UPDATES

വിദേശം

എട്ടുലക്ഷം പേര്‍ കൊല്ലപ്പെട്ട റുവാണ്ട വംശഹത്യ നടന്നിട്ട് 25 വർഷങ്ങൾ; ഇന്നും മുറിവുണങ്ങാതെ രാജ്യം

ന്യൂനപക്ഷ വിഭാഗമായ ടുട്സി വിഭാഗത്തിന് നേരെ നടന്ന ആക്രമണത്തില്‍ എട്ടു ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്

നൂറുദിവസത്തോളം നീണ്ടു നിന്ന അതിക്രൂരമായ വംശഹത്യ, എട്ടു ലക്ഷത്തിലധികം മരണം, പിഞ്ചുകുഞ്ഞുങ്ങളെ ഉൾപ്പടെ ചുട്ടുകൊന്ന ക്രൂരത, കാൽലക്ഷത്തോളം സ്ത്രീകൾ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഭീതിയുടെ അന്തരീക്ഷം… സംഭവം നടന്നിട്ട്  ഇരുപത്തിയഞ്ച് വർഷമായിട്ടും ടുട്സി കൂട്ടക്കൊലയുടെ ഓർമ്മകളിൽ റുവാണ്ട ഇപ്പോഴും നടുങ്ങുകയാണ്.

റുവാണ്ടയിൽ 1994 ഏപ്രിൽ 6-ന് നടന്ന കൂട്ടക്കൊല വീഴ്ത്തിയ കണ്ണീർ ഇപ്പോഴും ഉണങ്ങിയിട്ടില്ല. ക്രൂരമായി കൊല ചെയ്യപ്പെട്ടവരെ രാജ്യം ഇന്നും ഓർമ്മിക്കുന്നു എന്നറിയിക്കാൻ വിളിച്ചുചേർത്ത അനുസ്മരണ സമ്മേളനത്തിൽ ഇരു വിഭാഗങ്ങളിൽ നിന്നുമുള്ള ആയിരങ്ങൾ പങ്കെടുത്തു. ചടങ്ങിൽ റുവാണ്ട പ്രസിഡണ്ട് പോൾ കഗാമേ നടത്തിയ പ്രസംഗം ഇപ്പോഴും മുറിവുണങ്ങിയിട്ടില്ലാത്ത ടുട്സി ന്യൂനപക്ഷ വിഭാഗത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതായിരുന്നു.

“നമ്മളുടെയെല്ലാം ശരീരത്തിനും മനസ്സിനും മുറിവേറ്റിട്ടുണ്ട്. പക്ഷെ നമ്മളാരും ഒറ്റയ്ക്കല്ല. നമ്മൾ ഒരുമിച്ച് ഇപ്പോൾ ഈ രാജ്യത്തിൽ ഐക്യത്തിന്റെ ഊടും പാവും നെയ്യുകയാണ്. നമ്മൾ മുറിവേറ്റവരാണ്. ഹൃദയം തകർന്നവരാണ്. പക്ഷെ നമ്മൾ തോൽപ്പിക്കാനാവാത്ത ജനതയാണ്”, അനുസ്മരണ യോഗത്തിൽ പ്രസിഡണ്ട് പോൾ കഗാമേ സൂചിപ്പിച്ചു.

Also Read: എട്ടു ലക്ഷം മനുഷ്യരുടെ ചോര വീണ മണ്ണ്; റുവാണ്ട ഇപ്പോള്‍ ജീവിക്കാന്‍ പഠിക്കുകയാണ്

1994-ലാണ് അന്നത്തെ പ്രസിഡന്റ് ജുവനെൽ ഹാബിയാറിമന സഞ്ചരിച്ച  വിമാനം അപകടത്തിപ്പെടുത്തി എന്നാരോപിച്ച് ഒരു കൂട്ടം ഹുടു തീവ്രവാദികൾ ന്യൂനപക്ഷ വിഭാഗമായ ടുട്സി വിഭാഗത്തിന് നേരെ ആക്രമണങ്ങൾ അഴിച്ച് വിട്ടത്. ടുട്സി വംശത്തെ മുഴുവൻ കൊന്നൊടുക്കി രാജ്യത്തെ ശുദ്ധീകരിക്കണമെന്നായിരുന്നു ഹുടു തീവ്രവാദികളുടെ പക്ഷം. മൂന്നുമാസത്തോളം നീണ്ടു നിന്ന കൂട്ടക്കൊലയിലും ആക്രമണങ്ങളിലും ടുട്സി വിഭാഗത്തിലെ 70 ശതമാനത്തോളം ആളുകൾ കൊലചെയ്യപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ.

ലോകമന:സാക്ഷിയെ ഞെട്ടിച്ച കൂട്ടക്കൊലയെ അനുസ്മരിച്ച് നടത്തിയ മൗന ജാഥയിൽ രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു. സമ്മിശ്ര പ്രതികരണങ്ങളാണ് കൂട്ടക്കൊലയിൽ സർവവും നഷ്ടപ്പെട്ട ടുട്സി വിഭാഗക്കാരിൽ നിന്നും ലഭിച്ചത്. വെറുപ്പ് നമുക്ക് ഒരിക്കലും മനസമാധാനം തരാൻ പോകുന്നില്ലെന്നും അതുകൊണ്ട് കഴിഞ്ഞതെല്ലാം മറന്ന് ക്ഷമിക്കാൻ തയ്യാറാണെന്ന് ഒരു കൂട്ടം ആളുകൾ പറയുമ്പോൾ ഞങ്ങളുടെ ഉറ്റവരെയും ഉടയവരെയും കൊന്നവരോട് എങ്ങനെ ക്ഷമിക്കാനാണെന്നാണ് ചിലർ ദി ഗാർഡിയനോട് പ്രതികരിച്ചത്.

റുവാണ്ടന്‍ വംശഹത്യയെ അധികരിച്ചു പിന്നീട് പുറത്തു വന്ന ഹോട്ടല്‍ റുവാണ്ട എന്ന ചിത്രം ലോകവ്യാപകമായി ശ്രദ്ധ നേടിയിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍