UPDATES

വിദേശം

“നിങ്ങൾക്ക് വൈറ്റ് ഹൌസിൽ നിന്ന് മുറിവേറ്റ് ഇറങ്ങിപോകേണ്ടി വരും”; ട്രംപിന് വെനിസ്വല പ്രസിഡണ്ട് മഡുറോയുടെ മുന്നറിയിപ്പ്

ട്രംപ് ഇനിയും ഇക്കാര്യത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തിയാൽ വൈറ്റ് ഹൌസിൽ നിന്ന് മുറിവേറ്റ് ഇറങ്ങിപ്പോരേണ്ടി വരുമെന്ന് മഡുറോയുടെ ഭീഷണി

“ഞാൻ എങ്ങോട്ടും പോകാൻ ഉദ്ദേശിക്കുന്നില്ല. എന്നെ പുറത്താക്കാനുള്ള നിങ്ങളുടെ ഈ നാണം കേട്ട സാമ്രാജ്യത്വ കൂട്ടുകെട്ടിന് വഴങ്ങിത്തരാൻ എനിക്ക് പറ്റില്ല, മിസ്റ്റർ ട്രംപ്, ഇനിയും ഇക്കാര്യത്തിൽ ഇടപെടാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾക്ക് വൈറ്റ് ഹൌസിൽ നിന്ന് മുറിവേറ്റ് ഇറങ്ങിപോകേണ്ടി വരും. ” സ്പാനിഷ് മാധ്യമപ്രവർത്തക ജോർദി ഇവോളിയുമായുള്ള അഭിമുഖത്തിൽ വെനിസ്വല പ്രസിഡണ്ട് നിക്കോളാസ് മഡുറോ കത്തിക്കയറി.

വിയറ്റ്നാം ആവർത്തിക്കുകയാണോ നിങ്ങളുടെ ലക്ഷ്യം? മഡുറോയ്ക്ക് ട്രംപിനോട് ചോദിക്കാനുള്ളത് അതാണ്. “ക്രൂരമായ സ്വേച്ഛാധിപത്യ ഭരണമാണ് ട്രംപ് നിങ്ങളുടേത്, ഇനിയും നിങ്ങൾ ഈ നാണം കെട്ട കളികൾ തുടരരുത്” ട്രംപിന് ശക്തമായ ഭാഷയിലാണ് മഡുറോ മുന്നറിയിപ്പ് നൽകുന്നത്.

ഉടൻ തിരഞ്ഞെടുപ്പ് നടത്താനുള്ള യൂറോപ്പിന്റെ ആവശ്യത്തെ കുറിച്ച് ചോദിക്കുമ്പോൾ പുറത്തുനിന്നുള്ള അന്ത്യശാസനങ്ങളൊക്കെ ഞങ്ങൾക്ക് താല്പര്യമില്ല എന്നാണ് മഡുറോ പറഞ്ഞത്. യൂറോപ്പ് എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കേണ്ട കാര്യമെന്താണ്? 2024 ൽ തിരഞ്ഞെടുപ്പ് അതിന്റെ മുറയ്ക്ക് നടക്കും എന്നാണ് മഡുറോ പ്രതികരിക്കുന്നത്.

പുറം രാജ്യങ്ങളുടെ ഇടപെടലുകളെ കൊളോണിയൽ കാലഘട്ടത്തിലെ സാമ്രാജ്യത്വം എന്ന് ആക്ഷേപിക്കുന്ന മഡുറോ തെരുവുകളിൽ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് മൌനം പാലിക്കുകയാണ്. മഡുറോ തന്റെ ഭരണകാലത്ത് ഈ രാജ്യത്തിന് നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂവെന്നാണ് വെനിസ്വലയിലെ സാധാരണ പൗരന്മാരുടെ പ്രതിഷേധ പ്രകടനങ്ങളിൽ പ്രധാനമായും ആരോപിക്കുന്നത്. കാര്യങ്ങൾ മനസ്സിലാക്കൂ, നിങ്ങൾ ഒന്നിറങ്ങിപ്പോകൂ എന്ന് പൗരന്മാർ മഡുറോയ്ക്ക് നിരന്തരം സന്ദേശങ്ങൾ അയക്കാറുമുണ്ട്.

ദക്ഷിണ അമേരിക്കയിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിൽ ഒന്നായ വെനിസ്വല മഡുറോയുടെ ഭരണത്തിന് കീഴിലാണ് സാമ്പത്തികമായി ഇത്രയും തകര്‍ന്നതെന്നാണ് സാധനങ്ങളുടെ വിലക്കയറ്റവും ഭക്ഷണ സാധനങ്ങളുടെ ദൗർലഭ്യവും കൊണ്ട് നട്ടം തിരിഞ്ഞ് നിരവധി വെനുസ്വല പൗരന്മാരാണ് അന്യരാജ്യങ്ങളിലേക്ക് കുടിയേറിയത്. അവസ്ഥകൾ ഇങ്ങനെ തന്നെ തുടരുന്ന പക്ഷം കുടിയേറുന്നവരുടെ എണ്ണം ഈ വർഷം 5 മില്യൺ കവിയുമെന്നാണ് ഐക്യരാഷ്ട്ര സഭ വിലയിരുത്തുന്നത്. രാജ്യത്ത് ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടെന്ന് അംഗീകരിക്കാൻ പോലും മഡുറോ തയ്യാറല്ല. ഇവിടുത്തെ മനുഷ്യർക്ക് യാതൊരു തരത്തിലും പ്രശ്‌നമില്ല ഇവിടെ എല്ലാം ശാന്തമാണെന്നാണ് മഡുറോ പറയാൻ ശ്രമിക്കുന്നത്.

അതേസമയം പ്രതിഷേധം ശക്തമാക്കുമെന്ന് സ്വയം പ്രസിഡന്റ് ആയി പ്രഖ്യാപിച്ചിരിക്കുന്ന പ്രതിപക്ഷ നേതാവ് ഹുവാന്‍ ഗയ്‌ഡോ വ്യക്തമാക്കി കഴിഞ്ഞു. രാജ്യ വ്യാപകമായി ശക്തമായ പ്രതിഷേധ റാലികളും പ്രകടനങ്ങളും സംഘിടിപ്പിക്കാന്‍ ഗയ്‌ഡോ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രസിഡന്റ് മഡൂറോയ്ക്ക് തെരുവിലിറങ്ങി കരുത്ത് കാണിച്ചുകൊടുക്കണം എന്നാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ ഗയ്‌ഡോ ആവശ്യപ്പെട്ടത്. തലസ്ഥാനമായി കാരക്കാസിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗയ്‌ഡോ അനുകൂലികള്‍ വലിയ റാലികള്‍ സംഘടിപ്പിച്ചു.

മഡൂറോ രാജി വച്ച് പുതിയ തിഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ പിന്നോട്ടില്ലെന്നാണ് ഗയ്‌ഡോയുടെ നിലപാട്. മഡൂറോ തിരഞ്ഞെടുപ്പ് അട്ടമറി നടത്തിയതായി പ്രതിപക്ഷം ആരോപിക്കുന്നു. കഴിഞ്ഞ മാസം ഗയ്‌ഡോ സ്വയം പ്രസിഡന്റ് ആയി പ്രഖ്യാപിക്കുകയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗയ്‌ഡോയെ പ്രസിഡന്റ് ആയി അംഗീകരിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഗയ്‌ഡോയെ പ്രസിഡന്റ് ആയി അംഗീകരിച്ചിരുന്നു. വെനിസ്വേല ഭരണഘടന, പ്രസിഡന്റിന് സ്്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലാതാകുന്ന പക്ഷം രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റ് ആയിരിക്കാന്‍ അനുവദിക്കുന്നുണ്ടെന്നാണ് നാഷണല്‍ അസംബ്ലിയുടെ പ്രസിഡന്റായ ഗയ്‌ഡോയുടെ നിലപാട്. അതേസമയം റഷ്യയും ചൈനയും തുര്‍ക്കിയും മഡൂറോയെ പിന്തുണയ്ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍