UPDATES

വിദേശം

റഷ്യന്‍ ബാന്ധവം: മ്യുള്ളർ റിപ്പോർട്ട് സമർപ്പിച്ചു; ട്രംപ് കുടുങ്ങുമോ?

എന്നാൽ റിപ്പോർട്ടിലെ കാര്യങ്ങളെ കുറിച്ച് ട്രംപിന് ഒരു സൂചന പോലും കൊടുക്കരുതെന്നാണ് സ്പീക്കർ നാൻസി പെലോസി ഉപദേശിക്കുന്നത്.

2016ലെ അമേരിക്കൻ പ്രസിഡന്റ്റ് തിരഞ്ഞെടുപ്പിന്റെ സമയത്ത് ട്രംപ് റഷ്യയുമായി നടത്തിയെന്ന് ആരോപിക്കപ്പെട്ട രഹസ്യ ഉടമ്പടികളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് റോബർട്ട് മ്യുള്ളർ യു എസ് അറ്റോർണി ജനറൽ വില്യം ബാറിന് സമർപ്പിച്ചു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ തന്നെ ട്രംപിന്റെ നിരവധി അനുയായികളെ കുറ്റക്കാരെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്ത കേസ് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അന്തിമ റിപ്പോർട്ടിൽ എന്താണ് പറയുന്നതെന്നോ വിധി എന്താകുമെന്നോ സംബന്ധിച്ചവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ സാധ്യമായാല്‍ ഈ ആഴ്ച തന്നെ മാധ്യമങ്ങളെ അറിയിക്കുമെന്ന് അറ്റോർണി ജനറൽ പ്രഖ്യാപിച്ചു.

പഴയ കാലത്തെ മന്ത്രവാദി വേട്ടയെന്നതുപോലെ മ്യുള്ളർ തന്നെ വേട്ടയാടുകയാണെന്നായിരുന്നു മുൻപ് ട്രംപ് പറഞ്ഞിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ റഷ്യൻ ബന്ധങ്ങളും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്ന് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ, അഭിഭാഷകൻ, പേഴ്സണൽ അറ്റോർണി, രണ്ട്  പോളിസി ഉപദേശകർ എന്നിവർ അറസ്റ്റിലായിരുന്നു. ‘മ്യുള്ളർ റിപ്പോർട്ടി’ നെ തുടർന്നുള്ള നടപടികളെല്ലാം പരമാവധി സുതാര്യമായിരിക്കുമെന്നാണ് അറ്റോർണി ജനറൽ അറിയിക്കുന്നത്. റിപ്പോർട്ട് മുഴുവനായി തന്നെ പുറത്തുവിടാൻ മുതിർന്ന ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും അറ്റോർണി ജനറലിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

എന്നാൽ റിപ്പോർട്ടിലെ കാര്യങ്ങളെ കുറിച്ച് ട്രംപിന് ഒരു സൂചന പോലും കൊടുക്കരുതെന്നാണ് സ്പീക്കർ നാൻസി പെലോസി ഉപദേശിക്കുന്നത്. റിപ്പോർട്ടിൽ അനാവശ്യ ഇടപെടലുകൾ നടത്താൻ വൈറ്റ് ഹൗസിന് യാതൊരു പഴുതും നല്കരുതെന്നാണ് ഇവരുടെ നിർദ്ദേശം. മ്യുള്ളർ റിപ്പോർട്ട് സമർപ്പിച്ചതിനെ കുറിച്ച് ട്രംപ് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്ന് യു എസ പ്രസ് സെക്രട്ടറി സാറ സാന്ഡേഴ്സ് അറിയിക്കുന്നു.

കുറ്റാരോപിതരായവരുടെ ഇടപെടലുകളെയും ചെയ്ത കുറ്റകൃത്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണ വരണമെങ്കിൽ മുഴുവൻ റിപ്പോർട്ടും പുറത്ത് വരണം. ഇനി ആരെയൊക്കെ വിചാരണ ചെയ്യണം, തിരഞ്ഞെടുപ്പ് കാലത്ത് റഷ്യൻ ഇടപെടൽ  എങ്ങനെയായിരുന്നു തുടങ്ങിയവയൊക്കെ അറിയാൻ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ലോകം.©

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍