UPDATES

വിദേശം

ട്രംപിന്റെ പ്രചാരണം ഒബാമ സർക്കാർ രഹസ്യമായി നിരീക്ഷിച്ചിരുന്നുവെന്ന ആരോപണവുമായി യുഎസ് അറ്റോർണി ജനറൽ

ട്രംപ് കുറ്റക്കാരനാണെന്ന് റിപ്പോർട്ട് കണ്ടെത്തുന്നില്ലെങ്കിലും കുറ്റവിമുക്തനാക്കുന്നില്ല എന്നായിരുന്നു മ്യുള്ളർ തന്നെ റിപ്പോർട്ടിലെഴുതിയ അവസാനവരി.

2016-ല്‍ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്തെ ഡൊണാള്‍ഡ്‌ ട്രംപിന്റെ പ്രചാരണം ബരാക്ക് ഒബാമ സർക്കാർ രഹസ്യമായി നിരീക്ഷിച്ചിരുന്നു എന്ന ആരോപണവുമായി യു എസ് അറ്റോർണി ജനറൽ വില്യം ബാർ രംഗത്ത്. തെളിവുകളോ സാഹചര്യമോ പറയാതെയാണ് ബാർ പ്രസ്താവന നടത്തിയിരിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ റഷ്യൻ ഇടപെടലുകളെ സംബന്ധിച്ച അന്വേഷണത്തെ ഇത് വഴി തിരിച്ച് വിട്ടേക്കും എന്നാണ് സൂചനകള്‍. കൃത്യമായ രഹസ്യ നിരീക്ഷണം തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നടന്നിട്ടുണ്ടെന്നും ആ നിരീക്ഷണം വളരെ ഗുരുതരമായ കാര്യമാണെന്നുമായിരുന്നു സെനറ്റ് സബ് കമ്മറ്റിക്ക് മുൻപിൽ ബാർ പ്രസ്താവിച്ചത്. ബാർ തന്റെ കർത്തവ്യങ്ങൾ മറക്കുകയാണെന്നും പൊതുജനങ്ങളോടല്ല ട്രംപിനോടാണ് ബാറിന് കൂറുള്ളതെന്നും സ്പീക്കർ നാൻസി പെലോസി ആരോപിച്ചു.

ദീർഘകാലങ്ങളായി ഒബാമ സർക്കാർ തന്റെ ഫോൺ ചോർത്തിയിരുന്നു എന്ന ട്രംപിന്റെ പരാതിയെ ബാറിന്റെ ഈ പ്രസ്താവന ബലപ്പെടുത്തുന്നുണ്ടെന്നാണ് ആഗോളമാധ്യമങ്ങളുടെ നിരീക്ഷണം. എന്നാൽ ബാർ നിലവിൽ രഹസ്യ നിരീക്ഷണത്തിന് യാതൊരു തെളിവുകളും ഹാജരാക്കിയിട്ടില്ല. നിരീക്ഷണം നടന്നിട്ടുണ്ടെന്ന് പറയാൻ തനിക്ക് വ്യക്തമായ കാരണങ്ങളുണ്ടെന്നും അത് മറ്റൊരു അവസരത്തിൽ പറയാമെന്നുമായിരുന്നു ബാറിന്റെ വാദം. സെനറ്ററുമാരിൽ നിന്നും നിരവധി ചോദ്യങ്ങളുയർന്നപ്പോൾ താൻ എന്തെങ്കിലും നിയമവിരുദ്ധമായ നിരീക്ഷണത്തെക്കുറിച്ചല്ല പറയുന്നത്, മറിച്ച് എഫ്ബിഐയുടെ നടപടികളെ കുറിച്ചുള്ള തന്റെ ഉത്കണ്ഠ പങ്കുവെക്കുക മാത്രമാണെന്നായിരുന്നു ബാർ മാറ്റിപ്പറഞ്ഞത്.

2016 പ്രസിഡണ്ട് തിരഞ്ഞെടുപ്പ് കാലത്തെ റഷ്യൻ ബന്ധം അന്വേഷിച്ചുകൊണ്ട് റോബർട്ട് മ്യുള്ളർ, ബാറിന് മുൻപിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റഷ്യൻ ബാന്ധവം തെളിയിക്കുന്നതിൽ മ്യുള്ളർ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ട് സംഗ്രഹിച്ചെഴുതിയ കത്തിൽ ബാർ സൂചിപ്പിച്ചത്. ട്രംപ് കുറ്റക്കാരനാണെന്ന് റിപ്പോർട്ട് കണ്ടെത്തുന്നില്ലെങ്കിലും കുറ്റവിമുക്തനാക്കുന്നില്ല എന്നായിരുന്നു മ്യുള്ളർ തന്നെ റിപ്പോർട്ടിലെഴുതിയ അവസാനവരി. എന്നാൽ ദുര്‍മന്ത്രവാദ വേട്ടയെന്നതുപോലെ മ്യുള്ളർ തന്നെ വേട്ടയാടുകയാണെന്നും മ്യുള്ളർ റിപ്പോർട്ട് വെറും വേസ്റ്റ് ആണെന്നുമായിരുന്നു ട്രംപ് പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍