UPDATES

വിദേശം

“ഈ മനുഷ്യർ ഇല്ലായിരുന്നെങ്കിൽ…” ന്യൂസിലാൻഡ് കൂട്ടക്കൊലയെ പ്രതിരോധിച്ച ചില ധീരന്മാരുടെ കഥ

ആക്രമണ സ്ഥലത്ത് നിന്നും കാറിൽ ചീറിപ്പാഞ്ഞ് രക്ഷപെടാൻ ശ്രമിച്ച ഇയാളെ രണ്ട് പോലീസ്ഉദ്യോഗസ്ഥർ  പിന്തുടരുകയും പിടിച്ചുകെട്ടുകയും ചെയ്യുമ്പോൾ രണ്ട് പേരുടെയും കയ്യിൽ ചെറിയ തോക്കും മനക്കട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കൊല്ലാനായി തോക്കുമായി ചീറിപ്പാഞ്ഞു വരുന്ന കൊലയാളിയുടെ നേർക്ക് ക്രെഡിറ്റ് കാർഡ് റീഡിങ് യന്ത്രം വലിച്ചെറിഞ്ഞ ഒരാൾ, കൊലയാളിയുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ട തോക്കെടുത്ത് അയാളെ തുരത്തിയോടിച്ച ധീരൻ, കൊലയാളികളെ പിന്തുടർന്ന രണ്ട് പോലീസ് ഓഫീസര്‍മാര്‍… നമസ്‌കാരത്തിനായി നിരവധി ആളുകൾ ഒത്തുകൂടിയ ഒരു സ്ഥലത്ത് ഒരുപക്ഷെ ഇതിലും കൂടുതൽ മരണം നടന്നേക്കുമായിരുന്ന ആക്രമണം തടഞ്ഞു നിര്‍ത്തിയത് ഇങ്ങനെ ചില മനുഷ്യരുടെ പ്രതിരോധം കൊണ്ടാണ്. മരണം കൊലയാളിയുടെ രൂപത്തിൽ തോക്കുമായി തൊട്ടടുത്ത് നിൽക്കുമ്പോഴും മറ്റുള്ളവരെ രക്ഷിക്കാനായി ഈ മനുഷ്യർ കാണിച്ചതായിരുന്നു യഥാർത്ഥ ഹീറോയിസം. ദുരന്തമുഖത്തെ ‘ഹീറോ’കളെ കുറിച്ച് ദൃക്‌സാക്ഷികൾ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തുന്നത് ഇങ്ങനെയൊക്കെയാണ്.

അബ്ദുൽ അസീസ് എന്നയാൾ തന്റെ നാലു മക്കളോടൊടുമൊപ്പം ക്രൈസ്റ്റ് ചർച്ചിൽ നമസ്കാരത്തിനെത്തിയതായിരുന്നു. പെട്ടെന്നാണ് മാരകായുധങ്ങളുമായി അക്രമികളെത്തുന്നത്. ആളുകൾ പേടിച്ച് ചിതറി. തനിക്കു നേർക്ക് എത്തിയ ആക്രമിക്ക് നേരെ അസിസ് കയ്യിലിരുന്ന കാർഡ് റീഡിങ് മെഷിൻ വലിച്ചെറിഞ്ഞു. അസീസിന്‌ ഒട്ടും സമയം കളയാനുണ്ടായിരുന്നില്ല. അക്രമിയുടെ കയ്യിൽ നിന്നും തെറിച്ച് വീണ ഒരു തോക്കെടുത്ത് കൊലയാളിക്ക് നേരെ ചൂണ്ടി. തിരിച്ച് ആക്രമിക്കുമെന്നായപ്പോൾ ആക്രമി തന്റെ വാഹനത്തിനടുത്തേക്ക് ഓടിപോകുകയും തിടുക്കത്തിൽ കാർ ഓടിച്ച് പോകുകയും ചെയ്തു. കുറേകൂടി പേരെ കൊലപ്പെടുത്താൻ പദ്ധതിയുണ്ടായിരുന്ന കൊലയാളി, അസീസ് ഒരാൾ കാണിച്ച ധീരത കൊണ്ട് മാത്രമാണ് മടങ്ങി പോയതെന്ന് മുസ്‌ലിം പള്ളിയിലെ ഇമാം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കൂടുതൽ മുസ്ലീങ്ങളെ കൊലപ്പെടുത്തുന്നതിനു മുൻപ് ബ്രെണ്ടൻ റ്ററൻറ് എന്ന കുറ്റവാളിയെ കുടുക്കാൻ അസാമാന്യ ധൈര്യം വേണമായിരുന്നു. ആക്രമണ സ്ഥലത്ത് നിന്നും കാറിൽ ചീറിപ്പാഞ്ഞ് രക്ഷപെടാൻ ശ്രമിച്ച ഇയാളെ രണ്ട് പോലീസ്ഉദ്യോഗസ്ഥർ പിന്തുടരുകയും പിടിച്ചുകെട്ടുകയും ചെയ്യുമ്പോൾ രണ്ട് പേരുടെയും കയ്യിൽ ചെറിയ തോക്കും മനക്കട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജ്യത്തെ രക്ഷിച്ച ഈ ഉദ്യോഗസ്ഥർക്ക് മതിയായ അംഗീകാരം നൽകുമെന്നാണ് പ്രധാനമന്ത്രി ജെസിൻഡ ആർഡാൻ  ഉറപ്പു നൽകുന്നത്.

പള്ളിയിൽ വെടിവെയ്പ്പ് തുടങ്ങിയപ്പോൾ തന്നെ തന്റെ കൂടെയുള്ളവരെ രക്ഷിക്കാനായി അക്രമികളോട് മല്ലിട്ട നസീം റഷീദ് എന്നൊരാൾ ഉണ്ടായിരുന്നു. ആക്രമിയുടെ വെടിയേറ്റ് മരിച്ച് വീഴുന്നതിനു തൊട്ടു മുൻപ് വരെ ഇയാൾ പ്രതിരോധിക്കുക തന്നെയായിരുന്നു. അക്രമികളുടെ കൈവശം ഇതിൽ കൂടുതൽ പേരെ കൊല്ലാനുള്ള ആയുധങ്ങളും പദ്ധതികളും ഉണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി അറിയിക്കുമ്പോൾ ഈ സാധാരണ മനുഷ്യരുടെ ചെറിയ, വലിയ പ്രതിരോധങ്ങൾ തന്നെയാണ് കുറേപേരെയെങ്കിലും രക്ഷിച്ചതെന്ന് പറയാം. ഒടുവിൽ വിവരം വരുമ്പോൾ 50 പേരാണ് ന്യൂസിലൻഡിലെ ക്രൈസ്റ്റ്  ചർച്ചിൽ രണ്ട് മുസ്‌ലിം പള്ളികളിൽ നടന്ന വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. ഇപ്പോഴും ആശുപത്രിയിൽ തുടരുന്ന 34 പേരിൽ ഒരു നാലുവയസ്സുള്ള കുട്ടി ഉൾപ്പടെ പലരുടെയും നില അപകടകരമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍