UPDATES

വിദേശം

“അയാളെ പേര് വിളിക്കില്ല, പകരം കൊല്ലപ്പെട്ട 50 നിരപരാധികളുടെ പേരുകൾ എക്കാലവും ഓർക്കാം…”: പാര്‍ലമെന്റില്‍ ജെസിൻഡ ആർഡൻ

ഇസ്ലാം മതവിശ്വാസികൾ പരസ്പരം പറയുന്ന “അസ്സലാമു അലൈക്കും” എന്ന ആശംസയോടെയാണ് ജെസിൻഡ യോഗം ആരംഭിച്ചത്

“പ്രശസ്തിക്ക് വേണ്ടിയായിരിക്കും അയാൾ ഇത് ചെയ്തത്. ന്യൂസിലാൻഡ് അയാൾക്ക് ഒന്നും കൊടുക്കാൻ പോകുന്നില്ല. ഒന്നും. സ്വന്തം പേര് പോലും.” സ്വന്തം രാജ്യത്തിൻറെ മനസമാധാനം തകർത്ത ഭീകരനെ കുറിച്ച് അമർഷത്തോടെയാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിൻഡ ആർഡൻ പാർലമെന്റിൽ സംസാരിച്ചത്. താൻ അയാളെ ഭീകരവാദിയെന്നും അക്രമിയെന്നും സംബോധന ചെയ്യുമെന്നും അയാളുടെ പേര് ഉച്ചരിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തന്റെ രാജ്യത്തിന് അയാൾ ‘പേരില്ലാത്തവൻ’ ആയിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അയാളുടെ പേര് പറയുന്നതിന് പകരം നമുക്ക് കൊല്ലപ്പെട്ട 50 നിരപരാധികളുടെ പേരുകൾ എക്കാലവും ഓർക്കാമെന്നുമാണ് ജെസിൻഡ നിർദ്ദേശിക്കുന്നത്.

ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിൽ ഭീകരാക്രമണമുണ്ടാകുന്നത്. ആക്രമണത്തിൽ 50 പേരോളം കൊല്ലപ്പെടുകയും 9 പേരോളം അത്യാസന്നനിലയിൽ ആശുപത്രിയിൽ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആദ്യമായി പ്രധാനമന്ത്രി പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. അന്ധമായ മുസ്‌ലിം വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് ഉറപ്പാകുമ്പോൾ, ഇസ്ലാം മതവിശ്വാസികൾ പരസ്പരം പറയുന്ന “അസ്സലാമു അലൈക്കും” എന്ന ആശംസയോടെയാണ് ജെസിൻഡ യോഗം ആരംഭിച്ചത്. ഈ ആക്രമം രാജ്യം ഒരിക്കലും മറക്കില്ലെന്നും നമ്മുടെ എല്ലാവരുടെയും ഓർമ്മയിൽ ഇതെപ്പോഴും മായാതെ നിൽക്കുമെന്നും ആര്‍ഡന്‍ പറഞ്ഞു.

തോക്കു നിയമങ്ങൾ ശക്തമാക്കുമെന്നും ചില ആയുധങ്ങൾ പൂർണ്ണമായോ ഭാഗികമായോ നിരോധിക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി സൂചിപ്പിക്കുന്നുണ്ട്. ഭീകരാക്രമണം നടത്തിയ ബ്രെണ്ടൻ റ്ററന്റ്റ് എന്നയാൾ തനിക്ക് വേണ്ടി വാദിക്കാൻ അഭിഭാഷകരൊന്നും തന്നെ വേണ്ടെന്നും സ്വയം കോടതിയിൽ വാദിച്ചോളാമെന്നും പറഞ്ഞതിനെ ആശങ്കയോടെയാണ് പ്രധാനമന്ത്രി കാണുന്നത്. വിചാരണയെ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള അവസരമാക്കി ഇയാൾ ഉപയോഗിച്ചേക്കുമെന്നാണ് ഇവരുടെ ആശങ്ക. “കുപ്രശസ്തിയാണ് അയാളുടെ ആവിശ്യം. മുസ്‌ലിം സമുദായത്തെയും കുടിയേറ്റക്കാരെയും ഭയപ്പെടുത്താനാണ് അയാളുടെ ഉദ്ദേശ്യം. അയാൾക്ക് പ്രശസ്തി നേടിക്കൊടുക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.” എന്നതാണ് ജെസിൻഡയുടെ ഉറച്ച വാക്കുകൾ.

“ഇത് ന്യൂസിലാൻഡ് നേരിട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഇരുണ്ട കാലഘട്ടമാണ്, എത്രപേർ മരിച്ചു, എത്ര പേർക്ക് പരിക്കുപറ്റി എന്നത് വിശദമാക്കാനല്ല ഞാൻ ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഈ ആക്രമണത്തിന്റെ ഇരകൾ ന്യൂസിലാഡിൽ താമസമാക്കിയ മറ്റ് രാജ്യക്കാരാണ്. ഈ രാജ്യത്ത് താമസിക്കാനായി ആഗ്രഹിച്ച് എത്തിയ അവരുടേതും കൂടിയാണ് ഈ രാജ്യം. എന്നെ സംബന്ധിച്ച് വെടിവെപ്പു നടത്തിയ ആക്രമികളല്ല, ഇവിടെ വെടിയേറ്റുവീണ അഭയാര്‍ത്ഥികളാണ് ഈ നാടിന്‍റെ യഥാർത്ഥ മക്കൾ, അവരാണ് ‘നമ്മൾ’…” എന്നായിരുന്നു സംഭവത്തില്‍ ജെസിന്‍ഡ ആര്‍ഡന്‍റെ ആദ്യ പ്രതികരണം. ഹിജാബ് ധരിച്ച് കൊണ്ട് ക്രൈസ്റ്റ് ചർച്ചിലെ മോസ്‌ക്കിലെത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ നടപടിയെ ലോകം ആദരവോടെയാണ് പ്രകീര്‍ത്തിച്ചത്.

Read More: ജെസിൻഡ ആര്‍ഡന്‍, ലോകം നിങ്ങളെ ആരാധിക്കുന്നു; ഹിജാബ് ധരിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനെത്തിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയെ അറിയാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍