UPDATES

വിദേശം

ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വീഡിയോകളിലെ ആ ശബ്ദം ആരുടേതാണ്? ആ സംഭാഷണശൈലിയുടെ ഉടമയെ ഒടുവില്‍ കണ്ടെത്തി

2014 ലെ ഏറ്റവും അസ്വസ്ഥതപ്പെടുത്തിയ “ഫ്ലെയിംസ് ഓഫ് വാർ” എന്ന വീഡിയോ ചെയ്തതും ഇയാൾ തന്നെയായിരുന്നു

വെടിയേറ്റ് മരിച്ച് വീഴുന്നതിന്‌ തൊട്ടുമുൻപായി സ്വന്തം ശവക്കുഴി കുഴിച്ച് വെക്കുന്ന സിറിയൻ പോരാളികളെക്കുറിച്ചുള്ള വീഡിയോകൾ, സിറിയൻ പട്ടാളക്കാരെ നിരത്തിനിർത്തി വെടിവെച്ചിടുന്ന പകയും പ്രതികാരവും വളർത്തുന്ന വീഡിയോകൾ, യുദ്ധത്തെ പ്രകീർത്തിക്കുന്ന നിരവധി ബ്രോഡ്‌കാസ്റ്റുകൾ…ഇസ്ലാമിക് സ്റ്റേറ്റ്സ് പുതിയ അംഗങ്ങളെ ആകർഷിക്കാനായി പുറത്തിറങ്ങുന്ന മിക്കവാറും വീഡിയോകളിലും ഓഡിയോകളിലുമെല്ലാം ശുദ്ധമായ നോർത്ത് അമേരിക്കൻ സംഭാഷണശൈലിയിലുള്ള ഒരേ പശ്ചാത്തല ശബ്ദം. അമേരിക്കൻ ഫെഡറൽ അന്വേഷണ ഏജൻസി കഴിഞ്ഞ നാലു വർഷങ്ങളായി ഈ ശബ്ദത്തിന്റെ ഉടമയെ തിരഞ്ഞ് നടക്കുകയായിരുന്നു.

ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയുന്ന, ഇംഗ്ലീഷ് ഭാഷ മനസ്സിലാക്കാവുന്ന ആഗോളതലത്തിലുള്ള കേൾവിക്കാരെ സ്വാധീനിക്കാനാകുന്ന ഈ മുഖമില്ലാത്ത ശബ്ദത്തിനുടമയാരാണ്? ലോകം ആകാംഷയോടെയും ഭയത്തോടെയും ചോദിച്ച ചോദ്യമായിരുന്നു. ഇപ്പോൾ ആ ചോദ്യത്തിനുത്തരവുമായി ഒരാൾ രംഗത്തെത്തി. താനാണ് ഐ എസ്സിന്റെ ശബ്ദമെന്ന് അയാൾ വിളിച്ച് പറഞ്ഞു. 35 വയസുള്ള ആ യുവാവിന്റെ പേര് മുഹമ്മദ് ഖലീഫ!

ബാല്യത്തിൽ തന്നെ സൗദിഅറേബ്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ ഇയാൾ ടോറോന്റോയിലെ ഒരു കോളേജിൽ ഉന്നതവിദ്യാഭ്യാസം ചെയ്ത കനേഡിയൻ പൗരനാണ്. 2014 ലെ ഏറ്റവും അസ്വസ്ഥതപ്പെടുത്തിയ “ഫ്ലെയിംസ് ഓഫ് വാർ” എന്ന വീഡിയോ ചെയ്തതും ഇയാൾ തന്നെയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സ് പ്രവർത്തനങ്ങളാൽ ആകര്‍ഷിക്കപ്പെട്ട് അവിടുത്തെ മാധ്യമ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ഇയാൾ നിരവധി ഓഡിയോ റെക്കോർഡിങ്ങുകളും വീഡിയോകളും ബ്രോഡ്‌കാസ്റ്റുകളുമാണ് ഐ എസ് പ്രത്യശാസ്ത്രങ്ങളുടെ പ്രചാരണത്തിനായി പുറത്തിറക്കിയത്. എന്നാൽ വീഡിയോയിലുള്ള യുദ്ധങ്ങളിൽ ഒന്നിൽ പോലും താൻ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് ഖലീഫയുടെ വെളിപ്പെടുത്തൽ.

തന്റെ പ്രവർത്തനങ്ങളോർത്ത് യാതൊരു പശ്ചാത്താപവും തോന്നുന്നില്ലെന്നാണ് സിറിയൻ ജയിൽ വെച്ച് നടന്ന ന്യൂയോർക്ക് ടൈംസുമായുള്ള അഭിമുഖത്തിൽ ഖലീഫ പറയുന്നത്. സൗദിയിൽ നിന്ന് കാനഡയിലേക്ക് വന്ന് വർഷങ്ങൾ കൊണ്ടാണ് കാനഡയിൽ ജനിച്ച് വളർന്നവരേക്കാൾ സ്പുടതയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ഇയാൾ പരിശീലിച്ചത്. കംപ്യുട്ടർ സിസ്റ്റവുമായി ബന്ധപ്പെട്ട  കോഴ്‌സുകൾ പഠിച്ച ശേഷം ചെറിയ ജോലികൾ നോക്കി വരവെയാണ് ചില വീഡിയോകൾ കണ്ട് ആവേശം കൊണ്ട് ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി ഇയാൾ സിറിയയിലേക്ക് പുറപ്പെടുന്നത്.

ഖലീഫയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള വീഡിയോകൾ ലോകത്താകമാനം ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് വിദഗ്ദർ പഠിച്ച് വരുന്നതേയുള്ളൂ. ഇസ്ലാമിക് സ്റ്റേറ്റിന്റേതായി ലോകം തിരിച്ചറിയുന്ന ശബ്ദം ഖലീഫയുടേത് തന്നെയാണെന്നാണ് പ്രാഥമിക ശബ്ദ പരിശോധനയിൽ വ്യക്തമാകുന്നത്. കൂടുതൽ വിദഗ്ധ പരിശോധനകൾ ഇനിയുമുണ്ടായേക്കാം. ദി ടൈംസ് നടത്തിയ പരിശോധനയിലും വീഡിയോകളിലുള്ളത് ഖലീഫയുടെ ശബ്ദം തന്നെയായിരുന്നുവെന്നാണ് തെളിയുന്നത്. സിറിയയുടെ വടക്കു ഭാഗത്തുള്ള അൻപതോളം രാജ്യങ്ങളിൽ നിന്ന് വന്ന ഐ എസ് പോരാളികളെ പാർപ്പിക്കുന്ന സിറിയൻ തടവറയിലാണ് ഖലീഫ ഇപ്പോഴുള്ളത്. തനിക്ക് ഭാര്യയും രണ്ട കുട്ടികളുമുണ്ടെന്ന് ഖലീഫ പറയുന്നുണ്ടെങ്കിലും അവർ ഇപ്പോൾ എവിടെയാണെന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍