UPDATES

സിനിമാ വാര്‍ത്തകള്‍

മാധ്യമങ്ങള്‍ തെറ്റായ വ്യാഖ്യാനം നല്‍കി, സിനിമയില്‍ സ്ത്രീവിരുദ്ധത ഇല്ലെന്നു പറഞ്ഞിട്ടില്ല; ഇന്നസെന്റിന്റെ വിശദീകരണം

സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം സിനിമയില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നായിരുന്നു പറഞ്ഞത്

 

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയെന്ന വിമര്‍ശനം ഉയരുന്നതിനിടയില്‍ വിശദീകരണവുമായി ഇന്നസെന്റ്. തന്റെ പരാമര്‍ശങ്ങള്‍ മാധ്യമ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇന്നസെന്റ് പറയുന്നത്.ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തില്‍ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുന്‍കാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചതെന്നുമാണ് അമ്മ സംഘടനയുടെ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ് പറയുന്നത്. മോശം സ്ത്രീകള്‍ കിടക്ക പങ്കിടാന്‍ തയ്യാറാകുമെന്നായിരുന്നു ഇന്നസെന്റ് സംസാരമധ്യേ രാവിലെ മാധ്യമങ്ങളോടു പറഞ്ഞത്.

ഇന്നസെന്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

രാവിലെ ഞാന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ഉണ്ടായ ചില പരാമര്‍ശങ്ങള്‍, ഞാന്‍ ഉദ്ദേശിക്കാത്ത വിധം തെറ്റായ വ്യാഖ്യാനങ്ങളോടെ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ടു. ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തില്‍ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുന്‍കാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. സ്ത്രീവിരുദ്ധമായ ഒരു ഘടകവും സിനിമയിലില്ല എന്ന ഒരു പ്രസ്താവനയേ ആയിരുന്നില്ല അത്. സമൂഹത്തിന്റെ ഭാഗമായ ചലച്ചിത്ര രംഗത്തും നിലവിലുള്ള സാമൂഹ്യ പ്രവണതകള്‍ പ്രതിഫലിക്കും എന്നത് യാഥാര്‍ത്ഥ്യമാണ്. സ്ത്രീവിരുദ്ധമായ എല്ലാത്തരം പ്രവണതകളേയും ചെറുക്കാനുള്ള ശ്രമങ്ങള്‍ സംഘടന എന്ന നിലയില്‍ അമ്മ നിര്‍വഹിക്കും. സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിമാറ്റി വാക്കുകളെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍