UPDATES

വിദേശം

‘ഭീകരവാദം നിലനില്‍ക്കുന്നുണ്ടെന്നത് ഒരു സത്യം തന്നെയാണ്. പക്ഷെ ഇവിടെ അത് വിലപ്പോകില്ല’: ജെസിന്‍ഡ ആര്‍ഡന്‍

‘ലോകത്തില്‍ അതിവേഗം പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്ന ഭീകരവാദം എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്.’ ജെസിന്‍ഡ ആര്‍ഡന്‍

‘ഭീകരവാദം നിലനില്‍ക്കുന്നുണ്ടെന്നത് ഒരു സത്യം തന്നെയാണ്. പക്ഷെ ഇവിടെ അത് വിലപ്പോകില്ല. ഹിംസയും തീവ്രവാദവും ഇവിടെ ആരും പ്രോത്സാഹിപ്പിക്കില്ല.’ തന്നെ കേള്‍ക്കാന്‍ തടിച്ചുകൂടിയ ഇരുപതിനായിരത്തോളം ജനങ്ങള്‍ക്ക് മുന്‍പില്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്‍ തറപ്പിച്ച് തന്നെ പറഞ്ഞു. മുസ്ലിം പള്ളികളിലെ ആക്രമണം കഴിഞ്ഞ് രണ്ട് ആഴ്ച കഴിയുമ്പോളും ന്യൂസിലാന്‍ഡില്‍ അത് ഏല്‍പ്പിച്ച മുറിവുണങ്ങുന്നില്ല. ആക്രമണത്തെ അതിജീവിച്ചവര്‍, അത്ഭുതകരമായി രക്ഷപ്പെട്ടവര്‍, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍, ഇപ്പോഴും ഭയം മാറി സാധാരണ ജീവിതത്തിലേക്ക് എത്താത്തവര്‍ അങ്ങനെ ആയിരങ്ങളാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ സ്മരണാര്‍ത്ഥം അല്‍ നൂര്‍ മുസ്ലിം പള്ളിയില്‍ വിളിച്ചുചേര്‍ത്ത മഹാസമ്മേളനത്തില്‍ ജെസിന്‍ഡയെ കേള്‍ക്കാനെത്തിയത്. ആസ്ട്രേലിയ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

‘ലോകത്തില്‍ അതിവേഗം പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്ന ഭീകരവാദം എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്. നമ്മള്‍ മാത്രം വിചാരിച്ചാല്‍ അത് സാധിക്കില്ല. ആരെകൊണ്ടും ഒറ്റയ്ക്ക് സാധിക്കുന്ന കാര്യമല്ലത്. മനുഷ്യത്വത്തില്‍ മാത്രമാണ് അതിന്റെ ഉത്തരമുള്ളത്. അതിനാല്‍ നമ്മള്‍ ഈ അവസരത്തില്‍ നമ്മുടെ നാടിന്റെ കണ്ണീര്‍ എക്കാലവും ഓര്‍മിക്കണം. അതിന് ശേഷം നമ്മള്‍ പ്രദര്‍ശിപ്പിച്ച നിശ്ചയദാര്‍ഢ്യം ഓര്‍ക്കണം.’ ജെസിന്‍ഡ ഇത് പറയുമ്പോള്‍ അന്നാട്ടിലെ പൗരന്മാരെല്ലാം ആവേശത്തോടെ കേട്ടിരിക്കുകയായിരുന്നു.

ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിരവധി പേരാണ് രണ്ടാഴ്ച മുന്‍പ് ആക്രമണം നടന്ന അതെ പള്ളിയില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാനായി ഒത്തുകൂടിയത്. കൊലപാതകിയോട് നിങ്ങള്‍ക്ക് ക്ഷമിക്കാനാകുമോ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘ക്ഷമിക്കാനാണ് ഞങ്ങളെ അള്ളാഹു പഠിപ്പി ച്ച’തെന്നായിരുന്നു ഫരീദ് അഹമ്മദ് എന്ന ഒരു ചെറുപ്പക്കാരന്റെ മറുപടി. വെടിവയ്പ്പില്‍ നിന്നും ഫരീദ് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഭാര്യ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളികളിലെ വെടിവയ്പ്പില്‍ താന്‍ അത്യധികം ദുഖിതനാണെന്നും ഭീകരാക്രമണത്തിന് ശേഷം ന്യൂസിലാന്‍ഡ് കാണിച്ച സ്‌നേഹവും സഹാനുഭൂതിയും തന്നെ വിനയാന്വിതനാക്കിയെന്നും മുസ്ലിം കൗണ്‍സില്‍ പ്രസിഡന്റ്‌റ് ഷഗാഫ് ഖാന്‍ പറഞ്ഞു. ‘ആര്‍ക്കും ഒരിക്കലും മറക്കാനാകാത്ത തരത്തിലാണ് നാട്ടിലുണ്ടായ ദുരന്തത്തില്‍ ന്യൂസിലാന്‍ഡ് ഒറ്റക്കെട്ടായി പ്രതികരിച്ചത്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശസ്ത സംഗീതജ്ഞന്‍ യൂസഫ് ഇസ്ലാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി.

ന്യൂസിലാന്‍ഡില്‍ ഇപ്പോഴും ഭീതി ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ കടുത്ത സുരക്ഷാ സംവിധാനങ്ങളായിരുന്നു സമ്മേളനത്തിന് മുന്നോടിയായി ഏര്‍പ്പെടുത്തിയത്. റോഡുകള്‍ പലതും അടച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ആയിരങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തനായി പോലീസ് വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍