UPDATES

പ്രവാസം

മുഖ്യമന്ത്രിയെ വിശ്വസിച്ചതാണ് ഞങ്ങള്‍ ചെയ്ത തെറ്റ്; യെമനില്‍ നിന്നു തിരിച്ചെത്തിയ നഴ്സ് ജെറിന്‍

Avatar

ഒരു ലോക നഴ്സ് ദിനം കൂടി കടന്നു പോകുന്നു. രോഗികള്‍ക്ക് പുഞ്ചിരിയോടെ ആശ്വാസം പകരുന്ന നഴ്സുമാരെ ഓര്‍ക്കാനായി ഒരു ദിവസം. ആ പുഞ്ചിരിക്കുന്ന മുഖമെന്ന മുഖംമൂടി അഴിച്ചു വച്ചാല്‍ ഇവരുടെ ജീവിതം എന്തെന്നന്വേഷിക്കാന്‍ ആരും ശ്രമിക്കാറുമില്ല. പലതും പുറത്തെത്താറുമില്ല. പ്രത്യേകിച്ചും കേരളത്തില്‍ നിന്നും ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ജോലിക്കായി പോകുന്ന മലയാളി നഴ്സുമാരുടേത്. ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 20 ലക്ഷം പേരില്‍ 18 ലക്ഷം പേരും മലയാളികള്‍ ആണ് എന്നുള്ളത് കൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് എത്രത്തോളം പേര്‍ ഈ മേഖലയില്‍ കഷ്ടപ്പെടുന്നു എന്ന് വ്യക്തമാവുന്നത്.  യെമനില്‍ നിന്നും ഇറാഖില്‍ നിന്നും യുദ്ധമുണ്ടായതിനാല്‍ തിരിച്ചെത്തിയത് എത്ര പേര്‍ ആണെന്ന് പോലും ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. ഇവരില്‍ പലരുടെയും അവസ്ഥ എന്താണെന്നും. ലോക നഴ്സസ് ദിനത്തില്‍ യെമനില്‍ നിന്നും എത്തിയ ജെറിന്‍ നാട്ടിലെത്തിയ ശേഷമുള്ള അനുഭവം പങ്കുവയ്ക്കുന്നു.

യെമനിലെ അല്‍ നഖിബ് ആശുപത്രിയില്‍ നഴ്സിംഗ് സ്റ്റാഫായിരുന്നു ഞാനും ചേച്ചി സിജിയും. ചുറ്റുമുള്ളവര്‍ മരിച്ചു വീഴുന്നത് കണ്ടുകൊണ്ടാണ് ഞങ്ങള്‍ നാട്ടിലേക്ക് തിരിക്കുന്നത്. ഭാഗ്യം കൊണ്ട് നാട്ടിലെത്തി. പക്ഷേ ഇപ്പോള്‍ തോന്നുന്നു അതിന്റെ ആവശ്യമില്ലായിരുന്നു എന്ന്. അന്ന് നാട്ടില്‍ വരാതെ അവിടെ പിടിച്ചു നിന്നവരെപ്പോലെയൊരു തീരുമാനം എടുത്തിരുന്നുവെങ്കില്‍ ഒരുപക്ഷേ സാമ്പത്തിക ബാധ്യതയെങ്കിലും തീര്‍ക്കാന്‍ കഴിയുമായിരുന്നു.

ജീവന്‍ പണയം വെച്ചിട്ടു വേണം ജോലി ചെയ്യാന്‍ എങ്കിലും മാസാവസാനം ശമ്പളം കിട്ടുമ്പോള്‍, അത് നാട്ടിലേക്ക് അയക്കുമ്പോള്‍ ജീവിതം ഒരു കരയ്ക്കടുക്കും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. അതിന്മേല്‍ ഏറ്റ വലിയോരടിയായിരുന്നു പെട്ടന്ന് രൂക്ഷമായ യുദ്ധം. കിട്ടിയതെല്ലാം കെട്ടിപ്പെറുക്കി, അക്ഷരാര്‍ത്ഥത്തില്‍ ജീവനും കൈയ്യില്‍പ്പിടിച്ച് നാട്ടിലേക്കുള്ള യാത്രയില്‍ എല്ലാം ശരിയാകും എന്നൊരു പ്രതീക്ഷ മാത്രമായിരുന്നു കൂട്ട്. 

നിങ്ങള്‍ കയറിപ്പോരെ എല്ലാം ഞങ്ങളേറ്റു എന്ന് വാക്കു തന്നിട്ടു പോയവരെ ആരെയും ഇപ്പോള്‍ കാണാനില്ല. ഇന്ന് എങ്ങുമെത്താത്ത അവസ്ഥയിലാണ് ഞാനും എന്നെപ്പോലെയുള്ള അനേകം പേരും. ഞങ്ങളൊക്കെ ചെയ്ത തെറ്റ് സംസ്ഥാനത്തെ മുഖ്യമന്ത്രിയും മറ്റുള്ളവരും തന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ കണ്ണുമടച്ചു വിശ്വസിച്ചു എന്നുള്ളതാണ്. അതിന്റെ ഫലമാണ്‌ ഇപ്പോള്‍ അനുഭവിക്കുന്നതും. 

ഇവര്‍ക്കൊന്നും അറിയില്ല ഞങ്ങള്‍ എങ്ങനെയാണ് ഇപ്പോള്‍ കഴിയുന്നത്‌ എന്ന്. ഞങ്ങളുടെ ഓരോ ദിവസവും എങ്ങനെയാണ് കടന്നു പോകുന്നത് എന്നും.

എനിക്കും ചേച്ചിക്കും ഇത് വരെ ജോലി ആയിട്ടില്ല. നാട്ടിലെ മിക്കവാറും ആശുപത്രികളില്‍ കയറിയിറങ്ങി അപേക്ഷ കൊടുത്തു. ചിലയിടങ്ങളില്‍ നിന്നും വിളിച്ചത് പോലുമില്ല. വിളിച്ചയിടത്താകട്ടെ മൂന്നു മാസം സൗജന്യസേവനം നടത്തി നാലാം മാസം മുതല്‍ മാത്രമേ ശമ്പളം കിട്ടുകയുള്ളൂ.
മിക്കയിടത്തും ഫ്രെഷേഴ്സ് ആയാണ് ഞങ്ങളെ കണക്കാക്കുന്നത്. അതുവരെ ഞങ്ങള്‍ എങ്ങനെ ജീവിക്കും. 12 മണിക്കൂര്‍ ജോലിക്ക് 5000 രൂപ തരാം എന്നാണ് ചില ആശുപത്രികളില്‍ നിന്നും അറിയിച്ചത്. മൂന്നു ഷിഫ്റ്റുകള്‍ ആണ് മിക്കയിടത്തും. എന്തു ധൈര്യത്തില്‍ പോയി വരും. ദൂരസ്ഥലങ്ങളില്‍ ഉള്ളവയാണ് കൂടുതലും. പോയി വരുന്നതിനു തന്നെ നല്ലൊരു തുക ചെലവാകും. താമസിക്കാമെന്നു വച്ചാല്‍ റൂമിന്റെ വാടക കൊടുക്കാന്‍ പോലും കിട്ടുന്ന തുക തികയില്ല. കുടുംബത്തുള്ളവര്‍ക്ക് ചെലവിനു കൊടുക്കാന്‍ എന്തു ചെയ്യും. 

അങ്ങോട്ട്‌ പോയത് ഒന്നര ലക്ഷത്തോളം രൂപ ഇടനിലക്കാരന് കൊടുത്തിട്ടായിരുന്നു. ഞാന്‍ അങ്ങോട്ട്‌ പോകാന്‍ പണം കണ്ടെത്തിയത് ഉണ്ടായിരുന്ന സ്വര്‍ണ്ണം പണയപ്പെടുത്തിയാണ്. ചേച്ചിയുടേത് ലോണ്‍ എടുത്തിട്ടും. ലോണ്‍ കുറേശെ അടഞ്ഞെങ്കിലും ജീവിതം വഴിമുട്ടിയിരിക്കുകയാണ്. വീടു കഴിഞ്ഞു പോകുന്നത് പപ്പയുടെ തുച്ഛമായ ശമ്പളം കൊണ്ടാണ്. അദ്ദേഹത്തിന്റെ ബൈപ്പാസ് ഓപ്പറേഷന്‍ കഴിഞ്ഞിട്ട് വളരെക്കുറച്ചു സമയമേ ആയിട്ടുള്ളൂ. വീണ്ടും ജോലിക്കു പോയിരിക്കുകയാണ് പപ്പ.

ഇടയ്ക്ക് മുഖ്യമന്ത്രിയെ സമീപിച്ചു. ഒരു തവണ തിരുവനന്തപുരത്തു വന്നു സെക്രട്ടേറിയറ്റിനു മുന്‍പില്‍ പ്രതിഷേധം നടത്തി, നിവേദനം നല്‍കി. എന്നിട്ടും ഒരു രക്ഷയുമില്ല.

‘എല്ലാവര്‍ക്കും ജോലി തരാന്‍ പറ്റില്ല, കുറച്ചു പേര്‍ക്കെങ്കിലും ജോലിക്കായി ശ്രമിക്കാം, വായ്പ ഉള്ളവര്‍ക്ക് അതിന്റെ തിരിച്ചടവ് കാലാവധി നീട്ടാന്‍ മാര്‍ഗ്ഗമുണ്ടാക്കാം’ എന്ന് പലതവണ പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും ആരു തീരുമാനം ഉണ്ടായേനെ.

ജപ്തിനോട്ടീസുകളും അവഗണനയും പട്ടിണിയും പരിവട്ടവുമാണ് ഞങ്ങളില്‍ പലരും നേരിടുന്നത്. ചിലര്‍ ആത്മഹത്യയുടെ വക്കിലും.

പുറത്തായിരിക്കുമ്പോള്‍ എന്‍ആര്‍ഐ എന്ന ലേബലില്‍ പല രീതിയില്‍ ഞങ്ങളെ പിഴിയുന്നവര്‍ ആവശ്യം കഴിയുമ്പോള്‍ കൈ മലര്‍ത്തുന്നു. അത് കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഉപയോഗമില്ലല്ലോ. പ്രവാസിയുടെ പേരില്‍ നാട്ടിലെത്തുന്ന പണം മുടങ്ങിയാല്‍ തീരുന്നു അവരുടെ സ്നേഹം.  

ഞങ്ങളുടെ കാര്യം എല്ലാവരും മറന്നു. പുതിയത് വരുമ്പോള്‍ പഴയതെല്ലാം പാടേ മാഞ്ഞു പോകുമല്ലോ. അതിനും മാത്രം  വിഷയങ്ങള്‍  ഓരോ ദിവസവും നമുക്ക് കിട്ടുന്നുണ്ടല്ലോ.

(തയ്യാറാക്കിയത്: ഉണ്ണികൃഷ്ണന്‍ വി)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍