UPDATES

കൊച്ചി; ഇനിയൊരു പടക്കപ്പല്‍

അറബിക്കടലിന്റെ റാണിയായ കൊച്ചി ഇനിയൊരു പുതിയ രൂപത്തില്‍. ഭാരതീയ നാവികസേനയുടെ ഏറ്റവും പുതിയ പടക്കപ്പലായി ഐ. എന്‍. എസ് കൊച്ചിയെത്തുന്നു. മുംബൈയിലെ മാസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച കൂറ്റന്‍ യുദ്ധക്കപ്പല്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്നു രാവിലെ 10.24 ന് (സെപ്റ്റംബര്‍ 30) രാജ്യത്തിനു സമര്‍പ്പിച്ചു.

നാവികസേനയിലെ വിദഗ്ധന്മാര്‍ രൂപകല്‍പ്പന ചെയ്ത പ്രൊജക്ട് 15 (എ) ഡിസ്‌ട്രോയര്‍ വിഭാഗത്തിലുള്ള കപ്പലുകളില്‍ രണ്ടാമത്തേതാണ് കൊച്ചി. ആദ്യത്തെ കപ്പല്‍ ഐ. എന്‍. എസ് കൊല്‍ക്കത്ത കഴിഞ്ഞ വര്‍ഷം, അന്നത്തെ പ്രതിരോധ മന്ത്രി എ. കെ. ആന്റണി നാവികസേനക്കു കൈമാറി. 2005ല്‍ നിര്‍മ്മാണം തുടങ്ങിയ കൊച്ചി 2009ല്‍ നീറ്റിലിറക്കിയത് അന്നത്തെ നാവികസേനാമേധാവി അഡ്മിറല്‍ നിര്‍മ്മല്‍കുമാര്‍ വര്‍മ്മയാണ്. അന്ന് അദ്ദേഹത്തിന്റെ പത്‌നി മധുലികാ വര്‍മ്മയാണ് കപ്പലിനു കൊച്ചിയെന്നു പേരിട്ടത്. കേരളത്തിന്റെ തുറമുഖനഗരങ്ങളായ ആലപ്പുഴയുടെയും, കണ്ണൂരിന്റെയും പേരുള്ള ചെറിയ കപ്പലുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് ‘കൊച്ചി’ യെന്ന് ഒരു യുദ്ധക്കപ്പലിനു നാവികസേന പേരിടുന്നത്. അതും ഇത്ര ശക്തിമത്തായ, പുതുപുത്തന്‍ കപ്പലിന്.

160 മീറ്റര്‍ നീളവും 7500 ടണ്‍ ഭാരവുമുള്ള കൊച്ചിക്ക് എട്ടു നിലകളിലായി ഇരുനൂറിലധികം കംപാര്‍ട്ടുമെന്റുകളുണ്ട്. ഇവയില്‍ 80 ശതമാനവും അത്യാധുനിക യന്ത്രങ്ങളും, മാരകശേഷിയുള്ള യുദ്ധസാമഗ്രികളും കൊണ്ടു നിറച്ചിരിക്കുന്നു. ബ്രഹ്‌മോസ് ഉപരിതലമിസൈലുകള്‍, വിമാനനാശിനി മിസൈലുകള്‍, 76 മില്ലിമീറ്റര്‍ പീരങ്കി, യന്ത്രത്തോക്കുകള്‍, ടോര്‍പിഡോ, റോക്കറ്റുകള്‍, ഇങ്ങനെ അനേകം ആയുധങ്ങളുടെ ഒരു കലവറയാണീ കപ്പല്‍. ഇവയ്ക്കു പിന്‍തുണയായി ആധുനിക റഡാര്‍, സോണാര്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എന്നീ ഉപകരണങ്ങളുടെ വിപുലമായ ഒരു ശൃംഖലയും കൊച്ചിയിലുണ്ട്. രണ്ടു ഹെലികോപ്റ്ററുകള്‍ക്കിറങ്ങാന്‍ സൗകര്യമുള്ള ഹെലോഡെക്കും, ഹാങ്ങറും ഒരുക്കിയിട്ടുണ്ട്. 66000 കുതിരശക്തിയുള്ള നാലു ഗ്യാസ് ടര്‍ബൈനുകളുപയോഗിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ 60 കിലോമീറ്ററോളം വേഗതയിലെത്താന്‍ കൊച്ചിക്കു കഴിയും. 5 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ള ജനറേറ്ററുകളും, ദിവസേന 150 ടണ്‍ കടല്‍വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനവുമുണ്ട്.

പൂര്‍ണ്ണമായും നെറ്റ്‌വര്‍ക്കു ചെയ്ത കംപ്യൂട്ടര്‍ ശൃംഖലയുടെ സഹായത്തോടെയാകും കൊച്ചിയുടെ പ്രവര്‍ത്തനം. കപ്പലിലെ എല്ലാ യന്ത്രങ്ങള്‍ക്കും, പടക്കോപ്പുകള്‍ക്കും  ഏകീകൃത നിയന്ത്രണവലയങ്ങളുണ്ട്. ശത്രുവിന്റെ കപ്പലുകള്‍, വിമാനങ്ങള്‍, മിസൈലുകള്‍, അന്തര്‍വാഹിനികള്‍, അണുവായുധങ്ങള്‍, ഇങ്ങനെ നിലവിലുള്ള എല്ലാ സന്നാഹങ്ങളില്‍നിന്നും രക്ഷനേടാനുള്ള സുരക്ഷാകവചം കൊച്ചിക്കു സ്വന്തമായുണ്ട്.

നാനൂറോളം നാവികര്‍ ജോലിചെയ്യുന്ന കപ്പലില്‍ ഇവര്‍ക്കെല്ലാവര്‍ക്കും താമസിക്കാനും, ഭക്ഷണത്തിനുമുള്ള സൗകര്യമൊരുക്കിയിരിക്കുന്നു. ഒരുമാസത്തേക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കാനും, അവ പാകം ചെയ്യാനുമുള്ള സംവിധാനങ്ങളും ഉണ്ട്. പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്തിരിക്കുന്ന കൊച്ചിയില്‍ ചെറുശസ്ത്രക്രിയ ചെയ്യാനുതകുന്ന മെഡിക്കല്‍ സൗകര്യങ്ങളുമുണ്ട്.

അറബിക്കടലില്‍ കൊച്ചിക്കുള്ള തന്ത്രപ്രധാനമായ സ്ഥാനം  കണക്കിലെടുത്താണ് കപ്പലിനു പേരിട്ടിരിക്കുന്നത്. ഐ. ടി, സൗരോര്‍ജം, മെട്രൊ, മുതലായ ആധുനിക സംരംഭങ്ങളുടെ സഹായത്തോടെ ഒരു ലോകോത്തര നഗരമാകാനുള്ള കൊച്ചിയുടെ പ്രയാണത്തിനു നാവികസേന പകരുന്ന സമയോചിതമായ ഊര്‍ജമാണീ ഈ പുതിയ പടക്കപ്പല്‍. നമ്മുടെ കൊച്ചിയുടെ പേരും പെരുമയുമേന്തി ഈ കപ്പല്‍ ലോകം മുഴുവന്‍ സഞ്ചരിക്കുകയും, ഇന്ത്യയുടെ സുരക്ഷക്കായി പൊരുതുകയും, ലോകസമാധാനത്തിനായി നിലകൊള്ളുകയും ചെയ്യും. ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനമായ കൊച്ചിയിലേക്ക് ഐ. എന്‍. എസ് കൊച്ചി ഈ വര്‍ഷം അവസാനത്തോടെ എത്താനാണു സാധ്യത. ലോകപ്രശസ്ത തുറമുഖനഗരങ്ങളൊക്കെ തങ്ങളുടെ പേരിലുള്ള യുദ്ധക്കപ്പലുകളെ ദത്തെടുക്കാറുണ്ട്. നമ്മുടെ രാജ്യത്ത് ഇങ്ങനെയൊരു കീഴ്‌വഴക്കമില്ല. കൊച്ചിക്ക് തന്റെ പേരുള്ള ഐ. എന്‍. എസ് കൊച്ചിയെ ദത്തെടുത്ത് രാജ്യത്തിനുതന്നെ മാതൃകയായിക്കൂടെ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജോബി വര്‍ഗീസ്

ജോബി വര്‍ഗീസ്

ചാലക്കുടി സ്വദേശിയാണ് ജോബി വര്‍ഗീസ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദം. ഹ്രസ്വചിത്ര സംവിധായകന്‍. സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തകന്‍. ലോകസിനിമയെ കുറിച്ചുള്ള എഴുത്തുകള്‍ സിനിമ ജാലകത്തിലൂടെ വായിക്കാം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍