UPDATES

വിദേശം

അമേരിക്കന്‍ സ്പീക്കറെ ഇയാള്‍ക്ക് കൊല്ലണം; ഒരു നവ നാസി സ്വരുക്കൂട്ടി വെച്ച മാരകായുധങ്ങള്‍ കണ്ട് ഞെട്ടി യു എസ് പോലീസ്

ഇയാളുടെ പട്ടികയിൽ സ്പീക്കർ നാൻസി പെലോസിയും യുഎസ് കോൺഗ്രസ് അംഗം അലക്‌സാൻഡ്രിയ ഒക്കഷിയോ കോർട്സ് ഉൾപ്പെടുന്നുണ്ട്

ആര്യൻ അതിശ്രേഷ്ഠതയിൽ വിശ്വസിച്ചാണ് ലോകം കണ്ട ഏറ്റവും വലിയ ക്രൂരന്മാരായ ഭരണാധികാരികളില്‍ ഒരാളായ അഡോൾഫ് ഹിറ്റ്ലർ ജൂതന്മാരെ തിരഞ്ഞ് പിടിച്ച് കൊന്നൊടുക്കിയത്. നാസി ഭീകരെപോലെ ലോകത്തെ ശുദ്ധീകരിക്കാൻ കോപ്പുകൂട്ടിയിരിക്കുന്ന ഒരു നിയോ നാസിയുടെ അറസ്റ്റ് വാർത്തകൾ കേട്ട് ലോകം നടുങ്ങിയിരിക്കുകയാണ്. വെള്ളക്കാരന്റെ ആധിപത്യത്തിൽ ഉറച്ച് വിശ്വസിക്കുന്ന ഒരു അമേരിക്കക്കാരൻ രാഷ്ട്രീയക്കാരെയും മാധ്യമപ്രവർത്തകരെയും കൊന്നൊടുക്കാനായി സ്വരുക്കൂട്ടി വെച്ചത് ഒരു മുറിനിറയെ മാരകായുധങ്ങളാണ്. ഒറ്റയടിക്ക് നിരവധി ആളുകളെ കൊന്നുതള്ളിയ 2011 നോർവെ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ആന്ദ്രെസ് ബ്രെവിക്കിന്റെ കടുത്ത ആരാധകനായ ഇയാൾ കൊലപ്പെടുത്തേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലായിരുന്നു.

ക്രിസ്റ്റഫർ പോൾ ഹാസ്സൻ എന്ന നാല്പത്തൊമ്പതുകാരനായ കോസ്റ്റ് ഗാർഡിന്റെ ജീവിതാഭിലാഷം തന്നെ കുറേപ്പേരെ കൊല്ലണമെന്നതാണ്. വെള്ളക്കാരന്‍റെ അതിശ്രേഷ്ഠതയിൽ വിശ്വസിക്കുന്ന ഇദ്ദേഹം താൻ ഒരു വെള്ള ദേശീയവാദി എന്ന് സ്വയം വിശേഷിപ്പിക്കുന്നുമുണ്ട്. ഈ ദേശിയവാദി ആരെയൊക്കെ കൊലപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കേൾക്കുമ്പോഴാണ് ശെരിക്കും ഞെട്ടിപോകുക. യു എസ് കൊണ്ഗ്രെസ്സ് നേതാക്കളെയും, പ്രമുഖ ആഗോളമാധ്യമങ്ങളിൽ പ്രത്യേകിച്ചും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമങ്ങളിലെ മാധ്യമ പ്രവർത്തകരെയുമാണ് ഇയാൾക്ക് അടിയന്തിരമായി കൊല്ലേണ്ടിയിരുന്നത്. ഇയാളുടെ പട്ടികയിൽ സ്പീക്കർ നാൻസി പെലോസിയും യുഎസ് കോൺഗ്രസ് അംഗം അലക്‌സാൻഡ്രിയ ഒക്കഷിയോ കോർട്സ് ഉൾപ്പെടുന്നുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹത്തെ മാരകായുധങ്ങളുമായി യുഎസ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അന്യായമായി ആയുധങ്ങളും മയക്കുമരുന്നുകളും കൈവശം വെച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. എന്നാൽ ആയുധം കയ്യിൽ വെച്ചുവെന്നത് യഥാർത്ഥ പ്രശ്‌നത്തിന്റെ മഞ്ഞുമലയുടെ വെറുമൊരു അഗ്രം മാത്രമേ ആകുന്നുള്ളൂവെന്നാണ് അന്വേഷണഉദ്യോഗസ്ഥരുടെ അഭിപ്രായം. ഉടൻ തന്നെ ഇയാളുടെ മാനസികനില പരിശോധിച്ചേക്കും. ഒരു വലിയ കൂട്ടം ആളുകളെ കൊല്ലാനായി പദ്ധതിയിട്ടതിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്ന മുറയ്ക്ക് നിയമ നടപടികൾ ശക്തമാക്കും. “രാജ്യം ഇതുവരെ നേരിട്ടിട്ടില്ലാത്ത വിധം ക്രൂരമായ വിധത്തിൽ നിഷ്കളങ്കരായ ഒരുപാട് ആളുകളെ കൊന്നൊടുക്കാനാണ് ഇയാൾ പദ്ധതി ഇട്ടിരുന്നത്.” യു എസ് ഉദ്യോഗസ്ഥർ പറയുന്നു. ഹാസ്സൻ ഒരു അപകടകാരിയായ ആഭ്യന്തര തീവ്രവാദിയാണെന്നാണ് ഇവർ വിലയിരുത്തുന്നത്.

എന്തിനാണ് ഈ കൊലകളെല്ലാം നടത്താനായി പദ്ധതിയിടുന്നത് എന്ന് വ്യക്തമല്ലെങ്കിലും ഈ ഭൂമിയിലെ എല്ലാ മനുഷ്യരെയും കൊന്നു കളയണം എന്ന് ഹാസ്സൻ പറഞ്ഞതായി യുഎസ് കോടതി രേഖകളിലുണ്ട്. കൊലപാതകം നടത്താൻ തീരുമാനിച്ച തീയതിയും സ്ഥലവും രീതികളുമൊന്നും കോടതി രേഖകളില്ല. എങ്കിലും ഒരു കൂട്ടം ആളുകളെ കൊല്ലാനുള്ള മാരകായുധങ്ങളും പദ്ധതികളുമെല്ലാം ഹാസ്സൻ തയ്യാറാക്കി വെച്ചിരുന്നുവെന്ന് വ്യക്തമാണ്. ട്രംപിനെ ഇംപീച്ച് ചെയ്താൽ ഉണ്ടായേക്കാനിടുള്ള ആഭ്യന്തര യുദ്ധത്തെക്കുറിച്ച് ഇയാൾ നിരന്തരം ഗൂഗിളിൽ തിരഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

“നിങ്ങൾ നിങ്ങളുടെ എല്ലാ ഹിംസയും എനിക്ക് തരൂ, ഞാൻ അതിനെയൊക്കെ തുറന്നു പ്രകടിപ്പിക്കാം, പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുക്കുന്ന മനുഷ്യരെ കാണുമ്പോൾ എനിക്ക് തമാശ തോന്നുകയാണ്. ഞാൻ ദ്രുതഗതിഹയിൽ എല്ലാം നടപ്പിലാക്കുന്ന വ്യക്തിയാണ്. സമാധാനപരമായ കാര്യങ്ങൾ കൊണ്ട് യാതൊരു കാര്യവുമില്ല, വളരെ ആസൂത്രിതമായ ഹിംസ കൊണ്ടേ മാറ്റം കൊണ്ടുവരാനാകൂ”. ഹാസ്സൻ പറഞ്ഞതായി കോടതി രേഖകളിലുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍