UPDATES

വിദേശം

ചൈനയ്ക്ക് കൂച്ചുവിലങ്ങിടാന്‍ മാക്രോണിനെ കെട്ടിപ്പിടിക്കുന്ന മോദി

മാക്രോണ്‍ ഇതുവരെയും വലിയ നാടകങ്ങള്‍ക്കൊന്നും പോയിട്ടില്ല, പ്രതീക്ഷിക്കുന്ന തരം കുപ്പായമാണ് ധരിച്ചിരിക്കുന്നതും- ഒരു ഇരുണ്ട സ്യൂട്ട്.

മേഖലയിലെ ചൈനയുടെ വളരുന്ന സ്വാധീനം തടയാന്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട നിര്‍ണായക സുരക്ഷാ കരാറില്‍ ഒപ്പിട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം പുതിയ ഉയരത്തിലെത്തിയെന്നാണ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്നലെ പറഞ്ഞത്. “ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന് ഇപ്പോള്‍ പുതിയ പ്രാധാന്യമുണ്ട്,” പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കി മാക്രോണ്‍ പറഞ്ഞു.

കരാര്‍ അനുസരിച്ച്, ഇന്ത്യയും ഫ്രാന്‍സും തങ്ങളുടെ യുദ്ധക്കപ്പലുകള്‍ക്കായി നാവികത്താവളങ്ങള്‍ പരസ്പരം തുറന്നുകൊടുക്കും. ചൈനയുടെ മേഖലാ മേധാവിത്തത്തിന് തടയിടാനുള്ള ഒരു നീക്കമായാണ് ഇതിനെ കാണുന്നത്.

“നമ്മുടെ സുരക്ഷയുടെ ശക്തമായ ഒരു ഭാഗവും ലോകത്തിന്റെ ഭദ്രതയും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപായത്തിലാണ്,” മാക്രോണ്‍ പറഞ്ഞു. “പസഫിക് മഹാസമുദ്രം പോലെ ഇന്ത്യന്‍ മഹാസമുദ്രവും ഒരു മേധാവിത്തത്തിന്റെ കീഴിലാകാന്‍ പാടില്ല,” ചൈനയെക്കുറിച്ചുള്ള സൂചന നല്‍കി അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച്ച ഇന്ത്യയില്‍ എത്തിയ മാക്രോണിനെ തന്റെ പതിവ് ശ്വാസം മുട്ടിക്കുന്ന കെട്ടിപ്പിടിത്തം കൊണ്ടാണ് മോദി സ്വാഗതം ചെയ്തത്. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയ്ക്ക് “വളരെ ഗണ്യമായ പങ്ക് വഹിക്കാനുണ്ട്” എന്ന് മോദി പറഞ്ഞു.

പ്രതിരോധം, ബഹിരാകാശം, ശുദ്ധമായ ഊര്‍ജം എന്നീ മേഖലകളില്‍ ഇരുനേതാക്കളും നിരവധി കരാറുകളില്‍ ഒപ്പുവെച്ചു. “ഭൂമി മുതല്‍ ആകാശം വരെ ഇന്ത്യയും ഫ്രാന്‍സും ഒരുമിച്ച് പ്രവര്‍ത്തിക്കാത്ത മേഖലകളില്ല,” മോദി ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലെ ജെയ്താപ്പൂരില്‍ ഫ്രഞ്ച് സഹായത്തോടെ നിര്‍മ്മിക്കുന്ന ആണവനിലയത്തിനുള്ള സാങ്കേതിക കരാറും ഒപ്പുവെച്ചു. ഈ വര്‍ഷം അവസാനത്തിന് മുമ്പായി അന്തിമ കരാര്‍ ഒപ്പുവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫ്രഞ്ച് വൃത്തങ്ങള്‍ പറയുന്നു.

2010-ല്‍ അന്നത്തെ ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ 9.3 ബില്ല്യണ്‍ ഡോളറിന്റെ ആറ് ആണവകരാറുകള്‍ക്കുള്ള ചട്ടക്കൂട് കരാറില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ ജപ്പാനിലെ ഫുക്കുഷിമ ആണവ അപകടത്തെ തുടര്‍ന്ന് പരിസ്ഥിതിവാദികളില്‍ നിന്നും പ്രദേശത്തെ ഭൂചലന സാധ്യതയെക്കുറിച്ചുള്ള ഭീതിയും തുടര്‍ന്നുള്ള പ്രതിഷേധവും ഉയര്‍ന്നതിനെത്തുടര്‍ന്ന് പദ്ധതി അവതാളത്തിലായിരുന്നു.

മികച്ച അടുപ്പം

നേരത്തെ, കഴിഞ്ഞ വര്‍ഷം പാരീസില്‍ ആദ്യത്തെ കൂടിക്കാഴ്ച്ച മുതല്‍ മോദിയുമായുള്ള മികച്ച ബന്ധത്തെക്കുറിച്ച് മാക്രോണ്‍ പറഞ്ഞു. “നമുക്ക് മികച്ച പരസ്പരബന്ധമുണ്ടെന്ന് ഞാന്‍ കരുതുന്നു, നമ്മുടെ രണ്ടു മഹത്തായ ജനാധിപത്യങ്ങള്‍ക്കും ചരിത്രപരമായ ബന്ധമുണ്ട്,” ഫ്രഞ്ച് പ്രസിഡണ്ട് പറഞ്ഞു.

പ്രോട്ടോക്കോള്‍ മറികടന്ന് വിമാനത്താവളത്തിലെത്തി മാക്രോണിനെ കെട്ടിപ്പിടിത്തവും ഹസ്തദാനവുമൊക്കെയായാണ് മോദി സ്വീകരിച്ചത്. “കഴിഞ്ഞ വര്‍ഷം പാരീസില്‍ തുറന്ന ഹൃദയത്തോടും ഊഷ്മളതയോടും കൂടിയാണ് നിങ്ങള്‍ എന്നെ സ്വീകരിച്ചത്. താങ്കളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്,” ശനിയാഴ്ച്ച പ്രസംഗം തുടങ്ങിയപ്പോള്‍ മോദി പറഞ്ഞു.

കാലാവസ്ഥ മാറ്റത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും പ്രതിബദ്ധത സൂചിപ്പിക്കുന്ന ഒരു സൌരോര്‍ജ്ജ ഉച്ചകോടിയില്‍ ഞായറാഴ്ച്ച മാക്രോണ്‍ പങ്കെടുക്കും.

തന്റെ ഭാര്യ ബ്രിജെറ്റിനൊപ്പം യാത്ര ചെയ്യുന്ന 40-കാരനായ ഫ്രഞ്ച് പ്രസിഡണ്ട് സ്നേഹസ്മാരകമായ താജ്മഹലും ഞായറാഴ്ച്ച സന്ദര്‍ശിക്കും.

തിങ്കളാഴ്ച്ച ഗംഗാ തീരത്തുള്ള തിക്കും തിരക്കും നിറഞ്ഞ വരാണസി നഗരവും മാക്രോണ്‍ സന്ദര്‍ശിക്കുന്നുണ്ട്. മോദിയുടെ ലോക്സഭാ മണ്ഡലം കൂടിയാണ് വരാണസി.

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ത്രൂദ്യോയുടെ പിഴച്ചുപോയ ഇന്ത്യന്‍ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് മാക്രോണിന്റെ വരവ്.

ത്രൂദ്യോയും മാക്രോണും അവരുടെ ചെറുപ്പവും സമാനമായ ആശയങ്ങളും കൊണ്ട് അന്താരാഷ്ട്രതലത്തില്‍ താരതമ്യം ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ത്രൂദ്യോയുടെ സന്ദര്‍ശനം ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ചില ഭിന്നതകളെ മുഴപ്പിച്ചുകാട്ടുകയും അതുകൊണ്ട് ഇന്ത്യയില്‍ അദ്ദേഹത്തിന് തണുത്ത സ്വീകരണം മാത്രമാണ് ലഭിച്ചതും.

ഓരോ അവസരങ്ങളിലും പരമ്പരാഗത ഇന്ത്യന്‍ വസ്ത്രം ധരിച്ചതിന് സാമൂഹ്യ മാധ്യമങ്ങളിലും കനേഡിയന്‍ മാധ്യമങ്ങളിലും ത്രൂദ്യോ ഏറെ കളിയാക്കലുകള്‍ക്ക് വിധേയനായി. ഒരു മുന്‍ സിഖ് തീവ്രവാദിയെ മുംബൈയില്‍ അദ്ദേഹത്തിനൊപ്പം അത്താഴവിരുന്നിന് വിളിച്ചതും വിവാദമായി.

മാക്രോണ്‍ ഇതുവരെയും വലിയ നാടകങ്ങള്‍ക്കൊന്നും പോയിട്ടില്ല, പ്രതീക്ഷിക്കുന്ന തരം കുപ്പായമാണ് ധരിച്ചിരിക്കുന്നതും- ഒരു ഇരുണ്ട സ്യൂട്ട്.

കെട്ടിപ്പിടിക്കാന്‍ മോദി എത്തിയില്ല; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തണുപ്പന്‍ സ്വീകരണമെന്ന് ആരോപണം

ഇന്ത്യ-കാനഡ ബന്ധം സിഖ് തീവ്രവാദ നിഴലില്‍ നിന്ന് പുറത്തുകടക്കുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍