UPDATES

വിദേശം

യുഎസിലെ ഫാസിസ്റ്റ് വിരുദ്ധ സംഘടനയെ ഭീകരവാദ ഗ്രൂപ്പായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷത്തിന്റെ പ്രകടനം, പോര്‍ട്ട്ലാന്റില്‍ സംഘര്‍ഷം

തീവ്ര വലതുപക്ഷത്തെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ശക്തമായി എതിര്‍ക്കുന്ന പ്രവര്‍ത്തകരുടെയും പ്രതിഷേധക്കാരുടെയും ഒരു അന്താരാഷ്ട്ര സഖ്യമാണ് ആന്റിഫ.

അമേരിക്കയിലെ വടക്കുപടിഞ്ഞാറന്‍ നഗരങ്ങളായ പോര്‍ട്ട്ലാന്റ്, ഒറിഗോണ്‍ എന്നിവിടങ്ങളില്‍ തീവ്ര വലതുപക്ഷ വിഭാഗങ്ങളും ഇടതുപക്ഷ പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം. ഫാസിസ്റ്റ് വിരുദ്ധ സംഘടനയെ ഭീകരവാദ ഗ്രൂപ്പായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് തീവ്ര വലതുപക്ഷ അനുകൂലികൾ തെരുവിലിറങ്ങിയത്.  ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം അക്രമാസക്തമായതെടെ പോലീസ് ബലം പ്രയോഗിച്ചു. സംഭവത്തിൽ തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തീവ്ര വലതുപക്ഷത്തെ അനുകൂലിക്കുന്ന നിരവധി പേരാണ്  പ്രദേശത്ത് തമ്പടിച്ചിട്ടുള്ളതന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആന്റിഫ (ഫാസിസ്റ്റ് വിരുദ്ധ) പ്രസ്ഥാനത്തെ ആഭ്യന്തര ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നാണ് തീവ്ര വലതുപക്ഷ വിഭാഗങ്ങള്‍ ആവശ്യപ്പെടുന്നത്. യുഎസിലെ ഏറ്റവും ലിബറല്‍ നഗരങ്ങളിലൊന്നായ പോര്‍ട്ട്ലാന്‍ഡിനെ ആന്റിഫയുടെ ശക്തികേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്.

‘പ്രൗഡ് ബോയ്‌സ്’ എന്ന സംഘത്തിന്റെ വക്താക്കളില്‍ ഒരാളായ ജോ ബിഗ്‌സാണ് തീവ്ര വലതുപക്ഷ വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. യുഎസിലെ അറിയപ്പെടുന്ന വിദ്വേഷ ഗ്രൂപ്പാണ് പ്രൗഡ് ബോയ്‌സ്. പോര്‍ട്ട്ലാന്റില്‍ മുന്‍പും ഇവര്‍ നിരവധി റാലികള്‍ സംഘടിപ്പിക്കുകയും അത് സംഘര്‍ഷങ്ങളില്‍ കലാശിക്കുകയും ചെയ്തിട്ടുണ്ട്.

തീവ്ര വലതുപക്ഷത്തെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ശക്തമായി എതിര്‍ക്കുന്ന പ്രവര്‍ത്തകരുടെയും പ്രതിഷേധക്കാരുടെയും ഒരു അന്താരാഷ്ട്ര സഖ്യമാണ് ആന്റിഫ. ഈ സംഘടനയെ നിരോധിക്കണമെന്നാണ് പ്രൗഡ് ബോയ്‌സ് ആവശ്യപ്പെടുന്നത്. എന്നാല്‍ തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ അവരുടെ രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായ അക്രമങ്ങളെ നമ്മുടെ തെരുവുകളിലേക്ക് കൊണ്ടുവരാന്‍ ആസൂത്രണം ചെയ്യുന്നുവെന്നും, അത്തരം ആക്രമണങ്ങളില്‍നിന്നും പോര്‍ട്ട്ലാന്‍ഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ആന്റിഫ അവരുടെ വെബ്സൈറ്റിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രൗഡ് ബോയ്സിനെ കൂടാതെ അമേരിക്കന്‍ ഗാര്‍ഡ്, ആന്റി-ഡിഫമേഷന്‍ ലീഗ് തുടങ്ങിയ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും പ്രധിഷേധ രംഗത്തുണ്ട്. എന്നാല്‍, പോര്‍ട്ട്ലാന്‍ഡിലെ സ്ഥിതിഗതികള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആന്റിഫയെ ‘ഭീകര സംഘടന’യായി നാമകരണം ചെയ്യുന്നത് പരിഗണിക്കുന്നുണ്ടെന്നുമാണ് ട്രംപ് പറഞ്ഞത്.

Read More : ചെര്‍ണോബില്‍ ദുരന്തത്തെ കമ്യൂണിസ്റ്റ് പോളിറ്റ് ബ്യൂറോ ഒളിച്ചു പിടിച്ചതെങ്ങനെ? റഷ്യന്‍ ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേക്ക് ആദ്യമായി തര്‍ജ്ജമ ചെയ്ത് പുറത്തുവന്ന രേഖകളില്‍ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍