UPDATES

വിദേശം

വിദ്യാർത്ഥികൾക്ക് കെണിയൊരുക്കി യുകെയിലെ വ്യാജ യൂണിവേഴ്സിറ്റികൾ; നാല് വർഷത്തിനിടെ മുളച്ച് പൊന്തിയത് 75ലധികം സ്ഥാപനങ്ങൾ

ആഗോളതലത്തിൽ തന്നെ പ്രശസ്തി നേടിയിട്ടുള്ള യുകെയിലെ ചില യൂണിവേഴ്സിറ്റികളും ഈ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ കുടുങ്ങാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കൂണ് പോലെ വളരുന്ന വ്യാജ സർവ്വകലാശാലകകൾക്കെതിരെ അടിയന്തര നടപടികളെടുക്കാനുള്ള യുകെയുടെ തീരുമാനത്തിന്മേൽ നടന്ന അന്വേഷണം പുറത്ത് കൊണ്ടുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. നാലു വർഷങ്ങളായി യുകെയിൽ മുളച്ചുപൊന്തിയത് 75ൽ അധികം വ്യാജ യൂണിവേഴ്സിറ്റികൾ. 243 ൽ അധികം അനധികൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ആഗോള തലത്തിൽ ശ്രദ്ധേയമായ പല സർവകലാശാലകളും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിൽ പങ്കുചേർന്നുവെന്ന് കൂടി പുറത്ത് വന്നതോടെ  ഈ വ്യാജസർട്ടിഫിക്കറ്റ് കച്ചവടത്തിന്റെ വ്യാപ്തിയറിഞ്ഞ് ലോകം നടുങ്ങുകയാണ്.

വ്യാജ ഡിഗ്രികളെക്കുറിച്ചുള്ള 2015 മുതലുള്ള അന്വേഷണത്തിൽ ഇരുന്നൂറിലധികം പരാതികൾ ലഭിച്ചിരുന്നു. പരാതികളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഹയർ എജുക്കേഷൻ ഡിഗ്രി ഡാറ്റ ചെക്ക് (ഹെഡ്ഡ് ) 243 വ്യാജ യൂണിവേഴ്സിറ്റികൾ പ്രോസ്പെക്റ്റസിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

മുപ്പത്തിയയ്യായിരത്തോളം യൂറോ (27 ലക്ഷത്തിലധികം) ഫീസിൽ ആകർഷകമായ കോഴ്‌സുകൾ എന്ന് പരസ്യം ചെയ്ത മാഞ്ചസ്റ്റർ ഓപ്പൺ യൂണിവേഴ്സിറ്റി എന്ന സ്ഥാപനത്തെ കുറിച്ച് ഹെഡ്ഡ് പ്രത്യേക അന്വേഷണങ്ങൾ നടത്തി. ഓസ്‌ഫോർഡ് റോഡിൽ രണ്ടായിരത്തിലധികം  വിദ്യാർത്ഥികൾ പഠിക്കുന്നുവെന്നായിരുന്നു വെബ്‌സൈറ്റിൽ നൽകിയിരുന്ന പരസ്യം. എന്നാൽ  മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി എന്നൊരു സ്ഥാപനമേ നിലവിലില്ല എന്ന്  അന്വേഷണത്തിൽ തെളിഞ്ഞു. മെഡിസിൻ ഉൾപ്പടെ പല കോഴ്‌സുകളും ഈ സർവകലാശാലയിൽയിൽ പഠിപ്പിക്കുന്നുണ്ടെന്നും  ഈ സ്ഥാപനത്തിന്  തൊണ്ണൂറിലധികം രാജ്യങ്ങളിൽ  ശാഖകളുണ്ടെന്നുമായിരുന്നു പരസ്യത്തിലെ അവകാശവാദം.

ആഗോളതലത്തിൽ തന്നെ പ്രശസ്തി നേടിയിട്ടുള്ള യുകെയിലെ ചില യൂണിവേഴ്സിറ്റികളും ഈ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ കുടുങ്ങാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്ഥാപനത്തിന്റെ വിശ്വാസ്യതയും  പ്രശസ്തിയും ദുരുപയോഗം ചെയ്ത് ചില സർവകലാശാല അധികൃതർ വിദേശരാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികളെ വ്യാജ കോഴ്‌സുകളിലേക്ക് ആകർഷിക്കുന്നുണ്ടെന്നായിരുന്നു ആരോപണം.

2006 ലെ കമ്പനി ആക്റ്റ് പ്രകാരം യൂണിവേഴ്സിറ്റി എന്ന വാക്ക് വെബ്‌സൈറ്റിൽ ഉപയോഗിക്കുന്നതിന് കൃത്യമായ ചില മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. എന്നാൽ ആകർഷകമായ കോഴ്‌സുകൾ പരസ്യപ്പെടുത്തുന്ന പല യൂണിവേഴ്സിറ്റികളും നിർണ്ണകമായ  മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് ഹെഡ്ഡ് ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. യുകെയിൽ ഇത്തരം വിദ്യാഭ്യാസ കച്ചവടം വ്യാപകമാകുന്നതോടെ അംഗീകൃത യൂണിവേഴ്സിറ്റിയുടെ കൂടി വിശ്വാസ്യത തകർന്നേക്കുമെന്നാണ് യുകെ ഉന്നത വിഭ്യാഭ്യാസ വകുപ്പിന്റെ ഭയം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍