UPDATES

വിദേശം

മഹാ പ്രളയത്തില്‍ മുങ്ങി ഇറാൻ; കൂടുതല്‍ ഡാമുകള്‍ തുറന്നുവിടും; ആറ് നഗരങ്ങള്‍ കൂടി ഒഴിപ്പിക്കും

ജലാശയങ്ങൾക്കടുത്തുള്ള റോഡുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിലെ അപാകത കൊണ്ടാണ് അപകടം ഇത്രയും രൂക്ഷമായതെന്ന് സർക്കാരിനെതിരെ പലയിടങ്ങളിൽ നിന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.

മൂന്ന് ആഴ്ചയായി നീണ്ട് നിൽക്കുന്ന കനത്ത മഴയാണ്. പുഴകൾ പലതും നിറഞ്ഞൊഴുകുകയാണ്. ഡാമുകൾ കൂടി തുറന്ന് വിടേണ്ടി വന്നതോടെ ഗ്രാമങ്ങൾ പലതും വെള്ളത്തിനടിയിലായി. മഹാപ്രളയത്തിൽ നിലവിൽ 70 പേരോളം മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ കടന്നുപോകുന്നത് കനത്ത മഴ വിതച്ച ദുരന്ത നാളുകളിലൂടെയാണ്. കൂടുതൽ ഡാമുകൾ കൂടി തുറന്നു വിടാൻ നിർബന്ധിതരായതോടെ ആറ് നഗരങ്ങളെക്കൂടി ഒഴിപ്പിക്കാനിരിക്കുകയാണ് ഇറാൻ സർക്കാർ. തെക്കു പടിഞ്ഞാറൻ ഖുസെസ്‌ഥാൻ പ്രവിശ്യകളെ പൂർണ്ണമായി ഒഴിപ്പിക്കേണ്ടി വരുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

നാശനഷ്ടങ്ങൾ അനിയന്ത്രിതമായതോടെ കൂടുതൽ രക്ഷാപ്രവർത്തകരുടെ സേവനം ഇറാൻ സർക്കാർ ആവശ്യപ്പെട്ടു. ഇതിനായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ പുരുഷന്മാരോടും രക്ഷാപ്രവർത്തനത്തിനിറങ്ങാന്‍ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഒഴിപ്പിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും പാർപ്പിക്കാനായി നിരവധി ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.

ഖുസെസ്‌ഥാൻ പ്രവിശ്യയിലെ നാല്പതിനായിരത്തോളം ആളുകളെ പ്രളയം ബാധിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിലാകെ 11 നഗരങ്ങളും നിരവധി ഗ്രാമങ്ങളും ഇതൊനൊടകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ജലാശയങ്ങൾക്കടുത്തുള്ള റോഡുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിലെ അപാകത കൊണ്ടാണ് അപകടം ഇത്രയും രൂക്ഷമായതെന്ന് സർക്കാരിനെതിരെ പലയിടങ്ങളിൽ നിന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. ഒരു അറിയിപ്പ് കിട്ടുന്നത് വരെ ഇറാൻ -ഇറാക്ക് അതിർത്തി കടന്നുള്ള ആളുകളുടെ യാത്രയും വ്യാപാരവും വിലക്കുകയാണെന്ന് ഇറാഖ് സർക്കാർ അറിയിച്ചു.

പ്രളയത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായവർക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. യു എസുമായുള്ള സാമ്പത്തിയ ബന്ധങ്ങൾ കലുഷിതമായതോടെ വലിയ സാമ്പത്തിക ഞെരുക്കത്തിലായ ഇറാന് അപ്രതീക്ഷിതമായ പ്രളയം തീരാ ബാധ്യതയാകുകയാണ്. കൃഷിയിടങ്ങൾ നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകുന്നുണ്ടെങ്കിലും അത് എത്രത്തോളം നടപ്പിലാക്കാൻ കഴിയുമെന്ന ആശങ്കയിലാണ് ഇറാൻ ജനത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍