UPDATES

വിദേശം

ബംഗ്ലാദേശിൽ പ്രകൃതിവാതക ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തെരുവിന് തീപിടിച്ചു; മരണസംഖ്യ 110 കവിഞ്ഞു

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ചരിത്രപ്രസിദ്ധമായ ചൗക്ക് ബസാറിൽ പ്രകൃതിവാതക സിലണ്ടർ പൊട്ടിത്തെറിച്ച് 110 പേർ മരിച്ചു. ബുധനാഴ്ച രാത്രി ഒരു കാറിന്റെ പുറകു വശത്തുണ്ടായിരുന്ന പ്രകൃതിവാതക സിലണ്ടർ പൊട്ടിത്തെറിച്ചതോടെയാണ്  തീ പടർന്നുപിടിച്ച് തെരുവാകെ കത്തിയത്.  തീപിടിച്ചതോടെ കാർ പൊട്ടിത്തെറിക്കുകയും സമീപത്തുള്ള മറ്റ് സിലണ്ടറുകളിലേക്കു കൂടി തീ പടർന്നു കയറുകയുമായിരുന്നു. അനധികൃതമായി രാസവസ്തുക്കൾ സൂക്ഷിച്ച ഒരു കടയ്ക്ക് കൂടി തീപിടിച്ചതോടെ അപകടം നിയന്ത്രണാതീതമായി. ഇടുങ്ങിയ പാതകളുള്ള, ആളുകൾ തിങ്ങിക്കൂടി നിൽക്കുന്ന സ്ഥലങ്ങളായതിനാൽ ഓടി രക്ഷപ്പെടാൻ കഴിയാതെ നിരവധി പേർ വെന്തുമരിച്ചു.തെരുവിലെ പ്രധാന കടകളും സാമഗ്രികളും നിമിഷ നേരം കൊണ്ട് ചാമ്പലായി.

“ആ നിമിഷം ഓർക്കുമ്പോൾ ഇപ്പോഴും നടുങ്ങിപ്പോകുകയാണ്, എല്ലാവരും സ്വന്തം ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു, ഒരു റിക്ഷാഡ്രൈവർ തീ കത്തിയിടത്തുനിന്ന് മരണ വെപ്രാളത്തോടെ ഓടുന്നതും ഒടുവിൽ ജീവനോടെ നിന്ന് കത്തുന്നതും ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടു,” നടുക്കത്തോടെയാണ് മുഹമ്മദ് റഖീബ് എന്ന ഹോട്ടൽ ഉടമ ന്യൂയോർക്ക് ടൈംസിനോട് സംസാരിക്കുന്നത്. “ഭയന്ന് നിലവിളിച്ച് എന്ത് ചെയ്യണമെന്ന് പോലും എനിക്കറിയില്ലായിരുന്നു, ഞാൻ ജീവനും കൊണ്ട് ഓടി, ഞാൻ സമ്പാദിച്ച പണവും സ്വത്തുമെല്ലാം നിമിഷ നേരം കൊണ്ട് കത്തിത്തീരുന്നത് നിസ്സഹായനായി നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു” -ഭീതിയോടെയും നടുക്കത്തോടെയും റഖീബ് പറയുന്നു. “പണക്കാർ  മതിയായ സുരക്ഷിതത്വം ഉറപ്പുവരുത്താതെ കൂടുതൽ കാശുണ്ടാക്കാൻ അനധികൃതമായി പല രാസവസ്തുക്കളും സൂക്ഷിക്കും, അതിന്റെയെല്ലാം ഫലം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഞങ്ങൾ തന്നെ അനുഭവിക്കേണ്ടിവരും” -നിസ്സഹായതയോടെ പ്രദേശവാസികള്‍ പറഞ്ഞതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. “ഇത് അത്യാർത്തികൊണ്ടു മാത്രം സംഭവിച്ച അപകടമാണ്” -ധാക്കയിൽ  ആർക്കിടെക്ട് ആയ നിസാമുദ്ധീൻ അഹമ്മദ് പറയുന്നു.

ധാക്കയിൽ ഇത് ആദ്യത്തെ സംഭവമല്ല, 2012 ൽ ഒരു തുണിക്കടയ്ക്ക് തീപിടിച്ച് വലിയ അപകടം ഉണ്ടായിരുന്നു. താരതമ്യേനെ സുരക്ഷിതമാണെന്ന് കരുതുന്ന പ്രകൃതി വാതക സിലണ്ടർ കൊണ്ടുണ്ടായ ഈ വലിയ അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്താനിരിക്കുകയാണ് ബംഗ്ലാദേശ് സർക്കാർ. അപകടത്തിൽ പെട്ട ഭൂരിഭാഗം പേർക്കും  ഭീതിദമായ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന ഭൂരിഭാഗം പേർക്കും വിഷവാതകങ്ങൾ ഉള്ളിൽ ചെന്ന് വലിയ ആരോഗ്യപ്രശനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ധാക്കയിലെ ഒരു ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. തീപിടിത്തങ്ങൾ പതിവായി മാറിയതോടെ കൂടിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ സുരക്ഷാ നടപടികൾ ശക്തമാക്കാനിരിക്കുകയാണ് ബംഗ്ലാദേശ് സർക്കാർ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍