UPDATES

ഓഫ് ബീറ്റ്

രതിചിത്രങ്ങള്‍ ആകാം; ആര്‍ത്തവം പാടില്ലേ?

എനിക്ക് ആര്‍ത്തവം തുടങ്ങും മുന്‍പേ അതേ കുറിച്ച് നാണിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നു. അത് തുടങ്ങിയപ്പോള്‍ സമൂഹം അതിന്റെ നാണം കൂടി എന്റെ മേല്‍ അടിച്ചേല്‍പിക്കാന്‍ തുടങ്ങി.

കെയ്റ്റ്ലിന്‍ ദിവേ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

വാട്ടര്‍ലൂ സര്‍വകലാശാലയിലെ വിഷ്വല്‍ റെറ്ററിക്ക് കോഴ്‌സിന്റെ ഭാഗമായി ടൊറൊന്റോയില്‍ താമസിക്കുന്ന കവിയും കലാകാരിയുമായ രൂപി കൗര്‍ സഹോദരി പ്രഭയോടൊപ്പം ആര്‍ത്തവത്തെ പറ്റി ഒരു ഫോട്ടോ സീരീസ് നിര്‍മ്മിച്ച് വരികയായിരുന്നു. തെളിച്ചം കുറവുള്ള, തീരെ ഗ്രാഫിക്ക് സ്വഭാവമില്ലാത്ത ചിത്രങ്ങളായിരുന്നു അവ. സ്ത്രീശരീരം എന്നതിനോടുള്ള രഹസ്യസമീപനവും മാറ്റിനിര്‍ത്തലും ഇല്ലാതാക്കാനുള്ള കലാപരമായ ഒരു ശ്രമമായിരുന്നു ചിത്രങ്ങള്‍ എന്ന് കൗര്‍ പറയുന്നു. ആര്‍ത്തവം ഒരു സാധാരണ സംഭവമാണ് എന്ന് കാണികളെ മനസിലാക്കിക്കുക, അതില്‍ മാറ്റിനിര്‍ത്താനോ നാണിക്കാനോ അയിത്തം കല്‍പ്പിക്കാനോ ഒന്നുമില്ല എന്ന് പറയുക, ഇതൊക്കെയായിരുന്നു ലക്ഷ്യം.

ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഇന്‍സ്റ്റാഗ്രാം ആ ചിത്രങ്ങള്‍ നീക്കം ചെയ്തു. എന്തൊരു വിരോധാഭാസം.

‘കമ്യൂണിറ്റി ഗൈഡ് ലൈനുകള്‍’ പാലിക്കാത്തതിന്റെ പേരില്‍ ഒരു സ്ത്രീ പൂര്‍ണ്ണമായി വേഷം ധരിച്ചു രക്തം പുരണ്ട ബേഡ്ഷീറ്റില്‍ കിടക്കുന്ന ചിത്രം നീക്കുകയാണ് എന്ന് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് അറിയിപ്പ് ലഭിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. ഗൈഡ് ലൈന്‍ പ്രകാരം പ്രശ്‌നമുള്ള ചിത്രങ്ങള്‍ നഗ്‌നചിത്രങ്ങളോ നിയമവിരുദ്ധപ്രവര്‍ത്തികളുടെയോ സ്വയംപീഡയുടെയോ ചിത്രങ്ങളോ ആണ്. എന്നാല്‍ കൗര്‍ വീണ്ടും ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ ഇന്‍സ്റ്റാഗ്രാം വീണ്ടും അത് നീക്കി. അപ്പോഴാണ് കടുത്ത ഭാഷയില്‍ കൗര്‍ ഒരു തുറന്ന കത്തെഴുതി പോസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ ഇതിനു അന്‍പതിനായിരത്തിലേറെ ലൈക്കുകള്‍ ഉണ്ട്.

കൗര്‍ എഴുതി: ‘നന്ദി ഇന്‍സ്റ്റാഗ്രാം. എന്റെ വര്‍ക്ക് വിമര്‍ശിക്കാന്‍ ആഗ്രഹിച്ച അതേ രീതിയില്‍ തന്നെ പ്രതികരിച്ചതിന്. നിങ്ങളുടെ സൈറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലും അശ്ലീലമായി ചിത്രീകരിക്കുന്ന തരത്തിലുള്ള എണ്ണമില്ലാത്ത ഫോട്ടോകളും അക്കൗണ്ടുകളുമുണ്ട്. സ്ത്രീകളെ മനുഷ്യരായിപ്പോലും പരിഗണിക്കാത്തവ. നന്ദി.’

അതിനെതിരെയുണ്ടായ പ്രതികരണം ഏറെ കടുത്തതായിരുന്നു. ഇന്‍സ്റ്റാഗ്രാമിലും ഇന്റര്‍നെറ്റിന്റെ മറ്റുകോണുകളിലും ആളുകള്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാം ഒടുവില്‍ ഫോട്ടോകള്‍ പുനസ്ഥാപിച്ചു. തെറ്റിന് ക്ഷമ പറഞ്ഞുകൊണ്ടു ഇമെയിലും അയച്ചു. എന്നാല്‍ കൗര്‍ സത്യത്തില്‍ അതില്‍ വീണിട്ടില്ല. കൗറും പിന്തുണക്കാരും ഇന്‍സ്റ്റാഗ്രാമിലെ സെന്‍സര്‍ഷിപ്പിന്റെ വലിയ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായാണ് ഇതിനെ കാണുന്നത്.

‘ഇന്‍സ്റ്റാഗ്രാമില്‍ രതിചിത്രങ്ങള്‍ ആകാം, ആര്‍ത്തവം പറ്റില്ല എന്നാണോ?’ കൗര്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് ചോദിച്ചു. ‘എന്റെ വസ്ത്രങ്ങള്‍ ധരിച്ച ശരീരവും മാസത്തില്‍ ഒരിക്കലെങ്കിലും ഞാന്‍ ഉറക്കമുണരുന്ന രീതിയും ‘സുരക്ഷിതമല്ലെന്നും’ ‘തെറ്റാണെന്നും’ പറയാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നു?’

ഇന്‍സ്റ്റാഗ്രാമും അതിന്റെ കോര്‍പ്പറേറ്റ് രക്ഷകര്‍ത്താവായ ഫേസ്ബുക്കും സ്ഥിരം നേരിടുന്ന ഒരു ചോദ്യമാണിത്: എന്തിനാണ് ആ മുലയൂട്ടല്‍ ഫോട്ടോ എടുത്തുമാറ്റിയത്? എന്തിനാണ് കലാപരമായ ഫോട്ടോ മാറ്റിയത്? ഒരു സ്ത്രീയുടെ ശരീരഭാഗമുള്ള എന്തും എന്തിനാണ് നീക്കം ചെയ്യുന്നത്?

രണ്ടാഴ്ച മുന്‍പ് ഒരു ഫ്രഞ്ച് കോടതിയില്‍ ഒരു വ്യക്തിയുടെ ഫേസ്ബുക്കിനെതിരെയുള്ള സിവില്‍ കേസ് വാദം നടന്നു. തന്റെ പേജിലെ നഗ്‌നചിത്രം നീക്കം ചെയ്തത് തന്റെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വാദം. ഒരു ബ്രിട്ടീഷ് അമ്മയും താന്‍ മുലയൂട്ടുന്ന ചിത്രം ഫേസ്ബുക്ക് നീക്കി എന്ന് പരാതിയുമായി എത്തിയിരുന്നു.

തുടര്‍ന്നുവന്ന മോഡറെഷന്‍ പോളിസികളില്‍ കലയിലെയും മുലയൂട്ടലിലെയും കാന്‍സര്‍ ചികിത്സയിലെയും നഗ്‌നത അനുവദനീയമാണ് എന്ന് ഫേസ്ബുക്ക് പ്രസ്താവിച്ചു. എങ്കിലും ഇത്തരം പിശകുകള്‍ ഇപ്പോഴും സ്ഥിരമായി സംഭവിക്കാരുണ്ട്.

മോഡറെറ്റര്‍മാരാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും അവിശ്വസനീയമായ അളവിലാണ് പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്തൊക്കെതരം കണ്ടന്റ് നീക്കണം, നീക്കണ്ട എന്നതിനെപ്പറ്റി വളരെ വിശദമായ വിവരങ്ങള്‍ മോഡറെറ്റര്‍മാര്‍ക്ക് ലഭിക്കാറുണ്ട്. എന്നാല്‍ ഇതിലെ വിടവുകളിലൂടെയാണ് പിഴവുകള്‍ ഉണ്ടാകുന്നത്.

‘ഞങ്ങളുടെ ടീമിലെ ഒരു അംഗം അബദ്ധത്തില്‍ നിങ്ങളുടെ അകൗണ്ടിലെ ചിത്രം നീക്കിയതാണെ’ന്ന് കമ്പനി ഇമെയില്‍ കൗറിനോട് പറഞ്ഞു. എന്നാല്‍ കൗര്‍ അത് വിശ്വസിക്കുന്നില്ല. ഒരേ അബദ്ധം രണ്ടുതവണ സംഭവിക്കുമോ എന്നാണു കൗര്‍ ചോദിക്കുന്നത്.

‘കൂടുതല്‍ നൈസര്‍ഗികം’ എന്ന് ആരോപിച്ചു ചിത്രങ്ങള്‍ നീക്കം ചെയ്യുന്ന ഒരു ചരിത്രം തന്നെ ഇന്‍സ്റ്റഗ്രാമിനുണ്ടെന്ന് കൗര്‍. ഫോട്ടോ പ്രോജക്റ്റില്‍ ഉന്നയിച്ച ചോദ്യം ശരിവയ്ക്കുന്ന രീതിയിലായിരുന്നു കൗറിന്റെ മൂന്നുദിവസം നീണ്ട യുദ്ധം.

എനിക്ക് ആര്‍ത്തവം തുടങ്ങും മുന്‍പേ അതേ കുറിച്ച് നാണിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നു. അത് തുടങ്ങിയപ്പോള്‍ സമൂഹം അതിന്റെ നാണം കൂടി എന്റെ മേല്‍ അടിച്ചേല്‍പിക്കാന്‍ തുടങ്ങി. എന്തിനാണ് സമൂഹത്തിന് ഇത്ര പേടി? ആര്‍ത്തവത്തോട് ഈ അയിത്തം? സ്ത്രീകളുടെ രതിവല്‍കരിക്കപ്പെട്ട ചിത്രങ്ങള്‍ കാണിക്കാമെങ്കില്‍ ആര്‍ത്തവം എന്തുകൊണ്ട് മറച്ചു പിടിക്കണം?’ രൂപി ചോദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍