UPDATES

വിദേശം

സൗദി ഭരണകൂടത്തിന്റേത് ചെറിയ വിമര്‍ശനങ്ങളോടു പോലുമുള്ള അസഹിഷ്ണുത

കിരീടാവകാശി എന്ന ഇപ്പോഴത്തെ തന്റെ പദവിയിലേക്ക് അധികാരം മുഴുവന്‍ കേന്ദ്രീകരിക്കാനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ശ്രമിക്കുന്നത് എന്നുവേണം കരുതാന്‍

സൗദിയില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരെ ശനിയാഴ്ച രാത്രിയില്‍ അറസ്റ്റ് ചെയ്ത നടപടി ലോക രാഷ്ട്രീയ ഭൂമികയില്‍ വലിയ ഞെട്ടലാണുണ്ടാക്കിയതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ സൗദി വംശജനായ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗി നിരീക്ഷിക്കുന്നു. ദുര്‍ഗ്രഹമായ ഒരു വ്യവസ്ഥിതിയില്‍ അധികാരം പങ്കുവെച്ചുകൊണ്ട് രാജകുടുംബങ്ങള്‍ തമ്മിലുള്ള ഒരു ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലുള്ള ഭരണമാണ് സൗദിയില്‍ ഇതുവരെ നിലനിന്നിരുന്നത്. എന്നാല്‍ ഈ ക്രമീകരണത്തെ അട്ടിമറിയ്ക്കാനും കിരീടാവകാശി എന്ന ഇപ്പോഴത്തെ തന്റെ പദവിയിലേക്ക് അധികാരം മുഴുവന്‍ കേന്ദ്രീകരിക്കാനുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ശ്രമിക്കുന്നത് എന്നുവേണം ശനിയാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന ശുദ്ധീകരണ പ്രക്രിയയില്‍ നിന്നും മനസിലാക്കാനെന്നും ജമാല്‍ ഖഷോഗി വിലയിരുത്തുന്നു.

മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണ നടപടികള്‍ക്ക് നേരെ ഉയരുന്ന ചെറിയ വിമര്‍ശനങ്ങളോടുപോലും സൗദി ഭരണകൂടം പുലര്‍ത്തുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമായി വേണം ഈ നടപടികളെ കാണാന്‍. ശനിയാഴ്ച ഉണ്ടായ നടപടികളെ തുടര്‍ന്ന് 70 ഓളം പേരെ അറസ്റ്റ് ചെയ്‌തെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് വലിയ രീതിയില്‍ പൊതുജനശ്രദ്ധ ആകര്‍ഷിച്ചിട്ടില്ല. മാത്രമല്ല, അറസ്റ്റ് ഭയന്ന് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ സൗദിക്ക് പുറത്ത് ജീവിക്കുന്ന പല പൗരന്മാരും വിസമ്മതിക്കുകയും ചെയ്യുന്നു. പകരം ഇത്തരക്കാരുടെ കുടുംബങ്ങളെ ലക്ഷ്യം വെക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

സൗദി അറേബ്യയില്‍ നീണ്ട കത്തികളുടെ രാത്രി; ഇത് ആസൂത്രിത ശുദ്ധികലശം

സാമ്പത്തികവും മാനുഷികവുമായ സൗദി വിഭവങ്ങളെ വറ്റിച്ചുകളയുന്ന വിധത്തിലുള്ള കൊടിയ അഴിമതിക്കെതിരെ താനും പോരാടിയിട്ടുണ്ടെന്ന് ജമാല്‍ ഓര്‍ക്കുന്നു. പൊതുമരാമത്ത് പണികള്‍ എന്ന വ്യാജേന നടപ്പിലാക്കുന്ന വ്യക്തിഗത പോഷണ പരിപാടികള്‍ക്കായുള്ള ചിലവുകള്‍ വെട്ടിക്കുറയ്ക്കുകയും പദ്ധതിയുടെ നടത്തിപ്പനുമതിക്ക് പാരിതോഷികമായി നല്‍കപ്പെടുന്ന ബില്യണ്‍ കണക്കിന് ഡോളറുകള്‍ നിയന്ത്രിക്കുകയും പകരം ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ മുതല്‍ മുടക്കുകയും ചെയ്താല്‍ സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഇടിയും.

മറ്റ് രാജ്യങ്ങളിലെ പോലെ ഒരു കരാര്‍ ലഭിക്കുന്നതിന് കൈക്കൂലി നല്‍കുന്നതോ അല്ലെങ്കില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെയോ രാജകുമാരന്റെയോ ബന്ധുവിന് വിലപിടിച്ച പാരിതോഷികം നല്‍കുന്നതോ അതുമല്ലെങ്കില്‍ സര്‍ക്കാരിന്റെ ഒരു ജറ്റ് വിമാനത്തില്‍ കുടുംബസമേതം ഉല്ലാസയാത്ര പോകുന്നതോ അല്ല സൗദിയില്‍ അഴിമതി. കരാര്‍ തുകകള്‍ കുത്തനെ കൂട്ടിക്കാണിച്ചുകൊണ്ട് രാജകുമാരന്മാരും ഉദ്യോഗസ്ഥരും ശതകോടീശ്വരന്മാരാകുന്ന രീതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് ജിദ്ദ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയെ കുറിച്ച് 2004ല്‍ ന്യൂയോര്‍ക്കറില്‍ ലോറന്‍സ് റൈറ്റ് എഴുതിയ ‘നിശബ്ദതയുടെ സാമ്രാജ്യം’ എന്ന ലേഖനം എടുക്കാം. ജിദ്ദ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ പേരില്‍ നഗരം മുഴുവന്‍ മാന്‍ഹോളുകള്‍ നിര്‍മ്മിച്ചെങ്കിലും അവ പൈപ്പുകള്‍ വഴി ബന്ധപ്പെടുത്തിയിരുന്നില്ല. അതായത് പദ്ധതിയെ മൊത്തത്തില്‍ അട്ടിമറിക്കുന്ന അഴിമതി രീതിയാണ് സൗദിയില്‍ നിലനില്‍ക്കുന്നത്. സൗദിയിലെ മാധ്യമങ്ങള്‍ക്ക് ഇത്തരം അഴിമതികളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും അത് പുറത്തുകൊണ്ടുവരാനുള്ള ധൈര്യം മിക്കവരും പ്രകടിപ്പിക്കാറില്ല.

സൗദി കുടുംബാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേയ്ക്ക് ?

ഭൂമിയുടെ ഉടമസ്ഥത ഒരു രാജകുമാരനാണ് എന്ന ഒറ്റക്കാരണത്താല്‍ തെറ്റായ പ്രദേശത്ത് വിമാനത്താവളം നിര്‍മ്മിച്ചതാണ് മറ്റൊരു ഉദാഹരണം. രാജകുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന ഭൂമിയാണിത്. പിന്നീട് സര്‍ക്കാര്‍ പദ്ധതിക്കായി ഇവര്‍ വന്‍വിലയ്ക്ക് ഇത് മറിച്ച് വില്‍ക്കുന്നു. ഇന്ധന വില കുതിച്ചുയര്‍ന്ന 2010-14 കാലഘട്ടത്തില്‍ പ്രതിവര്‍ഷം 80 മുതല്‍ 100 ബില്യണ്‍ ഡോളറിന്റെ വരെ ദുര്‍വ്യയം ഉണ്ടായിട്ടുണ്ടെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ വര്‍ഷം ബ്ലൂംബര്‍ഗിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സൗദി ബജറ്റിന്റെ നാലില്‍ ഒന്നാണ് ഈ തുക. ഈ വിപത്ത് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഭൂമിയുടെ അവകാശത്തിലുള്ള രാജകുടുംബത്തിന്റെ കുത്തക മൂലം നാല്‍പത് ശതമാനത്തില്‍ താഴെ സൗദികള്‍ക്ക് മാത്രമേ സ്വന്തമായി വീടുള്ളൂവെന്ന് ജമാല്‍ ചൂണ്ടിക്കാട്ടുന്നു. പെട്രോ സമ്പത്ത് ധൂര്‍ത്തടിച്ച് കളഞ്ഞതോടെ സൗദി ഇപ്പോള്‍ ഒരു സമ്പന്ന രാജ്യമല്ലാതായി മാറിയിരിക്കുന്നു. ഇന്ധന നിക്ഷേപങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വിഭവമാണ്. പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്ന ദമ്പതികളുടെ കഥയാണ് രാജകുടുംബം തന്നെ ഓര്‍മ്മിപ്പിക്കുന്നതെന്നും ജമാല്‍ രേഖപ്പെടുത്തുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ റഷ്യയിലെ മിഖായേല്‍ ഗോര്‍ബച്ചേവാണോ വ്‌ളാഡിമിര്‍ പുടിനാണോ 32കാരനായ കിരീടാവകാശി എന്ന ചോദ്യമാണ് പ്രസക്തമാവുന്നത്. അതോ അധികാരം തന്നിലേക്ക് കേന്ദ്രീകരിക്കുന്നതിനായി ഉന്നതരെ തടവിലാക്കുക എന്ന കുതന്ത്രം മാത്രമാണോ അദ്ദേഹത്തിന്റെ ലക്ഷ്യം?

വിപണിക്കുവേണ്ടിയുള്ള സൗദിയുടെ മാറ്റം വഹാബികള്‍ അംഗീകരിക്കുമോ?

പുടിനെ പോലെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പെരുമാറുന്നതെന്ന് വേണം അനുമാനിക്കാനെന്ന് ജമാല്‍ ഖഷോഗി വിലയിരുത്തുന്നു. ഒരു ആധുനിക നേതാവാകാനുള്ള കിരീടാവകാശിയുടെ ആഗ്രഹത്തിന് നേര്‍വിപരീതമാണ് ക്രിയാത്മക വിമര്‍ശനങ്ങള്‍ അടിച്ചമര്‍ത്താനുള്ള അദ്ദേഹത്തിന്റെ ത്വര. പൂര്‍ണമായ വിധേയത്വം ആവശ്യപ്പെടുന്ന അദ്ദേഹം കര്‍ക്കശമായ ‘അല്ലെങ്കില്‍’ എന്ന പദം ആവര്‍ത്തിക്കുകയും ചെയ്യുന്നു. ദുര്‍വ്യയത്തിന്റെ കാര്യത്തിലും വ്യക്തിപരമായി അനുകരണീയമായ ഉദാഹരണങ്ങളല്ല അദ്ദേഹം മുന്നോട്ട് വെച്ചിരിക്കുന്നത്. 2015ല്‍ സല്‍മാന്‍ രാജകുമാരന്‍ 500 ദശലക്ഷം ഡോളര്‍ മുടക്കി ആഡംബര നൗക വാങ്ങിയത് കുപ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ ധാരാളിത്തത്തെ കുറിച്ചുള്ള കിംവദന്തികള്‍ രാജ്യത്ത് ശക്തമാണ് താനും. രാജ്യത്തിനും രാജകുടുംബാംഗങ്ങള്‍ക്കും അദ്ദേഹം നിര്‍ണയിക്കുന്ന അതിര്‍വരമ്പുകള്‍ക്ക് അപ്പുറത്തേക്ക് വളരാന്‍ സല്‍മാന്‍ രാജകുമാരനും സാധിക്കുന്നില്ല എന്ന് ചുരുക്കം.

അഴിമതിക്കെതിരായ ഇപ്പോഴത്തെ നടപടികളെ താന്‍ പിന്‍തുണയ്ക്കുകയാണെന്ന് ജമാല്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ അഴിമതി കേസുകളില്‍ സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണം നടത്തുന്നതിന് അധികാരകളെ നിര്‍ബന്ധിതരാക്കാനുള്ള തങ്ങളുടെ കടമ സൗദി മാധ്യമങ്ങള്‍ സജീവമായി നിര്‍വഹിക്കേണ്ടിയിരിക്കുന്നു എന്നും ജമാല്‍ ഖഷോഗി നിരീക്ഷിക്കുന്നു.

സല്‍മാന്‍ രാജകുമാരന്റെ വെട്ടിനിരത്തല്‍: ‘തല പോയ’ പ്രമുഖന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ആരാണ്?

സൗദിയില്‍ രണ്ട് മന്ത്രിമാരെ പുറത്താക്കി; ബിന്‍ സല്‍മാന്‍ രാജകുമാരന് കൂടുതല്‍ അധികാരം; കൂടുതല്‍ പരിഷ്കാരങ്ങളിലേക്ക്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍