UPDATES

വിദേശം

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗർഭിണിയടക്കം ആറ് പേർ കൊല്ലപ്പെട്ടു; ഗാസയിൽ സംഘർഷം മൂർച്ഛിക്കുന്നു

120 ഭീകരരെ ലക്‌ഷ്യം വെച്ചുകൊണ്ടാണ് പ്രത്യാക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ ഭാഷ്യം.

പലസ്തീൻ 250 ഓളം റോക്കറ്റുകൾ ഇസ്രായേൽ അതിർത്തിയിൽ വർഷിച്ചതിനു പിന്നാലെ ഇസ്രായേൽ ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഗർഭിണിയായ ഒരു സ്ത്രീയും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അതിർത്തികളിൽ ഒരു മാസമായി നീണ്ടു നിൽക്കുന്ന സംഘർഷങ്ങളാണ് ഇപ്പോൾ സ്ഫോടനങ്ങളായി കലാശിക്കുന്നത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആക്രമണ പരിപാടികൾക്ക് ഇസ്രായേൽ കോപ്പുകൂട്ടുന്നുണ്ടെന്നാണ് ആഗോളമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വെള്ളിയാഴ്ച മുതൽ തന്നെ അതിർത്തികൾ പുകഞ്ഞുതുടങ്ങിയിരുന്നതായാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു ഒളിപ്പോരാളി രണ്ട് ഇസ്രായേലുകാരെ വെടിവെച്ച് പരിക്കേൽപ്പിച്ചതോടെയാണ് സംഘർഷങ്ങൾ മൂർച്ഛിക്കുന്നത്. വെടിവെപ്പിന് പിന്നിൽ പലസ്തീൻ ജിഹാദിസ്റ്റ് ഗ്രൂപ്പുകളാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെ ഇസ്രായേൽ പട്ടാളം രണ്ട് ഹമാസ് വക്താക്കളെ വെടിവെച്ച് വീഴ്ത്തിയെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഇതുവരെയായിട്ടും ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

മുപ്പത്തിയേഴു വയസുള്ള ഗർഭിണി അബു അറാർ, ഇരുപത്തിരണ്ടുകാരനായ ഇമാദ് നസീര്‍ എന്നിവർ കൊല്ലപ്പെട്ടതായി ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 13 പേർക്ക് ആക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. ഒരു വർഷത്തോളമായി തുടരുന്ന നിരന്തര സംഘർഷങ്ങളിൽ ഇരുന്നൂറോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളിൽ അയവ് വരുത്താൻ പല ശ്രമങ്ങളും ഉണ്ടായെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. 120 ഭീകരരെ ലക്‌ഷ്യം വെച്ചുകൊണ്ടാണ് പ്രത്യാക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ ഭാഷ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍