UPDATES

വിദേശം

ടോറികള്‍ പോകട്ടെ, കോര്‍ബിന്‍ വരട്ടെ, അഭയാര്‍ത്ഥികളുടെ ഗവണ്‍മെന്റ് വരട്ടെ….

ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിന് മുന്നില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാരുടെ മുദ്രാവാക്യം “Corbyn in, Tories out” എന്നായിരുന്നു.

ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജെര്‍മി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി വലിയ മുന്നേറ്റമുണ്ടാക്കുകയും പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭൂരിപക്ഷം നേടാനാവാതെ തിരിച്ചടി നേരിടുകയും ചെയ്തതിന് പിന്നാലെ നടത്തിയ സര്‍വേഷന്‍ പോളില്‍ ലേബറുകള്‍ മുന്നിലെത്തിയിരിക്കുന്നു. ഇടതുപക്ഷക്കാരനായ ജെര്‍മി കോര്‍ബിന്‍ നേതാവായ ശേഷം ഇതാദ്യമായാണ് ലേബര്‍ പാര്‍ട്ടില്‍ ഒരു വോട്ടെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ മറികടക്കുന്നത്. ലേബര്‍ പാര്‍ട്ടിക്ക് 45 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 39 ശതമാനം വോട്ടേ നേടാനായുള്ളൂ. 49 ശതമാനം പേര്‍ തെരേസ പ്രധാനമന്ത്രി സ്ഥാനത്ത് തുടരരുതെന്ന് ആവശ്യപ്പെട്ടു. ഡെയ്‌ലി മെയ്ല്‍ പത്രമാണ് അഭിപ്രായ വോട്ടെടുപ്പ് സംഘടിപ്പിച്ചത്.

ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് ടോറികളേക്കാള്‍ (കണ്‍സര്‍വേറ്റീവ്) ലേബറുകള്‍ 20 പോയിന്റ് പിന്നിലായിരുന്നു. ഗവണ്‍മെന്റ് രൂപീകരിക്കാനും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ (ഡിയുപി) സഹായത്തോടെ വിശ്വാസ വോട്ട് നേടാനുമാണ് ടോറികള്‍ ഉദ്ദേശിക്കുന്നത്. 13 സീറ്റിന്റെ കുറവാണ് ടോറികള്‍ക്ക് കേവല ഭൂരിപക്ഷത്തിനുള്ളത്. ഗവണ്‍മെന്റില്‍ ചേരാതെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് ഡിയുപിയുടെ തീരുമാനം. ന്യൂനപക്ഷ ഗവണ്‍മെന്റായിരിക്കും തെരേസ മേയുടെ നേതൃത്വത്തില്‍ രൂപീകരിക്കുക.

അതേസമയം തെരേസ മേയെ ദിവസങ്ങള്‍ക്കുള്ളില്‍ പുറത്താക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ജെര്‍മി കോര്‍ബിന്‍ അവകാശപ്പെട്ടു. സണ്‍ഡേ മിററിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എനിക്ക് ഇപ്പോഴും പ്രധാനമന്ത്രിയാകാന്‍ കഴിയും. ഈ അവസ്ഥ തുടരുകയാണ്. തെരേസ മേയ്ക്ക് പാര്‍ലമെന്റില്‍ പരിപാടി അവതരിപ്പിക്കേണ്ടി വരും. തീര്‍ച്ചയായും ഞങ്ങള്‍ രാജ്ഞിയുടെ പ്രസംഗം ഭേദഗതി ചെയ്യും. പാര്‍ലമെന്റിലെ വോട്ടെടുപ്പില്‍ ഞങ്ങള്‍ക്ക് വിജയിക്കാനാവും. ബ്രിട്ടനിലെ അസമത്വം, ദാരിദ്ര്യം, നീതി തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യാനുള്ള അവസരം, അതിനുള്ള ജനവിധി ഞങ്ങള്‍ക്ക് അനുകൂലമാണ്. ബ്രിട്ടന്റെ സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കണം. ഈ രാജ്യത്ത് നിക്ഷേപങ്ങളുണ്ടാകണം. അതിനാവശ്യമായ കാര്യങ്ങളാണ് ഞങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നത്. 1.3 കോടിയ്ക്കടുത്ത ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തു.

പാര്‍ലമെന്റില്‍ തെരേസ മേയുടെ പിന്‍നിരയില്‍ നിന്ന് തന്നെ ഗവണ്‍മെന്റിനെതിരെ എതിര്‍പ്പുയരും. ടോറികള്‍ക്ക് വിശ്വാസവോട്ട് നേടാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് പോയേക്കാമെന്നും കോര്‍ബിന്‍ പറയുന്നു. തെരേസ മേയ്‌ക്കോ അവര്‍ രൂപീകരിക്കാന്‍ ഉദ്ദശിക്കുന്ന ഗവണ്‍മെന്റിനോ യാതൊരു വിശ്വാസ്യതയും ഉണ്ടായിരിക്കില്ലെന്ന് ജെര്‍മി കോര്‍ബിന്‍ അഭിപ്രായപ്പെട്ടു. ശക്തവും സ്ഥിരതയുള്ളതുമായ ഗവണ്‍മെന്റ് രൂപീകരിക്കാനായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആവശ്യപ്പെട്ട ജനവിധി അവര്‍ക്ക് കിട്ടിയില്ല. 1974ലേതിന് സമാനമായ അവസ്ഥയാണ് ബ്രിട്ടനിലുള്ളത്. അന്ന് എഡ്വേര്‍ഡ് ഹീത്തിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയില്ല. എന്നാല്‍ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ശ്രമിച്ചു. പക്ഷെ നടന്നില്ല. ഹാരോള്‍ഡ് വില്‍സന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടിയാണ് ഗവണ്‍മെന്റ രൂപീകരിച്ചത്. ആ കാലത്തേയ്ക്കാണ് തെരേസ മേ നമ്മളെ കൊണ്ടുപോകുന്നത്. അവര്‍ നമ്മളെ ഏഴുപതികളിലേയ്‌ക്കെത്തിച്ചിരിക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് സന്ദേശങ്ങളാണ് എനിക്ക് ലഭിക്കുന്നത്. ഈ പാര്‍ട്ടിയെ നയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. ഒരു സമാന്തര ഷാഡോ കാബിനറ്റിന് രൂപം നല്‍കുമെന്നും ജെര്‍മി കോര്‍ബിന്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ കിട്ടിയില്ലെങ്കിലും അടുത്ത തിരഞ്ഞെടുപ്പ് എന്താണെന്ന് വ്യക്തമാക്കുകയാണ് ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായ ജനവിധി. ധാരാളം യുവാക്കള്‍ ഞങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്. യുവാക്കളില്‍ പലരും പറയുന്നത് തങ്ങള്‍ ലേബറിന് വോട്ട് ചെയ്യുമ്പോള്‍ വീട്ടുകാരുടെ പിന്തുണ ഇപ്പോഴും ടോറികള്‍ക്കാണെന്നാണ്. ടോറികള്‍ ഇപ്പോള്‍ ഗവണ്‍മെന്റ് രൂപീകരിക്കുമായിരിക്കാം. എന്നാ്ല്‍ മാറ്റത്തിനായി ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്ത ലക്ഷക്കണക്കിന് ആളുകളെ അവഗണിക്കാനാവില്ല. വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിന് തയ്യാറാണ് – കോര്‍ബിന്‍ പറഞ്ഞു.

ഡിയുപിയുടെ പിന്തുണയോടെ ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നീക്കത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്വവര്‍ഗരതി, ഗര്‍ഭച്ഛിദ്രം തുടങ്ങിയവയ്‌ക്കെതിരെ ശക്തമായ യാഥാസ്ഥിതിക നിലപാടുകള്‍ പുലര്‍ത്തുന്ന വലതുപക്ഷ പാര്‍ട്ടിയാണ് ഡിയുപി. ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിന് മുന്നില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാരുടെ മുദ്രാവാക്യം “Tories out, Corbyn in” (‘ടോറികള്‍ പുറത്ത് പോവുക, കോര്‍ബിന്‍ വരട്ടെ’) ആയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍