UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

സയന്‍സ്/ടെക്നോളജി

മണ്ണ് ചരക്കാകുന്ന വികസനത്തിന്റെ പുതിയ കാലം; 2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷം

അന്താരാഷ്ട്ര മണ്ണ് വര്‍ഷമാണ്‌ 2015. വികസനത്തിന്റെ യഥാര്‍ത്ഥ ഇര മണ്ണാണ്. മണ്ണ് നമ്മുടെ ജീവന്‍ എന്നതാണ് മണ്ണ് വര്‍ഷത്തിന്റെ പ്രധാന മുദ്രാവാക്യം. ഭൂമിയിലെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയാണ്‌ മണ്ണ്.

സമ്പന്നമായ ഈ ആവാസ വ്യവസ്ഥയുടെ മറ്റു ഉപ ആവാസ വ്യവസ്ഥകളാണ് മറ്റെല്ലാ ആവാസ വ്യവസ്ഥകളും. അതുകൊണ്ട് മണ്ണ് മറ്റെല്ലാ ആവാസ വ്യവസ്ഥയുടെയും ജീവല്‍ സ്രോതസാണ്. പക്ഷെ വികല വികസന സങ്കല്പങ്ങളെ സംബന്ധിച്ച് മണ്ണും ഒരു ചരക്കാണ്‌. മണ്ണ് ജീവനാണ് എന്ന വികസന സങ്കല്പവും മണ്ണ് ഒരു ചരക്കാണ്‌ എന്ന വികസന സങ്കല്പവും തമ്മിലുള്ള സംഘര്‍ഷമാണ് വര്‍ത്തമാന കാല ചര്‍ച്ചാ വിഷയം. അതുകൊണ്ട് തന്നെയാണ് 2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി ആചരിക്കുന്നത്. ഇതോടനുബന്ധിച്ച്  മണ്ണ് എന്റെ ജീവനാണ് എന്ന ആശയം ലോകം മുഴുവന്‍  പ്രചരിപ്പിക്കുവാന്‍ എല്ലാവരും  ശ്രമിക്കണം.

നീര്‍ത്തടത്തിലൂടെയാണ് മണ്ണിന്റെ ആവാസ വ്യവസ്ഥ ക്രമീകരിച്ചിട്ടുള്ളത്. ഓരോ നീര്‍ത്തടവും ഓരോ ആവാസ വ്യവസ്ഥയാണ്‌. ചെറു ആവാസ വ്യവസ്ഥയുടെ  സമഷ്ടിയാണ് മണ്ണ് എന്ന ബൃഹദ് ആവാസ വ്യവസ്ഥ. അതുകൊണ്ട് തന്നെ നീര്‍ത്തട സംരക്ഷണമാണ് മണ്ണിനെ ജീവന്‍ നിലനിര്‍ത്താനുള്ള ഏക പോംവഴി. എല്ലാ നീര്‍ത്തടങ്ങളിലേക്കും ജലം എത്തിക്കുന്നത് വനവും, പുഴയും നീര്‍ച്ചാലുകളും ആണ്. അതിനാല്‍ വനവും പുഴയും മണ്ണിന്റെ ജീവല്‍ സ്രോതസ്സുകളാണ്. മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്‍റെ ആരോഗ്യം. ഭാവിയുടെ കരുതലാണ്  മണ്ണിന്റെ ജൈവ കൃഷി.

അത്ഭുത വസ്തുവായ മണ്ണിന്റെ ഫലവൃഷ്ടിയാണ് കൃഷിയെ നിലനിര്‍ത്തുന്നത്. മേല്‍ മണ്ണിലാണ് ഫലഭൂയിഷ്ടതക്കാവശ്യമായ ഘടകങ്ങള്‍ പലതും ഉള്ളത്. മേല്‍ മണ്ണ്  നഷ്ടമാകുന്നതാണ് പ്രധാന കാര്‍ഷിക പ്രശ്നം. കൃഷിയില്ലാത്ത മണ്ണ് വേരില്ലാത്ത വൃക്ഷം പോലെയാണ്. Nitrogen, Phosphorus, Potassium  (എന്‍ പി കെ ) മണ്ണിലെ മൂന്ന് പ്രധാന മൂലകങ്ങള്‍. മണ്ണില്‍ ദ്വിതീയ മൂലകങ്ങളും വളരെ കുറഞ്ഞ അളവില്‍ ത്രിതീയ മൂലകങ്ങളും ഉണ്ട് . മണ്ണിലെ എല്ലാ വിഭവങ്ങളുടെയും സന്തുലനം നിലനിര്‍ത്തുന്നത്  മണ്ണിന്റെ പി എച്ച്  മൂല്യം (pH value-അമ്ലാക്ഷര നില) ആണ്. pH  അല്പം  മാറിപ്പോയാല്‍ പല കൃഷിയും തകരാറിലാകും. ഒരിഞ്ചു മേല്‍ മണ്ണ് രൂപപ്പെടാന്‍ വേണ്ടി വരുന്നത് രണ്ടര ശതാബ്ദമാണ്!

മണ്ണില്‍ കൃഷിയിറക്കുമ്പോള്‍ വിളകള്‍ മണ്ണില്‍ നിന്ന് മേല്‍ വിവരിച്ച ഘടകങ്ങളെ വ്യത്യസ്തമായി വലിച്ചെടുത്തു കൊണ്ടാണ് വളരുന്നത്. എത്ര കണ്ടു മണ്ണില്‍ നിന്ന് അടിസ്ഥാന മൂലകങ്ങള്‍ വലിച്ചെടുക്കുന്നുവോ അത്രകണ്ട്  മൂലകങ്ങള്‍ മണ്ണില്‍ ചേരണം. അങ്ങനെ മണ്ണിലേക്ക് സൂക്ഷ്മ മൂലകങ്ങളെ വീണ്ടും വീണ്ടും എത്തിക്കുമ്പോഴാണ് മണ്ണിലെ കോടാനുകോടി സൂക്ഷ്മ ജീവികള്‍ പ്രവര്‍ത്തിക്കുന്നത്. വിളകള്‍ മണ്ണില്‍ നിന്ന് NPK യിലെ Nitrogen വലിച്ചെടുക്കുമ്പോള്‍ മണ്ണിലെ സൂക്ഷ്മ ജീവികള്‍ അന്തരീക്ഷത്തില്‍ നിന്ന്  Nitrogen  വലിച്ചെടുത്തു  സ്വന്തം ശരീരത്തില്‍ വച്ച് അമോണിയ ആക്കി മണ്ണിനു നല്‍കും. അങ്ങനെയാണ് ചാക്രിക പ്രക്രിയ പൂര്‍ത്തീകരിക്കുന്നത്. ജൈവാംശം ഉണ്ടെങ്കില്‍ മാത്രമേ ഈ സൈക്കിള്‍ പൂര്‍ത്തിയാകൂ.  

ജൈവ വൈവിധ്യത്തില്‍ പ്രസിദ്ധമായ കേരളം മണ്ണിന്റെ വൈവിധ്യത്തില്‍ വിശ്വ പ്രസിദ്ധമാണ്. വിസ്മയകരമായ നിലയില്‍ വൈവിധ്യമുള്ളതാണ് നമ്മുടെ മണ്ണ്. അതുകൊണ്ട് തന്നെ പരിപാലനത്തിലും ഈ വൈവിധ്യം ഉണ്ടാകണം. മണ്ണിന്റെ സ്വഭാവം അറിഞ്ഞു വേണം അതിനെ പരിപാലിക്കാന്‍ .കേരളത്തില്‍ പ്രധാനമായും എട്ട് മണ്ണ് ഇനമാണുള്ളത്. വന മണ്ണ്, മലയോര മണ്ണ്, കറുത്ത പരുത്തി മണ്ണ്, ചെമ്മണ്ണ്‍, വെട്ടുകല്‍ മണ്ണ്, കരി മണ്ണ്‍, എക്കല്‍ മണ്ണ്, തീരദേശ മണ്ണ്. 

എല്ലാതരം മണ്ണിലും വിഭിന്ന ജീവജാലങ്ങള്‍ വാഴുന്ന അതിലോല ഘടനയാണ് ഉള്ളത്. വ്യത്യസ്തമായ സൂക്ഷ്മ ജീവികള്‍ പ്രതി പ്രവര്‍ത്തിച്ചും വ്യത്യസ്തമായ ജൈവാവശിഷ്ടങ്ങള്‍ ലയിച്ചു ചേര്‍ന്നും ഓരോ മണ്ണും അത്യപൂര്‍വ സമൂഹമായി മാറുന്നു. ഇവിടെ കൃത്രിമ രാസ വസ്തുകള്‍ക്ക് ഒരു സ്ഥാനവും ഇല്ല. മണ്ണിലെ ജൈവ അംശവും അതിന്റെ ജല സംരക്ഷണ ശേഷിയും കാലാവസ്ഥയെ വരെ നിയന്ത്രിക്കാന്‍ പറ്റുന്ന ഘടകങ്ങളാണ്. ആ മണ്ണ് സ്നേഹിക്കുക സംരക്ഷിക്കുക എന്നത് ഈ ആവാസ വ്യവസ്ഥയില്‍ ഒരു ജീവിയായ മനുഷ്യന്റെ പ്രഥമവും പ്രധാനവുമായ കടമയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍