UPDATES

വിദേശം

ഒന്നാം പേജ് സമാധാനത്തിനായി മാറ്റിവെച്ച് ന്യൂസിലൻഡിലെ ദി പ്രസ് ദിനപത്രം; ഇതെത്ര മഹത്തായ രാജ്യമെന്ന് അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ

സമാധാനം എന്നർത്ഥം വരുന്ന അറബി ലിഖിതത്തിനു താഴെയാണ് കൊല്ലപ്പെട്ടവരുടെ പേരുകൾ.

കുടിയേറ്റക്കാരായ മുസ്ലീങ്ങളോടുള്ള അന്ധമായ വിരോധമാണ് വെടിവയ്പ് നടത്താൻ ഭീകരനെ പ്രേരിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞ് കുടിയേറ്റക്കാരോടൊപ്പം നിന്ന ഒരു രാജ്യം. മരിച്ചുവീണ കുടിയേറ്റക്കാർ നമ്മൾ തന്നെയെന്ന് പരസ്യമായി പറഞ്ഞ പ്രധാനമന്ത്രി. അനുദിനം അന്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസി മുസ്ലീങ്ങളോട് ഐക്യപ്പെട്ട് ഖുർആൻ വചനങ്ങളോടെ ആരംഭിച്ച പാർലമെന്റ്, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ ഹിജാബ് ധരിച്ചെത്തിയ പ്രധാനമന്ത്രി, ഇപ്പോഴിതാ ആക്രമണത്തിൽ കൊല ചെയ്യപ്പെട്ടവർക്കായി സമർപ്പിച്ച ഒന്നാം പേജോടെ രാജ്യത്തെ പ്രമുഖ ദിനപത്രം. അതിൽ സമാധാനം എന്ന് അർഥം വരുന്ന അറേബ്യയിലെ എഴുത്ത്. ഇതെന്തൊരു മഹത്തായ രാജ്യമെന്ന് ചോദിച്ചുകൊണ്ടാണ് ന്യൂസിലൻഡിലെ പ്രമുഖ ദിനപത്രം ‘ദി പ്രസ്സി’ന്റെ ഒന്നാം പേജ് സൈബർ മീഡിയ ലോകം പങ്കുവെക്കുന്നത്.

ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്‌ലിം പള്ളികളിൽ ബ്രെണ്ടൻ ടെറൻറ് എന്ന ഭീകരൻ നടത്തിയ ആക്രമണം കഴിഞ്ഞ് ഒരാഴ്ച തികയുന്നതോർമിക്കാനാണ് ‘ദി പ്രസ്’ ദിനപത്രം ഒന്നാം പേജ് സമാധാനത്തിനായി നീക്കി വെച്ചത്. ആക്രമണത്തിൽ കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട 50 കുടിയേറ്റക്കാരുടെയും പേരുകൾ പത്രം ഒന്നാം പേജിൽ തന്നെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. സമാധാനം എന്നർത്ഥം വരുന്ന അറബി ലിഖിതത്തിനു താഴെയാണ് കൊല്ലപ്പെട്ടവരുടെ പേരുകൾ. കൊല്ലപ്പെട്ട മുസ്‌ലിം കുടിയേറ്റക്കാരോട് ഐക്യപ്പെടുന്നതിന്റെ സൂചകമായി തന്നെയാണ് പത്രം ഒന്നാം പേജിൽ അറബി വാക്ക് ഉപയോഗിച്ചത്.

ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളിൽ ഒന്നെന്ന് അറിയപ്പെട്ടിരുന്ന ന്യൂസിലാൻഡിൽ അപ്രതീക്ഷിതമായാണ് കഴിഞ്ഞ വെള്ളിയാഴ്ച ഭീകരാക്രമണമുണ്ടായത്. എന്നാൽ ഈ നാടിൻറെ സമാധാനം തകർക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ലെന്ന് സർക്കാരും ജനങ്ങളും ഒരുമിച്ച് പ്രഖ്യാപിച്ചിരുന്നു. സമാധാനം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി രാജ്യത്തിൽ സെമി ഓട്ടോമാറ്റിക്ക് റൈഫിളുകൾ നിരോധിച്ചതായി പ്രധാനമന്ത്രി ജെസിൻഡ ആർഡൻ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളോട് പത്രവും ചേർന്ന് നിൽക്കുന്നു എന്ന് തെളിയിക്കാൻ കൂടിയാണ് സമാധാനം എന്നർത്ഥം വരുന്ന അറബി വാക്ക് തന്നെ പത്രം ഉപയോഗിച്ചത്. ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദി പ്രസ്’ ദിനപത്രം 1861 ലാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. ©

കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍