UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിദ്യാര്‍ഥികളേ; നമ്മുടെ രാജ്യസ്നേഹികളുടെ ഭാവന ഇത്ര പരിമിതമായതിന് സന്തോഷിക്കുക

Avatar

ടീം അഴിമുഖം

വിദ്യാര്‍ത്ഥികളെ, നമ്മുടെ സര്‍ക്കാരിന് വളരെ പരിമിതമായ ഭാവനയേ ഉള്ളുവെന്നതില്‍ നിങ്ങള്‍ സന്തോഷിക്കുക. കഴിഞ്ഞ ദിവസം മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര സര്‍വകലാശാല വിസിമാരുടെ യോഗത്തില്‍ ക്യാമ്പസുകളില്‍ വളരെ പ്രാധാന്യത്തോടെ ദേശീയ പതാക ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ 39 വിസിമാരെ കൊണ്ട് തീരുമാനമെടുപ്പിച്ചു. കാരണം അറിയേണ്ടേ? വിദ്യാര്‍ത്ഥികളില്‍ ദേശീയത ഊട്ടി ഉറപ്പിക്കാനാണത്രേ. വളരെ അഭിമാനത്തോടെയായിരുന്നു അവരുടെ ഈ പ്രഖ്യാപനം. യോഗത്തില്‍ പാസാക്കിയ 12 പ്രമേയങ്ങളില്‍ ഒന്നായിരുന്നു ഇത്.

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന്  ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍, പ്രധാനമായും ക്യാമ്പസുകളിലെ വിവേചനപരമായ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു കേന്ദ്ര സര്‍വകലാശാലാ തലവന്‍മാരുടെ യോഗം വിളിച്ചത്. എബിവിപി നേതാവിനെ ആക്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപ്പെട്ട അഞ്ചു വിദ്യാര്‍ത്ഥികളില്‍ ഒരാളായ രോഹിത് ദളിത് സമുദായത്തില്‍ നിന്നായിരുന്നു.

യോഗത്തില്‍ അരുണാചല്‍ പ്രദേശിലെ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി വിസി ഒഴികെ മറ്റെല്ലാ കേന്ദ്ര സര്‍വകലാശാല വിസിമാരും പങ്കെടുത്തു. എന്നാല്‍ ദേശീയ പതാക ഉയര്‍ത്തുന്നതു സംബന്ധിച്ച് യോഗത്തിലെടുത്ത തീരുമാനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രിയ വിദ്യാര്‍ത്ഥികളെ, നമ്മുടെ സര്‍ക്കാരിന്റെ ഭാവന ഒരു ദേശീയ പതാക ഉയര്‍ത്തലില്‍ മാത്രം പരിമിതപ്പെട്ടതില്‍ സന്തോഷിക്കാനുള്ള വകയുണ്ട്. 

കാരണം, നിങ്ങളെല്ലാവരും യൂണിഫോം അണിഞ്ഞ് ക്ലാസില്‍ വരണമെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു?

ഓരോ 15 ദിവസത്തെ ഇടവേളകളിലും മുടിവെട്ടണമെന്നും ആണ്‍കുട്ടികള്‍ എല്ലാ ദിവസവും ഷേവ് ചെയ്യണമെന്നും തീരുമാനിച്ചിരുന്നെങ്കിലോ?

എന്നും രാവിലെ ദേശീയഗാനവും മറ്റു ദേശഭക്തി ഗാനങ്ങളും ഉച്ചത്തില്‍ ചൊല്ലണം എന്നായിരുന്നെങ്കിലോ?

സസ്യാഹാരം മാത്രമെ ഭക്ഷിക്കാവൂ എന്ന തീട്ടൂരം ഇറക്കിയിരുന്നെങ്കിലോ?

നിങ്ങളുടെ ജീവതത്തില്‍ നിന്നുതന്നെ മദ്യവും സിഗരറ്റുകളും നിരോധിച്ചിരുന്നെങ്കിലോ?

രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ വേണ്ടി നിങ്ങളില്‍ രഹസ്യ ജൈവായുധങ്ങള്‍ കുത്തിവയ്ക്കാനാണ് തീരുമാനിച്ചത് എങ്കിലോ?

നിങ്ങളുടെ പേരുകളും വിളിപ്പേരുകളും ചരിത്രവും നിരോധിച്ച് വര്‍ത്തമാനവും ഭാവിയും മാത്രമാണ് അനുവദിച്ചിരുന്നതെങ്കിലോ?

നിങ്ങളുടെ തലച്ചോറുകള്‍ പറിച്ചെടുത്ത് പകരം ദേശഭക്തിയില്‍ പൊതിഞ്ഞ ഒരു തലച്ചോര്‍ നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലോ? 

മേലില്‍ ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും എഴുതകയും ചെയ്യാതെ ഒരു കമാന്‍ഡ് സെന്ററില്‍ നിന്ന് ലഭിക്കുന്ന ആജ്ഞകള്‍ക്കനുസരിച്ച് മാത്രം നടക്കുകയും ഇരിക്കുകയും തിന്നുകയും ഉറങ്ങുകയും സംസാരിക്കുകയും മാത്രം ചെയ്യുന്നവരായി നിങ്ങളെ മാറ്റിയിരുന്നെങ്കിലോ?

രക്ഷിതാക്കളില്‍ നിന്ന് നിങ്ങളെ തട്ടിപ്പറിച്ചെടുത്ത് ദേശഭക്തരായ പൗന്മാരായി നിങ്ങളെ വളര്‍ത്താന്‍ തീരുമാനിച്ചിരുന്നെങ്കിലോ? 

എന്താകുമായിരുന്നു? 

ഇനിയും ധാരാളം സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളേ, പതാക പറപ്പിക്കലുകൊണ്ട് താത്ക്കാലം അവര്‍ നിര്‍ത്തിയല്ലോ. വളരെ പരിമിതമായ ഭാവനകള്‍ മാത്രമുള്ള നേതാക്കളെയാണ് നമുക്ക് ലഭിച്ചുള്ളൂവെന്നതിന് ആരോടൊക്കെ ഇതിന് നന്ദി പറയയണമെന്ന് ആലോചിച്ചു കൊള്ളുക.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍