UPDATES

വിദേശം

“എന്റെ കുഞ്ഞിനോട് പരലോകത്ത് വെച്ച് നിങ്ങൾ മറുപടി പറയേണ്ടി വരും,” ചെറുമകന്റെ ശവസംസ്കാരത്തിനായി ജയിലിൽ നിന്നെത്തിയ മുൻ ബ്രസീൽ പ്രസിഡണ്ട് ലുലാ ഡാ സിൽവ

രാവിലെ ഏഴു മണിക്ക് ജയിലിൽ നിന്നും ലുലയെ സൊ പോളയിലേക്ക് കൊണ്ട് വന്നപ്പോൾ നൂറുകണക്കിന് ആളുകളാണ് ലുലയ്ക്ക് പിന്തുണ അറിയിച്ച് തടിച്ച് കൂടിയത്.

“എന്റെ കുഞ്ഞിനെ നിങ്ങൾ ഒരിക്കൽ പരലോകത്ത് വെച്ച് കാണും. നിരപരാധിയായ എന്റെ മുത്തച്ഛനെ നിങ്ങളെല്ലാം കൂടി ജയിലിൽ അടച്ചില്ലേ എന്ന് അവൻ ചോദിക്കും, മുത്തശ്ശൻ ജയിലിൽ ആണെന്നത് പറഞ്ഞ് അവനെ സ്കൂളിൽ എത്ര പേര് കളിയാക്കിയിട്ടുണ്ടെന്നും അതിൽ ആ കുഞ്ഞ് മനസ്സ് എത്ര വേദനിച്ചെന്നും അവൻ നിങ്ങൾക്ക് പറഞ്ഞു തരും” ചെറുമകന്റെ ശവസംസ്കാരത്തിനായി ജയിലിൽ നിന്നെത്തിയ മുൻ ബ്രസീൽ പ്രസിഡണ്ട് ലൂയിസ് ഇൻസിയൊ ലുലാ ഡാ സിൽവ ഇങ്ങനെയാണ് തന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കുറിച്ചത്. അഴിമതികേസിൽ കോടതി 12 വർഷത്തേക്ക് ശിക്ഷിച്ച ലുലയ്ക്ക് ഇന്ന് ഉച്ച വരെ ജയിലിനു പുറത്തിറങ്ങാം. കുഞ്ഞുമകന്റെ ശവസംസ്കരച്ചടങ്ങ് കഴിഞ്ഞ് വൈകുന്നേരം ലുലയ്ക്ക് ജയിലേക്ക് മടങ്ങി പോകണം.

മസ്തിഷക സംബന്ധമായ അസുഖങ്ങൾ മൂലം മരണമടഞ്ഞ ഏഴു വയസ്സുള്ള ചെറുമകനെ അവസാനമായി ഒരു വട്ടം കാണുന്നതിനാണ് ഇത് ആദ്യമായി മുൻപ്രസിഡന്റിനെ ജയിലിൽ നിന്ന് പുറത്ത് പോകാൻ അനുവദിച്ചത്. രാവിലെ ഏഴു മണിക്ക് ജയിലിൽ നിന്നും ലുലയെ സൊ പോളയിലേക്ക് കൊണ്ട് വന്നപ്പോൾ നൂറുകണക്കിന് ആളുകളാണ് ലുലയ്ക്ക് പിന്തുണ അറിയിച്ച് തടിച്ച് കൂടിയത്. ലുലയെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങൾ മുഴക്കി അദ്ദേഹത്തിന് ചുറ്റും തടിച്ച് കൂടിയ ജനങ്ങളെ നോക്കി ലുല അത്യധികം വേദനയോടെ കൈവീശി കാണിച്ചു. സ്വന്തം കുഞ്ഞിന്റെ മരണവാർത്ത അറിഞ്ഞെത്തുന്ന ഏതൊരാളെയും പോലെ അദ്ദേഹവും വല്ലാതെ തകർന്നിരിക്കുകയായിരുന്നു. പക്ഷെ മറ്റൊരു തരത്തിൽ അണികൾക്ക് മുൻപിൽ അദ്ദേഹം ശക്തനുമായിരുന്നു. തന്റെ അണികളോട് ‘ധൈര്യമായിരിക്കൂ ഇനിയുമിനിയും കരുത്തരാകൂ’ എന്ന്  ഉപദേശിച്ച ശേഷം ‘ഞാൻ നിരപരാധിയാണ്, അതുകൊണ്ട് ഉടൻ തന്നെ പുറത്തിറങ്ങും’ എന്നും അദ്ദേഹം പറഞ്ഞതായി പ്രമുഖ വാർത്ത ഏജൻസി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

വർക്കേഴ്സ് പാർട്ടിയിലെ ഉന്നത നേതാക്കൾ, മുൻ ബ്രസിൽ പ്രസിഡണ്ട് ദിൽമ റൂസെഫ് തുടങ്ങി നിരവധി പ്രമുഖരാണ് ലുലയ്ക്ക് അഭിവാദ്യം അർപ്പിക്കാനും കുഞ്ഞിന് അന്ത്യോപചാരം അർപ്പിക്കാനുമായി എത്തിയത്. അഴിമതി, കള്ളപ്പണം, സാമ്പത്തിക ക്രമക്കേടുകൾ മുതലായ കുറ്റകൃത്യങ്ങൾക്കാണ് കോടതി ലുലയെ 12 വർഷം തടവിന് ശിക്ഷിച്ചത്. എന്നാൽ തനിക്കെതിരെ ഉള്ള ആരോപണങ്ങൾ തന്നെ കുടുക്കാൻ ആരോ മനഃപൂർവ്വം കെട്ടിച്ചമച്ചതാണെന്നാണ് ലുല അന്ന് മുതലേ പറഞ്ഞിരുന്നത്. 2003 മുതൽ 2010 വരെ ബ്രസിൽ പ്രസിഡന്റായിരുന്ന ലുല ആ സമയത്ത് വലിയ സാമ്പത്തിക തിരിമറികൾ നടത്തിയെന്നാണ് ഈ അടുത്തിടയ്ക്ക് കോടതി കണ്ടെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍