UPDATES

വിദേശം

ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണസംവിധാനത്തിലെ വിചിത്രലോകങ്ങള്‍

Avatar

ഗ്രെഗ് മില്ലര്‍, സവാദ് മെഖനെറ്റ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അന്നന്നത്തെ ജോലി നിര്‍ദേശിക്കുന്ന കുറിപ്പുകള്‍ തുണ്ടുകടലാസുകളില്‍ എത്തും. ഓരോന്നിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ കറുത്ത കൊടിയടയാളം. സംഘത്തിന്റെ മാധ്യമമേധാവിയുടെ മുദ്ര. പിന്നെ അന്ന് ദൃശ്യവത്കരിക്കേണ്ട സ്ഥലവും.

“കടലാസില്‍ നിങ്ങള്‍ക്ക് പോകേണ്ട സ്ഥലം സൂചിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ,” വിശദാംശങ്ങളില്ല എന്നു പറയുന്നു ഒരു വര്‍ഷത്തോളം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഛായാഗ്രാഹകനായി ജോലിനോക്കിയ അബു ഹജെര്‍ അല്‍-മഗ്രിബി. ചിലപ്പോള്‍ ഒരു പള്ളിയിലെ പ്രാര്‍ത്ഥന ചിത്രീകരിക്കുകയാകാം. അല്ലെങ്കില്‍ ഒരു ഏറ്റുമുട്ടല്‍. പക്ഷേ അനിവാര്യമായും ഇത്തരം കുറിപ്പുകള്‍ എത്തിക്കുക രക്തക്കളങ്ങളിലേക്കാകും.

അബു ഹജെറിന് കിട്ടിയ കുറിപ്പു അയാളെ എത്തിച്ചത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖിലാഫത് തലസ്ഥാനമായ സിറിയന്‍ നഗരം റക്കയില്‍ നിന്നും രണ്ടുമണിക്കൂര്‍ വണ്ടിയോടിച്ചെത്താവുന്ന തെക്കുപടിഞ്ഞാറുള്ള ഒരിടത്തേക്കാണ്. അവിടെ ചെന്നപ്പോള്‍ അയാള്‍ 2014-ല്‍ ബന്ദികളാക്കിയ 160-ലേറെ സിറിയന്‍ പട്ടാളക്കാരുടെ അന്ത്യനിമിഷങ്ങള്‍ പകര്‍ത്താന്‍ നിയോഗിക്കപ്പെട്ട 10 ഛായാഗ്രാഹകരിലൊരാളാണ്.

പട്ടാളക്കാരെ വിവസ്ത്രരാക്കി, മരുഭൂമിയിലേക്ക് നടത്തിച്ച്, മുട്ടുകുത്തിനിര്‍ത്തി വെടിവെച്ചുകൊന്നത് അയാള്‍ ക്യാമറയില്‍ പകര്‍ത്തി.

അയാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ലോകമാകെ കണ്ടു. ഇസ്ലാമിക് സ്റ്റേറ്റ് ദൃശ്യം അല്‍ജസീറയും മറ്റ് വാര്‍ത്താ ചാനലുകളും നല്കി.

ഇപ്പോള്‍ മൊറോക്കോ തടവറയിലുള്ള അബു ഹജെറിനെപ്പോലെ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും ഓടിപ്പോന്ന 12-ഓളം പേരാണ് ലോകത്തില്‍ ഇതുവരെ ഒരു ഭീകരസംഘടനയും ഉണ്ടാക്കാത്ത വിധത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് രൂപം നല്കിയിട്ടുള്ള പ്രചാരണ സംവിധാനത്തെ കുറിച്ചു വാഷിംഗ്ടണ്‍ പോസ്റ്റിന് വിവരങ്ങള്‍ നല്കിയത്. 

അവരുടെ വിവരണങ്ങള്‍ ഏതെങ്കിലും മധ്യകാല നാടകീയരംഗത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഖിലാഫത്തില്‍ എന്നും ക്യാമറ സംഘങ്ങള്‍ പാഞ്ഞുനടക്കുന്നു. അവരുടെ സാന്നിധ്യം തന്നെ അവര്‍ പകര്‍ത്തുന്ന രംഗങ്ങളെ അലങ്കോലമാക്കുന്നു. പോരാട്ട രംഗങ്ങളും കൊലപാതകങ്ങളും പലപ്പോഴും സംഭാഷണങ്ങള്‍ ആവര്‍ത്തിച്ച് പലതവണ എടുക്കുന്ന തിരക്കഥകളാണ്.

ക്യാമറകളും കംപ്യൂട്ടറുകളും സാങ്കേതിക ഉപകരണങ്ങളുമൊക്കെ തുര്‍ക്കിയില്‍ നിന്നും മുടക്കമില്ലാതെ എത്തുന്നു. ഒരു അമേരിക്കക്കാരനെങ്കിലുമുള്ള ഒരു മാധ്യമ വിഭാഗത്തിന് അത് കൈമാറുന്നു. ഇതിലുള്ളവരെല്ലാം ജോലിയില്‍ മുന്‍പരിചയമുള്ളവരാണ്.

മുതിര്‍ന്ന മാധ്യമ വിദഗ്ധര്‍ ഇസ്ലാമിക് സ്റ്റേറ്റിലെ സൈനിക തലത്തിലെ അതേ നിലയില്‍ ‘എമിര്‍’ ആണ്. തന്ത്രവും പ്രദേശവും സംബന്ധിച്ച തീരുമാനങ്ങളില്‍ നേരിട്ടാണവര്‍ ഇടപെടുന്നത്. നൂറുകണക്കിനു മാധ്യമ തൊഴിലാളികളുടേ മേല്‍നോട്ടമാണവര്‍ക്ക്. മാധ്യമതൊഴിലാളികള്‍ക്ക് മറ്റ് പോരാളികള്‍ക്ക് അസൂയ തോന്നുംവിധമുള്ള പദവിയും ശമ്പളവും ജീവിത സൌകര്യങ്ങളുമാണ്.

“അത് മാധ്യമ പ്രവര്‍ത്തകരുടെ ഒരു സൈന്യമാണ്,” ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണ സംഘത്തില്‍ സജീവമായി പങ്കെടുത്ത അബു അബ്ദുള്ള അല്‍-മഗ്രീബി പറഞ്ഞു. “സൈനികരേക്കാള്‍ പ്രാധാന്യമാണവര്‍ക്ക്. അവരുടെ മാസശമ്പളവും ഉയര്‍ന്നതാണ്. അവര്‍ക്ക് മികച്ച കാറുകളുണ്ട്. ഉള്ളിലുള്ളവരെ കൂടുതല്‍ യുദ്ധം ചെയ്യിപ്പിക്കാനും പുതിയ ആളുകളെ ചേര്‍ക്കാനുമുള്ള ശക്തി അവര്‍ക്കുണ്ട്.”

ആ ശക്തി ഖിലാഫത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുകയാണ്. പാരീസ് ആക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുഭാവികളായ താത്ക്കാലിക തീവ്രവാദികളാണ്. നിരവധി രാജ്യങ്ങളിലായി,സംഘവുമായി ഓണ്‍ലൈനില്‍ മാത്രം ബന്ധമുള്ള ഇത്തരം അനേകമാളുകളുണ്ട്.

പാരീസ് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനെന്നു കരുതുന്ന അബ്ദുല്‍ഹമീദ് അബൌദ്  ഇസ്ലാമിക് സ്റ്റേറ്റിന്റെ പോരാളികളെ ആകര്‍ഷിക്കാനുള്ള പ്രചാരണങ്ങളില്‍ ധാരാളം വന്നിട്ടുണ്ട്. ആക്രമണത്തിനുശേഷം പ്രചരിച്ച നിരവധി ദൃശ്യങ്ങളും പ്രസ്താവനകളും വ്യക്തമാക്കുന്നത് ഭീകരാക്രമണം മാത്രമല്ല, ആഗോള ശ്രദ്ധ പിടിച്ചുപറ്റല്‍  കൂടിയാണ് അവരുടെ ലക്ഷ്യമെന്നാണ്.

ഇവരുടെ പ്രചാരണപെയ്ത്തിന് മുന്നില്‍ യു എസിനും സഖ്യകക്ഷികള്‍ക്കും വേണ്ടരീതിയില്‍ ഉത്തരം നല്‍കാനായില്ല. ഇതിനെതിരായ വിദേശകാര്യ വകുപ്പിന്റെ പ്രതികരണം പലരീതിയില്‍ വേഷം മാറിവന്നെങ്കിലും ഫലിച്ചില്ല. ട്വിറ്ററിലും ഫെയ്സ്ബുക്കിലും തടയാനുള്ള ശ്രമത്തെയും ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികള്‍ പലപ്പോഴും മറികടന്നു.

ഓണ്‍ലൈനില്‍ അടിപതറിയ യു.എസ് പിന്നെ മാരകമായ സായുധാക്രമണത്തിലേക്ക് തിരിഞ്ഞു. അടുത്തിടെ നടന്ന യു.എസ് വ്യോമാക്രമണങ്ങള്‍ ഐ എസിന്റെ മാധ്യമവിഭാഗത്തിലെ, ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ജുനൈദ് ഹുസൈന്‍ അടക്കം പല പ്രമുഖരെയും കൊന്നു.

“ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്വീറ്റുകള്‍ കുറയ്ക്കാനുള്ള ഞങ്ങളുടെ സഹപ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,” എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് ബി കോമി പറഞ്ഞു.

ഈ ലേഖനത്തിനായി നിരവധി പേരുമായി അഭിമുഖം നടത്തി. ഏറ്റവും ആധികാരികമായ വിവരങ്ങള്‍ തന്നത് ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും ഓടിപ്പോന്നു ഇപ്പോള്‍ മൊറോക്കോയിലെ തടവറയില്‍ കഴിയുന്നവരും സിറിയയില്‍ നിന്നു മടങ്ങിവന്നപ്പോള്‍ ഭീകരവാദ കുറ്റം ആരോപിക്കപ്പെട്ടു ഇപ്പോള്‍ സ്വതന്ത്രരായവരുമായ  7 പേരില്‍ നിന്നുമാണ്. തങ്ങള്‍ സിറിയയില്‍ സ്വീകരിച്ച കള്ളപ്പേരുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നവര്‍ ആവശ്യപ്പെട്ടു.

മൊറോക്കന്‍ സര്‍ക്കാരിന്റെയും തടവറ മേലധികാരികളുടെയും അനുവാദത്തോടെയുമാണ് ഈ അഭിമുഖങ്ങള്‍ നടത്തിയത്. സ്വയം സന്നദ്ധരായാണ് തങ്ങള്‍ സംസാരിക്കുന്നതെന്ന് തടവുകാര്‍ പറഞ്ഞു. മറ്റ് തടവുകാര്‍ അഭിമുഖത്തിന് വിസമ്മതിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മിക്ക അഭിമുഖവും നടന്നത്. ഇസ്ലാമിക് സ്റ്റേറ്റില്‍ തങ്ങളുടെ പങ്കാളിത്തത്തെ കുറച്ചുകാണിക്കാന്‍ അത് തടവുകാരെ പ്രേരിപ്പിച്ചിരിക്കാം. എന്നാല്‍ പ്രചാരണ സംവിധാനത്തെക്കുറിച്ച് വിശദമാക്കുന്നതില്‍ അത് സ്വാധീനം ചെലുത്തിയില്ല.

സൌമ്യമായി സംസാരിക്കുന്ന ചെറിയ താടിയും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള അബു ഹജെര്‍ പറഞ്ഞത്, 2013-ല്‍ സിറിയയില്‍ കടക്കുന്നതിനും ഒരു പതിറ്റാണ്ടു മുമ്പുതന്നെ താന്‍ ജിഹാദി മാധ്യമ വൃത്തങ്ങളില്‍ സജീവമായിരുന്നു എന്നാണ്. ഇറാഖില്‍ 2003-ല്‍ നടന്ന യു.എസ് അധിനിവേശത്തെത്തുടര്‍ന്നാണ് അയാള്‍ ഓണ്‍ലൈന്‍ ഇസ്ളാമിക കൂട്ടങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. പിന്നീട് ഷാമുഖ് എന്ന വലിയൊരു കൂട്ടത്തിന്റെ നടത്തിപ്പുകാരനായി. പുതിയ അംഗങ്ങളെ ചേര്‍ക്കാനും തീവ്രവാദികള്‍ അതിലിടുന്ന ഉള്ളടക്കത്തിന്റെ മേല്‍നോട്ടവുമെല്ലാം അയാള്‍ക്കായി. ഈ പശ്ചാത്തലം അയാള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രമുഖമായ സ്ഥാനത്തിന് വഴിതെളിച്ചു.

പുതുതായി ചേര്‍ന്നവരെ വിലയിരുത്താനും പരിശീലിപ്പിക്കാനും ഇസ്ലാമിക് സ്റ്റേറ്റിന് വിപുലമായ സംവിധാനമുണ്ടായിരുന്നു. സിറിയയിലെത്തി അല്‍പനാളുകള്‍ക്കുളില്‍ ഹജെര്‍ ഐ എസിന്റെ മാധ്യമ വിഭാഗത്തിലെത്തി. ആദ്യ രണ്ടുമാസം പ്രാഥമികമായ സൈനിക പരിശീലനം. അതിനുശേഷം മാധ്യമ പ്രവര്‍ത്തനത്തിനുള്ള ഒരു മാസം നീണ്ട പ്രത്യേക പരിശീലനം.

ചിത്രീകരണം, മിശ്രണം, അഭിമുഖങ്ങളിലെ ശബ്ദലേഖനം, എന്നിവയെല്ലാം പരിശീലനത്തില്‍പ്പെടുന്നു. പരിശീലനത്തിന് ശേഷം അയാള്‍ക്ക് ഒരു കാനന്‍ ക്യാമറയും, ഒരു സാംസങ് ഗാലക്സി സ്മാര്‍ട് ഫോണും നല്‍കി. ഖിലാഫത്തിന്റെ റക്കയിലെ മാധ്യമ വിഭാഗത്തിലായിരുന്നു ആദ്യ ജോലി.

മൊറോക്കോയിലെ ഒരു ദരിദ്ര പ്രദേശത്തുനിന്നാണ് 30-കളുടെ പകുതിയിലെത്തിയ അബു ഹജെര്‍ വരുന്നത്. അയാള്‍ തടവിലായതോടെ ഭാര്യയും കുട്ടികളും ആദ്യം താമസിച്ചിരുന്ന റബാത്തിന് അടുത്തുള്ള ഒരു സിമന്‍റ് ശാലയ്ക്ക് അടുത്തുള്ള തകരം മേഞ്ഞ, കുടിവെള്ളവിതരണമില്ലാത്ത വീട്ടിലേക്ക് മടങ്ങി.

സിറിയയില്‍ അവര്‍ക്ക് പൂന്തോട്ടമുള്ള ഒരു മാളികയാണ് താമസിക്കാന്‍ നല്‍കിയിരുന്നത്. ദുര്‍ഘട പ്രദേശങ്ങളില്‍ ജോലിക്കു പോകാന്‍ ഒരു ടൊയോട്ട ഹിലക്സ് കാറും. പ്രതിമാസ ശമ്പളം 700 ഡോളര്‍. സാധാരണ പോരാളികള്‍ക്ക് നല്‍കുന്നതിന്റെ ഏഴിരട്ടി. കൂടാതെ ഭക്ഷണം, വസ്ത്രം, ഉപകരണങ്ങള്‍ എന്നിവയ്ക്കെല്ലാം പണം. മറ്റുള്ള മിക്ക ആളുകളും നല്കേണ്ട ഇസ്ലാമിക് സ്റ്റേറ്റ് നികുതികളില്‍ നിന്നും തന്നെ ഒഴിവാക്കിയിരുന്നു എന്നും ഹജെര്‍ പറഞ്ഞു.

വളരെ വേഗം അയാളുടെ ദിനചര്യകള്‍ രൂപപ്പെട്ടു. എന്നും രാവിലെ തുണ്ടുകടലാസില്‍ അന്നത്തെ ജോലികള്‍ ലഭിക്കും. ഇസ്ലാമിക് സ്റ്റേറ്റ് പരിശോധനകേന്ദ്രങ്ങളില്‍ കടന്നുപോകാനും അതുതന്നെ കാണിച്ചാല്‍ മതി. മിക്ക ദിവസവും പതിവ് ജോലികളായിരുന്നു, ചന്തകളും മുസ്ലീം അവധിദിനങ്ങളിലെ ആഘോഷങ്ങളും ചിത്രീകരിക്കല്‍.

ഒരു വിദേശ ബന്ദിയെ മാത്രമേ താന്‍ കണ്ടിട്ടുള്ളൂ എന്നു ഹജെര്‍ പറഞ്ഞു. സിറിയയില്‍ വെച്ച് തട്ടിക്കൊണ്ടുപോയ ബ്രിട്ടീഷുകാരനായ യുദ്ധലേഖകന്‍ ജോണ്‍ കാന്റ്ലീ ആയിരുന്നു അത്. ഖിലാഫത്തിന്റെ സജീവമായ സമ്പദ് രംഗത്തെക്കുറിച്ചും, ഇസ്ളാമിക നിയമതില്‍ ഉറച്ചു നില്‍ക്കുന്നതുമൊക്കെ പടിഞ്ഞാറന്‍ രാജ്യങ്ങളെ കളിയാക്കിക്കൊണ്ടുള്ള തരത്തില്‍ ബി ബി സി മാതൃകയിലുള്ള വാര്‍ത്തകളാക്കി കാന്റീലിനെക്കൊണ്ടു ഐ എസ് അവതരിപ്പിച്ചിരുന്നു.

മോസൂളില്‍ വെച്ച് 2014-ലാണ് അബു ഹജെര്‍ കാന്റീലിനെ ചിത്രീകരിച്ചത്. അന്നേക്കു അയാള്‍ ബന്ദികളുടെ ഓറഞ്ച് നിരത്തിലുള്ള വസ്ത്രം ധരിക്കാതായിരുന്നു. ചിത്രീകരണത്തിനായി മൊസൂളിലെ അങ്ങാടികളിലും തെരുവുകളിലും സ്വതന്ത്രമായി നടക്കാന്‍ അനുവദിച്ചിരുന്നു.

“അയാളെ നിര്‍ബന്ധിച്ചിരുന്നോ ഭീഷണിപ്പെടുത്തിയിരുന്നോ എന്നെനിക്ക് പറയാനാകില്ല.” കാന്‍റീലിന്റെ തടവിനെക്കുറിച്ച് പൊതുവേ കേള്‍ക്കുന്ന വാര്‍ത്തകളില്‍ നിന്നും വിഭിന്നമാണിത്.

അബു ഹജെറിന്റെ അടുത്ത ജോലി കൂട്ടക്കൊലയ്ക്ക് സമാനമായ ഒരു രംഗം ചിത്രീകരിക്കലായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖമുദ്രയാകും വിധത്തില്‍ തയ്യാറാക്കിയ ഒരു കൂട്ടക്കൊല.

സ്ഥലത്തെത്തിയ ദിവസം ഛായാഗ്രാഹകരെല്ലാം രാത്രി ഒത്തുകൂടി. എല്ലാവരും ഒരേ വശത്തുനിന്നും ചിത്രീകരണം നടത്തുന്നത് ഒഴിവാക്കാനായിരുന്നു അത്.

തബ്ക്ക വ്യോമത്താവളത്തിനടുത്ത് മരുഭൂമിയില്‍ സിറിയന്‍ സൈനികര്‍ക്ക് സംഭവിച്ചതില്‍ തനിക്ക് കടുത്ത എതിര്‍പ്പുണ്ടെന്ന് അബു ഹജെര്‍ പറയുന്നു. പക്ഷേ അവരുടെ അന്തിമവിധിയെക്കാള്‍ അവരെ എങ്ങനെ കൈകാര്യം ചെയ്തു എന്നതിലാണ് തന്റെ എതിര്‍പ്പെന്നും അയാള്‍ വ്യക്തമാക്കി.

വിവസ്ത്രരാക്കിയ സൈനികരെ മരുഭൂമിയിലൂടെ നടത്തിക്കുമ്പോള്‍ ഒപ്പം ഓടിച്ചുപോയ കാറിലിരുന്നാണ് ഹജെര്‍ അത് പകര്‍ത്തിയത്. ഈജിപ്തില്‍ നിന്നുള്ള സഹായിയാണ് വണ്ടിയോടിച്ചിരുന്നത്.

“അവര്‍ നിന്നപ്പോള്‍ ഞാന്‍ പുറത്തിറങ്ങി. അവരോടു മുട്ടുകുത്താന്‍ ആവശ്യപ്പെട്ടു. ചിലരെ വെടിവെച്ചുകൊന്നു. ചിലരുടെ തലയറുത്തു.” ഈ ദൃശ്യങ്ങള്‍ ഇപ്പൊഴും ഓണ്‍ലൈനില്‍ ലഭ്യമാണ്. ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ തുരുതുരാ വെടിയുതിര്‍ക്കവേ നിരവധി ഛായാഗ്രാഹകര്‍ നീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം.

“സൈനികരെ കൊല്ലുന്നതിലല്ല എനിക്കെതിര്‍പ്പ്. അവര്‍ സിറിയക്കാരായ സൈനികരാണ്, നൂസൈരിസുകള്‍.” സിറിയ പ്രസിഡണ്ട് ബഷര്‍ അല്‍ അസദിന്റെയും അയാളുടെ അടുത്ത അനുയായികളുടെയും മതവിഭാഗമാണത്. “അവര്‍ കൊല്ലപ്പെടാന്‍ അര്‍ഹതയുള്ളവരാണെന്നു തന്നെ ഞാന്‍ കരുതുന്നു.”

“അവരെ വിവസ്ത്രാരാക്കിയതിനോടാണ് എനിക്കെതിര്‍പ്പ്.” അത് അനിസ്ലാമികമാണെന്ന് ഹജെര്‍ കരുതുന്നു.

തലയറുക്കുന്നതില്‍ നിന്നും തന്റെ ക്യാമറ  തിരിച്ചുവെച്ചെന്നും ഹജെര്‍ പറഞ്ഞു. ആ രീതിയോടുള്ള എതിര്‍പ്പായിരുന്നു കാരണം. പക്ഷേ ചിത്രീകരണത്തിന് വിസമ്മതിച്ചാല്‍, തനിക്കും ആ സൈനികരുടെ ഗതിയായിരിക്കും എന്നു താന്‍ ഭയന്നതായി അയാള്‍ പറഞ്ഞു.

“നിങ്ങളത് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ‘പറ്റില്ല’ എന്നു പറയാന്‍ ആവില്ലെന്നും നിങ്ങള്‍ക്കറിയാം.”

ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണ സംവിധാനത്തിലെ വൈരുദ്ധ്യങ്ങള്‍ അവരുടെ തന്ത്രങ്ങളും ഘടനയും  ഒട്ടും ഏകോപനമില്ലാത്തവയാണെന്ന് തോന്നിച്ചേക്കാം.

ദൃശ്യങ്ങളും സന്ദേശങ്ങളും ഉണ്ടാക്കുന്നതില്‍ സംഘം കടുത്ത നിയന്ത്രണം കാത്തുസൂക്ഷിക്കുന്നെങ്കിലും അവയുടെ പ്രചാരണത്തിന് ഇന്റെര്‍നെറ്റിലെയും സാമൂഹ്യ മാധ്യമങ്ങളിലെയും കുഴഞ്ഞുമറിഞ്ഞ അവസ്ഥയെയാണ് ആശ്രയിക്കുന്നത്. പല ധ്രുവത്തിലുള്ള ദൃശ്യങ്ങളാണ് അവര്‍ പുറത്തുവിടുന്നത്. ചിലപ്പോള്‍ ശാന്തവും അലസവുമായ ഖിലാഫത്, മറ്റ് ചിലപ്പോള്‍ ആളിക്കത്തുന്ന സംഘര്‍ഷങ്ങള്‍.

ഭിന്നാഭിരുചിക്കാരായ ആളുകളെ ലക്ഷ്യം വെച്ചാണ് ഈ ഇരട്ടസന്ദേശങ്ങള്‍. തലയറുക്കലും ചുട്ടുകൊല്ലലും മറ്റ് ഭീകരതകളുമെല്ലാം പടിഞ്ഞാറന്‍ ശത്രുക്കളെ ഭയപ്പെടുത്താനും ഇസ്ളാമിക സേനയിലേക്ക് ചേരാന്‍ തയ്യാറായ മുസ്ലീം പുരുഷന്മാരെ ആകര്‍ഷിക്കാനുമാണ്.

മറ്റൊരു വിഭാഗം സന്ദേശങ്ങളും ദൃശ്യങ്ങളും ജീവിക്കാനുതകുന്ന, പൊതുക്ഷേമതല്‍പരരായ ഒരു ഭരണസംവിധാനമായി ഇസ്ലാമിക് സ്റ്റേറ്റിനെ ചിത്രീകരിക്കുന്നു. അങ്ങാടികളുടെ നിര്‍മ്മാണം, പുഞ്ചിരിക്കുന്ന മതപോലീസ്, അയല്‍പ്പക്കങ്ങളിലെ റോന്തുചുറ്റലുകള്‍, യൂഫ്രട്ടീസ് നദീതീരത്ത് ശാന്തമായി ചൂണ്ടയിടുന്ന താമസക്കാര്‍ അങ്ങനെപ്പോകുന്നു അവര്‍ക്കുള്ള ദൃശ്യങ്ങള്‍.

ഖിലാഫത് എന്ന ആശയത്തിന് പോലും ഇരട്ട വശങ്ങളുണ്ട്. സൈനികശക്തിയും കയ്യടക്കിയ ഭൂപ്രദേശങ്ങളിലെ നിയന്ത്രണവുമാണ് ഐ എസിന്റെ വളര്‍ച്ചയുടെ പ്രധാന സ്രോതസ്. പക്ഷേ ഒരു ബദല്‍ സാമ്രാജ്യത്തിന്റെ സൃഷ്ടി എങ്ങനെയായിരിക്കും എന്നത് കാണിക്കാന്‍ ഒരുപാട് ഊര്‍ജം അവര്‍ ചെലവാക്കുന്നുണ്ട്.

2014-ല്‍ ഖിലാഫത് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ആ ദൌത്യം മാധ്യമവിഭാഗത്തിന് നല്കിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ മാധ്യമവിഭാഗം തലവന്‍ ആരാണെന്നതിനെക്കുറിച്ച് യു എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വലിയ പിടിയില്ല. ഐ എസ് വക്താവ് അബു മുഹമ്മദ് അല്‍-അദ്നാനിയാണ് എന്നാണ് കരുതുന്നത്.

അല്‍-ക്വെയ്ദ മാധ്യമവിഭാഗത്തിലുണ്ടായിരുന്നവര്‍, സാമൂഹ്യമാധ്യമങ്ങളില്‍ പരിചയമുള്ള ചെറുപ്പക്കാര്‍, സമഗ്രാധിപത്യ ഭരണകൂടങ്ങളെപ്പോലുള്ള ഉദ്യോഗസ്ഥ അച്ചടക്കം എന്നിവയാണ് അവരുടെ മാധ്യമവിഭാഗത്തിന്റെ രീതി. സിറിയയിലേക്ക് കൊണ്ടുവരുന്ന ഫോണുകളും ക്യാമറകളുമെല്ലാം ഹിതകരമല്ലാത്ത ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പോകുന്നത് തടയാനായി ആദ്യം ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുക്കുമെന്ന് വിട്ടുപോന്നവര്‍ പറയുന്നു.

അനുമതിയുള്ള അംഗങ്ങള്‍ക്ക് മാത്രമേ ക്യാമറ കൈകാര്യം ചെയ്യാനാകൂ. അവര്‍ക്കുപോലും കര്‍ശനമായ നിര്‍ദേശങ്ങളുണ്ട്. ഒരു ദിവസത്തെ ചിത്രീകരണം കഴിഞ്ഞാലുടന്‍ അവ ലാപ്ടോപ്പിലേക്കും, പിന്നെ മെമ്മറി സ്റ്റിക്കിലേക്കും പിന്നീട് നിര്‍ദിഷ്ട സൈറ്റുകളിലേക്കും കൈമാറണം.

അലെപ്പോയിലെ ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണ പ്രദേശത്ത് ഒരു ജനവാസപ്രദേശത്തെ രണ്ടുനില കെട്ടിടത്തിലാണ് മാധ്യമവിഭാഗം ആസ്ഥാനമെന്ന് ഓടിപ്പോന്നവര്‍ പറയുന്നു. കനത്ത കാവലുണ്ട്. പ്രാദേശിക തലവന്റെ അനുമതിയുള്ളവര്‍ക്ക് മാത്രമേ അകത്ത് കടക്കാനാകൂ.

ഓരോ നിലയിലും നാലു മുറികള്‍. അവ നിറയെ ക്യാമറകളും കംപ്യൂട്ടറുകളും ആധുനിക ഉപകരണങ്ങളുമാണെന്ന് അവിടെ സുരക്ഷ ചുമതലയുമായി പലപ്പോഴും പോയിരുന്ന അബു അബ്ദുള്ള,37, പറഞ്ഞു. ഒരു തുര്‍ക്കി വയര്‍ലെസ്സ് സേവനം വഴിയാണ് ഇന്‍റര്‍നെറ്റ് ലഭിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഓണ്‍ലൈന്‍ മാസികയുടെ-ദാബിക്-പത്രാധിപകേന്ദ്രം കൂടിയാണത്.ഭീകരസംഘടനയുടെ പ്രധാന മാധ്യമവിഭാഗമായ അല്‍-ഫുര്‍കാന് വേണ്ടിയും ചിലര്‍ ജോലി ചെയ്യുന്നു.

മൊത്തമായി ആ വിഭാഗത്തില്‍ 100-ലേറെ മാധ്യമ പ്രവര്‍ത്തകരുണ്ട്. “ചിലര്‍ കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റക്കാരാണ്. ചിലര്‍ എഞ്ചിനീയര്‍മാര്‍.”

അലി അബ്ദുള്ളക്ക് മാധ്യമവിഭാഗവുമായി ബന്ധമൊന്നുമില്ല. പക്ഷേ പലപ്പോഴും ബന്ധപ്പെട്ട ജോലികള്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്. ഒരിക്കല്‍, വൈദ്യുതി പോയാലും പ്രവര്‍ത്തനം നിലയ്ക്കാതിരിക്കാന്‍ അവിടെ ഒരു ജനറേറ്റര്‍ വെച്ചത് അയാളാണ്.

മറ്റൊന്ന് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്ത്, അവരുടെ ത്യാഗത്തെ കാണിക്കുന്ന രീതിയില്‍ ചിത്രീകരിക്കാന്‍ തയ്യാറാക്കുകയാണ്. അയാള്‍ ആ മൃതദേഹങ്ങളിലെ കട്ട പിടിച്ച ചോര കഴുകിക്കളയും, കൊല്ലപ്പെട്ട പോരാളികളുടെ വായയുടെ വശങ്ങള്‍ പൊക്കി മുക്തിലഭിച്ച പോലുള്ള പുഞ്ചിരിയാക്കും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയത്തിന്റെ പ്രതീകമായി കാണിക്കുന്ന തരത്തില്‍ അവരുടെ ചൂണ്ടുവിരലുകള്‍ പൊക്കിവെക്കും.

ജിഹാദി ജോണ്‍ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ശൈലിയില്‍ സംസാരിക്കുന്ന മൊഹമ്മദ് എംവാസി അമേരിക്കക്കാരായ ജെയിംസ് ഫോലെയും സ്റ്റീവ് സോട്ലോഫും അടക്കമുള്ള പടിഞ്ഞാറന്‍ ബന്ദികളുടെ തലയറുക്കുന്ന ദൃശ്യങ്ങളിലൂടെയാണ് പലരും ഇസ്ലാമിക് സ്റ്റേറ്റിനെ അറിയുന്നത്.

അത്തരം ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അതിനു നടത്തിയ സൂക്ഷ്മമായ മുന്നൊരുക്കങ്ങള്‍ മനസിലാകും. ദൃശ്യങ്ങള്‍ ചിത്രീകരിക്കും മുമ്പേ പരിശീലിച്ചിരുന്നു എന്നും നിരവധി മണിക്കൂറുകളെടുത്ത് പല കോണുകളില്‍ നിന്നായി  ദൃശ്യവത്കരിച്ചു എന്നും  കാണാം.

വിദഗ്ദ്ധമായാണ് പ്രകാശം, ശബ്ദം, ക്യാമറ എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത്. അമേരിക്കക്കാരനായ പീറ്റര്‍ കാസ്സിങ്ങിന്റെ കൊലപോലുള്ള ദൃശ്യങ്ങളില്‍ സ്പെഷ്യല്‍ എഫക്ട്സ് വരെ ഉപയോഗിച്ചിരിക്കുന്നു.

ഇതെല്ലാം പടിഞ്ഞാറന്‍ കാണികളെ ഉദ്ദേശിച്ചാണ്. യു എസ് പ്രസിഡണ്ട് ഒബാമയെയാണ് അത് അഭിസംബോധന ചെയ്യുന്നത്. പക്ഷേ ആഗോളമായി സംപ്രേഷണത്തിന് ഉദ്ദേശമില്ലാത്ത സംഭവങ്ങള്‍ പോലും ഇത്തരത്തിലാണ് ചിത്രീകരിക്കുന്നത് എന്നാണ് വിട്ടുപോന്നവര്‍ പറയുന്നത്.

ബാബ് പട്ടണത്തില്‍ പ്രചാരണ സംഘം എല്ലാ വിശദാംശങ്ങളും നിശ്ചയിച്ച് ജനമധ്യത്തില്‍ നടത്തിയ ഒരു വധത്തിന് താന്‍ സാക്ഷിയാണെന്ന് അബു അബ്ദുള്ള പറഞ്ഞു. ക്യാമറയില്‍ വരാത്തവണ്ണം ഒരു വെള്ള പലകയില്‍ ശിക്ഷിക്കപ്പെട്ടയാളുടെ കുറ്റകൃത്യങ്ങള്‍ ഉറക്കെ വായിക്കാന്‍ അറബിയിലെഴുതി പിടിച്ചുനിന്നു. ക്യാമറകള്‍ക്ക് പല കോണില്‍ നിന്നും എടുക്കാന്‍ പാകത്തില്‍ ആരാച്ചാര്‍ തന്റെ വാള്‍ പലതവണ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തു.

ക്യാമറ സംഘത്തിന്റെ സംവിധായകന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് തലവെട്ടിയത്. ആരാച്ചാരല്ല വധം നടപ്പാക്കിയത്, “മാധ്യമ പ്രവര്‍ത്തകന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് അത്” നടന്നതെന്ന് അബു അബ്ദുള്ള പറയുന്നു.

രണ്ടു പതിറ്റാണ്ടോളം ഇസ്ലാമിലെ തീവ്രവാദ മുഖം അല്‍-ക്വെയ്ദയായിരുന്നു. പക്ഷേ പഴയ ശൃംഖലയുടെ പ്രചാരണസംവിധാനത്തെ തലതിരിച്ചിട്ട ഇസ്ലാമിക് സ്റ്റേറ്റ് രണ്ടുവര്‍ഷം കൊണ്ട് അവരെ കാതങ്ങള്‍ പിന്നിലാക്കിക്കളഞ്ഞു.

അല്‍-ക്വെയ്ദയുടെ പ്രചാരണ സന്ദേശങ്ങള്‍ എപ്പോഴും നേതാക്കളെ പ്രകീര്‍ത്തിക്കുന്നതായിരുന്നു-പ്രത്യേകിച്ചും ഒസാമ ബിന്‍ ലാദന്‍. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണ ദൃശ്യങ്ങള്‍ മിക്കപ്പോഴും അവരുടെ പോരാളികളെയും അനുഭാവികളെയുമാണ് കാണിക്കുന്നത്. ഐ എസ് മേധാവി അബൂബക്കര്‍ അല്‍-ബാഗ്ദാദിയോ മറ്റ് മുതിര്‍ന്ന നേതാക്കളോ പ്രത്യക്ഷപ്പെടുന്നത് വിരളമാണ്.

അല്‍-ക്വെയ്ദയുടെ പ്രഭാഷണ രീതിയിലുള്ള സന്ദേശങ്ങളില്‍ നിന്നും വഴിമാറി നാടകീയതയും പ്രത്യേക ദൃശ്യ വിന്യാസങ്ങളുമൊക്കെയായി ചലച്ചിത്രമാതൃകയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ദൃശ്യങ്ങള്‍.

“ഈ സംഘം അവരുടെ പ്രതിച്ഛായയെക്കുറിച്ച് ഏറെ ബോധവാന്‍മാരാണ്,” ഇസ്ലാമിക് സ്റ്റേറ്റിന്റെ മാധ്യമ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഒരു യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അവര്‍ ഒരു ബ്രാന്‍ഡ് നിര്‍മ്മിതിയിലാണ്. “ഇത് കൊക്ക കോള, ഇത് നൈക്കി എന്നൊക്കെ പറയുന്നതുപോലെ.”

അല്‍-ക്വെയ്ദയുമായുള്ള ഈ പ്രചാരണ മത്സരത്തിന് വലിയ മുന്‍ഗണനയാണ് നല്‍കുന്നതെന്ന് വിട്ടുപോന്നവര്‍ പറയുന്നു. പാകിസ്ഥാനില്‍ സി ഐ എ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു മുതിര്‍ന്ന അല്‍-ക്വെയ്ദ പ്രവര്‍ത്തകനായിരുന്നു തന്റെ അച്ഛന്‍ എന്നറിഞ്ഞതില്‍പ്പിന്നെ സംഘടനയില്‍ തനിക്കുമേല്‍ വലിയ സമ്മര്‍ദമായിരുന്നു എന്നു ഒരു മുന്‍ ഇസ്ലാമിക് സ്റ്റേറ്റ് പോരാളി പറഞ്ഞു.

തന്റെ അച്ഛന്‍റെ സംഘടനയെ തളിപ്പറയുന്ന ദൃശ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ അയാളെ നിര്‍ബന്ധിച്ച്. സിറിയയില്‍ അല്‍-ക്വെയ്ദയുടെ കൂട്ടാളികളുമായി യുദ്ധം ചെയ്യാനുള്ള വിസമ്മതവും മടിയും തന്റെ ജീവനുന്നുതന്നെ ഭീഷണിയുണ്ടാക്കിയെന്നും അങ്ങനെ ഓടിപ്പോരുകയായിരുന്നു എന്നും അയാള്‍ പറയുന്നു.

അല്‍-ക്വെയ്ദയുടെ കാണികള്‍ക്ക് അസാധാരണ ക്ഷമ വേണം. അവരുടെ ഏറ്റവും മികച്ച മാധ്യമഘടകമുള്ള യമനിലെ ശാഖ പോലും മാസങ്ങള്‍ കഴിയുമ്പോഴാണ് ഒരു പുതിയ ഓണ്‍ലൈന്‍ മാസിക ഇറക്കുന്നത്.

അതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ് ബഹുദൂരം മുന്നിലാണ്. അര ഡസന്‍ ഭാഷകളിലായി നൂറുകണക്കിനു ദൃശ്യങ്ങള്‍ അവര്‍ ഇറക്കി. ദൈനംദിന റേഡിയോ പ്രക്ഷേപണം. ട്വിറ്ററില്‍ പ്രതിമാസം 2 ദശലക്ഷത്തിലേറെ പരാമര്‍ശങ്ങള്‍.

ട്വിറ്ററും ഫെയ്സ്ബുക്കും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട എക്കൌണ്ടുകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ പലരീതിയിലും പിന്നേയും തുറക്കും. സര്‍ക്കാര്‍ പരിശോധന കുറവുള്ള റഷ്യന്‍ സ്വകാര്യ സംരംഭം ടെലഗ്രാം പോലുള്ള സംവിധാനങ്ങളും അനുഭാവികള്‍ ഉപയോഗിക്കുന്നു. പാരീസ് ആക്രമണത്തിന് ശേഷം ടെലഗ്രാമും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള എക്കൌണ്ടുകള്‍ തടയാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

പശ്ചിമേഷ്യയിലെ വാര്‍ത്ത സ്ഥാപനങ്ങളുമായുള്ള ബന്ധങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് ഉപയോഗിച്ചു. 2013-ല്‍ പ്രത്യക്ഷപ്പെട്ട ഒരു ദൃശ്യത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിലെ മുതിര്‍ന്ന അംഗവും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട റെദ സയാം എന്ന ഛായാഗ്രാഹകനുമൊത്ത് ഒരു അല്‍ജസീറ ലേഖകന്‍ ജോലിചെയ്യുന്നത് കാണുകയുണ്ടായി.

ഒരൊറ്റ മാസത്തിനുള്ളില്‍ ഐ എസ് 1146 വ്യത്യസ്ത പ്രചാരണ സാമഗ്രികള്‍ പുറത്തിറക്കി എന്നാണ് മാധ്യമ വിശകലനവിദഗ്ധന്‍ ചാര്‍ലീ വിന്റര്‍ പറയുന്നതു. ഇതില്‍ ചിത്രങ്ങള്‍ , ദൃശ്യങ്ങള്‍, ശബ്ദരേഖകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

റക്കയിലെ ഇസ്ലാമിക് സ്റ്റേറ്റ് ആസ്ഥാനവുമായി ബന്ധമുള്ള 36 വ്യത്യസ്ത മാധ്യമ കേന്ദ്രങ്ങളുണ്ടെന്ന് വിന്റര്‍ കണക്കാക്കുന്നു. ലിബിയ, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ശാഖകളും ഇതില്‍പ്പെടും. അസാധാരണമായ വിധത്തില്‍ ഏകോപിതമാണ് ഈ ശൃംഖല.

തന്റെ പഠനത്തിന്റെ ഒരു ഘട്ടത്തില്‍ അറബി ലിപിയിലെ ഒരേ ശൈലിയിലുള്ള ഒരു പുതിയ മുദ്രയിലേക്ക് ഇവയെല്ലാം ഒരേ സമയം മാറിയതായി വിന്റര്‍ കണ്ടു. ഓരോ ചിത്രത്തിലും ദൃശ്യത്തിലും ഈ മുദ്ര കാണാമായിരുന്നു.

“വളരെ കൃത്യമായ ആശയവിനിമയമുണ്ട്. വളരെ ഔപചാരികതയുള്ള,പരമാവധി ഉദ്യോഗസ്ഥതലത്തിലുള്ള, ഒരു ഭരണകൂടം പോലെ തോന്നിക്കുന്ന ഒന്നാകാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഏറെ പരിശ്രമിക്കുന്നുണ്ട്.

ഇത്തരം ശ്രമങ്ങള്‍ ഖിലാഫത്തിനുള്ളില്‍ ഏറെ പ്രകടമാണ്.

പൂറത്തുള്ളവരെ ഞെട്ടിക്കാന്‍ ഉദ്ദേശിച്ചുള്ള ഈ ദൃശ്യങ്ങള്‍ അകത്തുള്ളവരെ ആവേശഭരിതരാക്കാനാണ് ഉപയോഗിക്കുന്നത്. സങ്കല്‍പലോകത്തിന്റെ സന്ദേശപരമ്പരകളുടെ പ്രവാഹമാണ്. ഒരുതരം സോവിയറ്റ് ശൈലിയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഔന്നത്യത്തെക്കുറിച്ച്.

പൊതുജനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യത നിയന്ത്രിതമാണ്. അനുവദനീയമായ ദൃശ്യങ്ങള്‍ കാണിക്കാന്‍ വൈകുന്നേരങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ വലിയ തിരശീലകള്‍ ഒരുക്കും.

“അതൊരു ചലചിത്ര പ്രദര്‍ശനശാല പോലെയാണ്,” 23-കാരനായ അബു ഹുറൈറ അല്‍-മഗ്രിബി പറഞ്ഞു. ദൈനംദിന ജീവിതവും, സൈനിക പരിശീലനവും തലവെട്ടലുമൊക്കെയടങ്ങുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ദൃശ്യങ്ങള്‍ അവിടെ കാണിക്കും. പടിഞ്ഞാറന്‍ ബന്ദികളുടെ തലയറുക്കലും കൂട്ടിലടച്ച ഒരു ജോര്‍ദാന്‍ വൈമാനികനെ ചുട്ടുകൊന്നതുമൊക്കെ ആവര്‍ത്തിച്ചു കാണിക്കുമെന്നും അയാള്‍ പറഞ്ഞു. മൊസൂള്‍ സര്‍വ്വകലാശാലയ്ക്കരികെ അഥര്‍മോര്‍ പ്രദര്‍ശനത്തില്‍ താനുമുണ്ടായിരുന്നതായി അബു ഹുറൈറിയ പറഞ്ഞു. 10 സ്ത്രീകളും 5 കുട്ടികളുമാടക്കം 160 പേര്‍ കാണികളായുണ്ടായിരുന്നു. ഒരു ദൃശ്യത്തില്‍ എംവാസി ഒരു വധശിക്ഷ നടപ്പാക്കുന്നത് കാണിച്ചിരുന്നു. ഈ മാസം നടന്ന ഒരു യു എസ് ആളില്ലാവിമാനം-ഡ്രോണ്‍-ആക്രമണത്തില്‍ എംവാസി കൊല്ലപ്പെട്ടതായി കരുതുന്നു.

“കുട്ടികള്‍ അതൊക്കെക്കണ്ട് കണ്ണുപൊത്തുകയല്ല, അവരതില്‍ ആകൃഷ്ടരാവുകയാണ്.” ജിഹാദി ജോണിന്റെ കറുത്ത വസ്ത്രവും ചെറിയ കത്തിയുമൊക്കെ ധരിച്ചു അയാളെ  കുട്ടികള്‍ അനുകരിക്കുന്നുമുണ്ട്.

മാധ്യമ വിഭാഗതില്‍ കര്‍ശനമായ വേര്‍തിരിവുകളുണ്ട്. ക്യാമറ സംഘവും ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു പരിപാടി തയ്യാറാക്കുന്ന സംഘവും പരസ്പരം ഇടപെടാറില്ല. യഥാര്‍ത്ഥ പേരുകളും ഒരിയ്ക്കലും കൈമാറില്ല.

അബു ഹജെരും വിട്ടുപോന്ന മറ്റ് രണ്ടുപേരും പറയുന്നത്, 30-കളുടെ അവസാനത്തിലുള്ള ഒരു അമേരിക്കക്കാരനാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ എല്ലാ പ്രധാന ദൃശ്യങ്ങളുടെയും പിറകില്‍ എന്നാണ്.

“അമേരിക്കക്കാരനാണ് ദൃശ്യമിശ്രണം നടത്തുന്നത്,” അബു ഹജെര്‍ പറഞ്ഞു. 2014-ല്‍ അവര്‍ പുറത്തുവിട്ട ‘യുദ്ധത്തിന്റെ തീനാളങ്ങള്‍’ എന്ന 55 മിനിറ്റ് നീണ്ട വാര്‍ത്താചിത്രത്തിന്റെ പിറകില്‍ ഇയാളായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യസമാനമായ കഥകളും  മുസ്ലീം ഖിലാഫത്തുമായുള്ള ചരിത്രബന്ധവുമൊക്കെ അതില്‍ പറയുന്നുണ്ട്.

സ്വന്തം ശവക്കുഴി തോണ്ടുന്ന  സിറിയന്‍ സൈനികരുടെ ദൃശ്യത്തിലാണ് അതവസാനിക്കുന്നത്. വടക്കേ അമേരിക്കന്‍ ശൈലിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന മുഖംമൂടി ധരിച്ച ഒരു ഐ എസ് പോരാളി പറയുന്നു, “യുദ്ധത്തിന്റെ തീനാളങ്ങള്‍ തീക്ഷ്ണമാകാന്‍ തുടങ്ങിയിട്ടേയുള്ളൂ.”

ഇസ്ലാമിക് സ്റ്റേറ്റ് കീഴടക്കിയ മൊസൂളിലെ റേഡിയോ സ്റ്റേഷനിലെ വാര്‍ത്താപ്രക്ഷേപണങ്ങളില്‍  നിന്നുമായി ഇത്തരത്തില്‍ മറ്റൊരു അമേരിക്കന്‍ ശബ്ദംകൂടി കേള്‍ക്കുകയുണ്ടായി. പാരീസ് ആക്രമണത്തിന് ശേഷം ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്തിന്റെ ഭാഗങ്ങളില്‍ ഏറ്റവുമധികം കേട്ട ഇസ്ലാമിക് സ്റ്റേറ്റിന്റെ ശബ്ദമായിരുന്നു അത്. പാരീസിനെ വേശ്യാവൃത്തിയുടെയും തിന്‍മയുടെയും തലസ്ഥാനമായാണ് അയാള്‍ വിശേഷിപ്പിച്ചത്. സിറിയന്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ട സര്‍ക്കാരുകള്‍ ആക്രമണലക്ഷ്യങ്ങളില്‍ മുന്നിലുണ്ട് എന്നും മുന്നറിയിപ്പുണ്ട്.

ഇവരെ തിരിച്ചറിയാനിട്ടില്ലെന്ന് യു എസ് അധികൃതര്‍ പറഞ്ഞു. യുദ്ധത്തിന്റെ തീനാളങ്ങളില്‍ പ്രത്യക്ഷപ്പെട്ട തീവ്രവാദിയെ തിരിച്ചറിയാന്‍ എഫ് ബി ഐ വെബ്സൈറ്റില്‍ അഭ്യര്‍ത്ഥനയുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ നിരന്തരമായ പ്രചാരണത്തിന്റെ ഫലമായി തീവ്രവാദികളുടെ ഒരു ആഗോള കുടിയേറ്റം നടക്കുന്നുണ്ട്. ആഭ്യന്തരയുദ്ധം തുടങ്ങിയതിനുശേഷം ഇതുവരെയായി 115 രാജ്യങ്ങളില്‍നിന്നും 30,000-ത്തിലേറെ വിദേശ പോരാളികള്‍ സിറിയയില്‍ എത്തിയിട്ടുണ്ട്. ഇതില്‍ മൂന്നിലൊരു ഭാഗവും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി കഴിഞ്ഞ വര്‍ഷമാണ് എത്തിയത് എന്നു യു എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നു.

ഓടിപ്പോന്നവരില്‍ ഒരാളൊഴിച്ചു എല്ലാവരും പറഞ്ഞത് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണ ദൃശ്യങ്ങളാണ് തങ്ങള്‍ സിറിയയിലേക്ക് തിരിക്കാനുള്ള തീരുമാനത്തിന് പ്രേരണയെന്നാണ്. വേറിട്ടുനിന്ന ഒരാള്‍ പറയുന്നത്, സിറിയയിലേക്ക് ചെല്ലാന്‍ ഒരു സുഹൃത് സമ്മര്‍ദം ചെലുത്തിയെന്നും അവിടെ ചെന്നപ്പോള്‍ പോരാടാന്‍ വിസമ്മതിച്ച തന്നെ തടവിലാക്കിയെന്നുമാണ്.

സിറിയന്‍ യുദ്ധത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് തലക്കെട്ടുകളില്‍ നിറയാന്‍ തുടങ്ങിയപ്പോഴേ താന്‍ ഓണ്‍ലൈനില്‍ അവരുടെ വാര്‍ത്തകള്‍ക്കായി തെരച്ചില്‍ തുടങ്ങിയിരുന്നുവെന്ന് അബു ഹുറൈറ പറഞ്ഞു. ഇത്തരം വൈകാരിക ദൃശ്യങ്ങള്‍ കണ്ടതിന് ശേഷമാണ് കാസാബ്ലാങ്കയിലെ ഒരു ഡ്രൈ-ക്ലീനിങ് സ്ഥാപനത്തിലെ ജോലിവിടാന്‍ അയാള്‍ തീരുമാനിച്ചത്.

“ചിലതൊക്കെ വാന്‍ ഡാമെ ചലച്ചിത്രം പോലെയാണ്. അവര്‍ യുദ്ധം ചെയ്യുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്കും ആ ധീരപോരാളികളില്‍ ഒരാളാകാന്‍ തോന്നും.”

മേഖലയിലെ പല രാജ്യങ്ങളെയും പോലെ മൊറോക്കോയും ഈ ഒഴുക്കിനെ തടയാന്‍ പാടുപെടുകയാണ്. ഇറാഖിലും സിറിയയിലും പോരാടാനായി ഏതാണ്ട് 1500 പുരുഷന്മാര്‍ രാജ്യം വിട്ടു എന്നാണ് മൊറോക്കോ സുരക്ഷാ അധികൃതരുടെ കണക്ക്. ഭര്‍ത്താക്കന്‍മാര്‍ക്കും അച്ഛന്‍മാര്‍ക്കും മക്കള്‍ക്കുമൊപ്പം ചേരാനായി അവിടെ പോകാനിരിക്കുന്ന 500 പേര്‍ വേറെയും.

പാരീസ് ആക്രമണത്തിന്റെ സൂത്രധാരനടക്കം പല തീവ്രവാദികളും മൊറോക്കന്‍ വംശജരാണ്. ജനിച്ചതും വളര്‍ന്നതും യൂറോപ്പിലാണെങ്കിലും.

“ഇപ്പോള്‍ യുദ്ധം പ്രചാരണവുമായിട്ടാണ്,” ഒരു മൊറോക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. “അല്‍-ക്വെയ്ദ ആളുകളെ ചേര്‍ത്തിരുന്നത് നേരിട്ടു പള്ളികളിലൂടെയും മറ്റ് സംവിധാനങ്ങളിലൂടെയുമായിരുന്നു. പക്ഷേ ഇപ്പോളത് 90 ശതമാനവും ഓണ്‍ലൈനിലൂടെയാണ്.”

ഇസ്ലാമിക് സ്റ്റേറ്റ് നീണ്ടുനില്‍ക്കുമോ എന്ന ചോദ്യത്തിന് വിട്ടുപോന്നവര്‍ വിരുദ്ധമായ മറുപടികളാണ് നല്കിയത്. സംഘത്തിന്റെ പ്രചാരണത്തിലും സിദ്ധാന്തത്തിലും വിശ്വസിക്കുന്ന ഒരു വിഭാഗം ചെറുപ്പക്കാര്‍ ഇറാഖിലും സിറിയയിലും വളര്‍ന്നുവരുന്നുണ്ടെന്നും, മുഖംമൂടിയിട്ട തീവ്രവാദികളെ ആരാധിക്കുന്ന തരത്തില്‍ കുട്ടികളുടെ ഒരു തലമുറ വളരുകയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷയെക്കുറിച്ചുള്ള ഭയം മാത്രമല്ല, ഖിലാഫത്തിനെക്കുറിച്ചുള്ള സങ്കല്‍പങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേടും ഇറാഖും സിറിയയും വിട്ടുപോരാന്‍ പലരെയും പ്രേരിപ്പിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ് പ്രചാരണ വിഭാഗം ദൃശ്യങ്ങളില്‍ നിന്നും മുറിച്ചുമാറ്റിയ ക്രൂരത നേരില്‍ക്കണ്ട പലരെയും ആ ഓര്‍മ്മകള്‍ വേട്ടയാടി. അലെപ്പോയില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന അല്‍വായിറ്റുകളുടെ ഒരു സംഘത്തിന് നേരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തുരുതുരാ നിറയൊഴിച്ച് കൂട്ടക്കൊല നടത്തിയതിന് താന്‍ സാക്ഷിയാണെന്ന് അബു അബ്ദുള്ള പറഞ്ഞു.

അക്കൂട്ടത്തില്‍ നിന്നും 10 വയസ്സായൊരു കുട്ടി ജീവനോടെ എഴുന്നേറ്റപ്പോള്‍ തീവ്രവാദികളിലെ നേതാവ് ‘തോക്കെടുത്ത് ആ കുട്ടിയെയും വെടിവെച്ചുകൊന്നു.’ അതെല്ലാം പകര്‍ത്തിയിരുന്നു. പക്ഷേ പുറത്തു കാണിച്ചില്ല.

ഇസ്ലാമിക് സ്റ്റേറ്റിന്റെ മതകോടതികളെ സഹായിക്കാന്‍ തുടങ്ങിയപ്പോഴാണ് അവരുമായി അകലം വര്‍ധിച്ചതെന്ന് അബു ഹജെര്‍ പറയുന്നു. അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചതുമുതല്‍ അയാളുടെ ആനുകൂല്യങ്ങള്‍ എടുത്തുകളഞ്ഞു. മറ്റൊരു ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി കഴുത്തില്‍ കയ്യമര്‍ത്തി, കൊല്ലുമെന്ന മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെ അബു ഹജെര്‍ കുടുംബത്തെ സിറിയയില്‍  നിന്നും കടത്തി.

അടുപ്പമുണ്ടായിരുന്ന ഒരു സഹപ്രവര്‍ത്തകന്‍ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് പരിശോധനകേന്ദ്രങ്ങളില്‍  നിന്നും പുറത്തുകടക്കാന്‍ ആവശ്യമായ രേഖകള്‍ ഉണ്ടാക്കിനല്‍കി. മറ്റൊരു സുഹൃത്ത് തുര്‍ക്കിയില്‍ നിന്നുമുള്ള വിമാനക്കൂലി നല്കി. കാസാബ്ലാങ്കാ വിമാനത്താവളത്തില്‍ മൊറോക്കന്‍ അധികൃതര്‍ അയാളെ കാത്തുനില്‍പ്പുണ്ടായിരുന്നു.

മൊറോക്കോയിലെ കൂറ്റന്‍ മതില്‍ക്കെട്ടിനകത്തെ തിരക്കുള്ള തടവുമുറിക്കുളില്‍ മറ്റ് തീവ്രവാദികള്‍ക്കൊപ്പമാണ് അയാളിപ്പോള്‍. മൂന്നു വര്‍ഷത്തെ ശിക്ഷയില്‍ ഇനി രണ്ടു വര്‍ഷം കൂടി ബാക്കിയുണ്ട്. അയാള്‍ ചെയ്ത ജോലികള്‍ മറ്റുള്ളവരെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പ്രേരിപ്പിക്കും എന്ന ആശങ്കയുണ്ടോ എന്ന ചോദ്യത്തിന്, അവ്യക്തമായൊരു മറുപടിയാണയാള്‍ നല്‍കിയത്. “ഒരു പരിധിവരെ ഞാനാണ് ഉത്തരവാദി. പക്ഷേ പ്രധാന കാരണം ഞാനല്ല.”

അയാളുടെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചുകൊണ്ടേയിരിക്കുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍