UPDATES

വിദേശം

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ആരും മിണ്ടുന്നില്ല; കുട്ടികള്‍ പഠിപ്പുമുടക്കി

“ഞങ്ങൾക്ക് അധികം സമയം കളയാനില്ല. ഇപ്പോൾ തന്നെ വൈകിപ്പോയി. ഞങ്ങൾ ഉണർന്നു പ്രവർത്തിക്കുകയാണ്. ഒരൊറ്റ ലക്ഷ്യത്തിനായി.”

ഇന്നലെ ഡൽഹി നഗരത്തിന്റെ തെരുവോരങ്ങളിൽ 200 സ്കൂൾ വിദ്യാർത്ഥികൾ പഠിപ്പുമുടക്കി പ്രതിഷേധിച്ചത് ആരും മതിയായ ഗൗരവത്തോടെ ഇതുവരെ കണ്ടിട്ടില്ലാത്ത കാലാവസ്ഥ വ്യതിയാനം എന്ന പൊള്ളുന്ന പ്രശ്നം ഓർമ്മിപ്പിക്കാനായിരുന്നു. “കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ഇവിടെ ആരും സംസാരിക്കുന്നില്ല. പത്രങ്ങൾ ഈ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല. സർക്കാരോ അധികൃതരോ ആരും ഒരക്ഷരം പോലും മിണ്ടുന്നില്ല”.

അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ടതായിട്ടും ആരും തിരിഞ്ഞ് നോക്കാത്ത ഈ വിഷയത്തെ കുറിച്ച് കുട്ടികൾ ഓര്‍മ്മിപ്പിക്കുന്നതും സമരം ചെയ്യുന്നതും മതിയായ നേതൃത്വമോ പദ്ധതിയോ ഇല്ലാതെയൊന്നുമല്ല. ഓസ്ട്രേലിയയും അമേരിക്കയും മുതൽ ഉഗാണ്ട വരെയുള്ള ലോകത്തിന്റെ പല ഭാഗത്തുള്ള കുഞ്ഞുങ്ങൾ ഇതേ സമയം തന്നെ ഇതേ ആവശ്യം പറഞ്ഞ് പ്രക്ഷോഭത്തിലായിരുന്നു. ആഗോളതലത്തിൽ തന്നെ സംഭവിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളെ ശ്രദ്ധിക്കാൻ അതാത് ഭരണകൂടങ്ങളോട് ആവിശ്യപ്പെടാനുള്ള കുട്ടികളുടെ ഈ വലിയ സമരം സംഘടിപ്പിച്ചത് സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള ആസൂത്രണത്തിലാണ്.

സമരം ചെയ്യേണ്ടതെങ്ങനെയെന്നും വിജയിപ്പിക്കേണ്ടതെങ്ങനെയെന്നും മുതിർന്നവർക്ക് കൂടി മാതൃകയാകുന്ന തരത്തിലായിരുന്നു കുട്ടികളുടേയും യുവാക്കളുടെയും ആഗോള സമരം. ഒരു മാസം പുറത്തിറങ്ങാൻ പറ്റാത്തത്ര തണുപ്പാണെങ്കിൽ അടുത്ത മാസം ആളുകൾ വെന്തു മരിക്കുന്ന ചൂടാണെന്ന അവസ്ഥയിലേക്ക് നീങ്ങുന്ന കാലാവസ്ഥ ദുരന്തങ്ങളെ നിസ്സാരമായി തള്ളിക്കളയരുതെന്നാണ് കുട്ടികളുടെ മുന്നറിയിപ്പ്. “ഞങ്ങൾക്ക് അധികം സമയം കളയാനില്ല. ഇപ്പോൾ തന്നെ വൈകിപ്പോയി. ഞങ്ങൾ ഉണർന്നു പ്രവർത്തിക്കുകയാണ്. ഒരൊറ്റ ലക്ഷ്യത്തിനായി” വലിയ കാലാവസ്ഥ ദുരന്തങ്ങൾ സംഭവിച്ച സിഡ്‌നിയിൽ നടത്തിയ മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ദി ഗാർഡിയനോട് സംസാരിക്കുന്നു.

“രാജ്യത്തെ കൗമാരക്കാർ രാജ്യത്തിനായി ഇത്ര വലിയൊരു സമരം ഏറ്റെടുത്ത് നടത്തുന്നത് ആദ്യമായിരിക്കും, കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ച് ജനങ്ങൾക്കും അധികാരികൾക്കും ബോധവൽക്കരണം നൽകണം. അത് മാത്രമാണ് ഞങ്ങളുടെ ലക്‌ഷ്യം. “ഡൽഹിയിൽ സമരം ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഗാർഡിയനോട് തങ്ങളുടെ ലക്ഷ്യത്തെ കുറിച്ച് പറയുന്നു. ആഫ്രിക്കയിൽ ഉഗാണ്ട, കമ്പാല തുടങ്ങിയ സ്ഥലങ്ങളിൽ വിപുലമായ വിദ്യാർത്ഥി സമരങ്ങൾ നടന്നു. ജൊഹന്നാസ്ബർഗിൽ നടന്ന സമരവും വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

കുഞ്ഞുങ്ങളുടെ ഈ പഠിപ്പുമുടക്കി കൊണ്ടുള്ള സമരത്തിനെതിരെ ചില രാജ്യങ്ങളിൽ നിന്നും എതിർപ്പുകളും ഉയർന്നുവന്നിരുന്നു. “സ്കൂൾ സമയത്ത് വിദ്യാർത്ഥികൾ പഠിപ്പ് ഉപേക്ഷിച്ച് തെരുവിൽ ഇറങ്ങുന്നത് പ്രോത്സാഹിപ്പിക്കാവുന്ന പ്രവണതയല്ല എന്നാണ് ഓസ്ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി ഡാൻ റെഹ്മാൻ പറയുന്നത്. പഠിക്കാനുള്ള വിലപ്പെട്ട സമയം ഈ  കുട്ടികൾ നശിപ്പിച്ചുവെന്നും ടീച്ചർമാർക്ക് ഇരട്ടി പണി ആയെന്നുമാണ് യുകെ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡാമിയൻ ഹിൻഡ്‌സ് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍