UPDATES

വിദേശം

സൗദിയിലെ അധികാരമാറ്റം അഥവാ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാര വിപ്ലവം

മുഹമ്മദ് ബിന്‍ സല്‍മാന്‍ കടുത്ത അധികാരമോഹിയാണെന്നും അദ്ദേഹത്തിന്റെ പല നീക്കങ്ങളും രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്നുമുള്ള അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്

കഴിഞ്ഞ മാസം സൗദി അറേബ്യയുടെ കിരീടാവകാശിയായി ഇപ്പോഴത്തെ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിച്ചത് അത്ര സുഗമമായ ഒരു അധികാര കൈമാറ്റത്തിലൂടെയായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കിരീടാവകാശിയായി നിശ്ചയിക്കപ്പെട്ടിരുന്ന മുഹമ്മദ് ബിന്‍ നയേഫിനെ അപ്രതീക്ഷിതമായി മാറ്റിക്കൊണ്ടാണ് രാജകുടുംബത്തിലെ തന്നെ വളരെ ഇളയ ആളായ 31-കാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി പ്രഖ്യാപിച്ചത്. ഇതിന്റെ പിന്നില്‍ ഒരു കൊട്ടാരവിപ്ലവം നടന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അധികാരമാറ്റത്തില്‍ അട്ടിമറി നടന്നതായി നേരത്തെ തന്നെ ചില സൂചനകള്‍ പുറത്തുവന്നിരുന്നു. 57-കാരനും രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അനന്തരാവകാശിയുമായ മുഹമ്മദ് ബിന്‍ നയേഫിനെ പുറത്താക്കാനുള്ള അട്ടിമറി ആസൂത്രണം ചെയ്തത് മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെയാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരേയും രാജകുടുംബവുമായി ബന്ധപ്പെട്ട ചിലരെയും ഉദ്ധരിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സല്‍മാന്‍ രാജാവ് അധികാരമേറ്റ 2015 മുതല്‍ തന്നെ ഇരു രാജകുമാരന്മാരും തമ്മിലുള്ള ശത്രുത ആരംഭിച്ചതായാണ് സൂചന. സല്‍മാന്‍ രാജാവ് അധികാരമേറ്റ ശേഷം വലിയ അധികാരങ്ങളാണ് മകന് നല്‍കിയത്.

കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിയമിതനായി. കൂടാതെ, അതിശക്തമായ സാമ്പത്തിക കൗണ്‍സിലിന്റെ ചുമതലയും പൊതു എണ്ണ കുത്തകയായ സൗദി ആരാംകോയുടെ മേല്‍നോട്ടവും മകനെയാണ് സല്‍മാന്‍ രാജാവ് ഏല്‍പ്പിച്ചത്. ചൈന, റഷ്യ, അമേരിക്ക തുടങ്ങിയ വന്‍ശക്തികളെ സന്ദര്‍ശിച്ചുകൊണ്ട് തന്റെ നിയമനം ന്യായീകരിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ശ്രദ്ധിക്കുകയും ചെയ്തു. യുഎസില്‍ അദ്ദേഹം ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി കൂടിക്കാഴ്ച നടത്തുകയും തുടര്‍ന്ന് പ്രസിഡന്റ് ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സൗദി സാമ്പത്തിക മേഖലയെ പരിഷ്‌കരിക്കുകയും പൗരന്മാരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ വിഷന്‍ 2030 എന്ന പദ്ധതിക്ക് അദ്ദേഹം തുടക്കമിട്ടു.

എന്നാല്‍, വളരെ ആസൂത്രിതമായാണ് മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി ഉയര്‍ത്തിയത് എന്നാണ് സൂചന. കഴിഞ്ഞ ജൂണ്‍ 20ന് രാത്രിയില്‍ മുതിര്‍ന്ന രാജകുമാരന്മാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഒരു അപ്രതീക്ഷിത യോഗം മെക്കയിലെ സഫ കൊട്ടാരത്തില്‍ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് വിവരം. വിശുദ്ധ മാസത്തിന്റെ അവസാന ദിനങ്ങളായതിനാല്‍ മതപരമായ ചടങ്ങുകള്‍ക്കായി രാജകുടുംബത്തിലെ അംഗങ്ങളെല്ലാം മെക്കയില്‍ ഉണ്ടായിരുന്ന സമയമായിരുന്നു അത്. അര്‍ദ്ധരാത്രിയോടെ മുഹമ്മദ് ബിന്‍ നയേഫിനെ കാണാന്‍ സല്‍മാന്‍ രാജാവിന് താല്‍പര്യമുണ്ട് എന്നറിയിച്ച് അദ്ദേഹത്തെ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അവിടെ വച്ച് കൊട്ടാരത്തിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുഹമ്മദ് ബിന്‍ നയേഫിന്റെ മൊബൈല്‍ ഫോണും മറ്റും പിടിച്ചുവാങ്ങുകയും അധികാര കൈമാറ്റത്തിന് അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതായി രാജകുടുംബവുമായി അടുപ്പമുള്ള ചിലര്‍ തന്നെ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല കൂടിയുണ്ടായിരുന്ന അദ്ദേഹത്തോട് ഈ സ്ഥാനവും ഒഴിയാന്‍ നിര്‍ബന്ധിച്ചതായാണ് സൂചന. എന്നാല്‍ അദ്ദേഹം ആദ്യം ഇത് വിസമ്മതിച്ചു. 2009ല്‍ ഒരു വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ കടുത്ത പ്രമേഹരോഗിയായി മാറിയ അദ്ദേഹത്തിന് ഏറെ നേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. വെളുപ്പാന്‍കാലത്ത് സ്ഥാനം ഒഴിയാന്‍ അദ്ദേഹം തയ്യാറാവുകയായിരുന്നു. ഇതേ സമയം കൊട്ടാര ഉദ്യോഗസ്ഥര്‍ രാജകുടുംബത്തിലെ ഉന്നത അംഗങ്ങളുടെ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തു. കിരീടാവകാശം സംബന്ധിച്ച മാറ്റങ്ങള്‍ക്ക് അന്തിമ അംഗീകാരം നല്‍കേണ്ടത് ഈ കൗണ്‍സിലാണ്.

മുഹമ്മദ് ബിന്‍ നയേഫിന് ചില മയക്കുമരുന്ന് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ അദ്ദേഹം കിരീടത്തിന് യോഗ്യനല്ല എന്നുമായിരുന്നു കൗണ്‍സിലിനെ ധരിപ്പിച്ചത്. എന്നാല്‍, ഇരു രാജകുമാരന്മാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പുറമെ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെയും മുഹമ്മദ് ബിന്‍ നയേഫ് എതിര്‍ത്തിരുന്നതായി ചില മുതിര്‍ന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതും പെട്ടെന്നുള്ള സ്ഥാനമാറ്റത്തിന് കാരണമായതായി സൂചനയുണ്ട്. തുടര്‍ന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ മുന്‍ഗാമിയുടെ വിരല്‍ ചുംബിക്കുന്ന ഒരു വീഡിയോയും ചിത്രീകരിക്കപ്പെട്ടു. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഞങ്ങള്‍ ഒരിക്കലും തള്ളിക്കളയില്ല എന്ന് നിയുക്ത കിരീടാവകാശി വീഡിയോയില്‍ പറയുന്നുണ്ട്. ‘അഭിനന്ദനങ്ങള്‍, ദൈവനിശ്ചയം’ എന്നാണ് മുഹമ്മദ് ബിന്‍ നയേഫ് പ്രതികരിക്കുന്നത്.

തുടര്‍ന്ന് മുഹമ്മദ് ബിന്‍ നയേഫ് ജിദ്ദയിലുള്ള തന്റെ കൊട്ടാരത്തിലേക്ക് മടങ്ങുകയായിരുന്നു. അവിടെ നിന്നും പുറത്തുപോകരുതെന്ന് അദ്ദേഹത്തിന് നിര്‍ദ്ദേശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ദേഹത്തിന്റെ അടുത്ത സഹപ്രവര്‍ത്തകനും യുഎസുമായുള്ള സുരക്ഷാ ബന്ധങ്ങളില്‍ നിര്‍ണായ പങ്ക് വഹിക്കുന്ന വ്യക്തിയുമായ ജനറല്‍ അബ്ദുള്‍ അസീസ് അല്‍-ഹുവൈറിനിയെയും വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണ് എന്നാണ് ഒരു മുന്‍ യുഎസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നത്. ഇരുവരേയും തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് അമേരിക്കയുമായി രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ വലിയ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുമെന്ന് സിഐഎ ഉദ്യോഗസ്ഥര്‍ വൈറ്റ് ഹൗസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ജനറല്‍ ഹുവൈറിനി ഇപ്പോഴും തന്റെ പദവിയില്‍ തുടരുകയാണെന്നും അദ്ദേഹം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുഹമ്മദ് ബിന്‍ സല്‍മാന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നുമാണ് ഒരു മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

മുഹമ്മദ് ബിന്‍ നയേഫിനെ പുറത്താക്കിയത് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നും യുഎസ് ഉദ്യോഗസ്ഥര്‍ ഭയക്കുന്നു. ഒരു ദശാബ്ദം മുമ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കനത്ത ആക്രമണത്തിലൂടെയാണ് രാജ്യത്ത് നിന്നും അല്‍-ക്വയ്ദയെ തുടച്ചുനീക്കിയത്. അദ്ദേഹം വലിയ ജനകീയനല്ലെങ്കിലും ശക്തമായ നടപടികളിലൂടെ അമേരിക്കയിലും പാശ്ചാത്യരാജ്യങ്ങളിലും ധാരാളം സുഹൃത്തുക്കളെ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. മാത്രമല്ല, തീരുമാനം സൗദി രാജകുടുംബത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കും എന്ന ആശങ്കയും പരക്കെ നിലനില്‍ക്കുന്നുണ്ട്. രാജകുടുംബത്തിന്റെ ഒരു താവഴിയിലുള്ള വ്യക്തികള്‍ തന്നെ അധികാരം നിലനിറുത്തുന്നത് കുടുംബത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് പേര്‍ഷ്യന്‍ ഗള്‍ഫ് നയങ്ങളെ കുറിച്ച് പഠിക്കുന്ന ക്രിസ്റ്റ്യന്‍ കോട്ട്‌സ് ഉള്‍റിച്ച്‌സെന്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ കിരീടാവകാശിയുടെ അര്‍ദ്ധസഹോദരന്മാരും നേരത്തെ രാജാക്കന്മാരായിരുന്നവരുടെ മുതിര്‍ന്ന ആണ്‍മക്കളും പട്ടികയില്‍ നില്‍ക്കെയാണ് ഏറ്റവും ഇളയ മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇത് വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന സൂചനകള്‍ ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നുണ്ട്.

മുഹമ്മദ് ബിന്‍ സല്‍മാനുമായി അടുപ്പമുള്ളവരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കാനാണ് ഇപ്പോള്‍ നീക്കങ്ങള്‍ നടക്കുന്നത്. ആഭ്യന്തര മന്ത്രിയായി മുഹമ്മദ് ബിന്‍ നയേഫിന്റെ മരുമകനും അദ്ദേഹത്തിന്റെ ഉപദേശനുമായിരുന്ന അബ്ദുള്‍ അസീസി ബിന്‍ സൗദ് ബിന്‍ നയേഫ് രാജകുമാരനെയാണ് (33) നിയമിച്ചിരിക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത ആളായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. എന്നാല്‍ ഈ നീക്കങ്ങളോട് മറ്റ് രാജകുടുംബാംഗങ്ങള്‍ക്ക് എത്രത്തോളം യോജിപ്പുണ്ട് എന്ന കാര്യം അവ്യക്തമാണ്. രാജകുമാരന്മാരുടെ കൗണ്‍സിലിലെ 34 അംഗങ്ങളില്‍ 31 പേരും മാറ്റങ്ങളെ അനുകൂലിച്ചു എന്നാണ് സൗദിയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി പറയുന്നത്. എന്നാല്‍ രാജാവിന്റെ തീരുമാനത്തിനെതിരെ വോട്ട് ചെയ്യാനുള്ള മടികൊണ്ടാണ് പലരും തീരുമാനത്തെ എതിര്‍ക്കാതിരുന്നതെന്നാണ് നിരീക്ഷകര്‍ വിശദീകരിക്കുന്നത്. അതൃപ്തി നിലനില്‍ക്കുന്നുണ്ടെന്നും അതിന്റെ സൂചനകള്‍ പുറത്തുവന്നു തുടങ്ങിയെന്നും യുഎസ് ഉദ്യോഗസ്ഥരും സൗദി രാജകുടുംബവുമായി അടുത്ത് ബന്ധമുള്ളവരും പറയുന്നു. സല്‍മാന്‍ രാജാവോ അദ്ദേഹത്തിന്റെ മകനോ ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാതിരുന്നത് ഇതിന്റെ സൂചനയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. കുടുംബത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലും ഖത്തറിനെതിരായ ഉപരോധ തീരുമാനത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുമെന്നതിനാലുമാണ് ഉച്ചകോടി ഉപേക്ഷിക്കാന്‍ ഇരുവരും തീരുമാനിച്ചത് എന്നാണ് നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ നേരത്തെയും ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാതിരുന്നിട്ടുണ്ട് എന്ന ഒഴുക്കന്‍ മറുപടിയാണ് സൗദിയുടെ ഔദ്യോഗിക ഭാഗത്തുനിന്നും ഉണ്ടാവുന്നത്.

മുഹമ്മദ് ബില്‍ സല്‍മാന്‍ കടുത്ത അധികാരമോഹിയാണെന്നും അദ്ദേഹത്തിന്റെ പല നീക്കങ്ങളും രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്നുമുള്ള അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്. യെമനില്‍ യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടതും ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതുമൊക്കെ ഈ വാദമുഖം ഉയര്‍ത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ട് വിഷയങ്ങളിലും കൈകഴുകാന്‍ സൗദിക്ക് അത്ര വേഗം സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, രാജകുടുംബത്തില്‍ ഉണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പുറത്തേക്ക് വരുന്നത് ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുമെന്നാണ് തീരുമാനത്തില്‍ അത്ഭുതപ്പെടുന്ന സൗദികള്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഇത് ഇടയാക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങള്‍ തെരുവിലിറങ്ങും എന്ന് കരുതുന്നില്ലെന്നും എന്നാല്‍ രാജകുടുംബം നിലനില്‍ക്കേണ്ടത് രാജ്യതാല്‍പര്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണെന്നും രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. രാജകുടുംബത്തിന്റെ ഐക്യം നിലനിര്‍ത്തുന്നതിന് തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍