UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാങ്ക് കിട്ടാക്കടങ്ങളുടെ പിന്നാമ്പുറങ്ങള്‍

Avatar

ടി. നരേന്ദ്രന്‍

ബാങ്കുകളിലെ കിട്ടാക്കടങ്ങളുടെ ഇന്നത്തെ സ്ഥിതി സ്‌ഫോടനാത്മകവും അടിയന്തര തിരുത്തലുകള്‍ അനിവാര്യമാക്കുന്ന ഒന്നുമാണ്. അധികൃതരാകട്ടെ, തികഞ്ഞ നിസ്സംഗതയിലും സമ്പന്ന പക്ഷപാതിത്വത്തിലും നിലയുറപ്പിക്കുന്നതിനാല്‍, ഉപരിതല വാചകമടിയല്ലാതെ, ക്രിയാത്മകമായ ഒരു പരിഹാരവും ഉരുത്തിരിയുന്നുമില്ല. ബാങ്കില്‍ നിന്നും ചെറിയൊരു തുക വായ്പയെടുത്ത പാവപ്പെട്ടവര്‍ ഒരു മാര്‍ഗ്ഗവുമില്ലാത്തതിനാല്‍ തിരിച്ചടയ്ക്കാതാകാം. എന്നാല്‍ അത്തരക്കാര്‍ക്കു മേല്‍ കൈകൊള്ളുന്ന വ്യവഹാരങ്ങളും സമ്മര്‍ദ്ദ ഭീഷണികളും എണ്ണമറ്റതാണ്. ഇവരുടെ വായ്പാതുക പൂര്‍ണ്ണമായും തിരിച്ചുകിട്ടിയാലും ബാങ്കുകളുടെ കിട്ടാക്കട ഹിമാലയത്തിന്റെ ഒരഗ്രം പോലുമാകില്ല അത്. അതേസമയം കിട്ടാക്കടത്തിന്റെ 80-90% തുകയും വന്‍കിടക്കാരുടേതാണ്. കോര്‍പ്പറേറ്റ് വായ്പയെടുത്തവരുടെ കാലാവധി നീട്ടിക്കൊടുത്തും ഇളവുകള്‍ അനുവദിച്ചും കിട്ടാക്കട പരിധിയില്‍ നിന്നും താല്ക്കാലികമായി പുറത്തു കടത്തുന്ന പ്രക്രിയ ഇന്ന് ബാങ്കുകളില്‍ സാര്‍വ്വത്രികമാണ്. ഈ സൗകര്യങ്ങളും വമ്പന്‍ ഇടപാടുകാര്‍ക്ക് മാത്രമേ ചെയ്തു കൊടുക്കാറുള്ളൂ. വായ്പാ പുനഃക്രമീകരണമെന്നാണ് ഇതിന്റെ ബാങ്കിംഗ് പദാവലി. യഥാര്‍ത്ഥത്തില്‍ കിട്ടാക്കടമാണെങ്കിലും, അതിനെ വെള്ളപൂശി, കാഴ്ചയില്‍ ചന്തമുണ്ടാക്കി, ചിലയിടങ്ങളില്‍ ഓഡിറ്റര്‍മാരെ പോലും സ്വാധീനിച്ച്, നല്ല വായ്പയെന്ന് ചിത്രീകരിക്കുന്ന രീതിയാണിത്. 2015 മാര്‍ച്ചിലെ കണക്കു പ്രകാരം ഇങ്ങനെ പുനഃക്രമീകരിച്ച വായ്പാതുക ഇന്ത്യയിലെ ആകെ ബാങ്ക് വായ്പയുടെ 11.1% വരുമെന്നാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. 66 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ ആകെ ബാങ്ക് വായ്പ. ആ നിലക്ക് ഏഴ് ലക്ഷത്തിലധികം കോടി രൂപ കിട്ടാക്കട രൂപത്തിലാണെന്ന വസ്തുത ഭയാനകമാണ്. മൊത്തം ബാങ്ക് വായ്പയുടെ 4.62% തുകയായ മൂന്ന് ലക്ഷം കോടി രൂപ കിട്ടാക്കടമായി വെളിപ്പെടുത്തിയതിന് പുറമെയുള്ള സംഖ്യയാണിത്. വന്‍കിട കിട്ടാക്കടക്കാര്‍ ബാങ്ക് അധികാരകേന്ദ്രങ്ങളില്‍ സ്വാധീനമുള്ളവരെന്നതു മാത്രമല്ല, അവരാണ് ഇന്ത്യന്‍ ഭരണാധികാരികളുടെ സൃഷ്ടാക്കളും സംവിധായകരും. തന്മൂലമാണ് നിയമങ്ങളും റിസര്‍വ്വ് ബാങ്ക് ചട്ടങ്ങളും സമൃദ്ധമാണെങ്കിലും, അതൊന്നും ഇത്തരക്കാരുടെ വായ്പ തിരിച്ചടവു കാര്യത്തില്‍ പ്രയോഗിക്കാനാകാതെ വരുന്നത്. ബാങ്ക് കിട്ടാക്കടമെന്നത് അതിനാല്‍ ബാങ്കിംഗ് വ്യവസ്ഥയുടെ ഒരു കാന്‍സറായി വ്യാപിച്ചു കൊണ്ടിരിക്കുന്നു.

പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, നാലു ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പാ കുടിശ്ശിക പിരിച്ചെടുക്കാന്‍ റിലയന്‍സിനെ നിയോഗിച്ച സംഭവം ഈയവസരത്തില്‍ ശ്രദ്ധേയമാകുകയാണ്. റിലയന്‍സ് പോലുള്ള ഒരു കുത്തകക്ക് എസ്.ബി.ടി. എന്ന പൊതുമേഖലാ ബാങ്കിനുള്ള സകല അധികാരവകാശങ്ങളും കൈമാറുന്നത് ഉചിതമാണോ എന്ന നൈതികതയുടെ പ്രശ്‌നം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. തൃശ്ശൂരിലെ ഒരു ചായക്കടക്കാരന്റെ മകന് ബാങ്ക് ഹെഢാഫീസില്‍ നിന്നു വന്ന കത്തുപ്രകാരം 2007-ല്‍ 1,87,455 രൂപ വിദ്യാഭ്യാസ വായ്പ എടുത്ത വകയില്‍ 4,01,131 രൂപയാണ് ബാധ്യതയായി കാണിച്ചിരിക്കുന്നത്. ബാങ്ക് ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം റിലയന്‍സിന് ഈ വായ്പ വിറ്റിരിക്കുന്നത് കേവലം 89,550 രൂപയ്ക്കാണ്. അതില്‍ 13,400 രൂപ മാത്രമേ റൊക്കം പണമായി ബാങ്കിനു ലഭിക്കുകയുള്ളൂ. ബാക്കി 79,150 രൂപ കടപത്രമായിട്ടാണ് നല്കുന്നതെന്നതിനാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷമേ ബാങ്കിന് പണം ലഭിക്കൂ. അഥവാ 13,400 രൂപ ബാങ്കിനു നല്‍കി 4,01,131 രൂപ വിദ്യാര്‍ത്ഥിയില്‍ നിന്നും ഈടാക്കാനുള്ള അവകാശാധികാരങ്ങളാണ് റിലയന്‍സ് കരസ്ഥമാക്കിയിട്ടുള്ളത്. റിലയന്‍സിന് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഔദാര്യങ്ങളും മൃദുസമീപനങ്ങളും യഥാര്‍ത്ഥ ഇടപാടുകാരോട് കാണിച്ചിരുന്നെങ്കില്‍ ധാരാളം ചെറുകിട വായ്പകള്‍ അടച്ചു തീരുമെന്നത് തീര്‍ച്ചയാണ്. 2014-ല്‍ മാത്രം കോഴ്‌സ് പൂര്‍ത്തിയാക്കിയ ഈ വിദ്യാര്‍ത്ഥിയോട് പക്ഷെ യാതൊരു മമതയുമില്ലെന്നു മാത്രമല്ല, കടുത്ത നടപടികളിലേക്കാണ് ബാങ്ക് നീങ്ങുന്നത്. വിദ്യാഭ്യാസ വായ്പ 15 വര്‍ഷം വരെ പുനഃക്രമീകരിക്കാന്‍ വകുപ്പുണ്ടെന്നിരിക്കെ രണ്ട് വര്‍ഷം മാത്രം എന്‍.പി.എ ആയ വായ്പ ധൃതി പിടിച്ച് വില്ക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. മാത്രവുമല്ല, 4,01,131 രൂപയുടെ ബാധ്യത കേവലം 89,550 രൂപക്ക് റിലയന്‍സിന് നല്കാമെങ്കില്‍, ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ വായ്പ തിരിച്ചടക്കുന്ന കാര്യം വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുമായി ബാങ്കിന് ചര്‍ച്ച ചെയ്യാമായിരുന്നു. കേരളത്തില്‍ ഏറ്റവും അധികം വിദ്യാഭ്യാസ വായ്പ നല്കിയിട്ടുള്ള ബാങ്കാണ് എസ്.ബി.ടി. ആ സല്‍പ്പേരിന് കളങ്കം വരുത്തുന്നതായി ഈ നടപടിയെന്ന്, വൈകിയെങ്കിലും ബാങ്കധികാരികള്‍ മനസ്സിലാക്കണം. 2015 ജൂണ്‍ മാസത്തെ കണക്കനുസരിച്ച് വിദ്യാഭ്യാസവായ്പ അടക്കം എസ്.ബി.ടിയുടെ മൊത്തം കിട്ടാക്കടം 2,759 കോടി രൂപയാണ്. ഈ തുകയില്‍ കേവലം 9.50 കോടി രൂപയാണ് റിലയന്‍സില്‍ നിന്നും ഇപ്പോള്‍ പണമായി ബാങ്കിനു ലഭിക്കുക. ബാങ്കിന്റെ ബാക്കി കിട്ടാക്കടം പിരിച്ചെടുക്കാന്‍ ഒരു തീവ്രപരിപാടിയും നടപ്പാക്കുന്നില്ലെന്നറിയുമ്പോഴാണ് റിലയന്‍സ് കരാറിന്റെ പുറകിലുള്ള സമ്പന്ന താല്പര്യം മറനീക്കി പുറത്തു വരുന്നത്.

വായ്പ അനുവദിക്കുന്ന സമ്പ്രദായങ്ങളില്‍ ബാങ്കുകളില്‍ നടന്നുവരുന്ന മൗലികമായ മാറ്റങ്ങളും വായ്പാ ചേരുവയിലെ വ്യതിയാനങ്ങളുമാണ് സമീപകാലത്തെ കിട്ടാക്കട വര്‍ദ്ധനവിന്റെ പിന്നാമ്പുറമെന്നു കാണാനാകും. നേരത്തേ ശാഖകള്‍ മുഖാന്തിരം വൈവിദ്ധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്കായി ചെറുതും വലുതുമായ വായ്പകള്‍ അനുവദിക്കുകയാണ് ചെയ്തുവന്നിരുന്നത്. ഇങ്ങനെ ലഭ്യമായ പണമാണ് ജനങ്ങള്‍ ജീവിതവൃത്തിക്കായി കണ്ടെത്തിയിരുന്നതും അതുവഴി കമ്പോളത്തെ ചലിപ്പിച്ചിരുന്നതും.

ശാഖാമാനേജര്‍മാര്‍ക്കുണ്ടായിരുന്ന അധികാരം ഉപയോഗിച്ച് പെട്ടെന്നു തന്നെ വായ്പകള്‍ ലഭ്യമാക്കാനും സാധിച്ചിരുന്നു. കിട്ടാക്കടങ്ങളും താരതമ്യേന കുറവായിരുന്നു. പക്ഷെ ബാങ്ക് പരിഷ്‌ക്കരണങ്ങളുടെ ഫലമായി വായ്പ നല്കാനുള്ള ശാഖാമുഖ്യരുടെ അധികാരം എടുത്തുകളഞ്ഞു. പകരം ഹെഢാഫീസിലും സോണല്‍ ഓഫീസുകളിലും വായ്പാ ഹബുകള്‍ നിലവില്‍ വന്നു. സ്വാഭാവികമെന്നോണം ചെറുകിട വായ്പകള്‍ നിരുത്സാഹപ്പെടുത്തുകയും വന്‍കിട വായ്പകളില്‍ കേന്ദ്രീകരണമുണ്ടാകുകയും ചെയ്തു. തല്‍ഫലമായിട്ടാണ് 1990-കളില്‍ ഇന്ത്യയിലെ ആകെ ബാങ്കു വായ്പാ തുകയുടെ 80% -വും ചെറുകിട വായ്പകളായി അസംഖ്യം പേര്‍ക്ക് നല്കിയിരുന്നുവെങ്കില്‍, 2010-ല്‍ ചെറുകിട വായ്പകളുടെ തോത് 44% ആയി ഇടിഞ്ഞത്. ഇപ്പോള്‍ ചെറുകിട വായ്പകള്‍ നല്‍കി വരുന്നത് പ്രധാനമായും ഗ്രാമീണ ബാങ്കുകളും സഹകരണ ബാങ്കുകളും മാത്രമാണ്. 10 കോടി രൂപക്ക് മുകളില്‍ നല്‍കിയിരുന്ന ബാങ്ക് വായ്പ 1990-ല്‍ കേവലം ഒരു ശതമാനമായിരുന്നു. എന്നാല്‍ 2010-ലെത്തിയപ്പോള്‍ അത് കുത്തനെ വര്‍ദ്ധിച്ച് 20%-ല്‍ എത്തിയിരിക്കുന്നു. ബാങ്ക് വായ്പാ വിതരണത്തിലുണ്ടായ ഈ ദിശാമാറ്റമാണ് വന്‍തോതിലുള്ള കിട്ടാക്കട വര്‍ദ്ധനയുടെ മുഖ്യ കാരണം. അതുപോലെ, നാടിന്റെ പശ്ചാത്തല വികസനത്തിനും വ്യവസായിക വളര്‍ച്ചക്കുമായി ദീര്‍ഘകാല വായ്പകള്‍ നല്കിയിരുന്നത് ഐഡിബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, യുടിഐ എന്നീ പൊതുമേഖലാ വികസന കോര്‍പ്പറേഷനുകളായിരുന്നു. അത്തരം സംരംഭങ്ങളെ ഇല്ലാതാക്കി അവയെ സ്വകാര്യ ബാങ്കുകളാക്കി മാറ്റിയതോടെ, അവര്‍ നിര്‍വ്വഹിച്ചിരുന്ന വായ്പാ കര്‍ത്തവ്യങ്ങളും ബാങ്കുകള്‍ക്ക് നിര്‍വ്വഹിക്കേണ്ടി വന്നു. ദീര്‍ഘകാല സംരംഭങ്ങള്‍ക്ക് നല്കുന്ന വായ്പകളില്‍ തിരിച്ചടവ് താമസവും അനിശ്ചിതത്വവും സ്വാഭാവികമാണ്. സര്‍വ്വോപരി ലോകത്താകെ മുതലാളിത്ത വികസന പാതയിലെ സ്വതസിദ്ധമായ സാമ്പത്തിക മാന്ദ്യവും ഉല്പാദന മുരടിപ്പും നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയിലെ വിവിധ വികസന സംരംഭങ്ങളിലും അതേ നയം പിന്തുടരുന്നതുകൊണ്ട് വലിയ മരവിപ്പാണ് സംഭവിച്ചിരിക്കുന്നത്. ഈ വിധം സാമൂഹ്യ വ്യവസ്ഥിതി സമ്മാനിച്ച കിട്ടാക്കട പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ഊന്നുവടി പ്രയോഗമായിട്ടാണ്, ചെറുകിട വായ്പകളില്‍ മാത്രം ആശ്രയം കണ്ട്, കുത്തകള്‍ക്ക് വായ്പ വിറ്റ് പണം കൈക്കലാക്കുന്ന രീതി ബാങ്കുകളെക്കൊണ്ട് ചെയ്യിക്കുന്നത്. നാലുലക്ഷം രൂപക്ക് മുകളിലുള്ള വിദ്യാഭ്യാസ വായ്പ റിലയന്‍സിന് നല്കിയിട്ടില്ല എന്ന് മനസ്സിലാക്കുമ്പോള്‍ അധികാരികളുടെ സമ്പന്ന പക്ഷപാതിത്വത്തിന് കൂടുതല്‍ തെളിവുണ്ടാകുകയാണ്. കാട് ഒലിച്ചുപോകുന്നതു കാണാന്‍ കഴിയാതെ കടുകു ചേരുന്നത് തടയാനുള്ള ഗവേഷണ ചാതുര്യമാണ് ഇവിടെ പ്രകടമാകുന്നത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ടണ്‍ കണക്കിന് നികുതി ഇളവും സൗജന്യങ്ങളും അനുവദിച്ച്, സാധാരണക്കാര്‍ക്ക് നികുതി വര്‍ദ്ധനവും സര്‍വ്വീസ് ചാര്‍ജ്ജും സമ്മാനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളുടെ ഫോട്ടോസ്റ്റാറ്റ് രൂപമാണ് ബാങ്കുകളിലും ദൃശ്യമാകുന്നതെന്നു സാരം.

കിട്ടാക്കടങ്ങളുടെ അഭൂതപൂര്‍വ്വമായ കുതിപ്പ് ബാങ്കിംഗ് വ്യവസായത്തെ വന്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് ലോകാനുഭവങ്ങള്‍ പറഞ്ഞുതരുന്നു. വാര്‍ഷിക കണക്കെടുപ്പിന്റെ രണ്ടുനാള്‍ മുമ്പ്, ബാലന്‍സ് ഷീറ്റില്‍ അത്തര്‍ പൂശി, മെയ്ക്കപ്പ് നടത്തി, എന്‍.പി.എ. കുറച്ചുകാണിക്കുന്നതുകൊണ്ട്, ആന്തരിക രോഗാണുവിന്റെ കെടുതികള്‍ പുറത്തു വരാതിരിക്കില്ല. കിട്ടാക്കടത്തിന്റെ ഉറവിടമെന്നത് വായ്പ അനുവദിക്കുന്ന സമ്പ്രദായത്തിന്റേതാണ്. 25 കൊല്ലമായി ബാങ്കുകളില്‍ സംഭവിച്ചിട്ടുള്ള പ്രവര്‍ത്തി മാറ്റങ്ങളുടെ പ്രത്യാഘാതമാണ് ഒരു പൊട്ടിത്തെറിയുടെ രൂപത്തില്‍ ഉരുണ്ടുകൂടിയിരിക്കുന്നത്. അത് തിരിച്ചറിയുന്ന ബാങ്ക് അധികാരികള്‍, എന്തെങ്കിലുമൊക്കെ ചെയ്‌തെന്നു വരുത്താനായി ചെറുകിട വായ്പകളില്‍ മാത്രം കേന്ദ്രീകരിക്കുകയാണ്. വന്‍കിടക്കാരിലേക്ക് വായ്പാ തിരിച്ചടവ് കാര്‍ക്കശ്യമാക്കാന്‍ കഴിയാത്തവിധം ബാങ്കധികാരികളില്‍ സമ്മര്‍ദ്ദങ്ങളും വിലക്കുകയും സജീവമാണ്. കിംഗ്ഫിഷര്‍ കമ്പനിയുടെ 7000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുന്നതും, 6000 കോടി രൂപയുടെ കോര്‍പ്പറേറ്റ് വായ്പ അദാനി ഗ്രൂപ്പിന് വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതുമൊക്കെ ബാങ്കുകളുടെ തനതു താല്പര്യമല്ല, ഭരണ വര്‍ഗ്ഗ രാഷ്ട്രീയ ഇടപെടലാണെന്ന് പകല്‍പോലെ വ്യക്തമാണ്. അതിനാല്‍ വായ്പാ നയം സമൂലമായ പൊളിച്ചെഴുത്തിനു വിധേയമാക്കുകയാണ് ഏക പരിഹാരമാര്‍ഗ്ഗം. ശാഖാ തലത്തില്‍ മാനേജര്‍മാര്‍ക്ക് വായ്പ നല്കാനുള്ള അധികാരം പുനഃസ്ഥാപിക്കാന്‍ സാമൂഹ്യ സമ്മര്‍ദ്ദമുയരണം. പൊതു ജനങ്ങള്‍ക്കാകെ വിവിധ ആവശ്യങ്ങള്‍ക്കായി വായ്പാ പണം ലഭ്യമാക്കുമ്പോള്‍ കമ്പോള മാന്ദ്യം പോലും ലഘൂകരിക്കപ്പെടുമെന്നതാണ് വസ്തുത. കേന്ദ്രീകൃത ഹബ് വായ്പാരീതി ഇന്ത്യന്‍ സാഹചര്യത്തില്‍ ഒട്ടും അനുകരണീയവുമല്ല.

ബാങ്കിനകത്തെ തൊഴിലാളി സംഘടനകള്‍ ഈ കാര്യത്തില്‍ ഉന്നതമായ സാമൂഹ്യ ബോധവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും പ്രവര്‍ത്തിപഥത്തിലെത്തിക്കേണ്ടതുണ്ട്. ഈ പ്രശ്‌നം പ്രമേയത്തിലും മുദ്രാവാക്യത്തിലും മാത്രം ഒതുക്കിയാല്‍ സ്വയം കൃതാര്‍ത്ഥനാകുന്ന ഫലമേ കൈവരിക്കാനാകൂ. എല്ലാ പൊതുമേഖലാ ബാങ്കുകളിലും ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും പ്രതിനിധികള്‍ ഡയറക്ടര്‍ബോര്‍ഡിലുണ്ട്. ബാങ്കുകള്‍ വഴിവിട്ട പാതയിലേക്ക് നീങ്ങുമ്പോള്‍ സ്വാര്‍ത്ഥതാല്പര്യത്തോടെ, സ്വന്തം കസേര സംരക്ഷണാര്‍ത്ഥം, തൊഴിലാളി പ്രതിനിധികള്‍ നിശബ്ദരാകുന്ന സ്ഥിതി അപലപനീയമാണ്. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ഉല്‍കണ്ഠകള്‍ ഡയറക്ടര്‍ ബോര്‍ഡിനകത്തും പുറം ലോകത്തും ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തി സക്രിയമായാല്‍ ഇപ്പോഴത്തെ ബാങ്കിംഗ് വ്യവസ്ഥയുടെ ദുര്‍നടപ്പ് തിരുത്താനാകുമെന്ന് തീര്‍ച്ച. അനുഷ്ഠാനമെന്നവിധം കിട്ടാക്കടക്കാരുടെ ലിസ്റ്റ് പുറത്തുവിട്ടതുകൊണ്ട് അവസാനിപ്പിക്കാവുന്നതല്ല വന്നുഭവിച്ചിട്ടുള്ള പ്രശ്‌നത്തിന്റെ രൂക്ഷത. ബാങ്കിംഗ് വ്യവസായ പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം രാജ്യത്തിന്റെ പൊതുമണ്ഡലത്തിലെത്തിയാല്‍, ഇപ്പോഴത്തെ പകല്‍ക്കൊള്ളയുടെ സ്‌പോണ്‍സര്‍മാരും സംവിധായകരും ഒറ്റപ്പെടുക തന്നെ ചെയ്യും. നവലിബറല്‍ നയങ്ങള്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയപ്പോഴാണ് യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട ഗ്രീസ് എന്ന രാജ്യത്തെ ജനജീവിതം ദുസ്സഹമായത്. 2015 ജൂലായ് 1 മുതല്‍ 20 വരെ അവിടെ ബാങ്കുകള്‍ അടച്ചിടേണ്ട വിധം സ്ഥിതിഗതികള്‍ ദയനീയമായി. എ.ടി.എമ്മില്‍ നിന്നുപോലും പണം ലഭിക്കാതായി. രാഷ്ട്ര തകര്‍ച്ചക്ക് മുമ്പേ ദൃശ്യമാകുന്ന ലക്ഷണമാണ് ബാങ്കിംഗ് പ്രതിസന്ധിയെന്ന് ചരിത്രം നിരവധി തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയുടെ അപഥസഞ്ചാരം ഒട്ടും വൈകാതെ തിരുത്താനായാല്‍, ഒരു തിരിച്ചുവരവിനുള്ള കര്‍മ്മചൈതന്യം ഇപ്പോഴും നമ്മുടെ ധനകാര്യ സ്ഥാപനങ്ങളില്‍ കുടിയിരിക്കുന്നുണ്ട്. അതിനാല്‍ മുഴുവന്‍ ട്രേഡു യൂണിയനുകളും ജനാധിപത്യ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് വലിയൊരു ജനാരവം ഉണ്ടാക്കാനായാല്‍ ഭരണാധികാരികള്‍ക്ക് നയം തിരുത്തേണ്ടി വരിക തന്നെ ചെയ്യും.

(BEFI വൈസ് പ്രസിഡന്‍റ് ആണ് ടി നരേന്ദ്രന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍