UPDATES

മാര്‍ക്‌സിന്റെ മൂലധനത്തിന് 150 വയസ്

മൂലധനത്തിന്റെ അടിസ്ഥാനപരമായ സവിശേഷത അത് ഒരേസമയം ശക്തി വര്‍ദ്ധിപ്പിക്കുകയും തൊഴിലാളികള്‍, കര്‍ഷകര്‍, തുടങ്ങിയ വര്‍ഗങ്ങളെ ദരിദ്രരാക്കുകയും ചെയ്യുന്നു എന്നതാണ്.

കാള്‍ മാര്‍ക്‌സിന്റെ വിഖ്യാതമായ മൂലധനം (ദാസ് കാപ്പിറ്റല്‍) പ്രസിദ്ധീകരിച്ചിട്ട് 150 വര്‍ഷം തികയുകയാണ്. ജര്‍മ്മന്‍ ഭാഷയില്‍ Das Kapital, Kritik der politischen Ökonomie (Capital: Critique of Political Economy) എന്ന പേരില്‍ പുറത്തിറങ്ങിയ ഈ പുസ്തകമാണ് മാര്‍ക്‌സിസ്റ്റ്‌ സാമ്പത്തിക – രാഷ്ട്രീയ വിശകലനത്തിന്റെ ഏറ്റവും ആധികാരികമായ ഗ്രന്ഥം. മുതലാളിത്തത്തിന്റേയും മൂലധനത്തിന്റേയും ഉത്പ്പാദന വ്യവസ്ഥയുടേയും മനുഷ്യസമൂഹത്തിന്റേയും യാഥാര്‍ത്ഥ്യങ്ങളുടെ, വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ ഊന്നിയ വിശകലനം. 21ാം നൂറ്റാണ്ടിലെ സാമ്പത്തികമാന്ദ്യ കാലത്ത് കടുത്ത മാര്‍ക്‌സിസ്റ്റ് വിരുദ്ധരായ മുതലാളിത്ത ചിന്തകര്‍ പോലും മുതലാളിത്തത്തിന്റെ പ്രതിസന്ധികളേയും ദൗര്‍ബല്യങ്ങളേയും കുറിച്ച് അന്വേഷിച്ചത് ദാസ് കാപ്പിറ്റല്‍ അടക്കമുള്ള മാര്‍ക്‌സിന്റെ കൃതികളിലാണ്. കാള്‍ മാര്‍ക്‌സിന്റെ ചിന്തകളും ആശയങ്ങളും മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രവും അത് മുന്നോട്ട് വയ്ക്കുന്ന സമ്പദ് വ്യവസ്ഥയും കാലഹരണപ്പെട്ടു എന്ന് ആവര്‍ത്തിച്ച് പറയുന്നവര്‍ തന്നെ അത് അന്വേഷിച്ച് പോകുമ്പോള്‍ മാര്‍ക്‌സും മൂലധനവും കാലത്തെ അതിജീവിച്ച് നിറഞ്ഞ് നില്‍ക്കുകയാണ്. ലോകചരിത്രത്തെ മാറ്റുന്നതില്‍ സമാനതകളില്ലാത്ത പങ്ക് വഹിച്ച ഈ പുസ്തകത്തെക്കുറിച്ച്, ദാസ് കാപ്പിറ്റലിനും കാള്‍ മാര്‍ക്‌സിനും സമകാലീന ലോകത്തുള്ള പ്രസക്തിയെക്കുറിച്ച് വിലയിരുത്തുകയാണ് ഇടതുപക്ഷ സാമ്പത്തിക വിദഗ്ധയും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറുമായ ജയതി ഘോഷ്.

മൂന്ന് തടിച്ച വോള്യങ്ങളുള്ള, രണ്ടായിരത്തിലധികം പേജ് വരുന്ന ഒരു പുസ്തകം 150 വര്‍ഷമായി അച്ചടിച്ചുകൊണ്ടിരിക്കുകയും വായിക്കപ്പെടുകയും ചെയ്യുന്നു. പൂര്‍ത്തിയാകാത്ത ഭാഗങ്ങളുണ്ട് ഈ പുസ്തകത്തില്‍. ഏറ്റവും മികച്ച പരിഭാഷകളില്‍ പോലും എഴുത്ത് പലപ്പോഴും ദുര്‍ഗ്രഹമായി തുടര്‍ന്നു. ആശയങ്ങള്‍ സങ്കീര്‍ണമാണ്. എളുപ്പത്തില്‍ വായിച്ച് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. പുസ്തകത്തില്‍ പറയുന്ന സാമ്പത്തിക – സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ 19ാം നൂറ്റാണ്ടിലെ വടക്കുപടിഞ്ഞാറന്‍ യൂറോപ്പിലെ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വിലയിരുത്തലുകളാണ്. നമ്മുടെ ഇന്നത്തെ സാഹചര്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായത്.

കാലഹരണപ്പെട്ടു എന്ന് പല തവണ പറഞ്ഞിട്ടും പിന്നെയും വായിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുസ്തകമാണ് മൂലധനം. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യ കാലത്ത് ശക്തമായ തിരിച്ചുവരവാണ് മൂലധനം നടത്തിയത്. എന്തുകൊണ്ട് ആളുകള്‍ ഇപ്പോളും മാര്‍ക്‌സിന്റെ മൂലധനം വായിക്കുന്നു എന്ന് ചോദിച്ചാല്‍ അതിന് ഈ കാലഘട്ടത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലും സാഹചര്യങ്ങളിലും പ്രസക്തി നിലനില്‍ക്കുന്നത് കൊണ്ട് എന്ന് തന്നെയാണ് ഉത്തരം. മുതലാളിത്തം എന്താണ്, അതിന്റെ സ്വഭാവം എന്താണ് എന്നറിയാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. മുതലാളിത്തം എങ്ങനെയൊക്കെ പരിഷ്‌കരിച്ചാലും അത് എക്കാലവും നേരിടുന്ന ദൗര്‍ബല്യങ്ങളും പ്രതിസന്ധികളുമുണ്ട്. മൂലധനം അത് വിശദീകരിച്ച് തരും.

മാര്‍ക്‌സിനെ സംബന്ധിച്ച് മൂലധനം എന്ന് പറയുന്നത് സ്വയമുണ്ടാകുന്ന ഒന്നല്ല. ഉത്പ്പാദനോപാധികള്‍ മുതല്‍ ഭൂമിയും തൊഴിലും വരെയുള്ളവയുടെ ഘടകം മാത്രമല്ല. മറിച്ച് അത് ഉത്പ്പാദനത്തിന്റെ സാമൂഹ്യബന്ധങ്ങളുടെ പ്രകടനമാണ്. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള സാമൂഹ്യബന്ധമാണ് മുതലാളിത്ത ഉത്പ്പാദനം സാധ്യമാക്കുന്നത്. ഇത് സാധ്യമാകാന്‍ തൊഴിലാളികള്‍ രണ്ട് തരത്തില്‍ സ്വതന്ത്രരാകണം. അദ്ധ്വാനശേഷി വില്‍ക്കാനുള്ള സ്വാതന്ത്ര്യമാണ് ഒന്ന്. ഉത്പ്പാദനോപാധികളുടെ ഉടമസ്ഥാവകാശത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് മറ്റേത്. ഉത്പ്പാദനോപാധികളുടെ ഉടമസ്ഥാവകാശം ഇല്ലാത്തതിനാല്‍ അദ്ധ്വാനശേഷി വില്‍ക്കുക എന്നത് മാത്രമാണ് മുതലാളിത്ത ഉത്പ്പാദനത്തില്‍ തൊഴിലാളികള്‍ക്ക് മുന്നിലുള്ള വഴി.

സബ് കോണ്‍ട്രാക്ടുകളുടേയും പുറംതൊഴിലുകളുടേയും കാലത്തെ സമ്പദ് വ്യവസ്ഥകള്‍ സങ്കീര്‍ണമായ സാഹചര്യങ്ങള്‍ നേരിടുമ്പോളും അടിത്തട്ടിലെ സാമൂഹ്യബന്ധങ്ങള്‍ ഗുരുതരമായ പ്രശ്‌നങ്ങളുമായി തുടരുന്നു. ഉത്പ്പാദനോപാധികളുടെ ഉടമസ്ഥത ചുരുക്കം ചിലരില്‍ കേന്ദ്രീകരിക്കുന്നതാണ് മൂലധനത്തെ സഹായിക്കുന്നത്. എന്നാല്‍ കേന്ദ്രീകരണം സാധ്യമാക്കുന്നത് നേരത്തെ കൈവശം വച്ചിരുന്നവരില്‍ നിന്ന് അത് നേടിയെടുക്കുന്നതിലൂടെയാണ്. സ്വന്തമായ ഉത്പ്പാദനശേഷിയുള്ള കര്‍ഷകരില്‍ നിന്നും ചെറുകിട കൈത്തൊഴിലുകാരില്‍ നിന്നും മറ്റും. പ്രാകൃതമായ ഈ കൂന്നുകൂട്ടലിന് പലപ്പോഴും അക്രമാസക്തമായ സ്വഭാവമുണ്ടാകും. പക്ഷെ അത് നടക്കുന്നു. കൂടുതല്‍ സങ്കീര്‍ണമായി അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. വ്യത്യസ്ത പ്രദേശങ്ങളിലും വ്യത്യസ്ത മേഖലകളിലും മുതലാളിത്ത വികാസത്തിന്റെ അഭാവം ഇതിന് കാരണമാകുന്നുണ്ട്.

ഉത്പ്പന്നത്തോട് അല്ലെങ്കില്‍ ചരക്കിനോടുള്ള ആസക്തി എന്ന് വിളിക്കാവുന്ന ഒന്ന് ശക്തമാണ്. commodity fetishism എന്ന വാക്കാണ് അതിനുപയോഗിക്കുന്നത്. വ്യക്തികള്‍ തമ്മിലുള്ള ബന്ധം പലപ്പോഴും ഉല്‍പ്പന്നവും പണവും തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ എന്ന് പറയുമ്പോള്‍ അത് ചരക്കും സേവനങ്ങളും എല്ലായ്‌പ്പോഴും വസ്തുക്കളുടെ രൂപത്തിലല്ല വരുന്നത്. അവയ്ക്ക് ഉപയോഗമൂല്യവും വിപണനമൂല്യവുമുണ്ട്. പക്ഷെ ഈ മൂല്യം അധ്വാനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്നതായി കാണുന്നതിന് പകരം ഈ ഉല്‍പ്പന്നങ്ങള്‍ക്ക് സഹജമായി ഉണ്ടെന്ന തരത്തില്‍ കാണുന്നു. ഉല്‍പ്പന്നങ്ങളുടെ കൈമാറ്റവും കമ്പോളത്തെ അടിസ്ഥാനമാക്കിയുള്ള വിനിമയവുമാണ് വസ്തുക്കളെ കൈകാര്യം ചെയ്യുന്ന സാധാരണ രീതി. അല്ലാതെ ചരിത്രപരമായി സവിശേഷതകളുള്ള സാമൂഹ്യബന്ധങ്ങളുടെ അടിസ്ഥാനത്തിലല്ല. Commodity fetishism ഒരു തരത്തിലുള്ള മിഥ്യാബോധമാണ്. സ്വകാര്യസ്വത്തിന് മുതലാളിത്തത്തിലുള്ള പ്രാധാന്യമാണ് ഈ മിഥ്യാബോധത്തിന് കാരണമാകുന്നത്. ആളുകള്‍ എങ്ങനെ ജോലി ചെയ്യുന്നു ആശയവിനിമയം നടത്തുന്നു എന്നീ കാര്യങ്ങള്‍ മാത്രമല്ല, അവര്‍ എങ്ങനെ യാഥാര്‍ത്ഥ്യത്തെയും സാമൂഹ്യമാറ്റങ്ങളേയും എങ്ങനെ മനസിലാക്കുന്നു എന്ന് കൂടി ഈ Commodity fetishsim തീരുമാനിക്കുന്നു. സ്വത്ത് സമ്പാദിക്കാനുള്ള ത്വര, ഭൗതിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലുള്ള ആസക്തി തുടങ്ങിയവയെല്ലാം കൊമഡിറ്റി ഫെറ്റിഷിസത്തിന്റെ പരിധിയില്‍ വരുന്നു. നയരൂപീകരണം നടത്തുന്നവര്‍ക്കിടയിലും സര്‍ക്കാര്‍വൃത്തങ്ങളിലും പൊതുസമൂഹത്തിലും ജിഡിപി വളര്‍ച്ചയോടുള്ള അമിതമായ താല്‍പര്യവും പരിഗണനയും നിലവില്‍ കൊമഡിറ്റി ഫെറ്റിഷിസത്തിന് മികച്ച ഉദാഹരണമാണ്.

പ്രധാനമായും മൂന്ന് വസ്തുതകളാണ് മുതലാളിത്ത ഉല്‍പ്പാദനം സംബന്ധിച്ച് മാര്‍ക്‌സ് ചൂണ്ടിക്കാട്ടുന്നത്.

1. ഉല്‍പ്പാദനോപാധികള്‍ ചുരുക്കം ചിലരുടെ കയ്യില്‍ കേന്ദ്രീകരിക്കുക. സാമൂഹ്യ ഉല്‍പ്പാദനത്തിലേയ്ക്ക് തിരിയുന്നു

2. അദ്ധ്വാനം സംഘടിതമായി സാമൂഹ്യ അദ്ധ്വാനമായി മാറുന്നു. സഹകരണം, തൊഴില്‍ വിഭജനം, അദ്ധ്വാനത്തേയും പ്രകൃതിശാസ്ത്രങ്ങളേയും ബന്ധിപ്പിക്കുന്നു എന്നിവയിലൂടെ തൊഴില്‍മേഖല സംഘടിക്കപ്പെടുന്നു.

3. ലോക കമ്പോളം സൃഷ്ടിക്കപ്പെടുന്നു

മൂന്നാമത്തെ പ്രത്യേകതയാണ് നാം ഇന്ന് ആഗോളവത്കരണം എന്ന് വിശേഷിപ്പിക്കുന്ന പ്രതിഭാസം. വികസിക്കാനും പഴയ ഉല്‍പ്പാദനരീതികളെ തകര്‍ത്ത് മുന്നേറാനും സാങ്കേതികവിദ്യയും സ്ഥാപനങ്ങളും നിരന്തരം പരിവര്‍ത്തിപ്പിക്കാനുമുള്ള വ്യവസ്ഥിതിയുടെ സ്വാഭാവിക പ്രവണതയുമാണിത്. മുതലാളിത്തം ചലനാത്മകമാണ്. അത് നിരന്തരം പുതിയ ഉല്‍പ്പാദന സംഘടനകളേയും സാമ്പത്തിക സ്ഥാപനങ്ങളേയും രൂപപ്പെടുത്തിക്കൊണ്ടിരിക്കും. പഴയ ഫാക്ടറി സംവിധാനങ്ങള്‍ക്ക് പുറമെ ധനകാര്യ സ്ഥാപനങ്ങള്‍, ഘടനകള്‍, നിയമ സംവിധാനങ്ങള്‍ എല്ലാം വന്നു. മൂലധനം കുമിഞ്ഞുകൂടുന്നത് ഉല്‍പ്പാദനക്ഷമത കൂട്ടുകയും വ്യവസ്ഥിതികളെ മാറ്റുകയും ചെയ്യുന്നു. എന്നാല്‍ സമത്വപൂര്‍ണമായ വികസനം സാധ്യമാക്കുന്നില്ല. തുടര്‍ച്ചയായ അസന്തുലിതാവസ്ഥയുണ്ടാക്കുന്ന ഒന്നായാണ് മാര്‍ക്സ് മുതലാളിത്തത്തെ കണ്ടത്. തുല്യനീതിയില്ലാത്ത വികസനമാണ് ഈ അവസ്ഥയുണ്ടാക്കുന്നത്.

ഉല്‍പ്പാദനശക്തികളുടെ വികാസവും ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യകത സൃഷ്ടിക്കാനുള്ള സാമ്പത്തിക സംവിധാനത്തിന്റെ പ്രാപ്തിയും തമ്മില്‍ പരമ്പരാഗതമായി സംഘര്‍ഷമുണ്ട്. ഭൂമിശാസ്ത്രപരമായി അസന്തുലിതമായ വികസനം, വികസിതവും അവികസിതവുമായ മേഖലകളുണ്ടാക്കുന്നു. സാമ്രാജ്യത്വത്തെ വിശദീകരിക്കാനും ഇത് ഉപയോഗിക്കാം. വ്യത്യസ്ത സാമ്പത്തിക മേഖലകളെ നിയന്ത്രിക്കാനുള്ള പോരാട്ടമാണത്. പണത്തെ ഒരു വിനിമയ മാധ്യമമായും പണത്തെ മൂല്യനിര്‍ണയ ഉപാധിയായും കാണുന്നത് തമ്മില്‍ അസന്തുലിതാവസ്ഥയുണ്ട്. ക്രെഡിറ്റിന്റേയും ഫിനാന്‍സിന്റേയും വികാസത്തോടെ ഈ അസന്തുലിതാവസ്ഥയും വലുതാകുന്നു. ഇത് സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിക്കാം.

മൂലധനത്തിന്റെ അടിസ്ഥാനപരമായ സവിശേഷത എന്ന് പറയുന്നത് അത് ഒരേസമയം ശക്തി വര്‍ദ്ധിപ്പിക്കുകയും തൊഴിലാളികള്‍, കര്‍ഷകര്‍, തുടങ്ങിയ വര്‍ഗങ്ങളെ ദരിദ്രരാക്കുകയും ചെയ്യുന്നു. ഇതിലൂടെ അത് വര്‍ഗസമരത്തിലേയ്ക്ക് നയിക്കുന്നു. അതേസമയം ഒരേ സാമ്പത്തിക വര്‍ഗങ്ങള്‍ക്ക് അകത്ത് തന്നെ ഇത് സംഘര്‍ങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വ്യക്തിമൂലധനം മറ്റ് മൂലധനങ്ങളുമായും വ്യക്തിയായ തൊഴിലാളി മറ്റ് തൊഴിലാളികളുമായും സംഘര്‍ഷത്തിലേര്‍പ്പെടുന്നു. അതിജീവനത്തിനായുള്ള ഒരു സമരം ഇവിടെ നടക്കുന്നുണ്ട്. അതേസമയം ഇത് മാര്‍ക്‌സ് കമ്പോളത്തിന്റെ അരാജകത്വം എന്ന് വിളിക്കുന്ന അവസ്ഥയിലേയ്ക്കും പ്രതിസന്ധിക്കുള്ള അനിവാര്യമായ പ്രവണതയിലേയ്ക്കും നയിക്കുന്നു. വ്യക്തിഗത മൂലധനം കൂടുതല്‍ ലാഭത്തിനായി പ്രവര്‍ത്തിക്കുമ്പോളാണ് അമിതോല്‍പ്പാദനം നടക്കുന്നത്. സ്വത്ത് കുന്നുകൂട്ടുന്ന ഈ പരിപാടി ഒരിക്കലും അത്ര എളുപ്പമല്ല. മറിച്ച് അത് അസന്തുലിതവും പ്രതിസന്ധികള്‍ നിറഞ്ഞതുമാണ്. കൂടുതല്‍ സാമ്പത്തികവളര്‍ച്ചയിലും സാങ്കേതികവിദ്യയുടെ വികാസത്തിലും മുതലാളിത്തം ഭാഗികമായി വിജയിക്കുന്നതിന്റെ ഫലമാണിത്.

ഈ പ്രതിസന്ധികളെല്ലാം മുതലാളിത്തത്തില്‍ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങളെ പരിഹരിക്കുന്നതിനുള്ള വഴികൂടിയാണ്. ഇത്തരം പ്രതിസന്ധികള്‍ സാധാരണയായി നിലവിലുള്ള ഉല്‍പ്പന്നങ്ങളുടേയും ഉല്‍പ്പാദനശക്തികളുടേയും വലിയൊരു ശതമാനത്തെ തകര്‍ക്കുന്നു. മുതലാളിത്തത്തിന്റെ പ്രതിസന്ധികള്‍ ധനകാര്യ സംബന്ധിയായത് മാത്രമല്ല. ധനകാര്യ മൂലധനം ആധിപത്യം സ്ഥാപിക്കുന്നത് സംബന്ധിച്ച് മാര്‍ക്‌സ് പറഞ്ഞിട്ടില്ല. എന്നാല്‍ പുസ്തകം പുരോഗമിക്കുന്തോറും ഇത് മുന്‍കൂട്ടി കാണുന്നതായി മനസിലാക്കാം. മുതലാളിത്തത്തിന്റെ അടിസ്ഥാന സവിശേഷതകളായി മാര്‍ക്‌സ് അവതരിപ്പിക്കുന്നത് അന്യവത്കരണം എന്ന പ്രശ്‌നമാണ്. ഇതിനെ ഒപു സമൂഹത്തില്‍ നിന്നോ സമുദായത്തില്‍ നിന്നോ ഉള്ള വ്യക്തിയുടെ ഒറ്റപ്പെടലായിട്ടല്ല മാര്‍ക്‌സ് കണ്ടത്. തൊഴിലാളികളുടെ വലിയൊരു കൂട്ടത്തിന്റെ അവസ്ഥയായിട്ടാണ് കണ്ടത്. ഏറ്റവും എളുപ്പത്തില്‍ ഇതിനെ വിശദീകരിക്കാവുന്നത് തൊഴിലാളികള്‍ക്ക് സ്വന്തം തൊഴിലില്‍ പോലുമുള്ള നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയാണ്. അവര്‍ക്ക് അവരുടെ തൊഴില്‍കേന്ദ്രങ്ങളോ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളേയോ സഹതൊഴിലാളികളുമായുള്ള ബന്ധത്തേയോ സ്വന്തമാക്കാനാവുന്നില്ല. അവരുടെ നിലനില്‍പ്പിനെ ഇത് കൃത്യമായി നിര്‍വചിക്കുന്നുണ്ട്. മുതലാളിത്ത വ്യവസ്ഥിതിയില്‍ തൊഴിലാളികള്‍ക്ക് ഒരിക്കലും സ്വയംപര്യാപ്തരും സ്വയംനിയന്ത്രണാവകാശവുമുള്ള മനുഷ്യരോ സാമൂഹ്യജീവികളോ ആയി മാറാന്‍ കഴിയില്ലെന്ന് ഇത് വ്യക്തമാക്കുന്നു.

ഈ അന്യവത്കരണവും കൊമഡിറ്റി ഫെറ്റിഷിസവും ചേര്‍ന്ന് ഒരു പ്രത്യേകതരം അസ്വാതന്ത്ര്യമുണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും അങ്ങനെ ശ്രദ്ധിക്കപ്പെടാറില്ല. ജീവനുള്ള എല്ലാ വസ്തുക്കളും സ്വത്തായോ സാമൂഹ്യബന്ധങ്ങളായോ വിനിമയം ചെയ്യപ്പെടാന്‍ ഉതകുംവിധം പരിവര്‍ത്തിക്കപ്പെടുന്നു. തീര്‍ച്ചയായും ഈ പുസ്തകം മുതലാളിത്തത്തെ കുറിച്ച് എല്ലാം പറയുന്നില്ല. വേതനമില്ലാത്ത അധ്വാനത്തിന്റെ കാര്യമെടുക്കാം. വീടുകള്‍ക്കകത്തെ ശുശ്രൂഷകള്‍ തുടങ്ങിയവ എടുക്കാം. പ്രകൃതിയുമായി സമ്പദ് വ്യവസ്ഥക്കുള്ള ബന്ധമെടുക്കാം. അതേസമയം ഈ പുസ്തകം നല്‍കുന്ന വിവരങ്ങള്‍ക്കായി ഇപ്പോളും ആളുകള്‍ തിരഞ്ഞുകൊണ്ടിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍