UPDATES

വിദേശം

യുവ പത്രപ്രവർത്തകരുടെ ഐക്കൺ, സ്വവര്‍ഗ്ഗാനുരാഗി; നൊമ്പരമായി തീവ്രദേശീയ വാദികള്‍ കൊലപ്പെടുത്തിയ ലിറ മെക്കി

ലൈംഗികന്യൂനപക്ഷങ്ങളെ കുറിച്ച് തെറ്റിദ്ധാരണപരത്തുന്ന മതപഠനം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന വാദത്തിലൂടെ മെക്കി 2017 ൽ  കോളിളക്കം സൃഷ്ടിച്ചിരുന്നു.

പാര്‍വതി

പാര്‍വതി

‘കുഞ്ഞേ,

അവരെല്ലാവരും കൂടി നിന്റെ ജീവിതം നരക തുല്യമാക്കിയേക്കും. നിന്നെ നോക്കി കളിയാക്കി ചിരിക്കും. നിന്നെ ഇരട്ടപ്പേരുകൾ വിളിച്ച് നോവിപ്പിക്കും. അത് ഭയാനകമായ അവസ്ഥയാണ്. നിനക്ക് മുതിർന്നവരോട് പരാതിപ്പെടാനാകില്ല. കാരണം പരാതിപ്പെട്ടാൽ അവർ നിന്റെ ആ വലിയ രഹസ്യം കണ്ടുപിടിക്കും.

…….

ഈ വിരസ ജീവിതത്തിൽ നിങ്ങൾക്ക് ആകെ ചെയ്യാനുള്ളത് എഴുതുക എന്നത് മാത്രമാണ്. അപ്പോൾ നിനക്ക് പയ്യെ ബോധ്യപ്പെടുന്നില്ലേ നീ ഒന്നിനും കൊള്ളാത്ത ആൾ അല്ലെന്ന്? നീ ചില കാര്യങ്ങളിലൊക്കെ വളരെ മിടുക്കിയാണെന്ന്.’

14 വയസ്സുള്ള ഒരു കുട്ടിയ്ക്ക് അവളുടെ മാധ്യമപ്രവർത്തനത്തോടുള്ള താല്പര്യത്തെക്കുറിച്ചും എഴുത്തുകളെക്കുറിച്ചും അതിനെല്ലാമുപരിയായി അവളുടെ ജീവിതത്തിലെ ആ പരമ രഹസ്യത്തെക്കുറിച്ചും ലിറ മെക്കി എഴുതിയ കത്ത് വളരെ ചർച്ച പ്രശസ്തമാണ്. ആ 14 വയസ്സുകാരി മറ്റാരുമായിരുന്നില്ല. തന്റെ ഉള്ളിൽ നോവായി നിന്നിരുന്ന സ്വന്തം ബാല്യകാലത്തെ അഭിസംബോധന ചെയ്താണ് മെക്കി കത്തുകളെഴുതിയത്. മെക്കിയുടെ പരമരഹസ്യം ഇതായിരുന്നു. മെക്കി ഒരു സ്വവർഗാനുരാഗിയായിരുന്നു. 14 വയസ്സുള്ള സ്വന്തം പ്രതിരൂപത്തിന് ‘എ ലെറ്റർ ടു മൈ ഫോർട്ടീൻ ഇയർ ഓൾഡ് സെല്ഫ്’ എന്ന പേരിൽ കത്തെഴുതിയ മെക്കി ഇനി ഇല്ല. മാധ്യമപ്രവർത്തനരംഗത്തെ പുത്തൻ താരോദയമെന്ന് ലോകം വിളിച്ച മെക്കി ഇന്നലെ നടന്ന വടക്കന്‍ അയര്‍ലന്‍ഡിലെ ലണ്ടന്‍ ഡെറി കലാപത്തിൽ കൊല്ലപ്പെട്ടു. ധീരമായി തൊഴിലെടുത്തുകൊണ്ടിരുന്ന ഒരു മാധ്യമപ്രവർത്തക കൂടി തൊഴിലിടത്തിൽ വെച്ച് ആക്രമിക്കപ്പെട്ടു.

ലണ്ടൻ ഡെറിയിലെ യുവാക്കളും പോലീസുമായി നടന്ന ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് മെക്കി കൊല്ലപ്പെടുന്നത്. പൊലീസിന് നേരെ പെട്രോൾ ബോംബുകളും മറ്റ് സ്ഫോടന വസ്തുക്കളും വലിച്ചെറിയെന്ന സംഘർഷഭൂമിയിലേക്കാണ് അതിധീരയായ മെക്കി കടന്നുചെല്ലുന്നത്. മെക്കിയുടെ കൊലപാതകത്തിന് രണ്ട് തീവ്ര ദേശീയവാദികളായ കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലിറ മെക്കിയെന്ന ഐറിഷ് മാധ്യമപ്രവർത്തക പത്രപ്രവർത്തന ചരിത്രത്തിൽ എങ്ങനെയാണ് അടയാളപ്പെടുന്നത്? 2016ലെ ലോകത്തെ മികച്ച 30 മാധ്യമ പ്രവര്‍ത്തകരുടെ ഫോബ്സ് മാസികയുടെ പട്ടികയില്‍ ഇടം പിടിച്ച ലിറ മെക്കി ആരാണ്?

ഒരു സ്വവര്ഗാനുരാഗിക്കുമേൽ സമൂഹം ഏൽപ്പിച്ച പരിഹാസങ്ങളുടെ ഭാരം പേറിയാണ് മെക്കി തന്റെ കൗമാരകാലം കഴിച്ചുകൂട്ടിയത്. അത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ മാധ്യമപ്രവർത്തനമെന്നത് അവർക്ക് ഒരു അതിജീവനമാര്ഗം കൂടിയാണ്. അങ്ങെനെയാണ് 15 -ആം വയസ്സിൽ അവർ മാധ്യമപ്രവർത്തനരംഗത്ത് ചുവടു വെയ്ക്കുന്നത്. അയർലണ്ടിലെ സെന്റ്. ജമ്മ ഹൈ സ്‌കൂൾ പഠന കാലത്ത് ഒരു സ്കൂൾ ന്യൂസ്‌പേപ്പർ ഒറ്റയ്ക്ക് തയ്യാറാക്കികൊണ്ടാണ് ഇവർ സഹപാഠികളെയും അധ്യാപകരെയും ഞെട്ടിക്കുന്നത്. ഐറിഷ് ദേശീയവാദികളും ബ്രിടീഷ് യൂണിയനിസ്റ്റുകളും തമ്മിലുള്ള സംഘർഷം ശക്തമായിരുന്ന ഒരു കാലത്ത് ഈ വിഷയങ്ങളൊക്കെ മെക്കി സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.

30 ൽ 30 റേറ്റിങ്ങും നേടിയ കഴിവുള്ള മാധ്യമപ്രവർത്തകയായി 2016 ൽ മെക്കിയെ ഫോബ്‌സ് മാസിക തിരഞ്ഞെടുക്കുമ്പോൾ അവർ മെക്കിയ്ക്ക് മാത്രമായുള്ള ചില സവിശേഷതകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. മറ്റാരും കാണാത്ത വാർത്തകൾ കാണാനായി, ഉറക്കെ കേൾക്കാത്ത ശബ്ദങ്ങൾ കേൾപ്പിക്കാനായി കണ്ണും കാതും തുറന്നുവെച്ച മാധ്യമപ്രവർത്തകയായി ഫോബ്‌സ് മെക്കിയെ വിശേഷിപ്പിക്കുന്നുണ്ട്. ഏത് ദുരന്തമുഖത്തെത്തിയാലും അവിടെ ഹൃദയം കൊണ്ടും തലച്ചോറും കൊണ്ട് കാര്യങ്ങൾ കാണുമെന്ന് സുഹൃത്തുക്കൾ വിശേഷിപ്പിച്ച മെക്കിയാണ് ഒടുവിൽ ഒരു ദുരന്തമുഖത്ത് വെച്ച് തീവ്രവാദിയുടെ ആക്രമണത്തിൽ കൊലചെയ്യപ്പെട്ടത്. അറ്റ്ലാന്റിക് മാഗസിന്‍, ബസ്ഫീല്‍ഡ് ന്യൂസ് ഫീഡ് എന്നീ മാധ്യമങ്ങളിലാണ് ഇവർ ജോലി ചെയ്തിരുന്നത്. അറിയപ്പെടുന്ന അന്വേഷണാത്മക പത്ര പ്രവര്‍ത്തകയും ബ്ലോഗറുമാണ് മെക്കി. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് മുന്‍പ് ആക്രമികള്‍ പെട്രോള്‍ ബോംബ് എറിയുന്ന ചിത്രം ലിറ മെക്കി  സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

“എന്നെ സംബന്ധിച്ച് മാധ്യമ പ്രവർത്തണമെന്നത് ലോകത്തെ രക്ഷിക്കുന്ന ഒരു കാര്യം കൂടിയാണ്. നിങ്ങൾക്ക് ഒരു അതിഭയങ്കരമായ കാര്യം പറയാനുണ്ടെന്ന് കരുതുക. ഉറപ്പാണ് അത് വിളിച്ച് പറഞ്ഞാൽ ഒരാളെങ്കിലും നിങ്ങളെ അടുത്തിരുന്ന് കേട്ടിരിക്കും.” മാധ്യമപ്രവർത്തണമെന്ന ആശയത്തെ സംബന്ധിച്ച തന്റെ തോന്നലുകളും അനുഭവങ്ങളും മെക്കി തന്റെ TED  സംഭാഷണങ്ങളിലൂടെ വിളിച്ച് പറഞ്ഞപ്പോൾ ഇവർക്ക് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും നിരവധി ആരാധകരുണ്ടായി. യുവ പത്രപ്രവർത്തകരുടെ ഒരു ഐക്കൺ തന്നെയായി മാറിയിരുന്ന ഈ 29 കാരിയുടെ മരണത്തിൽ മാധ്യമപ്രവർത്തന ലോകം ആകെ വേദനിക്കുകയാണ്. ‘ആ പ്രകാശം പൊലിഞ്ഞു’വെന്നാണ് സി എൻ എൻ മെക്കിയുടെ മരണത്തെ വിശേഷിപ്പിച്ചത്.

ലൈംഗികന്യൂനപക്ഷങ്ങളെ കുറിച്ച് തെറ്റിദ്ധാരണപരത്തുന്ന മതപഠനം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന വാദത്തിലൂടെ മെക്കി 2017 ൽ  കോളിളക്കം സൃഷ്ടിച്ചിരുന്നു. 23 ആം വയസ്സിൽ ഇവർ തയ്യാറാക്കിയ അയർലണ്ടിലെ റേപ്പ് ക്രൈസിസ് സെന്ററിനെ കുറിച്ചുള്ള റിപ്പോർട്ടും വലിയ ചർച്ചയായിരുന്നു. മെക്കിയുടെ കൊലപാതകികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ വടക്കൻ അയർലൻഡ് ഭരണകൂടത്തോട് അപേക്ഷിക്കുകയാണ് ലോകം.

പാര്‍വതി

പാര്‍വതി

അഴിമുഖം സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍