UPDATES

വിദേശം

അമ്പരന്ന് നയതന്ത്ര ലോകം; അമേരിക്കൻ, കനേഡിയൻ ഉദ്യോഗസ്ഥരെ മാത്രം ലക്ഷ്യം വെച്ച് ക്യൂബയിൽ നിഗൂഢ രോഗബാധ

ഹവാന രോഗം സ്ഥിരീകരിച്ച ഒരു കനേഡിയൻ ഉദ്യോഗസ്ഥൻ ക്യൂബയിൽ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങിപോയി

സീരിയൽ കൊലപാതകികളുടെ കഥകൾ സസ്പെൻസ് പ്രേമികളുടെ ഇഷ്ട വിഭവമാണ്. എന്നാൽ അത്യധികം നിഗൂഢമായ ഒരു സീരിയൽ രോഗബാധയെക്കുറിച്ച് ആരും അധികം കേട്ടുകാണില്ല. “മനപൂർവ്വമാണ്, ഞങ്ങളെ ആരോ വ്യക്തമായി ടാർജറ്റ് ചെയ്യുകയാണ്,” രോഗബാധിതരായ മിക്കവാറും ആളുകൾ ഉറപ്പിച്ച് തന്നെ പറയുന്നുണ്ട്. സിനിമകഥയല്ല, ക്യൂബയിൽ ഇപ്പോൾ ഇതാണ് നടക്കുന്നത്. കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വന്ന നയതന്ത്ര ഉദ്യോഗസ്ഥർക്കും എംബസികളിൽ ജോലി ചെയ്യുന്നവർക്കും ഒരേ പോലുള്ള അസുഖം. അവർക്കെല്ലാവർക്കും ഒരേ ലക്ഷണങ്ങൾ, ഒരേ ഭയം, ഒരേ സംശയങ്ങൾ…

എന്താണ് ഈ അജ്ഞാത രോഗം?

ക്യൂബയിലെ ഹവാനയിൽ ജോലി ചെയ്യുന്ന നയതന്ത്ര  ഉദ്യോഗസ്ഥർക്ക് മാത്രം കണ്ടു വരുന്ന ഈ നിഗൂഢ രോഗത്തെ ഹവാന രോഗമെന്നാണ് ലോകം വിളിക്കുന്നത്. 2016 ഡിസംബർ 30ന് ഒരു സിഐഎ ഉദ്യോഗസ്ഥന് ക്യൂബയിലെ തന്റെ വസതിയിൽ വെച്ച് ഇരുചെവികളിലും വല്ലാത്ത വേദന അനുഭവപ്പെടുകയുണ്ടായി. ചെവിയിൽ ഇരുന്ന് ആരോ ഉറക്കെ മൂളുന്നത് പോലെ. തലയ്ക്കാകെ ഭാരം, സമ്മർദ്ദം. ഒരാഴ്ചയ്ക്കിടയിൽ തന്നെ ആ ഓഫീസിലെ പലർക്കും സമാന അനുഭവം ഉണ്ടായി.

അടുത്ത വർഷം ഫെബ്രുവരിയിൽ രണ്ട് പേർക്ക് കൂടി ഇതേ അവസ്ഥയുണ്ടായി. പിന്നീട് ഒരേ സമയം 16  ഉദ്യോഗസ്ഥർക്ക് ഇതേ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. അടുത്ത മാസം വീണ്ടും ഒരു അഞ്ച് പേർക്ക് കൂടി. അങ്ങനെ എണ്ണം വർധിച്ചതോടെ എല്ലാവരും തന്നെ ഭീതിയിലായി.

കഴിഞ്ഞ ദിവസം ഇതേ ഹവാന രോഗം സ്ഥിരീകരിച്ച ഒരു കനേഡിയൻ ഉദ്യോഗസ്ഥൻ ക്യൂബയിൽ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങിപോയതോടെയാണ് ഭീഷണി ഇപ്പോഴും ഒഴിഞ്ഞിട്ടില്ല എന്ന് എല്ലാവരും തിരിച്ചറിയുന്നത്. കനേഡിയൻ എംബസി ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയോളം തന്നെ കുറച്ചു. മാത്രമല്ല ഉദ്യോഗസ്ഥർക്ക് അസ്വസ്ഥതകൾ തോന്നുകയാണെങ്കിൽ എത്രയും പെട്ടെന്ന് മറ്റ് തടസ്സങ്ങളൊന്നും ഇല്ലാതെ തന്നെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനുള്ള മുൻകരുതലുകളും കനേഡിയൻ ഗവൺമെന്റ് സ്വീകരിച്ചിട്ടുണ്ട്.

ഗവൺമെൻറ് ഉദ്യോഗസ്ഥർക്ക് മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും ഭീഷണിയിലാണെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. കുട്ടികളിലും ഇതേ രോഗ ലക്ഷണങ്ങൾ തന്നെ കാണാൻ തുടങ്ങുകയും ചിലരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വരികയും ചെയ്ത പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ അവസ്ഥ ഉണ്ടാകുന്നതോടെ മനസ്സ് ആകെ ശൂന്യമായി പോകുകയും മുൻപ് എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്നൊക്കെ മറന്നു പോകുന്നതായും ഈ ഉദ്യോഗസ്ഥർ എല്ലാവരും തന്നെ പറയുന്നു.

ക്യൂബൻ ഗവൺമെന്റും സിഐഎയും മറ്റ് സുരക്ഷാ ഏജൻസികളും ചൈസീസ് സുരക്ഷാ ഏജൻസികളും എല്ലാം ഈ അജ്ഞാത രോഗത്തിന്റെ കാരണങ്ങളെ കുറിച്ച് പല സ്വതന്ത്ര അന്വേഷണങ്ങളും നടത്തിയെങ്കിലും ഒരു ചെറിയ തുമ്പ് പോലും ആർക്കും കണ്ടെത്താനായിട്ടിട്ടില്ല. ആരായിരിക്കും ഈ രോഗത്തിന് പിന്നിൽ? എന്തായിരിക്കും അവരുടെ ലക്‌ഷ്യം? എങ്ങേനെയാകും അവർ ഈ ഉദ്യോഗസ്ഥർക്ക് ഇത്തരമൊരു രോഗമുണ്ടാക്കിയത്? ലോകത്തെ കുഴക്കിക്കൊണ്ടിരിക്കുന്ന ഈ ചോദ്യങ്ങൾക്ക് ഇതുവരെയായിട്ടും ഉത്തരം ലഭ്യമായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍