UPDATES

വിദേശം

അഭയാർത്ഥി ക്യാമ്പിൽ കടന്ന് ചെന്ന് പലസ്തീന്‍ ആരോഗ്യപ്രവര്‍ത്തകനെ വെടിവെച്ചു കൊന്ന് വീണ്ടും ഇസ്രായേൽ അതിക്രമം

ഇന്നലെ വെളുപ്പിന് അപ്രതീക്ഷിതമായി ഇസ്രായേൽ പട്ടാളം വെസ്റ്റ് ബാങ്കിലെ അധിനിവേശ മേഖലയിൽ കയറി ചെന്ന് ക്യാമ്പുകൾ ആക്രമിക്കുകയായിരുന്നു

പലസ്തീൻ അഭയാർത്ഥി ക്യാമ്പിൽ കടന്ന് ചെന്ന് വെടിവെയ്പ്പ് നടത്തി വീണ്ടും ഇസ്രായേൽ ക്രൂരത. ഇസ്രായേൽ സൈന്യം നടത്തിയ വെടിവെയ്പ്പിൽ ക്യാമ്പിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

ഇന്നലെ വെളുപ്പിന് അപ്രതീക്ഷിതമായി ഇസ്രായേൽ പട്ടാളം വെസ്റ്റ് ബാങ്കിലെ അധിനിവേശ മേഖലയിൽ കയറി ചെന്ന് ക്യാമ്പുകൾ ആക്രമിക്കുകയായിരുന്നു. ഭയചകിതരായി ജനങ്ങൾ കല്ലുകളും കമ്പുകളും പട്ടാളത്തിന് നേരെ വലിച്ചെറിഞ്ഞ് പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു. അടിയന്തിര വൈദ്യ സഹായം നൽകാനായി മെഡിക്കൽ സംഘം കൂടി എത്തിയതോടെ പട്ടാളക്കാർ അവർക്കു നേരെയും വെടിയുതിർത്തു. സാജിദ് മുസാർ (17) എന്ന ആരോഗ്യ പ്രവര്‍ത്തകന്‍ തൽക്ഷണം വെടിയേറ്റ് മരിച്ച് വീഴുകയായിരുന്നു. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പരിചരിക്കാനെത്തിയ ആള്‍ക്ക് നേരെ വെടിയുതിർത്തത് യുദ്ധ നിയമങ്ങളുടെ ചട്ട ലംഘനമാണെന്നാണ് പലസ്തീൻ ആരോഗ്യ വകുപ്പ് മന്ത്രി ജവാദ് അവാദ് പ്രസ്താവിച്ചത്.

അധിനിവേശ മേഖലയായ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം അപ്രതീക്ഷിതമായി കടന്നെത്തി റെയ്ഡുകൾ നടത്തുകയും അന്യായമായി അറസ്റ്റുകൾ നടത്തുകയും ചെയ്തു വരാറുള്ളതാണ്. ചില സമയങ്ങളിൽ ഇത് വലിയ കലാപങ്ങളിലാണ് കലാശിക്കാറുള്ളത്. റെയ്ഡ് നടത്താനായി എത്തുന്ന ഇസ്രായേൽ പട്ടാളത്തിനുനേരെ കല്ലുകളെറിഞ്ഞും മറ്റുമാണ് സാധാരണയായി ക്യാമ്പിലെ ജനത പ്രതിഷേധിക്കാറുള്ളത്.

‘ഇസ്രായേലി സൈന്യം വെടിയുതിർത്തപ്പോൾ മുസാറിന്റെ തൊട്ടടുത്ത് നിന്നിരുന്ന ഞാൻ കരുതിയത് അവർ അവന്റെ കാലിലാണ് വെടിവെച്ചതെന്നായിരുന്നു. എന്നാൽ അവന് വെടിയേറ്റത് അടിവയറിലാണ്. അധികം ചോര പോലും നിലത്തു വീണില്ല.’ മുസാറിന് വെടിയേറ്റപ്പോൾ തൊട്ടടുത്ത് നിന്നിരുന്ന സുഹൃത്ത് അഹമ്മദ് ഗരീബ് പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ഗാസയുടെയും വെസ്റ്റ് ബാങ്കിന്റെയും ചുമതലയുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഗെറാൾഡ് റോക്കൻചൗബ് ഇന്നലെ നടന്ന വെടിവെപ്പിനെ ശക്തമായി അപലപിച്ചു. ‘ഈ ദാരുണ സംഭവത്തിൽ ഞങ്ങൾ അത്യധികം ദുഖിതരാണ്. മറ്റുള്ളവരുടെ ആരോഗ്യത്തിനും പരിചരണത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്.’ അദ്ദേഹം പ്രസ്താവിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍