UPDATES

വിദേശം

വിമാനം അപകടത്തില്‍ പെട്ടപ്പോള്‍ പൈലറ്റുകൾ ഫ്‌ളൈറ്റ് മാനുവൽ തിരയുകയായിരുന്നു;189 പേര്‍ മരിച്ച ഇന്തോനേഷ്യ വിമാനാപകടത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഈ അപകടത്തിനു എത്യോപ്യൻ എയർലൈൻസ് അപകടവുമായുള്ള അസാധാരണമായ സാമ്യം അന്ന് തന്നെ വലിയ വാർത്തയായിരുന്നു.

ഇന്തോനേഷ്യയിൽ വെച്ച് കഴിഞ്ഞ വർഷം നടന്ന ലയൺ എയർ ബോയിങ് 737 മാക്സ് വിമാനാപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്. വിമാനം അപകടപ്പെടുമ്പോൾ പൈലറ്റുകൾ ഫ്‌ളൈറ്റ് മാനുവൽ  തിരയുകയായിരുന്നുവെന്നാണ് കോക്ക്പിറ്റിൽ നിന്നുള്ള ശബ്ദരേഖകളുടെ അടിസ്ഥാനത്തിൽ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ നിർദ്ദേശങ്ങളൊന്നും പാലിക്കാതെ വിമാനം താഴേക്ക് ചരിയുന്നതെന്താണെന്നും പരിഹാരമെന്തെന്നും അറിയാനാണ് ഇവർ അതിവേഗം ഹാൻഡ്‌ബുക്കുകൾ പരിശോധിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ലോകത്തെ നടുക്കിയ വിമാനാപകടം നടക്കുന്നത്. അപകടത്തിൽ 189 പേർ മരിച്ചിരുന്നു. ഈ അപകടത്തിനു എത്യോപ്യൻ എയർലൈൻസ് അപകടവുമായുള്ള അസാധാരണമായ സാമ്യം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാർത്തയായിരുന്നു. ബോയിങ് വിമാനങ്ങളിൽ തുടർച്ചയായ ഉണ്ടാകുന്ന അപകടങ്ങൾ കണക്കിലെടുത്ത് ഇന്ത്യയിൽ കഴിഞ്ഞ ദിവസമാണ് ബോയിങ് വിമാനങ്ങൾ നിരോധിച്ചത്. എത്യോപ്യയിലെ അപകടത്തിൽ 157 പേരാണ് മരിച്ചത്. ഈ രണ്ട് 737 മാക്സ് വാഹനങ്ങളിലും സമാനമായ രീതിയിലാണ് അപകടമുണ്ടായതെന്നാണ് ഇതേകുറിച്ച് പഠിച്ച വിദഗ്ദർ സൂചിപ്പിച്ചത്. കൂടുതൽ ആഴത്തിലുള്ള അന്വേഷണങ്ങൾ നടന്നു വരുന്നതേയുള്ളൂ.

ന്യൂസിലാൻഡിൽ വെച്ച് എയർക്രാഫ്റ്റ് നിയന്ത്രണാതീതമായപ്പോൾ എത്രയും പെട്ടെന്ന് ഫ്‌ളൈറ്റ് മാനുവൽ റെഫർ ചെയ്യാൻ പൈലറ്റ് ഫസ്റ്റ്‌ ഓഫീസറോട് നിർദ്ദേശിച്ചതായി കോക്ക്പിറ്റിൽ നിന്നുള്ള ശബ്ദരേഖകൾ തെളിയിക്കുന്നുണ്ട്. ശബ്ദരേഖയെക്കുറിച്ചുള്ള വിവരങ്ങൾ റോയിട്ടേഴ്‌സിന് ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ ഈ രേഖകൾ പുറത്ത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

വിമാനം ടേക്ക് ഓഫ് ചെയ്ത രണ്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ ഫസ്റ്റ് ഓഫീസർ വിമാനത്തിന് തകരാറുകളുണ്ടെന്നും നിയന്ത്രിക്കാനാവുന്നില്ലെന്നും എയർ ട്രാഫിക് കൺട്രോളിൽ വിളിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ക്യാപ്റ്റനു നേരെയുള്ള സ്‌ക്രീനിൽ സുരക്ഷാ പ്രശ്‌നം കാണിച്ചിരുന്നുവെങ്കിലും ഫസ്റ്റ് ഓഫിസറിനു നേരെയുള്ള സ്‌ക്രീനിൽ ഇങ്ങനെയൊരു പ്രശ്നമുള്ളതായി സൂചനകൾ പോലുമില്ലായിരുന്നു. ഇത്തരം അസാധാരണമായ അപകടങ്ങൾ വരുമ്പോൾ എന്ത് ചെയ്യണമെന്ന ഹാൻഡ്‌ബുക്കിലെ ഭാഗം ഇരുവരും വെപ്രാളത്തോടെ തിരയുകയായിരുന്നു. MCAS സിസ്റ്റത്തിൽ നിന്നും വരുന്ന നിർദേശങ്ങൾ ശ്രദ്ധിക്കാതെ ഇവർ ഫ്‌ളൈറ്റിന്റെ വേഗതയേയും ഉയരത്തെയും കുറിച്ച് മാത്രമാണ് സംസാരിച്ചിരുന്നതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

ഒടുവിൽ വിമാനം തകർന്ന് താഴേക്ക് പതിക്കുകമ്പോൾ 31 വയസുള്ള ഇന്ത്യക്കാരനായ പൈലറ്റ് നിശ്ശബ്ദനായിരുന്നുവെന്നും നാല്പതുകാരനായ ഫസ്റ്റ് ഓഫീസർ മരണം മുന്നിൽ കണ്ടപ്പോൾ ‘അള്ളാഹു അക്ബർ’ എന്ന് മന്ത്രിച്ചതായുമാണ് റിപ്പോർട്ട് പറയുന്നത്. തുടർച്ചായി ഉണ്ടാകുന്ന അപകടങ്ങളെ തുടർന്ന് മുന്നൂറോളം 737 മാക്സ് ബോയിങ് വിമാനങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. 5000 ഓർഡറുകൾ നിർത്തി വെച്ചിട്ടുമുണ്ട് .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍