UPDATES

വിദേശം

തായ്‌ലൻഡിൽ മൂന്ന് ദിവസത്തെ കിരീടധാരണ ചടങ്ങുകള്‍ ആരംഭിച്ചു; മഹാ വാജിരലോങ്‌കോണ്‍ ഇനി രാമ പത്താമന്‍

പരമ്പരാഗതമായ വിശ്വാസവും രാഷ്ട്രീയവും ഇഴചേരുന്ന ചടങ്ങുകളുടെ ആദ്യ ദിവസമായ ഇന്ന് കിരീടമണിയുകയും രാജാധികാരത്തിന്റെ എഴ് തട്ടുള്ള കുട ഏറ്റുവാങ്ങുകയും ചെയ്തുകൊണ്ട് മഹാ വാജിരലോങ്‌കോണ്‍ രാമ പത്താമനായി അവരോധിക്കപ്പെട്ടു

ഇന്നു മുതൽ മൂന്നു ദിവസം തായ്‌ലൻഡിൽ പരമ്പരാഗത അനുഷ്ഠാനങ്ങളുടെയും രാജകീയ പ്രൗഢിയുടെയും മഹാ ഉത്സവം തന്നെ അരങ്ങേറും. ഹിന്ദുമത- ബുദ്ധ മത പാരമ്പര്യങ്ങൾ ഇഴചേരുന്ന അനുഷ്ഠാന പരമ്പരകൾക്ക് രാജ്യം സാക്ഷ്യം വഹിക്കും. ഭരണഘടനാപരമായി സാധുതയുള്ള രാജാവായും ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന ആൾദൈവമായും മഹാ വാജിരലോങ്‌കോണ്‍ എന്ന നിലവിലെ രാജാധികാരി ഇന്ന് അധികാരത്തിന്റെ കിരീടം ചൂടും. പുതിയ രാജാവിനെ രാജ്യത്തിന്‍റെ കൺകണ്ട ദൈവമായി പരിവർത്തിപ്പിക്കാനുള്ള മൂന്നുദിവസത്തെ പൂജകൾക്കാണ് ഇന്ന് മുതൽ തായ്‌ലൻഡ് തലസ്ഥാനം ബാങ്കോക്കിൽ തുടക്കമാകുന്നത്.

പരമ്പരാഗതമായ വിശ്വാസവും രാഷ്ട്രീയവും ഇഴചേരുന്ന ചടങ്ങുകളുടെ ആദ്യ ദിവസമായ ഇന്ന് കിരീടമണിയുകയും രാജാധികാരത്തിന്റെ എഴ് തട്ടുള്ള കുട ഏറ്റുവാങ്ങുകയും ചെയ്തുകൊണ്ട് മഹാ വാജിരലോങ്‌കോണ്‍ രാമ പത്താമനായി അവരോധിക്കപ്പെട്ടു. വിശുദ്ധജലം ഉപയോഗിച്ച് പുതിയ രാജാവിനെ ശുദ്ധീകരിച്ച് പാപങ്ങൾ കഴുകിയശേഷം രാജ്യം ഏൽപ്പിക്കണമെന്നാണ് തായ്‌ലാന്റുകാരുടെ വിശ്വാസം. മണിക്കൂറുകൾ നീണ്ട ശുദ്ധീകരണ ചടങ്ങിനൊടുവിലാണ് ഇദ്ദേഹം കിരീടമണിയാൻ ഒരുങ്ങിയത്. മൂന്നു ദിവസത്തെ ചടങ്ങുകൾ പൂർത്തിയായതിനു ശേഷമായിരിക്കും ‘ഞാൻ എന്റെ രാജ്യത്തിനും പ്രജകളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കു’മെന്ന രാജാവിന്റെ ഔദ്യോഗിക സത്യപ്രതിജ്ഞ നടക്കുക.

മുൻ രാജാവ് ഭുമിബോലിന്റെ മരണശേഷമാണ് രാമ പത്താമന്‍ തായ്‌ലണ്ടിന്റെ കിരീടമണിയുന്നത്. 2016 മുതൽക്കുതന്നെ ഇദ്ദേഹം മുൻ രാജാവിന്റെ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ട് അധികാരമേറ്റെടുത്തെങ്കിലും ഇപ്പോഴാണ് കിരീടധാരണ ചടങ്ങുകൾ നടക്കുന്നത്. കിരീടധാരണത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജാവ് തന്റെ അംഗരക്ഷകയെ തായ്‌ലൻഡ് രാജ്ഞിയായും തന്റെ ജീവിത പങ്കാളിയായും തിരഞ്ഞെടുത്തത് വലിയ വാർത്തയായിരുന്നു.

രാജാവിനെ ദൈവമായി കണ്ടുകൊണ്ട് ആരാധിക്കുന്ന, രാജാവിന്  പ്രതീകാത്മകമായ ഒട്ടേറെ ചുമതലകളുമുള്ള തായ്‌ലൻഡിൽ രാജാവിനെയും രാജാധികാരത്തെയും വിമര്‍ശിക്കുന്നതിനു നിയമം മൂലം തന്നെ വിലക്കുണ്ട്. ‘ലെസെ മജസ്റ്റി’ എന്നറിയപ്പെടുന്ന ഈ നിയമപ്രകാരം രാജാധികാരം ദൈവദത്തമാണ്. പൊതുജനങ്ങൾ രാജകൊട്ടാരത്തിലുള്ളവരെ വിമർശിക്കുന്നത് മാത്രമല്ല, അവരെ കാണുന്നതിന് പോലും നിരവധി വിലക്കുകളുണ്ട്. രാജകൊട്ടാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആരെയെങ്കിലും എന്തെങ്കിലും തരത്തിൽ പരിഹസിച്ചാൽ കടുത്ത ശിക്ഷകളാകും നല്കപ്പെടുക. മുൻ രാജാവിനെ പോലെ ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ആളായിരിക്കും രാമ പത്താമന്‍ രാജാവ് എന്നാണ് തായ്‌ലൻഡുകാരുടെ പ്രാര്‍ത്ഥന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍