UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്ലിനെക്കുറിച്ച് നിങ്ങളറിയേണ്ട ഒമ്പത് കാര്യങ്ങള്‍

Avatar

ടീം അഴിമുഖം

1) എന്താണ് ഇന്‍ഷ്വുറന്‍സ് ബില്‍ (ഇപ്പോള്‍ ഓര്‍ഡിനന്‍സ്)?
ഇന്‍ഷ്വുറന്‍സ് നിയമം (ഭേദഗതി) ബില്ല് 2008 നേരത്തെ തന്നെ മന്ത്രിസഭ പാസാക്കിയതാണ്. ഇതിപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണയിലാണ്. ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇപ്പോഴുളള 26 ശതമാനത്തിന് പകരം ഈ മേഖലയില്‍ 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം വരും.

2) എന്തുകൊണ്ടാണ് ബില്ല് ആവശ്യമായി വന്നത്?
ഇന്‍ഷ്വുറന്‍സ് മേഖല സാമ്പത്തിക ഞെരുക്കത്തിലാണ്. മാത്രമല്ല, വിദേശ കമ്പനികള്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം കാണിക്കുന്ന മേഖലകളില്‍ ഒന്ന് കൂടിയാണത്. 24 ജീവന്‍ സുരക്ഷ കമ്പനികളും 27 പൊതു ഇന്‍ഷ്വുറന്‍സ് കമ്പനികളുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ മിക്കതും, പ്രത്യേകിച്ചും ജീവന്‍ സുരക്ഷ കമ്പനികള്‍ ഇന്ത്യയില്‍ ലാഭമുണ്ടാക്കുന്നില്ല. മാത്രമല്ല, പലതും നഷ്ടത്തിലുമാണ്. അവര്‍ക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അത് കൂടുതല്‍ വ്യാപനത്തിലേക്ക് നയിക്കുകയും അങ്ങനെ അവര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ സാധിക്കുകയും ചെയ്യും. എന്നാല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ആഭ്യന്തര മേഖലയ്ക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ആ വിടവ് നികത്തുന്ന രീതിയില്‍ ഈ ബില്ല് വിദേശ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നു. സമീപകാലത്ത് കമ്പോളത്തിലേക്ക് 20,000 കോടി രൂപയും ദീര്‍ഘകാലത്തില്‍ 60,000 കോടി രൂപയും ഒഴുകിയെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

3) ഇനി ഇന്‍ഷ്വുറന്‍സ് മേഖലയുടെ നിയന്ത്രണം വിദേശ കമ്പനികള്‍ക്കായിരിക്കുമോ?
കമ്പനികളുടെ നിയന്ത്രണം ഇന്ത്യന്‍ പങ്കാളിയുടെ കൈയിലായിരിക്കുമെന്ന് ബില്ല് പറയുന്നു. 26 ശതമാനം നിക്ഷേപത്തിന് ഔദ്യോഗിക അംഗീകാരം അവശ്യമില്ല. എന്നാല്‍ 49 ശതമാനം നിക്ഷേപത്തിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നേടണം.

4) ബില്ലിന് പിന്നില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ മാത്രം ശ്രമങ്ങളാണോ ഉള്ളത്?
മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ ആദ്യ പരിഷ്‌കരണമാണ് ഇന്‍ഷ്വുറന്‍സ് ബില്ലെന്നാണ് പ്രചാരണം. എന്നാല്‍, 2008 മുതല്‍ ബില്ല് പാര്‍ലമെന്റില്‍ തീരുമാനം കാത്ത് കിടക്കുകയാണ്. ബിജെപി ഉള്‍പ്പെടെയുള്ള നിരവധി കക്ഷികളുടെ എതിര്‍പ്പ് മൂലം യുപിഎ സര്‍ക്കാരിന് ബില്ല് പാസാക്കിയെടുക്കാന്‍ സാധിച്ചില്ല. ഒരു പ്രതിപക്ഷ പാര്‍ട്ടിയെന്ന വെറും ലേബലില്‍ മാത്രം അറിയപ്പെടാന്‍ ആഗ്രഹമില്ലാത്തതിനാലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.

5) ഈ ബില്ല് വഴി ഗുണം ലഭിക്കുന്ന കമ്പനികള്‍ ഏതൊക്കെയാണ്?
പ്രൂഡന്‍ഷ്യല്‍, സ്റ്റാന്‍ഡേര്‍ഡ് ലൈഫ്, മെറ്റ്‌ലൈഫ്, അലൈന്‍സ് തുടങ്ങി ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്ക് അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും അങ്ങനെ ലാഭം ഉണ്ടാക്കാനും സാധിക്കും. ഇന്ത്യന്‍ ഭീമന്മാരായ റിലയന്‍സ് ക്യാപിറ്റല്‍, മാക്‌സ്ഇന്ത്യ, എച്ച്ഡിഎഫ്‌സി, റിലിഗേര്‍ എന്നീ കമ്പനികളും കൂടുതല്‍ നിക്ഷേപങ്ങള്‍ വരുമെന്നും അതുവഴി തങ്ങളുടെ വ്യാപാരം മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

6) ബില്ല് വഴി നഷ്ടമുണ്ടാകുന്നത് ആര്‍ക്കൊക്കെയാണ്?
ഇന്ത്യയിലെ ലൈഫ് ഇന്‍ഷ്വുറന്‍സ് കമ്പനികളുടെ 65 ശതമാനത്തിലേറെയും നിയന്ത്രിക്കുന്നത് ലൈഫ് ഇന്‍ഷ്വുറന്‍സ് കോര്‍പ്പറേഷനാണ് (LIC). ഇന്ത്യന്‍ കമ്പോളത്തില്‍ വിദേശ കമ്പനികള്‍ പണം ഇറക്കുകയും ആക്രമണോത്സുകരാവുകയും ചെയ്താല്‍, അത് എല്‍ഐസിയെയും മറ്റ് സര്‍ക്കാര്‍ ഇന്‍ഷ്വറന്‍സ് കമ്പനികളെയും പ്രതികൂലമായി ബാധിക്കും.

7) ഓഹരി കമ്പോള പട്ടികയില്‍ ഇനി കൂടുതല്‍ കമ്പനികള്‍ വരുമോ?
വളരെ പെട്ടെന്ന് ലിസ്റ്റഡ് കമ്പനികള്‍ ഓഹരി കമ്പോള പട്ടികയില്‍ ഇടം പിടിക്കില്ല. കൂട്ടുസംരംഭ കമ്പനികള്‍ ആദ്യം ചെയ്യുക ബില്ലിലെ സങ്കീര്‍ണതകള്‍ പരിഹരിക്കാനായിരിക്കും. ഉദാഹരണത്തിന് ഇന്ത്യന്‍ കമ്പനികള്‍ക്കായിരിക്കും മാനേജ്‌മെന്റ് നിയന്ത്രണങ്ങള്‍ എന്ന അനുബന്ധം പരിശോധിക്കുക. അതിന്റെ കൃത്യമായ അര്‍ത്ഥമെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഒരു വിദേശ കമ്പനിക്ക് സ്ഥാപത്തിലെ ഭരണതീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, അവര്‍ക്ക് ബോര്‍ഡില്‍ തുടരാന്‍ സാധിക്കില്ലെങ്കില്‍, അവര്‍ക്ക് ഒരു ഉയര്‍ന്ന എക്‌സിക്യൂട്ടീവിനെ തലപ്പത്ത് പ്രതിഷ്ഠിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനായിരിക്കും അവര്‍ കമ്പനിയിലെ തങ്ങളുടെ ഓഹരി വര്‍ദ്ധിപ്പിക്കുക? അതുപോലെ തന്നെ വ്യാപനം സാധ്യമാകാതിരിക്കുകയും ലാഭം ഉണ്ടാക്കാന്‍ തുടങ്ങുകയും ചെയ്യുന്നില്ലെങ്കില്‍, ഓഹരി കമ്പോളത്തില്‍ ലിസ്റ്റില്‍ പെട്ടിട്ട് വലിയ കാര്യം ഉണ്ടാവുകയില്ല. മൂന്ന് വര്‍ഷമായിട്ടെങ്കില്‍ ലാഭം ഉണ്ടാക്കുന്ന കമ്പനികള്‍ മാത്രമേ ലിസ്റ്റില്‍ പെടൂവെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്.

8) ഇത് നമ്മളെ എങ്ങനെ ബാധിക്കുന്നു?
രണ്ട് പ്രധാന പ്രത്യാഘാതങ്ങള്‍ക്കാണ് സാധ്യത. ഏത് മേഖലയിലെയും വികസനം പോലെ ഈ മേഖലയിലും വികസനം സംഭവിക്കുമ്പോള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. രണ്ടാമത്, ഈ മേഖലയില്‍ വികസനം നടക്കുന്നതോടെ രാജ്യത്ത് കൂടുതല്‍ ആളുകള്‍ ഇന്‍ഷ്വര്‍ ചെയ്യപ്പെടും. ഇന്ത്യയിലെ 90 ശതമാനം തൊഴില്‍സേനയും അസംഘടിതമേഖലയിലാണ് ജോലി ചെയ്യുന്നത്. യാതൊരു സാമൂഹിക സുരക്ഷയും അവര്‍ക്ക് ലഭ്യമാവുന്നില്ലെന്നാണ് അതിന്റെ അര്‍ത്ഥം. ഇത് സാമ്പത്തികരംഗത്ത് സര്‍ക്കാര്‍ പരിഹരിക്കേണ്ട പ്രശ്‌നമാണെങ്കിലും സ്വകാര്യ ഇന്‍ഷ്വുറന്‍സ് കമ്പനികളുടെ വരവും ഗുണം ചെയ്യും. അത് പോലെ തന്നെ, ഈ മേഖലയിലേക്ക് കൂടുതല്‍ കമ്പനികള്‍ കടന്ന് വരികയും മത്സരം രൂക്ഷമാവുകയും ചെയ്യുമ്പോള്‍ സ്വഭാവികമായും പ്രതിമാസ പ്രീമിയം തുക കുറയുമെന്നും പ്രതീക്ഷിക്കാം.

9) എന്തുകൊണ്ടാണ് ബില്ലിനെ എതിര്‍ക്കുന്നത്?
കമ്പോളങ്ങള്‍ തുറന്നുകൊടുക്കാനുള്ള അന്താരാഷ്ട്ര സമ്മര്‍ദം മൂലമാണ് സര്‍ക്കാര്‍ നേരിട്ടുള്ള വിദേശ നിക്ഷപങ്ങളില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതിനുള്ള അടിസ്ഥാന കാരണമെന്ന് ചില വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. പല വിദേശ ഇന്‍ഷ്വറന്‍സ് കമ്പനികളും അവരുടെ നാട്ടില്‍ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അവരുടെ നിക്ഷേപങ്ങള്‍ 26 ശതമാനമായി നിജപ്പെടുത്തുമ്പോള്‍ തന്നെ അവരുടെ വൈദഗ്ധ്യം ഇവിടെ കൊണ്ടുവരുന്നുണ്ട്. ഈ മേഖലയില്‍ ഇപ്പോള്‍ തന്നെ കൂടുതല്‍ പണം മുടക്കാന്‍ അവര്‍ തയ്യാറാവുന്നുണ്ടെങ്കില്‍, അവര്‍ ഇപ്പോള്‍ ലാഭമുണ്ടാക്കുന്നില്ല എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍