UPDATES

വിദേശം

കോഴക്കേസിൽ അറസ്റ്റ് ചെയ്യാൻ പോലീസെത്തി, മുൻ പെറു പ്രസിഡണ്ട് സ്വയം തലയ്ക്ക് വെടിവെച്ച് മരിച്ചു

മുറി തുറക്കുമ്പോൾ തലയിൽ വെടിയുണ്ട തറച്ച് ചോരവാർന്ന നിലയിൽ ഗാർഷ്യ കസേരയിൽ ഇരിക്കുകയായിരുന്നു.

കോഴക്കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്യാൻ വാതിക്കൽ എത്തിനിൽക്കേ മുൻ പെറു പ്രസിഡന്റ് അലൻ ഗാർഷ്യ സ്വയം തലയ്ക്ക് വെടിവെച്ച് മരിച്ചു. കോടികളുടെ അഴിമതിയായ ലാറ്റിൻ അമേരിക്കൻ അഴിമതി ആരോപണത്തിന്റെ പേരിലാണ് ബുധനാഴ്ച്ച സന്ധ്യയോടെ പോലീസ് ഗാർഷ്യയുടെ വീട്ടിലെത്തുന്നത്. പോലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുൻപ് ആത്മഹത്യ ചെയ്യാൻ ഗാർഷ്യ പദ്ധതിയിട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ഏറാസ്‌മോ റെയ്ന മുൻപുതന്നെ ചില പ്രാദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നതാണ്. സ്വയം വെടിവെച്ച ഗാർഷ്യയെ തലസ്ഥാനമായ ലിമയിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

“അലൻ ഗാർഷ്യയുടെ മരണത്തിൽ ഞാൻ അങ്ങേയറ്റം ദു:ഖിതനാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു”, ഗാർഷ്യയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് കൊണ്ട് പെറുവിന്റെ നിലവിലെ പ്രസിഡണ്ട് മാർട്ടിൻ വിസ്കാര പ്രഖ്യാപിച്ചു. ബ്രസീൽ കെട്ടിടനിർമ്മാണ ഭീമൻ ഓഡ്ബ്രെക്റ്റിൽ നിന്നും 2006 -2011 കാലഘട്ടത്തിൽ കോടികൾ കോഴ വാങ്ങിച്ചു എന്നതായിരുന്നു ഗാർഷ്യയ്‌ക്കെതിരായ കേസ്. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ഗാർഷ്യ ആരോപണങ്ങളെ മുഴുവൻ നിഷേധിക്കുകയായിരുന്നു. ഇത് ഒരു ദേശീയ ദുരന്ത ദിനമാണെന്നായിരുന്നു പെറു കോണ്‍ഗ്രസ് നേതാവ് ആൽബർട്ടോ ക്വിന്റണില്ല ദി ഗാർഡിയനോട് പറഞ്ഞത്.

ഗാർഷ്യയെ കസ്റ്റഡിയിലെടുക്കാനായി പോലീസ് എത്തിയപ്പോൾ തനിക്ക് ഒന്ന് ഫോൺ വിളിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടാണ് ഗാർഷ്യ കിടപ്പുമുറിയിൽ കയറി കതകടച്ചതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഗാർഷ്യ അകത്ത്പോയി നിമിഷങ്ങൾക്കകം വെടിയൊച്ച കേട്ടുവെന്നും അപ്പോൾ തന്നെ പോലീസ് മുറി കുത്തിതുറന്നുവെന്നുമാണ് റിപ്പോർട്ടുകൾ. മുറി തുറക്കുമ്പോൾ തലയിൽ വെടിയുണ്ട തറച്ച് ചോരവാർന്ന നിലയിൽ ഗാർഷ്യ കസേരയിൽ ഇരിക്കുകയായിരുന്നു. മിലിറ്ററിയിൽ നിന്നും സമ്മാനമായി ലഭിച്ച നാലോ അഞ്ചോ ആയുധങ്ങൾ ഗാർഷ്യയുടെ കൈവശം ഉണ്ടാകാറുള്ളതായി അദ്ദേഹത്തിന്റെ പരിചയക്കാർ വെളിപ്പെടുത്തുന്നു. അതിൽ ഒരു തോക്ക് തന്നെയാണ് ഇന്നലെ ഗാർഷ്യ ആത്മഹത്യയ്ക്കായി ഉപയോഗിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍