UPDATES

വിദേശം

നോത്രദാം കത്രീഡല്‍ പുതുക്കിപ്പണിയാൻ ഫ്രാന്‍സ് ആര്‍കിടെക്ടുകളുടെ മത്സരം സംഘടിപ്പിക്കുന്നു

നോത്രദാമിനെ മുമ്പത്തേതിനേക്കാൾ മനോഹരമാക്കുമെന്ന് ഫ്രാൻസ് പ്രസിഡണ്ട് ഇമ്മാനുവേൽ മാക്രോൺ

പാരീസിന്റെ പ്രതീകമെന്ന് ലോകം വിശേഷിപ്പിച്ച നോത്രദാം കത്രീഡലിന്റെ മേൽക്കൂര പുതുക്കിപ്പണിയാൻ ഫ്രാൻസ് ലോകത്തെമ്പാടുമുള്ള വിദഗ്ദരായ ആർകിടെക്ടുകളുടെ മത്സരം സംഘടിപ്പിക്കുന്നു. 850 വർഷത്തോളം പഴക്കമുള്ള ദേവാലയത്തിന്റെ മേൽക്കൂര കഴിഞ്ഞ ദിവസം തീപിടിത്തത്തിൽ നശിപ്പിക്കപ്പെട്ടപ്പോൾ തന്നെ ഫ്രാൻസ് പ്രസിഡണ്ട് ഇമ്മാനുവേൽ മാക്രോൺ കത്രീഡൽ ഉടൻ പുതുക്കിപ്പണിയുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. കാലാനുസൃതമായ മാറ്റങ്ങൾ കൂടി വരുത്തിക്കൊണ്ട് ദേവാലയം പുതുക്കിപ്പണിയാനാണ് ഉദ്ദേശിക്കുന്നതെന്നും അതിനാണ് മത്സരം സംഘടിപ്പിക്കുന്നതെന്നുമാണ് സൂചന. പുതുക്കിപ്പണിയലിന്റെ എസ്റ്റിമേറ്റ് ഇതുവരെ തയ്യാറാക്കിയിട്ടില്ല.

ദേവാലയം പഴയതിനേക്കാൾ മനോഹരമാക്കിയിരിക്കും എന്ന് മാക്രോൺ ഫ്രഞ്ച് ജനതയ്ക്ക് വാക്കുനല്കിയിട്ടുണ്ട്. പുതുക്കിപണിയൽ കഴിയുന്നത് വരെ അഞ്ചോ ആറോ വർഷങ്ങൾ ദേവാലയത്തിൽ സന്ദർശകരെ പ്രവേശിപ്പിക്കില്ല എന്നും റിപ്പോർട്ടുകളുണ്ട്. ഫ്രാൻസിലെ വ്യവസായപ്രമുഖരും കോടീശ്വരന്മാരും ഒരുമിച്ച് 880 മില്യൺ യൂറോയോളം പുതുക്കിപ്പണിയലിനായി സമാഹരിച്ച് കഴിഞ്ഞുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. തീപിടിത്തത്തിന്റെ  കാരണത്തെക്കുറിച്ചുള്ള അന്വേഷണം ഊര്ജിതമാകുകയാണ്‌. തീകത്തുന്ന സമയത്ത് പള്ളിയിലുണ്ടായിരുന്ന മുപ്പതോളം സാക്ഷികളുടെ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്.

രാത്രി മുഴുവനും വിശ്രമമില്ലാതെ പരിശ്രമിച്ചതുകൊണ്ടാണ് ഇപ്പോൾ തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചതെന്നും ഈ ഗോഥിക് ഘടനയ്ക്ക് എന്തെല്ലാം കേടുപാടുകളാണ് പറ്റിയത് എന്നത് സംബന്ധിച്ച അന്വേഷണങ്ങൾ  നടന്ന് വരികയാണെന്നും ജൂനിയർ ഇന്റീരിയർ മന്ത്രി ലോറെൻറ് നൂൺസ് ദി ഗാർഡിയനോട് പറഞ്ഞു. ചൊവ്വാഴ്ച്ച പ്രാദേശിക സമയം 6.30നാണ് ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയങ്ങളിൽ ഒന്നായ നോത്രദാം കത്തീഡ്രലിനു തീപിടിക്കുന്നത്. അപകടത്തിൽ ദേവാലയത്തിന്റെ മേൽക്കൂര ഭാഗികമായി കത്തിനശിച്ചിരുന്നു. എവിടെനിന്നും പടർന്നുവെന്ന് വ്യക്തതയില്ലാത്ത തീ അതിവേഗം താഴെ നിന്നും മുകളിലേക്ക് പടരുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍