UPDATES

വിദേശം

അച്ഛന്റെയും അമ്മയുടെയും ജന്മനാട്ടിലേക്ക് പോകാനായില്ല; ഷമീമ ബീഗത്തിന്റെ കുഞ്ഞ് സിറിയൻ ക്യാമ്പിൽ വെച്ച് മരിച്ചു

കുഞ്ഞ് മരിച്ചതോടെ, യുകെ ഭരണകൂടത്തിനെതിരെയും, ഷമീമയുടെ പൗരത്വം റദ്ദ് ചെയ്യാനുള്ള നീക്കങ്ങളെക്കുറിച്ചും ശക്തമായ എതിർപ്പുകളാണ് ലോകത്തിന്റെ പല ഭാഗത്തുനിന്നുമായി വരുന്നത്.

തർക്കങ്ങൾക്കൊടുവിൽ ഷമീമ ബീഗത്തിന്റെ കുഞ്ഞ് മരണത്തിന് കീഴടങ്ങി. അച്ഛന്റെയോ അമ്മയുടേയോ ജന്മനാട്ടിലേക്ക് പോകാൻ കഴിയാതെ സിറിയൻ അഭയാർത്ഥി ക്യാമ്പിൽ വെച്ച് തന്നെയാണ് ജർറാഹ് എന്ന് പേരിട്ട  മൂന്ന് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിക്കുന്നത്. കുഞ്ഞിനു ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് വടക്കു കിഴക്കൻ സിറിയയിലെ അൽ റോജോ ക്യാമ്പിലെ ഒരു ആശുപത്രിയിൽ കാണിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത്  തന്നെ കുഞ്ഞിന്റെ ത്വക്ക് കരിനീല നിറമാകുകയും തണുത്ത് വിറയ്ക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ സൂചിപ്പിക്കുന്നുണ്ട്. വ്യാഴാച മരിച്ച മറ്റ് രണ്ട് കുഞ്ഞുങ്ങളോടൊപ്പം സിറിയൻ ക്യാമ്പിൽ തന്നെ ജർറഹിനേയും അടക്കം ചെയ്തതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി സിറിയയിലേക്ക് പോയ ഷമീമ ബീഗത്തിന്റെ മൂന്നാമത്തെ കുഞ്ഞാണ് അഭയാർത്ഥി ക്യാമ്പിൽ വെച്ച് മരണമടയുന്നത്. ഈ കുഞ്ഞിനെയെങ്കിലും രക്ഷിച്ചെടുത്ത് തന്റെ ജന്മനാടായ യു കെയിലേക്ക് മടങ്ങിപ്പോകണം എന്ന ഷമീമ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ യുകെ ഭരണകൂടം അത് ശക്തമായി നിരസിക്കുകയായിരുന്നു. കുഞ്ഞ് മരിച്ചതോടെ, യുകെ ഭരണകൂടത്തിനെതിരെയും, ഷമീമയുടെ പൗരത്വം റദ്ദ് ചെയ്യാനുള്ള നീക്കങ്ങളെക്കുറിച്ചും ശക്തമായ എതിർപ്പുകളാണ് ലോകത്തിന്റെ പല ഭാഗത്തുനിന്നുമായി വരുന്നത്.

സിറിയൻ ക്യാമ്പുകളിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് അതിജീവിക്കാൻ വളരെ പ്രയാസമാണെന്നും ക്യാമ്പിലെ ശോചനീവസ്ഥ തന്നെയാണ് കുഞ്ഞ് മരിക്കാൻ കാരണമെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. “പൗരത്വം റദ്ദ് ചെയ്തുകൊണ്ട് ഒരാളെ രാഷ്ട്രമില്ലാത്തവളായി നിലനിർത്താൻ ആകില്ല. ഇപ്പോൾ നോക്കൂ, യു കെയുടെ ഈ ധാർഷ്ട്യം  കാരണം ഒരു നിഷ്കളങ്കയായ കുഞ്ഞ് മരിച്ചിരിക്കുന്നു. യുകെ യുടേത് മനുഷ്യത്വ വിരുദ്ധ നിലപാടായിപ്പോയി” ഷാഡോ ഹോം സെക്രട്ടറി ഡയന്നെ അബോട്ട് കടുത്ത ഭാഷയിലാണ് യുകെ സർക്കാരിനെ വിമർശിക്കുന്നത്.

“ഈ ചെറുപ്രായത്തിനിടയ്ക്ക് തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ മരണവും കാണേണ്ടി വന്ന ഷമീമയെ ഓർക്കുമ്പോൾ അത്യധികം ദുഖമുണ്ട്, അവളുടെ തീരുമാനങ്ങൾ ഒക്കെ വലിയ അബദ്ധങ്ങൾ ആയിരുന്നുവെങ്കിലും ഇപ്പോഴും ഷമീമ ഒരു 19 വയസ്സ് മാത്രം പ്രായമുള്ള കൗമാരക്കാരിയാണെന്ന് കാണാതിരിക്കാനാകില്ല.” മനുഷ്യാവകാശ അഭിഭാഷകൻ ക്ലൈവ് സ്റ്റാഫ്‌ഫോർഡ് സ്മിത്ത് ദി ഗാർഡിയനോട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍