UPDATES

വിദേശം

ആമസോൺ ഉടമയുടെ ഫോൺ ഹാക്ക് ചെയ്തത് സൗദി ഭരണകൂടമെന്ന് ആരോപണം; പിന്നിൽ ഖഷോഗി വധം വാഷിംഗ്ടൺ പോസ്റ്റ് കവർ ചെയ്തതിന്റെ പക

തന്റെ നഗ്ന ചിത്രങ്ങളും സ്വകാര്യ ഫോൺ സംഭാഷണങ്ങളും ചോർത്തി നാഷണൽ എന്ക്വയറർ എന്ന ടാബ്ലോയിഡ് പത്രം തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ബെസോസ് മുൻപുതന്നെ പരാതിപ്പെട്ടിരുന്നതാണ്.

ആമസോൺ ഉടമ ജെഫ് ബെസോസിന്റെ സ്വകാര്യവിവരങ്ങളും ഫോട്ടോഗ്രാഫുകളും സൗദി ഭരണകൂടം ചോർത്തിയെന്ന ആരോപണവുമായി ബെസോസിന്റെ മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ ഗവിൻ ഡി ബേക്കർ രംഗത്ത്. മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടൺ പോസ്റ്റ് നിരന്തരമായി കവർ ചെയ്യുന്നതിന്റെ പക കൊണ്ടാകാം സൗദി അറേബ്യ ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്തതെന്നാണ് സൂചന. വാഷിംഗ്ടൺ പോസ്റ്റിലെ കോളമിസ്റ്റും സൗദി ഭരണകൂടത്തിന്റെ നിത്യവിമർശകനുമായിരുന്ന ഖഷോഗിയെ കൊലപ്പെടുത്താൻ ഉത്തരവിട്ടത് സൗദി കിരീടാവകാശി സൽമാൻ രാജകുമാരനാണെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി സിഐഎ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംശയത്തിന്റെ മുനകളെല്ലാം സൗദി ഭരണകൂടത്തിലേക്ക് നീളുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബർ മാസം മുതൽ ഖാഷോഗി വധത്തെത്തുടർന്നുള്ള അന്വേഷണങ്ങൾക്കും സംഭവവികാസങ്ങൾക്കും വാഷിംഗ്ടൺ പോസ്റ്റ് വലിയരീതിയിലുള്ള കവറേജാണ് നൽകി വന്നിരുന്നത്. അന്ന് മുതലേ സൗദി ഭരണകൂടം ബെസോസിനെ വേട്ടയാടുകയിരുന്നുവെന്നാണ് ബെക്കർ ‘ഡെയിലി ബീസ്റ്റ് ‘എന്ന മാധ്യമത്തിൽ തുറന്നെഴുതുന്നത്. തുർക്കിയിലെ ഇസ്താൻബ്യുളിൽ വെച്ച് ചില സൗദി ഉദ്യോദസ്ഥരാണ് ഖഷോഗിയെ കൊലപ്പെടുത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇവർക്കെതിരെയുള്ള വിചാരണ നടന്നു വരികയാണ്. രഹസ്യ വിചാരണ മാറ്റി വിചാരണ പരസ്യമാക്കാൻ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശവുമുണ്ട്.

തന്റെ നഗ്ന ചിത്രങ്ങളും സ്വകാര്യ ഫോൺ സംഭാഷണങ്ങളും ചോർത്തി നാഷണൽ എന്ക്വയറർ എന്ന ടാബ്ലോയിഡ് പത്രം തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ബെസോസ് മുൻപുതന്നെ പരാതിപ്പെട്ടിരുന്നതാണ്. അന്ന് ഇതിനു പിന്നിൽ ആരുടെ താല്പര്യമാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമല്ലായിരുന്നു. ബെസോസിന് ലൗറേൻ സാഞ്ചേസ് എന്ന ടെലിവിഷൻ അവതാരികയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഈ പത്രം ചില സ്വകാര്യ ഫോൺ സന്ദേശങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. വിവരങ്ങൾ ചോർത്തുന്നതിനെ കുറിച്ച് അന്വേഷിക്കാൻ ബെസോസ് തന്നെ ബെക്കർ ഉൾപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കുകയായിരുന്നു. എന്നാൽ അന്വേഷണം തുടരുന്ന പക്ഷം കൂടുതൽ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നായിരുന്നു പത്രത്തിൽ നിന്നുമുള്ള ഭീഷണി. സൗദി ഭരണകൂടം ഫോൺ ചോർത്തിയതിലൂടെയാണ് ഈ ടാബ്ലോയിഡിന് ബെസോസിനെ സംബന്ധിച്ച സ്വകാര്യ വിവരങ്ങൾ ലഭിച്ചതെന്നാണ് ഗവിൻ ഡി ബെക്കർ ആരോപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍