UPDATES

വിദേശം

പാകിസ്താനിൽ കമിതാക്കളെ ഷോക്കടിപ്പിച്ച് കൊന്നു; ഡല്‍ഹി കൊലയ്ക്ക് സമാനമായ ദുരഭിമാനക്കൊല

മറവ് ചെയ്ത മൃതദേഹങ്ങൾ വീണ്ടും പുറത്തെടുത്താണ് ഇപ്പോൾ അന്വേഷണങ്ങൾ പുരോഗമിക്കുന്നത്.

ഡൽഹിയിൽ വീട്ടുകാരെ എതിർത്ത് വിവാഹിതരായതിന് രണ്ട് കമിതാക്കളെ നാട്ടുകൂട്ടം ഷോക്കടിപ്പിച്ച് കൊന്നതിന് തൊട്ടുപിന്നാലെ പാകിസ്താനിലെ കറാച്ചിയിലും സമാനരീതിയിൽ രണ്ട് പ്രണയിതാക്കളെ നാട്ടുകാർ കൊലപ്പെടുത്തി. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. 15 കാരിയായ ഭക്ത ജാൻ, കാമുകൻ 17 വയസുകാരനായ റഹ്മാൻ എന്നിവരെയാണ് നാട്ടുകൂട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. ഒരുമാസം മുൻപ് കൊലപ്പെടുത്തിയതാകാമെന്ന് കരുതപ്പെടുന്ന ഈ കുട്ടികളുടെ മൃതദേഹങ്ങൾ ഒന്നുകൂടി കുഴിച്ചെടുത്ത് പരിശോധിച്ച് വൈദ്യുതാഘാതം മൂലമാകാം ഇവർ മരിച്ചതെന്ന് ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കറാച്ചി പോലീസ്. പ്രണയ ദിനത്തിന്റെ പിറ്റേന്ന് രണ്ട് കമിതാക്കളുടെയും കുഴിമാടം തുറന്ന് കൈകാലുകളിലെ പാടുകൾ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇതുവരെയും പുറത്തുവന്നിട്ടില്ല.

ഇരുവരും ഒരുമിച്ച് ജീവിക്കാനായി വീട്ടുകാരെ എതിർത്ത് ഒളിച്ചോടുകയായിരുന്നെന്നും, ഇത് കണ്ടുപിടിച്ച നാട്ടുകാർ ഇവരെ കട്ടിലിൽ കെട്ടിയിട്ട് മയക്കുമരുന്ന് നൽകി ക്രൂരമായി ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. നാട്ടുകൂട്ടത്തിലെ മുതിർന്നവരുടെ തീരുമാനപ്രകാരമാകാം കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനുൾപ്പടെ നാല് പേരെ പോലീസ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, മജിസ്ട്രേറ്റ് മുതലായവരുടെ സാന്നിധ്യത്തിലാണ് ഇരുവരുടെയും കല്ലറ തുറന്നത്. രണ്ട് പേരുടെയും കൈകളിലും നെഞ്ചിലും കാലിലും വൈദ്യുതാഘാതം ഏറ്റതിന്റെ അടയാളങ്ങളുണ്ട്. “രണ്ട് പേരേയും പീഡിപ്പിച്ചതിന്റെയും മുറിപ്പെടുത്തിയതിന്റെയും അടയാളങ്ങളുണ്ട്. വളരെ ക്രൂരമായ കൊലയാകാനാണ് സാധ്യത”, കറാച്ചി സിവിൽ ഹോസ്പിറ്റൽ അഡിഷണൽ പോലീസ് സർജൻ ഡോ.ഖ്വാഗർ അഹമ്മദ് അബ്ബാസി സ്ഥിരീകരിച്ചു.

പാകിസ്താനിൽ അഭിമാനക്കൊലയുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും അതിന്റെ ഭൂരിഭാഗം ഇരകളും സ്ത്രീകളാണെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നത്. ഇഷ്ടമുള്ള അയാളോടൊപ്പം ജീവിക്കാൻ കഴിയാതെ താല്പര്യമില്ലാത്ത വിവാഹത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടുകയും എതിർക്കുമ്പോൾ വീട്ടുതടങ്കലിൽ ആകുകയും, ഇഷ്ടപ്പെട്ട വ്യക്തിയോടൊപ്പം നാട് വിടാൻ നോക്കുമ്പോൾ കൊലപ്പെടുത്തുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് പാകിസ്താനിൽ നടക്കുന്നത്. കേസിന് പിന്നിലുള്ള നാട്ടുകൂട്ടത്തെയും അതിന്റെ സ്വാധീനത്തെയും സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍