UPDATES

വിദേശം

യുഎസ് കോൺഗ്രസിന് തടുക്കാനായില്ല, മതിലിനായി ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പ്രതിപക്ഷത്തിന്റെ നീക്കങ്ങളെക്കുറിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഒരു വലിയ നിയമ -രാഷ്ട്രീയ യുദ്ധം തന്നെ പ്രതീക്ഷിക്കാമെന്നാണ് ആഗോള മാധ്യമങ്ങളുടെ വിലയിരുത്തൽ.

മറ്റൊരു ജനാധിപത്യ പ്രതിസന്ധി കൂടി ഒഴിവാക്കാനുള്ള യുഎസ് കോൺഗ്രസിന്റെ ശ്രമങ്ങളൊന്നും വിലപ്പോയില്ല. യുഎസിൽ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തികളിലെ സുരക്ഷിതത്വത്തെ കുറിച്ച് അമിതപ്രാധാന്യത്തോടെ ചർച്ച ചെയ്ത ട്രംപ് പക്ഷെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണമായി പറയുന്ന മതിൽ നിർമ്മാണത്തിനുള്ള ധനസമാഹരണത്തെക്കുറിച്ച് അധികമൊന്നും സംസാരിച്ചില്ല. രാജ്യത്തിൻറെ സുരക്ഷിതത്വത്തിനായി താൻ വാക്ക് പറഞ്ഞിരുന്ന മതിൽ ഉയർത്തുമെന്നും ആ സമയത്ത് അതിർത്തികളിൽ ഉണ്ടായേക്കാവുന്ന മാനവിക പ്രതിസന്ധിയ്ക്കെതിരെ കരുതിയിരിക്കാനാണ് ഈ അടിയന്തരാവസ്ഥ എന്ന മട്ടിലാണ് ആഗോള മാധ്യമങ്ങൾക്ക് മുൻപിൽ ട്രംപ് കാര്യങ്ങൾ അവതരിപ്പിച്ചത്. അതിർത്തികളിലൂടെയുള്ള മയക്കുമരുന്ന് മാഫിയകളുടെയും കൊടും ക്രിമിനലുകളുടെയും കടന്നുകയറ്റം തടയാൻ എന്ന മട്ടിലാണ് ട്രംപ് ദേശീയ അടിയന്തരാവസ്ഥയെക്കുറിച്ച് പറയുന്നത്.

അതേസമയം കോൺഗ്രസിന്റെ അധികാരത്തെ പരിമിതപ്പെടുത്താനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ  ഏറ്റവും വലിയ തെളിവാണ് അതിർത്തികളിൽ പ്രഖ്യാപിച്ചിരിക്കുന്ന ഈ ദേശീയ അടിയന്തരാവസ്ഥ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ട്രംപ് കണക്കുകൂട്ടിയതിലും വളരെ കുറവ് തുക മാത്രം മതിൽ നിർമിക്കാൻ അനുവദിക്കുന്ന കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ട്, അതിർത്തികളിലെ സുരക്ഷയും മയക്കുമരുന്ന് വ്യാപാരവും പറഞ്ഞ് നാടിൻറെ ആന്റിഡ്രഗ്‌ , മിലിറ്ററി ഫണ്ടുകളിൽ നിന്ന് കോടിക്കണക്കിന് പണം മതിലിനായി ഒഴുക്കാനാണ് ട്രംപിന്റെ നീക്കം. അതിർത്തികളിൽ നിന്നുള്ള നിയമവിരുദ്ധ നുഴഞ്ഞുകയറ്റത്തിലേക്ക് ശ്രദ്ധ കാണിക്കാനും നാടിൻറെ സുരക്ഷിതത്വത്തെ അത് താറുമാറാക്കുമെന്ന് പറഞ്ഞുമാണ് ട്രംപ് ഈ ഏറ്റവും വലിയ അധികാരപ്രയോഗം നടത്തുന്നത്.

അടിയന്തരാവസ്ഥ ഒഴിവാക്കാനായി ധനവിനിയോഗത്തിനായുള്ള ഉഭയകക്ഷി കരാർ സെനറ്റ് വോട്ട് ചെയ്തത് അംഗീകരിച്ചിരുന്നു. എന്നാൽ 5.7 ബില്യൺ പ്രതീക്ഷിച്ചിരുന്നിടത്ത്  1.4 ബില്യൺ ഡോളർ മാത്രം നൽകാനേ ബില്ലിൽ അനുമതി ഉണ്ടായിരുന്നുള്ളൂ. ട്രംപിന്റെ അധികാരപ്രമത്തതയുടെ തെളിവായി ഇത് ഡെമോക്രാറ്റുകൾ ഉയർത്തികാണിച്ച് നിയമ പോരാട്ടത്തിനിറങ്ങിയാൽ അന്തിമതീരുമാനം പരമോന്നത നീതിപീഠത്തിന്റേതായിരിക്കും.

റോസ് ഗാർഡനിൽ വെച്ച് നടന്ന 50 മിനുട്ട് വാർത്താസമ്മേളനത്തിൽ, അതിർത്തികളിൽ സുരക്ഷാ പ്രശനങ്ങളും മാനവിക പ്രതിസന്ധിയുമുണ്ടെന്നതിന് കൂടുതൽ തെളിവുകൾ നിരത്താന്‍ ട്രംപിനായില്ല. തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ സംസാരിച്ചിരുന്ന ട്രംപ്, പുറത്തുനിന്ന് നുഴഞ്ഞുകയറ്റമുണ്ടെന്ന് ഏഴ് പ്രാവശ്യമെങ്കിലും ആവർത്തിച്ച് പറഞ്ഞിരുന്നു. അതേസമയം പ്രതിപക്ഷത്തിന്റെ നീക്കങ്ങളെക്കുറിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഒരു വലിയ നിയമ – രാഷ്ട്രീയ യുദ്ധം തന്നെ പ്രതീക്ഷിക്കാമെന്നാണ് ആഗോള മാധ്യമങ്ങളുടെ വിലയിരുത്തൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍