UPDATES

ഓഫ് ബീറ്റ്

മലയാളി പുരുഷന്‍ എന്ന സെക്സ് കള്ളന്‍; നളിനി ജമീല സംസാരിക്കുന്നു

ഭയംകൊണ്ടും നാണക്കേടുകൊണ്ട് മാറി നില്‍ക്കുമ്പോഴാണ് നമ്മള്‍ കൂടുതല്‍ ചവിട്ടിയരയ്ക്കപ്പെടുന്നത്. ധൈര്യം വേണം. അതുണ്ടായാല്‍ അവകാശങ്ങള്‍ അവള്‍ക്ക് സ്വയം നേടിയെടുക്കാം. ഒരു ലൈംഗിക തൊഴിലാളിക്കു മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും.

പൊതുസമൂഹം ഇന്നും ഏറ്റവും വലിയ കുറ്റമായി കാണുന്നത് ലൈംഗിക തൊഴിലാണ്; ഏറ്റവും വെറുക്കപ്പെടേണ്ട കുറ്റവാളി ലൈംഗിക തൊഴിലാളിയും. മാര്‍ച്ച് 3 അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി അവകാശദിനമായി ആചരിക്കുമ്പോഴും മേല്‍പറഞ്ഞ കാര്യം തിരുത്തപ്പെടാതെ നില്‍ക്കുന്നു. സമൂഹം കുറ്റവാളികളായി കാണുന്ന ഒരു വിഭാഗം, അതുകൊണ്ടു തന്നെ ഏതുവിധത്തിലാണ് അവരുടെ അവകാശങ്ങള്‍ നേടുന്നതെന്നത് വലിയ ചോദ്യമാണ്. ഭരണകൂടങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ലൈംഗിക തൊഴിലാളികളെ സംരക്ഷിക്കാനും അവര്‍ക്കനുവദിക്കപ്പെടേണ്ട അവകാശങ്ങളും ലഭ്യമാകേണ്ട സംരക്ഷണങ്ങളും ഉറപ്പു നല്‍കാനും ശ്രമിക്കുന്നൂവെന്ന് പറയുമ്പോഴും സ്വമനസാലയോ അല്ലാതെയോ ഈ തൊഴിലിലേക്ക് ഇറങ്ങേണ്ടി വരികയും തുടരുകയും ചെയ്യുന്ന ലക്ഷക്കണക്കിനു സ്ത്രീകള്‍ മനുഷ്യപാപത്തിന്റെ ഭാരം ചുമക്കുന്നവരായി നിലനില്‍ക്കുന്നു.

അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി അവകാശ ദിനത്തില്‍ മുന്‍പറഞ്ഞ സാഹചര്യങ്ങളെ വിലയിരുത്തി, ലൈംഗികതയോടും ലൈംഗിക തൊഴിലാളിയോടും സമൂഹം ഇന്നും പുലര്‍ത്തുന്ന കാഴ്ചപ്പാടുകളെ വിശദീകരിച്ച് തന്റെ ഭാഗങ്ങളും വാദങ്ങളും ന്യായങ്ങളും പങ്കുവയ്ക്കുകയാണ് ‘ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ’ എന്ന പുസ്തകത്തിന്‍റെ രചയിതാവും ലൈംഗിക തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുകയും ചെയ്ത നളിനി ജമീല.

ഇരുട്ട്, അത് സ്വന്തം തൊഴിലില്‍ മാത്രമല്ല, ജീവിതത്തിലും സ്വീകരിക്കേണ്ടി വരുന്നവളാണ് ഒരു ലൈംഗിക തൊഴിലാളി. ഇത്രയും വര്‍ഷത്തിനിടയില്‍, അനുഭവത്തിനിടയില്‍ എന്ത് അവകാശമാണ് ഈ ഗണത്തില്‍പ്പെട്ടൊരാള്‍ക്ക് കൈവന്നിട്ടുള്ളതെന്ന് എനിക്കറിയില്ല. സംഘടനകളുണ്ടാക്കുന്നു, രക്ഷകര്‍ത്താക്കളുണ്ടാകുന്നു, എന്നിട്ടും സ്വന്തമായി കിടപ്പാടമില്ലാത്ത, റേഷന്‍ കാര്‍ഡ് ഇല്ലാത്ത, വോട്ടവകാശമില്ലാത്ത മനുഷ്യജീവികളുടെ എണ്ണത്തില്‍ ആര്‍ക്കും കുറവുവരുത്താനായില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ ലൈംഗിക തൊഴിലാളികള്‍ക്കായി സംഘടന ഉണ്ടാക്കി. ആര്‍ക്ക് ഗുണമുണ്ടായി. കോടികളുടെ ഫണ്ട് പുറത്തു നിന്നു വന്നു, അതാര്‍ക്കു പോയി? ലൈംഗിക തൊഴിലാളികളെ ഏകോപിപ്പിക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും വേണ്ടി ഒത്തിരി ഓടിനടന്നവരില്‍ ഒരാളായിരുന്നു ഞാനും. പുതിയ സംഘടന വന്നപ്പോള്‍ അതില്‍ ഞാനടക്കമുള്ള ചിലരുടെ പേരില്ല. എന്തുകൊണ്ട്? ഒന്നും മിണ്ടാത്ത, ഒന്നിനെക്കുറിച്ചും അറിവില്ലാത്തവരെ മതിയെന്നായിരുന്നു പുതിയ രക്ഷകര്‍ത്താക്കളുടെ തീരുമാനം. പ്രശ്‌നമുണ്ടാക്കുമെന്നു കണ്ടവരെ പുറന്തള്ളി. മുന്‍വാതിലിലൂടെയല്ല, പിന്നാമ്പുറത്തുകൂടി.

ആരാണ് ലൈംഗിക തൊഴിലാളിയെ കൂടുതല്‍ ചൂഷണം ചെയ്യുന്നത്? സര്‍ക്കാരും ചില ആക്ടിവിസ്റ്റുകളം തന്നെ. ഒരു കാര്യം ഓര്‍മ്മയില്‍ വരുന്നു. കോഴിക്കോട്-കണ്ണൂര്‍ റോഡിനരികിലായി കുറെ പാവങ്ങള്‍ ജീവിച്ചിരുന്നു. അവരില്‍ കൂടുതലും ലൈംഗിക തൊഴില്‍ ചെയ്യുന്നവരാണ്. രണ്ടുപേരെന്തോ മയക്കു മരുന്ന് കച്ചവടം ചെയ്യുന്നവരും വിദേശമദ്യം ബ്ലാക്കില്‍ വില്‍ക്കുന്നവരുമായിട്ടുണ്ടായിരുന്നു. മോശമല്ലാത്ത കെട്ടുറപ്പുള്ള വീടുകളിലായിരുന്നു അവരുടെ താമസം. ഒരു ദിവസം സര്‍ക്കാര്‍ വന്ന് അവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയാണ്. അവര്‍ എതിര്‍ത്തു. സര്‍ക്കാരപ്പോളൊരു ബുദ്ധി പ്രയോഗിച്ചു. അവരു താമസിച്ചിരുന്ന വീടുകള്‍ ഇടിച്ചു നിരത്തി. പകരം, സര്‍ക്കാര്‍ വീടുകള്‍ നിര്‍മിച്ചു നല്‍കി. മൂന്നുമുറി വീട്ടില്‍ താമസിച്ചിരുന്നവര്‍ക്ക് രണ്ടുമുറി വീട് സര്‍ക്കാരിന്റെ സമ്മാനം! ഇതിനു പിന്നിലെ ബുദ്ധിയെന്താണന്നല്ലേ. ആ ഭൂമി സര്‍ക്കാരിന്റെ പേരിലായി. അച്യുതാനന്ദന്‍ സര്‍ക്കാരായിരുന്നു ഈ സൂത്രശാലികള്‍. അവിടുത്തെ താമസക്കാരില്‍ രണ്ടുപേര്‍, സരോജിനിയും സൗമ്യയും തെരഞ്ഞെടുുപ്പില്‍ എല്‍ഡിഎഫിന്റെ പോളിംഗ് ഏജന്റുകളായി പ്രവര്‍ത്തിച്ചവരായിരുന്നു. താമസക്കാരില്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റ് അനുഭാവികളും. ഇനി കോണ്‍ഗ്രസ് ചെയ്തതു നോക്കാം. ആന്റണിയുടെ കാലത്താണ്. കുറെപ്പേരെ അവര്‍ താമസിച്ചിരുന്നിടത്തു നിന്നിറക്കി അവര്‍ക്ക് കാടും പാറയും നിറഞ്ഞ സ്ഥലത്ത് പുനരധിവാസമൊരുക്കി. ആ പാവങ്ങള്‍ അവിടെ ചെന്ന് കിട്ടിയ ഭൂമി വാസയോഗ്യമാക്കി. പക്ഷേ ആ ഭൂമി സര്‍ക്കാരിന്റെ അവകാശത്തിലുള്ളതാണ്. എവിടെ നിന്നായാലും സര്‍ക്കാര്‍ എന്നിറങ്ങാന്‍ പറയുന്നോ അന്നവരെല്ലാം ഇറങ്ങണം. ഇതാണ് ബുദ്ധിപൂര്‍വമായ സംരക്ഷണം.

ലൈംഗിക തൊഴിലാളികള്‍ സ്ഥിരമായി ഒരിടത്ത് താമസിക്കാറില്ല. അതവരുടെ തൊഴിലിനെ ബാധിക്കും. സ്ഥിരമായി ഒരു മേല്‍വിലാസം ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് റേഷന്‍ കാര്‍ഡോ ആധാറോ ഒന്നും കിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ ഇവരെ പുനരധിവസിപ്പിക്കുമോ? ചെയ്താല്‍ തന്നെ യാതൊരു രേഖകളുമില്ലാത്തിടങ്ങളില്‍. ഇതിനെയൊക്കെ ചൂഷണം എന്നല്ലേ പറയേണ്ടത്.

ലൈംഗിക തൊഴിലാളികളെ കല്ലെറിയുന്ന കേരളം; ഇപ്പോള്‍ നടക്കുന്നതോ?
ലൈംഗികത പാപവും ആ തൊഴില്‍ ചെയ്യുന്നവര്‍ കുറ്റവാളികളുമാകുന്ന, സദാചാരമൂല്യങ്ങള്‍ ഏറെയുള്ള കേരളത്തില്‍ എന്താണ് ഇപ്പോള്‍ നടക്കുന്നത? വ്യഭിചാരകഥകളുടെ ലൈവ് ചര്‍ച്ചകള്‍. ഒരു നാട് ഭരിക്കുന്ന മുഖ്യമന്ത്രി വ്യഭിചാരിയുടെ പണം തട്ടിയെടുത്തവനെന്ന് വിളിക്കപ്പെടുന്നു. എന്നിട്ട് ആരാണ് സമൂഹത്തിന് മുന്നില്‍ കുറ്റവാളി. ഒരു സ്ത്രീ. ആ സ്ത്രീ തെറ്റുകാരിയോ അല്ലാത്തവളോ ആകാം. പക്ഷേ അവള്‍ മാത്രം വിചാരണ ചെയ്യപ്പെടുന്നതെന്തുകൊണ്ട്? അവള്‍ മോശം മാര്‍ഗത്തിലാണ് പണം ഉണ്ടാക്കിയതെങ്കില്‍ ആ പണം തട്ടിപ്പറിച്ചവര്‍ എന്തുകൊണ്ട് മാന്യന്മാരായി നിലനില്‍ക്കുന്നു. കുഞ്ഞാലികുട്ടി നല്‍കിയ പണം മറ്റു ചിലര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാരോപണം റജീന ഉയര്‍ത്തിയപ്പോള്‍, അതേക്കുറിച്ച് അന്വേഷിക്കാതെ കുഞ്ഞാലിക്കുട്ടിയെ തേടിയപ്പോവരാണ് നമ്മള്‍. ഒടുവില്‍ അദ്ദേഹം രാജിവച്ചു. കുഞ്ഞാലിക്കുട്ടി രാജിവച്ചാല്‍ അതിനേക്കാള്‍ മുന്നേ രാജിവയ്‌ക്കേണ്ടയാളാണ് ഉമ്മന്‍ ചാണ്ടി. ഞാന്‍ രാഷ്ട്രീയം പറയുകയല്ല. ഇവിടെ നടക്കുന്ന കള്ളത്തരത്തെക്കുറിച്ചാണ്. മുഖ്യമന്ത്രിയടക്കം തെറ്റു ചെയ്തിട്ടുണ്ടെന്ന് ഏറെക്കുറെ എല്ലാവരും വിശ്വസിച്ചിട്ടും സരിത മാത്രം അധിക്ഷേപിക്കപ്പെടുന്നത് അതൊരു സ്ത്രീശരീരം എന്ന നിലയിലാണ്. മലയാളിയുടെ ലൈംഗിക ഇരട്ടത്താപ്പാണത്.

പത്തുപതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു പരിപാടിയില്‍വച്ച് അതില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞത്, ഞാനേതാണ്ട് 26 ഓളം ചീത്ത സ്ത്രീകളെ പിടികൂടിയിട്ടുണ്ടെന്ന്. ഞാന്‍ ചോദിച്ചു, ചീത്ത സ്ത്രീകളെന്നു പറയുമ്പോള്‍, അവര്‍ സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ടവരായിരുന്നോ? അദ്ദേഹം പറയുന്ന ചീത്തകാര്യത്തില്‍ ആ സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും ഉണ്ടാകണമല്ലോ. അവര്‍ ചീത്ത എന്ന പ്രയോഗത്തില്‍ പെടാത്തതെന്തുകൊണ്ട്? സരിതയുടെ കാര്യത്തില്‍പ്പോലും നടക്കുന്നതതാണ്. അവള്‍ മാത്രം ചീത്ത, കൂട്ടുപ്രതികളെല്ലാം നല്ലവര്‍.

ചുവന്ന തെരുവുകളില്‍ നില്‍ക്കുന്ന മലയാളി
പണ്ട്, സെക്‌സ് സംബന്ധിച്ച് വാര്‍ത്തകള്‍ വരുന്നൊരു പത്രം മഞ്ഞപത്രം എന്നായിരുന്നു അറിയപ്പെടുന്നത്. ടിവിയില്‍ വന്നാല്‍ നാമതിനെ നീലചിത്രം എന്നു പറഞ്ഞു. ഇത്തരം കാര്യം നടക്കുന്ന തെരുവിനെ ചുവന്ന തെരുവ് എന്നു വിളിച്ചു. ഇന്നോ? ഈ പറഞ്ഞതെല്ലാം ഒരു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടക്കുന്നൂവെന്നു പറയുന്നു. മുഖ്യധാര മാധ്യമങ്ങളില്‍ മിനിട്ടുകളിടവിട്ടു കാണിക്കുന്നു. എന്നിട്ടും മലയാളി വലിയ സദാചാരബോധമുള്ളവര്‍. ജീവിക്കാനുള്ള തൊഴിലായി ലൈംഗികബന്ധം തെരഞ്ഞെടുത്തവരെ കല്ലെറിയുന്നു. സരിതയുടെ സാരികളെക്കുറിച്ചുപോലും എത്രമാത്രം ചര്‍ച്ച നടത്തി. യഥാര്‍ത്ഥത്തില്‍ സരിതയുടെ സാരിയെക്കുറിച്ചു പറയുന്നതുപോലും അതിലൂടൊരു രതിസുഖം അനുഭവിക്കാനാണ്. അഴിമതിയോ കൊലപാതകമോ അല്ല, അതൊന്നും പുറത്തുവരണമെന്നുമില്ല. പിന്നെയെന്താണ്? സരിത എന്ന സ്ത്രീശരീരത്തെ ആസ്വദിക്കുകയായിരുന്നു മാധ്യമങ്ങളായാലും സമൂഹമായാലും.

കേരളത്തിനു വന്ന സദാചരമാറ്റമാണിതെല്ലാം വ്യക്തമാക്കുന്നത്. മുന്‍കാലങ്ങളില്‍ ആവശ്യക്കാര്‍ ക്യൂ നിന്ന് ഞങ്ങളുടെ അടുക്കല്‍ വന്നു. കൊണ്ടുപോയോ, നമ്മളൊരുക്കുന്ന സൗകര്യത്തിലോ അവര്‍ അവരുടെ ആവശ്യം നടത്തുന്നു. മാന്യമായ പണം നല്‍കുന്നു. ആവശ്യക്കാര്‍ വിലകൊടുത്താണെങ്കിലും അവരുടെ ആവശ്യങ്ങള്‍ നടത്തിയിരുന്നു. ഇന്നു വിലകൊടുത്തു വാങ്ങുന്നത് നാണക്കേടാണ്. റോഡ് സൈഡുകളില്‍ നിന്നും ആശുപത്രികളുടെ മുന്നില്‍ നിന്നുമെല്ലാം ലൈംഗിക തൊഴിലാളികളെ ആട്ടിപ്പായിക്കുന്നു. പക്ഷേ ഇതൊക്കെ ചെയ്യുമ്പോള്‍ തന്നെ അവന്റെ ആവശ്യം നടത്താനാകാതെ അലയുകയുമാണ്. കഴുത കാമം കരഞ്ഞു കളയുന്നതുപോലെയാണ് മലയാളിയുടെ അവസ്ഥയും. അതുകൊണ്ടാണ് അവന്‍ സരിതയുടെ സാരി കാണാന്‍ ഇരിക്കുന്നത്.

ഒരു ലൈംഗിക തൊഴിലാളി പറഞ്ഞു തന്ന ജീവിതം

കേരളത്തില്‍ പീഡനങ്ങള്‍ കൂടുന്നു. പുരുഷന്മാരെ വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു. ഈ ആരോപണങ്ങളുടെ കാരണങ്ങളെന്താണെന്നു തിരക്കാറുണ്ടോ? പുരുഷന് അവന്റെ കാമം എങ്ങനെ തീര്‍ക്കണമെന്നറിയില്ല. ലൈംഗിക താത്പര്യം അടക്കിനിര്‍ത്താന്‍ കഴിയാത്തവരാണ് പുരുഷന്മാര്‍. സ്ത്രീകള്‍ക്കതിനു കഴിയും. വിവാഹിതരായവരില്‍ 80 ശതമാനവും കന്യകമാരല്ലാത്തവരാണന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതായത് സ്ത്രീകള്‍ക്ക് അവരുടെ ആഗ്രഹം നടത്താന്‍ ചോയ്‌സുകളുണ്ട്, ആരുമറിയാതെ തന്നെ. പുരുഷന്റെ കാര്യമോ? കാമം അവന് ഭ്രാന്തായി മാറുന്നു. ആ ഭ്രാന്തില്‍ മുന്നില്‍ കിട്ടുന്നത് അമ്മയാണെന്നോ മകളാണെന്നോ പെങ്ങളാണെന്നോ നോക്കില്ല.

ലോകത്ത് പല രാജ്യങ്ങളിലും നിയമാനുസൃതമായ സെക്‌സ് സെന്ററുകളുണ്ട്. ഇന്ത്യയില്‍ അങ്ങനെയൊന്നില്ല. മുംബൈയിലും കല്‍ക്കത്തയിലുമൊക്കെ ഉണ്ടെന്നു ചിലര്‍ പറയുന്നു. തെറ്റാണ്. മാഫിയകളാണ് ഇവിടങ്ങളില്‍ വേശ്യാലയങ്ങള്‍ നടത്തുന്നത്. അതുകൊണ്ടാണവ അച്ചടക്കത്തോടെ നടന്നുപോകുന്നത്. ആരും ചോദ്യം ചെയ്യില്ല, ഇടപെടില്ല. നമ്മുടെ നാട്ടില്‍ അങ്ങനൊന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഇന്നത്തെ പല അപകടങ്ങള്‍ക്കും കുറവുണ്ടാകുമായിരുന്നു. ചിലര്‍ എതിര്‍വാദം ഉയര്‍ത്തുന്നു. കൊച്ചുകുട്ടികള്‍ വഴി തെറ്റുമെന്ന്. പ്രായപരിധിവച്ച് ആളെ പ്രവേശിച്ചാല്‍ പോരേ. നിയമം കര്‍ശനമാക്കണം. പ്രാവര്‍ത്തികമാണോയെന്നു പരിശോധിക്കാതെ കപടമാന്യതയുടെ പേരില്‍ എതിര്‍പ്പുണ്ടാക്കിയിട്ട് കാര്യമില്ല.

ഒരു റിസര്‍ച്ചിന്റെ ഭാഗമായി ഇന്ത്യയില്‍ പലയിടങ്ങളിലും സഞ്ചരിച്ചിട്ടുള്ളൊരാളാണ് ഞാന്‍. അറുപതിനായിരത്തോളം സെക്‌സ് വര്‍ക്കേഴ്‌സ് ഉള്ളയിടമാണ് കല്‍ക്കത്തയിലെ സോനഗച്ചി. പുറത്തു നിന്നു പറയുന്നവരുടെ വാക്കുകള്‍ വിശ്വസിക്കരുത്. അവര്‍ക്കത് വെറും വേശ്യത്തെരുവ്. എന്നാല്‍ അവിടെ അങ്ങനെയൊരിടം ഉള്ളതുകൊണ്ട് മറ്റു സ്ത്രീകള്‍ക്ക് ഭയപ്പെടാതെ ജീവിക്കാം.

എന്റെ രണ്ടനുഭവങ്ങള്‍ പറയാം. കല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തിനടുത്തായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. ഒരു രാത്രി നന്നായി മദ്യപിച്ച്, കൈയില്‍ ഒരു ഫുള്‍ ബോട്ടില്‍ മദ്യവുമായി പാതിരാത്രി ആ തെരുവിലൂടടെ ഞാനെന്റെ താമസസ്ഥലത്തേക്കു നടന്നു. ഒരാളുപോലും ശല്യപ്പെടുത്താന്‍ വന്നില്ല. ആരുമെന്നെ ഉപദ്രവിച്ചില്ല. മറ്റൊരിക്കല്‍ മൈസൂരില്‍ പുലര്‍ച്ചെ മൂന്നുമണിക്ക് ഞാന്‍ ഓട്ടോയില്‍ സഞ്ചരിച്ചു. ഒരു കുഴപ്പവുമില്ലാതെ എത്തേണ്ടിടത്തെത്തി. കേരളത്തില്‍ നടക്കുമോ? ഇരുട്ടില്‍ ഒരു പെണ്ണിനെ ഒറ്റയ്ക്കു കണ്ടാല്‍ ചുരമാന്തും ഇവിടുത്തെ ആണുങ്ങള്‍ക്ക്.

സോനാഗച്ചിയെ കുറിച്ച് ഞാന്‍ പറഞ്ഞല്ലോ. പണ്ടവിടെ പത്തും പതിമൂന്നും വയസുള്ള പെണ്‍കുട്ടികള്‍ എത്തുമായിരുന്നു. പിന്നീട് എയ്ഡ്‌സ് പ്രിവന്‍ഷന്‍ നിയമമൊക്കെ വന്നശേഷം, ലൈംഗിക തൊഴിലാളികള്‍ക്കു സംഘടനയുണ്ടായി. ഇതോടെ കാര്യങ്ങളിലൊക്കെ വലിയ മാറ്റം വന്നു. ഇന്ത്യയിലെ ഏറ്റവും വലുതും കൂടുതല്‍ അംഗങ്ങളുമുള്ള ലൈംഗിക തൊഴിലാളി സംഘടനയാണ് കല്‍ക്കത്തയിലേത്. ഞാന്‍ ചെല്ലുന്ന കാലത്തെ കാര്യമാണ് പറയുന്നത്, ഇപ്പഴെങ്ങനെയെന്നറിയില്ല; പതിമൂന്ന് വയസുള്ള ഒരു പെണ്‍കുട്ടി അവിടെ വന്നെന്നിരിക്കട്ടെ, അവള്‍ ആദ്യം സംഘടന നടത്തുന്ന ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിനക്ക് പഠിക്കാനാണോ അതോ തൊഴില്‍ ചെയ്ത് അച്ചനമ്മമാരെ നോക്കാനാണോ താത്പര്യമെന്നു ചോദിക്കും. പഠിക്കാനാണിഷ്ടമെന്നു പറഞ്ഞാല്‍ അവര്‍ അവളെ പഠിപ്പിക്കും. തൊഴില്‍ ചെയ്യാനാണ് താത്പര്യമെങ്കില്‍ അവരുടെ കൂട്ടത്തില്‍ ആരുടെയെങ്കിലും സഹായിയായിട്ട് നിര്‍ത്തും. മാസം അവള്‍ക്കൊരു തുക നല്‍കും. അത് വീട്ടിലേക്ക് അയച്ചുകൊടുക്കാം. പതിനെട്ടു വയസ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ അവള്‍ക്കു തൊഴിലിലേക്ക് വരാം. ആദ്യമാദ്യം അവളെ ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തേക്കു മാത്രമെ തൊഴിലിനു വീടൂ. മനസും ശരീരവും പാകമായിക്കഴിഞ്ഞുമാത്രമാണ് പൂര്‍ണസമയ തൊഴിലിന് അനുവദിക്കൂ. കൊല്‍ക്കത്തയിലെ സംഘടന സ്വന്തമായി സ്‌കൂളും പണമിടപാട് സ്ഥാപനങ്ങളൊക്കെ നടത്തുന്നുണ്ട്. ഇവിടങ്ങളില്‍ അവരുടെ കൂട്ടത്തിലുള്ളവര്‍ തൊഴില്‍ ചെയ്യുന്നുമുണ്ട്.

ബോംബെയിലും ചിലയിടങ്ങളില്‍ ഈ മാതൃക കണ്ടുവരുന്നുണ്ട്. സാംഗ്ലിയിലൊക്കെ കാര്യങ്ങള്‍ മാറിയിട്ടുണ്ട്. പണ്ട് മുംബൈയില്‍ കൊച്ചുപെണ്‍കുട്ടികളെ വരെ മാതാപിതാക്കള്‍ വില്‍ക്കും. ഇന്ന് 16-17 വയസുള്ള കുട്ടികളെപ്പോലും അവരുടെ സമ്മതം ചോദിച്ചിട്ടാണ് ലൈംഗിക കേന്ദ്രങ്ങളില്‍ കൊണ്ടുചെന്നു വിടുന്നത്. പണ്ട് ആരും അറിയാതെ നടന്നിരുന്ന ഏര്‍പ്പാടാണെങ്കില്‍ ഇന്നത് ഒരു വിവാഹച്ചടങ്ങ് നടക്കുന്നതുപോലെയാണ്. ഒരു പാര്‍ട്ടിയൊക്കെ നടത്തും. അതില്‍ വരുന്നവരില്‍നിന്നും പെണ്‍കുട്ടിക്ക് മാനസികമായി അടുപ്പം തോന്നുന്നയാളെ തന്റെ ആദ്യ ക്ലൈന്റായി തെരഞ്ഞെടുക്കാം. ആരുടെ കൂടെ പോണം എന്നത് പെണ്‍കുട്ടിയുടെ ചോയ്‌സ് ആണ്. ഇതെല്ലാം നല്ലൊരു മാറ്റമാണ്. ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ ആരും ഈ തൊഴിലിലേക്ക് എത്തപ്പെടുന്നില്ല. ഒരു തൊഴില്‍, ആ നിലയ്ക്ക് ഇതിലേക്ക് വരാന്‍ പെണ്‍കുട്ടികള്‍ സ്വയം തയ്യാറാവുകയാണ്.

നമ്മള്‍ മലയാളികള്‍ക്ക് ഇതൊക്കെ കേള്‍ക്കുമ്പോള്‍ മാനസികനില തെറ്റാം. സദാചാരത്തിന്റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകാം. ചിലര്‍ ഒന്നു കണ്ണിറുക്കും; ഇതൊക്കെ കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുമോ?.

മലയാളി പുരുഷന്‍ എന്ന സെക്‌സ് കള്ളന്‍
മലയാളിയെ ഞാന്‍ സെക്‌സ് കള്ളനെന്നു വിളിക്കും. ഈ കാര്യത്തില്‍ ഇത്രത്തോളം കള്ളത്തരം കാണിക്കുന്ന മറ്റാരുമില്ല. കൊല്‍ക്കത്തയിലും ബോംബെയിലുമുള്ള കേന്ദ്രങ്ങളൊന്നും ഇവിടെ വേണ്ടെന്നു വാദിക്കുന്നവരുടെ യഥാര്‍ത്ഥ തായം കളി കാണണം! ഒളിച്ചു പരിപാടിയാണവര്‍ക്ക് ഇഷ്ടം. ഇമേജ് നോക്കുന്നവരാണല്ലോ മലയാളി. കേരളത്തിന്റെ ഭൂപ്രകൃതിയിലൂടെ മലയാളിക്ക് കുറെ സഹായങ്ങള്‍ കിട്ടുന്നുണ്ട്. കോഴിക്കോട് ഭാഗത്തുള്ളവര്‍ക്കാണെങ്കില്‍ കാര്യം നടത്താന്‍ മൈസൂര്‍ പോകാം. പെണ്ണിനെ കൂടെ കൊണ്ടുപോകണമെങ്കില്‍ അതാവാം, അല്ലെങ്കില്‍ സുന്ദരികളെ അവിടെ നിന്നു കിട്ടും. പാലക്കാട് ഭാഗത്തുള്ളവര്‍ക്ക് പഴനിയുണ്ട്. എല്ലാ സൗകര്യങ്ങളും അവിടെ ലഭ്യമാണ്. കണ്ണൂര്‍ ഭാഗത്തുള്ളവര്‍ക്ക് മംഗലാപുരമാണ് കേന്ദ്രം. കേരളത്തിലെ എല്ലാ സെക്‌സ് കള്ളന്മാരും മംഗലാപുരത്ത് എത്താറുണ്ട്. കോട്ടയം ഭാഗത്തുള്ളവര്‍ മധുരയ്ക്കാണ് പോകുന്നത്. കോവിലുകളുടെ അടുത്തൊക്കെ ഇഷ്ടംപോലും സൗകര്യങ്ങള്‍ കിട്ടും. പെണ്ണിനെ കൂട്ടിക്കൊണ്ടും ചെല്ലാം അല്ലെങ്കില്‍ അവിടെ നിന്നു കിട്ടും. തിരുവനന്തപുരം ഭാഗത്തുള്ളുള്ളവര്‍ പോകുന്നത് കന്യാകുമാരിയിലാണ്. ഇങ്ങനെയാണ് മലയാളിയുടെ ചുറ്റിക്കളി. അപ്പോള്‍ നാട്ടിലവന് മാന്യനായി നടക്കാം. പക്ഷേ ഒരുകാര്യം പറയാതെ വയ്യ, എല്ലായിടത്തെ പെണ്ണുങ്ങളും സമ്മതിക്കും, അവരുടെ ഏറ്റവും നല്ല ക്ലൈന്റ് എപ്പോഴും മലയാളി തന്നെയാണ്. പണത്തിന്റെ കാര്യത്തില്‍ പറ്റിക്കില്ല, ഉപദ്രവിക്കുകയുമില്ല.

ചില സനാതന ഹൈന്ദവ രതി ചിന്തകളും പോണ്‍ ബാനും

എന്നാല്‍ എല്ലാം രഹസ്യമായിരിക്കണമെന്നു മാത്രം. ഈ ഇമേജു നോട്ടക്കാരുടെ മറ്റൊരു മുഖം കാണിച്ചു തരാം. എന്റെ രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിക്കാനാവാതെ കുറെ വര്‍ഷങ്ങളായി വിഷമിക്കുകയാണ്. എന്തുചെയ്യണമെന്നറിയാതെ വന്നൊരു ഘട്ടത്തില്‍ ചെയ്‌തൊരു കാര്യമാണ്. ഫെയ്‌സുബക്കില്‍ ഒരു കുറിപ്പിട്ടു. എന്നെ കുറിച്ച് അറിയുന്നവരും എന്റെ ആദ്യ പുസ്തകം വായിച്ചവരും ശ്രദ്ധിക്കുമെന്ന് വിശ്വാസത്തില്‍ രണ്ടാമതൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ എനിക്ക് താപര്യമുണ്ടെന്നും പണമാണ് പ്രശ്‌നമെന്നും നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്താല്‍ എനിക്കു തന്നെ ആ പുസ്തകം പ്രസിദ്ധീകരിക്കാമെന്നും ഞാനെഴുതി. എന്റെ ഫോണ്‍ നമ്പറും കൊടുത്തിരുന്നു. പിറ്റേദിവസം മുതല്‍ ദിവസേന പത്തു ഫോണ്‍ കോളെങ്കിലും എനിക്കു വന്നു തുടങ്ങി. വിളിക്കാരെല്ലാം പറയുന്നത് ഒരേ കാര്യം; പണം തരാം പകരം നല്ല പെണ്‍കുട്ടികളെ ഒപ്പിച്ചു തരുമോയെന്ന്. ചിലര്‍ക്ക് ഞാനാണെങ്കിലും മതി. ഇതാണ് മലയാളി.

സെക്‌സ് വര്‍ക്കര്‍മാരോടുള്ള മനോഭാവമാണിത്. ദേവദാസി സമ്പ്രദായം നിലനിന്നിരുന്നൊരു നാടാണല്ലോ ഭാരതം. പക്ഷേ ദേവദാസി ചരിത്രം എഴുതപ്പെട്ടതുപോലും തെറ്റായിട്ടല്ലേ. ദേവദാസികള്‍ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കൂടെ മാത്രമല്ല കിടന്നത്. സാധാരണക്കാരനും വേണ്ടിയും വാതില്‍ തുറന്നവരുണ്ടായിരുന്നു. രാജാവിന്റെ കിടപ്പറയിലേക്കു പോകുന്ന പെണ്ണുങ്ങളെപ്പോലെ കൂലിക്കാരന്റെ ആഗ്രഹം ശമിപ്പിക്കാന്‍ വരുന്ന പെണ്ണുങ്ങളെ ദേവദാസി ചരിത്രത്തില്‍ നിന്ന് ആരാണ് പുറത്താക്കിയത്? രാജാവു മാത്രമല്ല, സാധാരണക്കാരനും പെണ്ണിനെ തേടിയവനാണ്. പക്ഷേ പിന്നീടത് മറച്ചുവയ്ക്കപ്പെടുകയും സാധാരണക്കാരന്‍ അവന്റെ ആഗ്രഹം തേടിപ്പോകുന്നത് തെറ്റാണെന്നും വരുത്തി തീര്‍ത്തു. കേരളത്തില്‍ ദേവദാസി ചരിത്രമേ ഇല്ലെന്ന തരത്തില്‍ നമ്മളെത്തി. മലയാളിയുടെ കള്ളത്തരങ്ങള്‍.

മലയാളിയുടെ വൃത്തികെട്ട മനോഭാവത്തിന്റെ മറ്റൊരു ഉദാദാഹരണം കൂടി പറയാം. അത് എഴുത്തുകാരി മാധവിക്കുട്ടിയോടായിരുന്നു. എത്രമാത്രമാണവരെ അവഹേളിച്ചത്. എന്തൊക്കെ മോശം പറഞ്ഞു. സഹികെട്ടല്ലേ പൂനെയ്ക്ക പോയത്. മനസികാഘാതം താങ്ങാനാകാതെയാണ് അവര്‍ നേരത്തെ മരിച്ചുപോയതെന്നാണ് ഞാന്‍ കരുതുന്നത്. മാധവിക്കുട്ടി പൂനെയ്ക്ക് പോയപ്പോള്‍ ടി പത്മനാഭന്‍ എന്താണ് പറഞ്ഞത്, ഒരു നളിനി ജമീല പോയാലും കുഴപ്പമില്ല വേറൊരു നളിനി ജമീല ഇവിടെയുണ്ടല്ലോ എന്ന്. എന്നെ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ, അതുപോലാണോ മാധവിക്കുട്ടി. ചെറ്റത്തരം പറഞ്ഞ പത്മനാഭന്റെ കരണത്തടിക്കുകയല്ലേ വേണ്ടത്.

ഇതൊക്കെയാണ് മലയാളി. ഈ മലയാളിയാണ് കുടുംബം നോക്കാന്‍, മക്കളെ പഠിപ്പിക്കാന്‍, മരുന്നു വാങ്ങാന്‍ ശരീരം വില്‍ക്കാന്‍ ഇറങ്ങുന്ന ഒരുത്തിയെ കല്ലെറിയുന്നത്.

ലൈംഗികബോധമില്ലാത്ത മലയാളി സുരക്ഷയും സ്വാതന്ത്ര്യവും രണ്ടാണെന്നു തിരിച്ചറിയുന്നില്ല
മലയാളിക്ക് ലൈംഗിക വിദ്യാഭ്യാസം വേണമെന്നു വാദിക്കുന്നൊരാളാണ് ഞാന്‍. മലയാളിക്കത് ഇതുവരെ ഉണ്ടായിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ഇവിടെ സ്ത്രീകളും പെണ്‍കുട്ടികളും ഇത്രയേറെ ആക്രമിക്കപ്പെടില്ലായിരുന്നു. ആണുങ്ങള്‍ ഇത്രമേല്‍ വൈകൃതങ്ങള്‍ കാണിക്കില്ലായിരുന്നു. ഒരിക്കല്‍, ലൈംഗികവിദ്യാഭ്യാസം നമ്മുടെ കുട്ടികള്‍ക്ക് അത്യന്താപേക്ഷിതമാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ മറ്റൊരു സ്ത്രീ ചോദിച്ചത്, ഒരു കോണ്ടവും കൊടുത്ത് ഒരു പെണ്‍കുട്ടിയെ ആണ്‍കുട്ടിയുടെ മുറിയില്‍ കയറ്റി വാതിലടയ്ക്കുന്നതാണോ ഈ വിദ്യാഭ്യാസമെന്ന്? വലിയ സാമൂഹ്യപരിഷ്‌കര്‍ത്താവും ഒരു കാലത്തെ വിപ്ലവനായികയുമൊക്കെയായിരുന്നു ആ സ്ത്രീ. മുറിയില്‍ കയറ്റി വാതില്‍ അടയ്ക്കുന്നതല്ല ലൈംഗിക വിദ്യാഭ്യാസം. അതുപോലെ എസി റൂമിലിരുന്ന് കുറച്ചുപേര്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതുമാകരുത് അത്.

സുരക്ഷിതത്വം എന്താണെന്ന് നമ്മുടെ പെണ്‍കുട്ടികളെ പറഞ്ഞു മനസിലാക്കുക. ആദ്യം സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്തുക, പിന്നീട് സ്വാതന്ത്ര്യം ആഘോഷിക്കുക എന്ന് നമ്മുടെ പെണ്‍കുട്ടികളോട് പറഞ്ഞുകൊടുക്കണം. തന്റെ ശരീരത്തില്‍ തന്റെ അനുവാദമില്ലാതെ മറ്റൊരാളെക്കൊണ്ട് സ്പര്‍ശിക്കാന്‍ അനുവദിക്കരുത്, ശരീരം മറ്റുള്ളവരുടെ ആക്രമണത്തിന് വിട്ടുകൊടുക്കരുത്. ആ ബോധം നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാവണം. ആ സുരക്ഷിതത്വബോധം ഉണ്ടായശേഷമേ സ്വാതന്ത്ര്യം അവള്‍ക്കുണ്ടാകുന്നുള്ളൂ, അല്ലെങ്കില്‍, അത്തരമൊരു സുരക്ഷിത്വമില്ലാത്ത സ്വാതന്ത്ര്യം അവള്‍ നേടാനാഗ്രഹിക്കരുത്, ആഘോഷിക്കരുത്.

മല്ലുപുരുഷനെന്ന തികഞ്ഞ ലൈംഗിക അക്രമി

എന്താണ് നിങ്ങള്‍ സൂക്ഷിക്കേണ്ടതെന്നു പറഞ്ഞുതരാന്‍ നമ്മുടെ കുട്ടികള്‍ക്ക് ഇന്നാളില്ല. തൊട്ടിപ്പറമ്പ് ബാലനെയും പള്ളിയിളപ്പ് കുട്ടപ്പനെയും കണ്ടാല്‍ വഴിമാറിപ്പോകണമെന്ന് ഞങ്ങളുടെ കുട്ടിക്കാലത്ത് ഉപദേശം കിട്ടുമായിരുന്നു. ഏതാണ് നല്ലത്, ആരാണ് ചീത്തയെന്ന് വ്യക്തമാക്കി തരാന്‍ ആളുണ്ടായിരുന്നു. ഇന്ന് ആരു പറയുന്ന നുണയും വിശ്വസിക്കുന്നവരായി കുട്ടികള്‍ മാറി. ലോകത്തെക്കുറിച്ച് ബോധമില്ലാതെ സ്വാതന്ത്ര്യത്തിലേക്കിറങ്ങുന്ന കുട്ടികളാണ് അപകടത്തില്‍ ചാടുന്നത്.

ഡല്‍ഹിയിലെ പെണ്‍കുട്ടിക്ക് സംഭവിച്ചതും അതാണ്. അവള്‍ക്ക് സുരക്ഷിതത്വം എന്താണന്ന് പൂര്‍ണമായി മനസിലാക്കാന്‍ പറ്റിയില്ല. ലോകത്തേക്കുറിച്ച് നല്ലവണ്ണം മനസിലാക്കാതെയാണ് അവള്‍ രാത്രിയുടെ സ്വാതന്ത്ര്യം ആഘോഷിക്കാനിറങ്ങിയത്. ഞാനെന്റെ മകളോട് പറഞ്ഞു കൊടുത്തിട്ടുള്ളത്, നിനക്ക് നിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി എത്രവേണമെങ്കിലും പൊരുതാം, നിനക്ക് ആരോടു വേണമെങ്കിലും മിണ്ടാം. നിനക്കറിയാവുന്ന ആരുടെ കൂടെ വേണമെങ്കിലും യാത്ര ചെയ്യാം. പക്ഷേ ഈ ലോകം മാറാത്തിടത്തോളം നീ ആഗ്രഹിക്കുന്ന ചില സ്വാതന്ത്ര്യങ്ങള്‍ വേണ്ടെന്നുവയ്ക്കണം.

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ശക്തമായ പോരാട്ടമായിരുന്നു ചുംബന സമരം. ഞാനതിനെ സപ്പോര്‍ട്ട് ചെയ്യുന്നു. ആ പോരാട്ടം അതില്‍ പങ്കെടുത്തവരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിക്കൊണ്ടാവുമ്പഴെ ഞാനതിനെ പിന്തുണയ്ക്കൂ. അതിലൂടെ അവര്‍ ചൂഷണം ചെയ്യപ്പെടുകയാണെങ്കില്‍ എല്ലാം തീര്ന്നു. ചുംബന സമരത്തില്‍ അങ്ങനെ സംഭവിച്ചില്ലേ. ചിലരുടെ നുഴഞ്ഞുകയറ്റം ആ പോരാട്ടത്തിന്റെ ലക്ഷ്യം തകര്‍ത്തില്ലേ.

രശ്മി നായരുടെ കാര്യമെടുക്കൂ. അവള്‍ ആരുടെ കൂടെ പോകുന്നൂ എന്നത് നാം ചോദ്യം ചെയ്യേണ്ട തെറ്റല്ല. അതവളുടെ സ്വാതന്ത്ര്യമാണ്. തൊഴിലാണ്. എന്നാല്‍ മറ്റുള്ളവരെ ഇതിലേക്ക് പ്രേരിപ്പിച്ചു എന്നത് തെറ്റാണ്. സമൂഹം കുറ്റകരമാണെന്നു പറയുന്നിടത്തോളം ഈ തൊഴിലേക്ക് ഒരാളെ മനപൂര്‍വം പ്രേരിപ്പിച്ചു കൊണ്ടുവരുന്നതിനെ ഞാന്‍ എതിര്‍ക്കും. രശ്മി അങ്ങനെ ചെയ്താല്‍ അവര്‍ കുറ്റക്കാരിയാണ്. ഇന്നും എനിക്ക് ദാരിദ്ര്യം ഉണ്ട്. ഞാനിപ്പോള്‍ വിചാരിച്ചാലും പെണ്‍കുട്ടികളെ ഒപ്പിക്കാം, ക്ലൈന്റിനെയും ഉണ്ടാക്കാം. ഞാനത് ചെയ്യില്ല. നിങ്ങള്‍ക്ക് താത്പര്യമില്ലെങ്കില്‍ ഇതിലേക്ക് വരരുത്. എന്നാല്‍ വരുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെങ്കില്‍ ഇതൊരു തൊഴിലായി സ്വീകരിക്കുന്നത് തെറ്റുമല്ല.

രശ്മി മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടെങ്കില്‍ അതു തെറ്റാണ്, ശിക്ഷയനുഭവിക്കണം. അങ്ങനെയില്ലെങ്കില്‍ ആ കുട്ടിയെ ആര്‍ക്കാണ് തെറ്റുകാരിയെന്ന് വിളിക്കാന്‍ പറ്റുക. അവളൊരു തൊഴില്‍ ചെയ്തു. രശ്മി സാമൂഹിക പ്രശ്‌നങ്ങളിലൊക്കെ ഇടപെട്ട് പ്രതികരിച്ചിരുന്നൊരാളാണ്. ഇനിയുമത് തുടരാന്‍ അവള്‍ക്ക് അവകാശമുണ്ട്. രശ്മിയെ ജീവിക്കാന്‍ സമതിക്കില്ലെന്നു പറയാന്‍ നിങ്ങളാരാണ്?

ഒരു സ്ത്രീയെ നിശബ്ദയാക്കാന്‍ അവളെ വേശ്യയാക്കി ചിത്രീകരിക്കുകയാണ്. വേശ്യ എന്നാല്‍, ശരീരം വിറ്റ് ജീവിക്കുന്നവള്‍. ഇന്ന് ലൈംഗിക തൊഴിലാളി അവകാശദിനമാണല്ലോ. ലൈംഗിക തൊഴിലാളി സമൂഹത്തിന് ഇന്നും ആരാണ്? ഏറ്റവും നികൃഷ്ടര്‍. അങ്ങനെയുള്ളവര്‍ക്കോ അവകാശം! ഞങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ നിന്നെ വേശ്യയാക്കി അപമാനിക്കുമെന്നല്ലേ അരുന്ധതിയോടുള്ള ഭീഷണി. വേശ്യ നിശബ്ദയാകേണ്ടവളെന്നാണോ? ഞാനൊരു ലൈംഗിക തൊഴിലാളി ആയിരുന്നു. അതിന്റെ പേരില്‍ എന്നെ എവിടെ നിന്നെങ്കിലും നിങ്ങള്‍ക്ക് മാറ്റി നിര്‍ത്താന്‍ സാധിക്കുമോ?

എന്റെ ആത്മകഥ ആറോളം ഭാഷകളില്‍ ഇറങ്ങി. കന്നഡത്തില്‍ ഇറങ്ങിയ ബുക്ക് അന്ന് കേന്ദ്രമന്ത്രിയായിരുന്നു വീരപ്പ മൊയിലി ആയിരുന്നു പുറത്തിറക്കിയത്. തമിഴില്‍ നടന്‍ നാസര്‍ ആണ് പുറത്തിറക്കിയത്. മലയാളത്തില്‍ പക്ഷേ ആ ചടങ്ങില്‍ പങ്കെടുക്കാന്‍ പലര്‍ക്കും മടിയായിരുന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ള വന്നു. അദ്ദേഹം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായൊരു മനുഷ്യനാണ്. ഞാന്‍ പറഞ്ഞുവന്നത്, ഒരു ലൈംഗിക തൊഴിലാളി ആയിരുന്നുവെന്നത് എന്ന സമൂഹത്തില്‍ നിന്ന് ഭൃഷ്ട് കല്‍പ്പിക്കാനുള്ള കുറ്റമല്ല. എല്ലാവര്‍ക്കുമുള്ള അവകാശം എനിക്കുമുണ്ട്.

ആക്രമണം കൂടിയതുകൊണ്ടാണോ എന്നറിയില്ല അരുന്ധതി ഇപ്പോള്‍ കുറച്ച് പിന്‍വലിഞ്ഞതുപോലെ. അതുപാടില്ല. അവര്‍ വേശ്യയെന്നു വിളിച്ചാല്‍ വിളിക്കുന്നവരുടെ ഒട്ടും വളരാത്ത മനോനിലയുടെ ജല്പനമായി കാണണം. ആ കുട്ടി ഒരിക്കലും അത്തരമൊരു തൊഴില്‍ ചെയ്യാത്തിടത്തോളം ആ വിളിയും ആക്ഷേപങ്ങളും ശ്രദ്ധിക്കുകയേ വേണ്ട. എന്നാല്‍ തൊഴില്‍ ചെയ്യുന്നവര്‍ ആണെങ്കില്‍ അവര്‍ മുഖത്തുനോക്കി, അതേ ഞാന്‍ വേശ്യയാണെന്നു പറയണം. രാത്രികാലങ്ങളില്‍ ചിലപ്പോള്‍ പൊലീസ് തടഞ്ഞു നിര്‍ത്തും. അപ്പോള്‍ കൂട്ടത്തിലുള്ള ചിലര്‍ പറയുന്നത്, അയ്യോ സാറേ ഞങ്ങളങ്ങനെയുള്ളവരല്ല എന്നാണ്. പൊലീസുകാര്‍ ഒന്നും ചോദിക്കാതെ തന്നെയാണ് ഈ ജാമ്യമെടുക്കല്‍. ഒരു ദിവസം ഒരു എസ് ഐ എന്നെ ചോദ്യം ചെയ്തു, അതേ സാറെ, ഞാനതിനു തന്നെ വന്നതാണ്, സാറിന്റെ കൈയിലുണ്ടോ അഞ്ഞൂറു രൂപയെടുക്കാന്‍? എസ് ഐ ആണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ചോദിച്ചത്.

ഇവിടെ സരിതയെ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാം മോശം സ്ത്രീയാണെന്നു വിളിക്കുന്നു. അങ്ങനെയുള്ളവരോട് സരിത ധൈര്യത്തോടെ പറയണം, അതേ ഞാന്‍ പരപുരുഷന്റെ കൂടെ കിടന്നു ഉണ്ടാക്കിയ പണം തന്നെയാണ്. ആ പണം അല്ലേ നിങ്ങള്‍ തട്ടിയെടുത്തതെന്ന്. വ്യഭിചരിച്ചു കിട്ടുന്ന പണം തട്ടിയെടുക്കുന്നവരേക്കാള്‍ നാറിയവര്‍ ആരുണ്ട്. ആത്മാഭിമാനുള്ളവനാണെങ്കില്‍ ആത്മഹത്യ ചെയ്യില്ലേ.

ഭയംകൊണ്ടും നാണക്കേടുകൊണ്ട് മാറി നില്‍ക്കുമ്പോഴാണ് നമ്മള്‍ കൂടുതല്‍ ചവിട്ടിയരയ്ക്കപ്പെടുന്നത്. ധൈര്യം വേണം. അതുണ്ടായാല്‍ അവകാശങ്ങള്‍ അവള്‍ക്ക് സ്വയം നേടിയെടുക്കാം. ഒരു ലൈംഗിക തൊഴിലാളിക്കു മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും…

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍