UPDATES

വിദേശം

റഷ്യന്‍ ഇടപെടല്‍; മ്യുള്ളർ റിപ്പോർട്ടില്‍ ട്രംപ് കുറ്റക്കാരനല്ലെന്ന് സൂചന

‘പ്രസിഡന്റ്  കുറ്റം ചെയ്തു എന്ന് ഈ റിപ്പോർട്ട് തെളിയിക്കുന്നില്ല, പക്ഷെ ഇത് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നുമില്ല. ‘

ട്രംപോ അനുയായികളോ 2016 തിരഞ്ഞെടുപ്പ് സമയത്ത് റഷ്യയുമായി ബന്ധപ്പെട്ടതിന്റെ യാതൊരു തെളിവുകളും മ്യുള്ളറിന്റെ റിപ്പോർട്ടിലില്ലെന്ന് യു എസ് അറ്റോർണി ജനറൽ വില്യം ബാർ. തിരഞ്ഞെടുപ്പ് സമയത്തെ റഷ്യൻ ഇടപെടലുകൾ സംബന്ധിച്ച റോബർട്ട് മ്യുള്ളറിന്റെ അന്വേഷണ റിപ്പോർട്ടിനെ കുറിച്ച് യു എസ് കോൺഗ്രസിൽ സമർപ്പിച്ച  കത്തിലാണ് ട്രംപ് കുറ്റക്കാരനല്ലെന്ന് സൂചിപ്പിക്കുന്നത്. മ്യുള്ളറിന്റെ റിപ്പോർട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. റിപ്പോർട്ട് സംഗ്രഹിച്ചെഴുതിയ മൂന്ന് പേജുള്ള കത്തിൽ ട്രംപോ അനുയായികളോ യാതൊരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ല എന്നാണ് അറ്റോർണി ജനറൽ വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പിനെക്കുറിച്ചും റഷ്യൻ ബാന്ധവത്തെക്കുറിച്ചും നിർണ്ണായക തെളിവുകളുണ്ടായേക്കാമെന്നതിനാൽ ലോകം ആകാംഷയോടെ കാത്തിരുന്ന റിപ്പോർട്ടായിരുന്നു റോബർട്ട് മ്യുള്ളറിന്റെത്. രണ്ട് വർഷം നീണ്ട അന്വേഷങ്ങളിലൂടെയാണ് മ്യുള്ളർ റിപ്പോർട്ട് തയ്യാറാക്കിയത്. അന്വേഷണ ഘട്ടത്തിൽ തന്നെ ട്രംപിന്റെ ചില സുപ്രധാന അനുയായികൾ സാമ്പത്തിക ക്രമക്കേടുകൾക്കും മറ്റും വിചാരണ നേരിട്ടിരുന്നു. ‘പ്രസിഡന്റ്  കുറ്റം ചെയ്തു എന്ന് ഈ റിപ്പോർട്ട് തെളിയിക്കുന്നില്ല, പക്ഷെ ഇത് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നുമില്ല.’ മ്യുള്ളറിന്റെ റിപ്പോർട്ടിന്റെ അവസാന വരി അറ്റോർണി ജനറൽ തന്റെ കത്തിൽ ഉദ്ധരിക്കുന്നുണ്ട്.

എന്നാൽ തന്നെ മ്യുള്ളറിന്റെ റിപ്പോർട്ട്തന്നെ  നിരുപാധികം കുറ്റവിമുക്തനാക്കി എന്നാണ് ട്രംപ് ട്വീറ്റ് ചെയ്യുന്നത്. ഈ റിപ്പോർട്ട് ട്രംപിന് കിട്ടിയ ഒരു മികച്ച അവസരമായിരിക്കുമെന്നും അത് അദ്ദേഹം പരമാവധി ഉപയോഗിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴച്ച് ക്രൂശിച്ചുവെന്ന് പറഞ്ഞ് ട്രംപ് അടുത്ത തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്‌തേക്കും. പഴയ കാലത്തെ മന്ത്രവാദ വേട്ട പോലെ മ്യുള്ളർ തന്നെ വേട്ടയാടുകയായിരുന്നു എന്നാണ് അന്വേഷഘട്ടത്തിൽ ട്രംപ് പറഞ്ഞിരുന്നത്. ‘നിങ്ങളുടെ രാജ്യത്തിന്റെ പ്രസിഡന്റ്റ് ഈ പരീക്ഷണ ഘട്ടങ്ങളിലൂടെയെല്ലാം കടന്നു പോകേണ്ടി വന്നു എന്ന് പറയുന്നത് തന്നെ അപമാനകരമാണ്. ഈ വേട്ടയാടൽ ഞാൻ പ്രസിഡന്റ്റ് ആകുന്നതിനും മുൻപേ തന്നെ തുടങ്ങിയതാണ്.’ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നയുടൻ ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയൊക്കെയാണ്.

എന്നാൽ കോൺഗ്രസ്സിനകത്ത് അവിശ്വാസം മുറുകിയതോടെ റിപ്പോർട്ടിന്റെ പൂർണ്ണരൂപം പുറത്ത് വിടാൻ അറ്റോർണി ജനറൽക്ക് മേൽ സമ്മർദ്ദം ശക്തമായി. പൊതുതാല്പര്യം കണക്കിലെടുത്ത് റിപ്പോർട്ട് ഉടൻ പുറത്ത് വിടുമെന്ന് അറ്റോർണി ജനറൽ ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ റിപ്പോർട്ട് പൂർണ്ണമായി പുറത്ത് വിടുമോ, പ്രസക്ത ഭാഗങ്ങൾ മാത്രമാണോ പുറത്ത് വിടുന്നത് തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. റോബർട്ട് മ്യുള്ളറുമായുള്ള വിശദമായ ചർച്ചയ്ക്ക് ശേഷമേ എന്തെങ്കിലും തീരുമാനം എടുക്കാനാകൂ എന്നാണ് അറ്റോർണി ജനറലിന്റെ വിശദീകരണം. റിപ്പോർട്ട് ഉടൻ തന്നെ പുറത്തുവിടണമെന്ന് മുൻപ് തന്നെ രണ്ട് പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. അറ്റോർണി ജനറലൽ ട്രംപ് തന്നെ നിയമിച്ച ആളായതിനാൽ സുതാര്യത ഉറപ്പു വരുത്താനാണ് റിപ്പോർട്ട് മുഴുവനായി തന്നെ കാണണമെന്ന് ആവശ്യങ്ങൾ ഉയരുന്നത്. 500ഓളം സാക്ഷിമൊഴികളുടെയും വിവിധ രേഖകളുടെയും അടിസ്ഥാനത്തിലാണ് മ്യുള്ളർ റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്.

©

വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍