്കള്‍ സ്തുതിപാഠകരാണെന്നും തനിക്ക് അത്തരക്കാരെ ഇഷ്ടമല്ലെന്നും മുലായം പറഞ്ഞു. വിമര്‍ശനം സഹിക്കാന്‍ കഴിയാത്തവര്‍ നേതാക്കന്മാരാകരുതു എന്നു മുലായം ഓര്‍മ്മിപ്പിച്ചു.

“വിമര്‍ശനം ശരിയാണെങ്കില്‍ നന്നാവാന്‍ സാധ്യതയുണ്ട്. വലുതായി ചിന്തിക്കാത്തവര്‍ക്ക് നേതാക്കളാകാനുമാകില്ല.”

താന്‍ ദുര്‍ബ്ബലനായിട്ടില്ലെന്നും സമാജ് വാദി പാര്‍ട്ടി പിളരില്ലെന്നും മുലായം പറയുന്നു. 

“യുവാക്കള്‍ക്ക് മതിയായ ബഹുമാനവും പ്രാധാന്യവും കിട്ടുമെന്ന് ഞാന്‍ ഉറപ്പുനല്‍കി. ചെറുപ്പക്കാര്‍ എന്റെ കൂടെയല്ലെന്ന് ആരും കരുതണ്ട.”

സര്‍ക്കാരോ പാര്‍ട്ടിയോ സ്തുതിപാടലോ മുദ്രാവാക്യം വിളിയോ കൊണ്ട് വിജയിക്കില്ല. “മുദ്രാവാക്യം വിളിക്കുന്നവരെ ഞാന്‍ ഓടിച്ചുപുറത്താക്കും,” മുലായം മുന്നറിയിപ്പുനല്‍കി.

ക്വാമി ഏക്താ ദള്‍എസ് പിയില്‍ ലയിച്ചതിനെയും മുലായം ന്യായീകരിച്ചു. അന്‍സാരിയുടെ കുടുംബം ആദരണീയരാണ് എന്നദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച്ച അഖിലേഷിന്റെ ജന്‍മദിനം കൂടിയായിരുന്നു. എന്തായാലും അച്ഛന്റെയും ചെറിയച്ഛന്‍ ശിവപാലിന്റെയും കാല്‍തൊട്ട് അയാള്‍ ആശീര്‍വാദം ചോദിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍